വിവരണം: അനീഷ് കൃഷ്ണമംഗലം, ഫോട്ടോ കടപ്പാട്: അർജുൻ രാജ്.
സ്കൂൾ ജീവിതത്തിന്റെ അവധിക്കാല ആഘോഷങ്ങളിലൊന്നിൽ മീനച്ചിലാറ്റിൽ തുടിച്ചു തിമിർക്കുമ്പോഴാണ് ആദ്യമായി നീലക്കൊടുവേലിയെ പറ്റി കേൾക്കുന്നത്. അമ്മവീട്ടിലെ നിത്യതോഴൻ സുനീഷാണ് ആദ്യം ആ കഥ പറയുന്നത്. പൗർണമി രാവിൽ മീനച്ചിലാറ്റിൽ ഇറങ്ങിനിന്ന് പ്രാർത്ഥിച്ചാൽ ദൂരെ ഇല്ലിക്കൽമലമുകളിലെ തടാകത്തിൽ വിരിയുന്ന നീലക്കൊടുവേലി ഒഴുകിവന്നു തരുന്ന സൗഭാഗ്യത്തെപ്പറ്റി. അത് തേടി കല്ലിന്റെ മുകളിൽ കയറിയ കാരണവന്മാരെകുറിച്ച്. രാത്രിയിൽ മുകളിലിരുന്ന് നിലാവിലെ പൂർണ ചന്ദ്രനേയും, തെളിഞ്ഞ പകലിൽ പടിഞ്ഞാറൻ ചക്രവാളത്തിൽ നീലരേഖപോലെ തെളിഞ്ഞുകാണാവുന്ന അറബിക്കടലിനെയും കുറിച്ച്.
മലമുകളിൽ നിന്നാൽ ദൂരെ ആലപ്പുഴയിലെ കടൽ കാണാമെന്നോ…! വിശ്വസിക്കാൻ പ്രയാസം തോന്നി. പിന്നീട് വർഷങ്ങളോളം മനസ്സിൽ ഒരു മുത്തുപോലെ കൊണ്ടുനടന്നിരുന്നു അവിടെയെത്താനുള്ള മോഹം. യൗവനത്തിന്റെ അതിസാഹസികമനസ്സുകൾ ഇല്ലിക്കൽ കല്ലിന്റെ മുകളിൽ ജീവിതം ഹോമിക്കാൻ തുടങ്ങിയപ്പോൾ അധികാരികൾ കല്ലിലേക്കുള്ള പ്രവേശനം എന്നെന്നേക്കുമായി നിരോധിച്ചു. അതിനും വർഷങ്ങൾക്കു മുൻപ്, ഇന്നത്തെ മനോഹരമായ റോഡുകൾ നിർമ്മിക്കുന്നതിനു മുൻപ്, സ്വന്തമായി സൈക്കിൾ പോലും ഇല്ലാതിരുന്ന കാലത്ത് ഇല്ലിക്കൽകല്ല് കേറാൻ നടന്നുപോയ കഥയാണിത്. ഒരു അവിസ്മരണീയ കഥ.
കല്ലിലേക്ക് നടന്നുപോകാൻ പല വഴികളുണ്ട്. ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയി_ തലനാട് വഴി, തീക്കോയി നിന്നും അടുക്കം_മേലടുക്കം വഴി, ഈരാറ്റുപേട്ടയിൽ നിന്ന് മൂന്നിലവ്_ മങ്കൊമ്പ് വഴി എന്നിവ അവയിൽ ചിലതാണ്. ഞങ്ങൾ തലനാട് വഴി തിരഞ്ഞെടുത്തു. കോട്ടയം ജില്ലയിലെ പാലായിൽ നിന്നും പുലർച്ചെ ഈരാറ്റുപേട്ടയിലെത്തി അവിടെനിന്നും മറ്റൊരു ബസ്സിൽ തലനാട് കവലയിൽ ഇറങ്ങുമ്പോൾ നേരം ഒൻപത് മണിയായി. ഇവിടെ നിന്ന് കാൽനട മാത്രമാണ് ശരണം. എത്ര ദൂരം നടക്കണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. കവലയിലെ ചായക്കടയിൽ നിന്നും 6 കിലോമീറ്ററെന്ന് ആരോ പറയുന്നത് കേട്ടു. അത്യാവശ്യം ഭക്ഷണസാധനങ്ങളും കുടിവെള്ളവും കയ്യിൽ കരുതി നടക്കുവാൻ തുടങ്ങി. ടാറിളകി പൊട്ടിപ്പൊളിഞ്ഞ പഞ്ചായത്ത് റോഡിലൂടെ ഉത്സാഹത്തോടെ നടക്കുമ്പോൾ വഴിയരികിലെ മനോഹരമായ ഒരു തടയണയിൽ നിറഞ്ഞു കിടക്കുന്ന തെളിഞ്ഞ വെള്ളത്തിൽ കുട്ടികൾ ചാടി മറിയുന്നു.
രണ്ടു കിലോമീറ്റർ കഴിഞ്ഞപ്പോൾ ചെമ്മൺപാതയായി. ഇവിടെ നിന്ന് കുത്തനെയുള്ള കയറ്റമാണ്. ആവഴി ഒരു റബ്ബർതോട്ടത്തിൽ അവസാനിച്ചു. ഇവിടം അല്പം നിരപ്പായ പ്രദേശമാണ്. കറുത്ത റിബണും ചുമന്ന മൂക്കുമുള്ള ടോർച്ച് തലയിൽ കെട്ടിയ “റബ്ബർവെട്ടുകാരൻ” അവിടെ വിശ്രമിക്കുന്നുണ്ടായിരുന്നു. ടാപ്പിംഗിന് കോട്ടയത്തുകാർ പറയുന്ന നാടൻ പേരാണ് “റബ്ബർവെട്ട്”. ടാപ്പിംഗ് തൊഴിലാളിക്ക് “വെട്ടുകാരൻ” എന്നാണ് പറയുക. മരത്തിൽ കെട്ടി വച്ചിരിക്കുന്ന ചിരട്ടയിൽ തുള്ളിതുള്ളിയായി വീഴുന്ന വെളുത്ത റബ്ബർപാൽ നിറഞ്ഞുകൊണ്ടിരിക്കുന്നു.
റബ്ബർ മരങ്ങളുടെ തണലിലൂടെ നടന്ന് മറുവശത്ത് എത്തുമ്പോൾ ഇല്ലിക്കൽമലയുടെ ഭീമാകാരമായ തലയെടുപ്പ് മുന്നിൽ തെളിയും. മലയുടെ പകുതിവരെ ഒറ്റപ്പെട്ട വീടുകളുണ്ട്. വാഴയും ചേമ്പും കപ്പയും ഒക്കെയാണ് കൃഷി ചെയ്തിരിക്കുന്നത്. അവസാനത്തെവീട് കഴിയുമ്പോൾ മരങ്ങളും
നടപ്പുവഴിയും അവസാനിക്കുന്നു. പച്ചനിറമാർന്ന, തേയിലത്തോട്ടം പോലെ തോന്നിക്കുന്ന ഒരു മൊട്ടക്കുന്ന് ദൂരെ പ്രത്യക്ഷപ്പെട്ടു. അടുത്തെത്തിയപ്പോഴാണ് അതുമുഴുവൻ കാട്ടുപയർ ആണെന്ന് മനസ്സിലായത്. അതിനടുത്ത് ചെറിയ ഒരു പാറയുടെ അടിയിലെ ഉറവയിൽ നിന്നുള്ള ജലം കല്ലുകെട്ടി ചെറിയൊരു കുഴിയിൽ സംഭരിച്ചു നിർത്തിയിട്ടുണ്ട്. ആ വെള്ളം കുപ്പിയിൽ ശേഖരിച്ച്, അരയോളം ഉയരത്തിൽ വളർന്നുനിൽക്കുന്ന കാട്ടു പയറുകൾക്കിടയിലൂടെ ഒരു വിധം മുകളിലെത്തി.
ഇനി കൃത്യമായ വഴികളൊന്നും മുന്നിലില്ല. വിശാലമായ പാറയും മണ്ണും പുല്ലും മാത്രം. രണ്ടാൾ പൊക്കത്തിൽ വരെ വളരുന്ന പുല്ലുകൾ വേനൽക്കാലത്ത് കത്തിച്ചുകളയുന്നു. രാത്രിയിൽ, മലയ്ക്ക് ചുറ്റിനും ഒരു സ്വർണ്ണമാല പോലെ തീ മുകളിലേക്ക് കത്തിക്കയറുന്നത് പാലായിൽനിന്ന് ഒരുപാട് തവണ കണ്ടിട്ടുണ്ട്. കരിഞ്ഞ പുല്ലുകളുടെ കുറ്റികളിൽ തളിർത്ത പുതിയ നാമ്പുകൾ ബ്ലയ്ഡ് പോലെ വരഞ്ഞ് കാലുകളിൽ ചോര പൊടിയാൻ തുടങ്ങി. പുല്ല് കൊണ്ട് മുറിഞ്ഞാൽ അസഹ്യമായ നീറ്റലാണ്.
ഞങ്ങൾ നിൽക്കുന്നതിന്റെ ഇടതു വശം അഗാധമായ ഗർത്തം ആണ്. കുത്തനെ ചരിഞ്ഞുകിടക്കുന്ന ആ പ്രതലത്തിലൂടെ ഓരോ കുറ്റിയിലും ചവിട്ടി മുകളിലേക്ക് കയറി. ഇവിടെ നിന്ന് നോക്കിയാൽ മല മുകളിലെ കല്ലുകൾ കാണാൻ കഴിയുന്നുണ്ടായിരുന്നില്ല. കൂടിക്കിടക്കുന്ന വലിയ കല്ലുകളുടെ ഇടയിൽ ഒരു ചെറിയ മരം വളർന്നിട്ടുണ്ട്. അവിടെ നിരപ്പായ ഒരു കല്ലിൽ ഇരുന്നു വിശ്രമിച്ചു. ചുറ്റിലും കാറ്റിൽ ഇളകുന്ന ചിറ്റീന്തിന്റെ ഇലകളും ഒറ്റപ്പെട്ട പുൽകൂട്ടങ്ങളും മാത്രം. ചിറ്റീന്തിൽ നിറയെ ചുമന്ന പഴങ്ങൾ കുലകളായി നിൽക്കുന്നു. അക്കാലത്ത് ഇല്ലിക്കൽകല്ലിലോ വാഗമണ്ണിലോ പോയിവരുന്ന ജീപ്പുകളുടെ മുന്നിൽ ഒരു ചിറ്റീന്തിന്റെ പഴക്കുല കെട്ടിവയ്ക്കുന്നത് ഒരു പതിവുകാഴ്ചയായിരുന്നു.
തലനാട് താഴ്വര മുതൽ ദൂരെ പാലാ പട്ടണവും, ഈരാറ്റുപേട്ട, തൊടുപുഴ പ്രദേശങ്ങളും വിമാനത്തിൽ നിന്നെന്നപോലെ അവിടുരുന്ന് കാണാം. ഇനി മുകളിലേക്ക് കയറേണ്ടത് വലിയൊരു പാറയിലൂടെയാണ്. സാഹസികരായ സജനും സുനീഷും നിഷ്പ്രയാസം കയറി പകുതിയിൽ ഇരിപ്പായി. അവിടം വരെ ഞാനും ഒരുവിധം കയറിപ്പറ്റി. സുധിയും അഭിലാഷും മുകളിലേക്ക് കയറാനുള്ള തീരുമാനം ഉപേക്ഷിച്ചു. പാറയുടെ പകുതിയിൽ ഇരുന്ന് ബാക്കി കയറാനുള്ള ഭാഗം ഒന്ന് നോക്കി. ഒരു ഭിത്തിയുടെകോണിലൂടെയെന്നപോലെ അള്ളിപ്പിടിച്ച് കയറണം. സജൻ ധൈര്യം തന്നു കൊണ്ടിരുന്നു. അറിയാതെ താഴേക്ക് ഒന്ന് നോക്കിപ്പോയി. തല കറങ്ങുന്നുണ്ടോ….! ആകെ ഒരു പരവേശം. കൈകാലുകൾ വിറക്കാൻ തുടങ്ങി. പാറയിൽ കവിൾ ചേർത്ത് കണ്ണടച്ചിരുന്നു. ഈ അവസ്ഥയിൽ തിരിച്ചിറങ്ങാനും വയ്യ.
“സജാ……എനിക്ക് കയറാൻ വയ്യ..” “പേടിക്കാതെടാ താഴോട്ട് നോക്കരുത്, മുന്നിലെ പാറയിൽ മാത്രം നോക്ക്”. സജൻ വിളിച്ചു പറഞ്ഞു. രണ്ടും കൽപ്പിച്ച് പല്ലിയെപ്പോലെ അള്ളിപ്പിടിച്ച് മുകളിലേക്ക് പാഞ്ഞു കയറി. ഒടുവിൽ മുകളിലെത്തിയിരിക്കുന്നു. ഏറ്റവും മുകളിലെ നിരപ്പാണത്. ചുറ്റും നോക്കാൻ മനസ്സ് അനുവദിക്കുന്നില്ല. കണ്ണുകൾ ഇറുക്കിയടച്ച് കുറെനേരം കമിഴ്ന്നുകിടന്നു. തലയുടെ പെരുക്കവും കാലിന്റെ വിറയലും മാറുന്നതുവരെ കണ്ണു തുറക്കാൻ പോലും പറ്റിയില്ല. പോകപ്പോകെ മനസ്സ് സാഹചര്യവുമായി പൊരുത്തപ്പെട്ടു. അപ്പോഴേക്കും അനിയൻ ഗിരീഷും മുകളിലെത്തി. മലയുടെ മുകൾ ഭാഗത്തിന് വലിയ വിസ്താരമൊന്നുമില്ല. അങ്ങിങ്ങായി കുറച്ചു പാറക്കൂട്ടങ്ങളും തഴച്ചു വളർന്നു നിൽക്കുന്ന കാട്ടു പുല്ലുകളും മാത്രം. അവിടെ വലിയൊരു ഇരുമ്പു കുരിശ് കോൺക്രീറ്റ് കൊണ്ട് ഉറപ്പിച്ച് നിർത്തിയിട്ടുണ്ട്. താഴെ നിന്നും കയർ ഉപയോഗിച്ച് വലിച്ച് കയറ്റിയാണ് കുരിശ് മുകളിൽ എത്തിച്ചത്. പാറയുടെ അറ്റത്ത് പോയി താഴേക്ക് നോക്കാൻ നല്ല ധൈര്യം വേണം. അതിനപ്പുറം ഒന്നുരണ്ട് ചെറിയ കുന്നുകൾ നിരനിരയായി നിൽക്കുന്നു.
ആദ്യത്തെത് ഒരു മൺകുന്നാണ്. അതിനപ്പുറം ഒന്നിന് മുകളിൽ മറ്റൊന്നായി അടുക്കി വച്ചിരിക്കുന്ന പോലെ കാണുന്നതാണ് ,”കൊഴിമോണക്കല്ല്”.
അതു കഴിഞ്ഞ് കുട നിവർത്തിയ പോലെ കാണുന്നത് “കുടക്കല്ല്”. കുടകല്ലിന് മുകളിൽ കുഴിഞ്ഞ് കിടക്കുന്ന ഭാഗത്ത് പുല്ല് വളർന്നിട്ടുണ്ട്. മഴക്കാലത്ത് അവിടെ വെള്ളം കെട്ടി നിൽക്കുമെന്ന് പറയപ്പെടുന്നു. അവിടെയായിരിക്കണം നീലകൊടുവേലി. അതിനപ്പുറം അവസാനത്തെ നിര മറ്റൊരു മൺകുന്ന് ആണ്. അവിടെയാണ് ഇന്ന് വേലി കെട്ടി വഴി അടച്ചിരിക്കുന്ന വ്യൂ പോയിന്റ്. ഓരോ കുന്നിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രകൃത്യാലുള്ള പാലമുണ്ട്. നരകപാലങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത്. കഷ്ടിച്ച് ഒരടി മാത്രം വീതിയും ഇരുപതോ മുപ്പതോ അടി നീളവും ഉള്ളതാണ് ഓരോ പാലവും. പുല്ലിനുള്ളിൽ കാലു ചവിട്ടുന്നിടത്ത് കല്ലാണോ കുഴിയാണോ എന്നറിയാൻ പറ്റാത്ത അവസ്ഥ. ചെറിയ ഒരു അശ്രദ്ധ മതി എല്ലാം അവസാനിക്കുവാൻ. കുരിശിൽ കെട്ടിപ്പിടിച്ച് താഴേക്കു നോക്കിയാൽ ഒരുവശം അടുക്കവും മറുവശം മങ്കൊമ്പും അഗാധതയിൽ കാണാം. മങ്കൊമ്പിന് മുകളിലായി അഞ്ചുകുടിയാർ കോളനി മലയുടെ ഒരു വശത്തായി വ്യക്തമായി കാണാം. വാഗമൺ മലനിരകളും ഇലവീഴാപൂഞ്ചിറയും കോട്ടപോലെ ചുറ്റിലും നിൽക്കുന്നു.
സജനും സുനീഷും അർജുനും ആദ്യത്തെ നരകപാലം കടന്ന് മൺകുന്നിന്റെ മുകളിൽ കേറി. പാലം കടക്കാനുള്ള മനക്കട്ടി ഇല്ലാത്തതിനാൽ ഞാനാ സാഹസത്തിന് മുതിർന്നില്ല. കുരിശ് നിൽക്കുന്ന പാറയുടെ ഒരുവശം കുത്തനെ താഴേക്ക് ഒരു ഭിത്തി പോലെ നിൽക്കുകയാണ്. ഏതോ കാലത്ത് അടർന്നു പോയ പാറയുടെ വലിയൊരു പാളി താഴെ വാ പിളർന്ന് നിൽക്കുന്നു. നോക്കി നിൽക്കുമ്പോൾ കാലിലൂടെ ഒരു തരിപ്പ് വീണ്ടും തലയിലേക്ക് കയറുകയാണ്. ഇനിയിവിടെ നിൽക്കാൻ വയ്യ. കനത്ത കാറ്റിൽ ബാലൻസ് തെറ്റി പോകുമോ എന്ന് ഭയന്ന് സുരക്ഷിതമായ ഇടത്ത് പോയി കമഴ്ന്നു കിടന്നു.
താഴെ നിന്ന് വരുന്ന കാറ്റിനൊപ്പം കനത്ത മൂടൽ മഞ്ഞ് വന്ന് ഞങ്ങളെ പൊതിഞ്ഞു. തൊട്ടടുത്ത് നിൽക്കുന്ന ആളെ പോലും കാണാൻ പറ്റുന്നില്ല. മഞ്ഞ് മാറിയില്ലെങ്കിൽ രാത്രി മലമുകളിൽ തന്നെ കഴിയേണ്ടി വരും.വൈകുന്നേരമായതോടെ മൂടൽ മഞ്ഞ് മാറി. പരിസരം വ്യക്തമാകാൻ തുടങ്ങി. പടിഞ്ഞാറേ മാനത്ത് മേഘങ്ങൾ മാഞ്ഞപ്പോൾ അറബിക്കടൽ കാണാനാകുമോ എന്ന് സൂക്ഷിച്ച് നോക്കി. നീലരേഖ പോലെയാണ് ചക്രവാളം കണ്ടപ്പോൾ തോന്നിയത്. കടൽ ആണോയെന്നു ഉറപ്പിക്കാൻ പറ്റിയില്ല. (വർഷങ്ങൾക്കിപ്പുറം ആലപ്പുഴയിൽ കായലിനു നടുവിലുള്ള പാതിരാമണൽ ദ്വീപിലേക്കുള്ള ഒരു തോണിയാത്രയിൽ തുഴച്ചിൽകാരൻ ദൂരെ മലയിലേക്ക് കൈ ചൂണ്ടി ഇല്ലക്കൽകല്ല് കാണിച്ച് തന്നു. അന്ന് കല്ലിൽ നിന്ന് കണ്ടത് കടൽ തന്നെയെന്ന് അപ്പോൾ മാത്രമാണ് ഉറപ്പിക്കാനായത്.).
നീരാളി കൈകൾ വിടർത്തിയ പോലെ ദൂരെ ഇടുക്കി അണക്കെട്ടിന്റെ ജലാശയം കാണാം. നിറഞ്ഞൊഴുകുന്ന മാർമല വെള്ളച്ചാട്ടവും ഇരമ്പലും ആസ്വദിച്ച് എത്ര നേരം ഇരുന്നുവെന്ന് അറിയില്ല. പാതി വഴിയിൽ ഇരുന്നു പോയ സുധിയും അഭിലാഷും തിരിച്ചിറങ്ങി കാണണം. ഇരുട്ടും മുൻപ് മലയിറങ്ങണം.
പക്ഷേ എങ്ങിനെ…? മുകളിലേക്ക് കയറാൻ പ്രയാസപ്പെട്ട ആ പാറയിലൂടെ തിരിച്ചിറങ്ങുന്ന കാര്യം എനിക്ക് ചിന്തിക്കാൻ പോലുമായില്ല. അതിലെ ഇറങ്ങില്ലെന്ന് ഞാൻ തീർത്തു പറഞ്ഞു. അടുക്കം ഭാഗത്തേക്കുള്ള ചെരുവിലൂടെ പുല്ലിന്റെ കുറ്റിയിൽ ചവിട്ടി അല്പം താഴേക്ക് ഇറങ്ങിയാൽ മല ചുറ്റി പാറ ഒഴിവാക്കി എത്താം എന്ന് തോന്നി. പക്ഷേ അതിന് റിസ്ക് കൂടുതലാണ്.എങ്കിലും പിടിക്കാൻ പുല്ലും കുറ്റിയുമൊക്കെ ഉണ്ടെന്ന സമാധാനമുണ്ട്. പതിയെ ഇറങ്ങി തുടങ്ങി. മുന്നിൽ സജനാണ്. അല്പം സാഹസവും ഉണ്ട് ആൾക്ക്. ഒരു നിമിഷത്തെ ശ്രദ്ധ തെറ്റിയ സമയം ചവിട്ടിയിരുന്ന പുല്ലിന്റെ കുറ്റിസഹിതം ഇടിഞ്ഞ് സജൻ താഴേക്ക് പോയി. ഞങ്ങൾ അലറിവിളിച്ചു. ഭാഗ്യത്തിന് മറ്റൊരു ചെടിയിൽ പിടുത്തം കിട്ടി. ഗിരീഷ് അല്പം സാഹസികമായി താഴെയിറങ്ങി സജനെ സഹായിക്കാൻ ചെന്നു. ഇതൊന്നും വിഷയമല്ലെന്ന രീതിയിൽ ആൾ വീണ്ടും കയറി വരുന്നു.
ചിറ്റീന്തിന്റെ ഒരു കാട് തന്നെ കടക്കേണ്ടി വന്നു സുരക്ഷിത സ്ഥലത്ത് എത്തുവാൻ. അവിടെ നിന്നും താഴേക്കിറങ്ങാൻ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. മടക്കയാത്രയിൽ അഞ്ചുകുടിയാർ കോളനിയിലൂടെയുള്ള വഴിയിലൂടെ മങ്കൊമ്പ് കവലയിലെത്തി. പാലായിലേക്കുള്ള റോബിൻ ബസ് വഴിയരുകിൽ കിടക്കുന്നു. ഒരിക്കലും മറക്കാനാവാത്ത ഒരു യാത്രയുടെ നിർവൃതിയോടെ മങ്കൊമ്പിൽ നിന്നും ബസിലിരിക്കുമ്പോൾ റോഡരുകിലൂടെ മീനച്ചിലാർ ഒഴുകുന്നു.
ഇനിയും കാണാൻ പറ്റാത്ത നീലകൊടുവേലിയും ഒളിപ്പിച്ചുകൊണ്ട്……….
NB.. അശ്രദ്ധ കൊണ്ടുള്ള അപകടങ്ങൾ മൂലം മരണങ്ങൾ സംഭവിക്കാൻ തുടങ്ങിയതോടെ ഇല്ലിക്കൽ കല്ലിന് മുകളിൽ കേറുന്നത് ഇപ്പോൾ നിരോധിച്ചിരിക്കുകയാണ്. വ്യൂ പോയിന്റിൽ നിന്ന് കാണുവാൻ മാത്രമേ അനുവാദമുള്ളൂ. പോസ്റ്റിൽ കൊടുത്തിരിക്കുന്ന ചിത്രങ്ങളും യാത്രയും നിരോധനം വരുന്നതിന് വളരെക്കാലം മുൻപുള്ളതാണ്.