ന്യൂയോർക്ക് ലൈഫിന്റെ തിരക്കുകൾക്കിടയിൽ പെട്ടെന്നായിരിക്കും സഞ്ജയ് പുതിയൊരിടത്തേക്ക് യാത്ര ചെയ്യാൻ തീരുമാനിക്കുക. പോകാൻ ഉദ്ദേശിക്കുന്ന സ്ഥലം എത്ര ദൂരെയായാലും ഇനിയിപ്പോൾ ഏതു മലയായാലും കടലായാലും പ്രേതനഗരങ്ങളായാലും ശരി ഒപ്പം ഭാര്യ റിയയുമുണ്ടാകും…ഒരുപാട് മുന്നൊരുക്കങ്ങളൊന്നുമുണ്ടാകില്ല. പക്ഷേ എത്ര തിരക്കാണെങ്കിലും ഒരു വിഡിയോ ക്യാമറ കൈയിൽ കരുതാൻ മാത്രം മറക്കില്ല…
നമസ്കാരം ഗൈസ് ഇറ്റ്സ് സഞ്ജയ് ആൻഡ് റിയാ ട്രിപ്പ് കപ്പിൾ എന്നു തുടങ്ങി പോയിറങ്ങുന്ന സ്ഥലത്തെക്കുറിച്ച് അടിമുടി നല്ല പച്ചമലയാളത്തിൽ രസകരമായി വിവരിച്ച് കാണുന്നവരെയൊക്കെ സഹയാത്രികരെ പോലെ ഒപ്പം കൊണ്ടു പോകുന്ന വിഡിയോ… ആ ദൃശ്യങ്ങൾ കണ്ടതിനു പിന്നാലെയാണ് ഫെയ്സ്ബുക്ക് മെസെഞ്ചറിൽ സഞ്ജയെ കിട്ടിയത്. ഫെയ്സ്ബുക്കിലും യുട്യൂബിലുമെല്ലാം സൂപ്പർഹിറ്റായ ട്രിപ് കപ്പിൾ, കാന്താ ഞാനും വരാം എന്ന പേരിൽ ആയിരക്കണക്കിനു പേരെ ആരാധകരാക്കി മാറ്റിയ യാത്രാ വിഡിയോകളുടെ ഉടമകൾ സഞ്ജയ് ഹരിദാസും ഭാര്യ റിയയും.
കണക്റ്റിക്കട്ടിൽ നിന്നും ന്യൂഹൈഡിലേക്കുള്ള യാത്രക്കിടെ ഇടക്കിടെ മുറിഞ്ഞു പോകുന്ന മെസെഞ്ചർ കോളിലൂടെയായിരുന്നു സഞ്ജയ് യാത്രകളെക്കുറിച്ചും യാത്രാ വിഡിയോകളെക്കുറിച്ചുമെല്ലാം സംസാരിച്ചു തുടങ്ങിയത്. കാറ്റ്സ്ഹിൽ മൗണ്ടനിലേക്ക് ഒരു യാത്ര നടത്തി തിരിച്ചെത്തിയിട്ടേ ഉള്ളൂ.. ” ഞാനെവിടെപ്പോയാലും ഒപ്പം റിയയും വരും. അതു കൊണ്ടാണ് യാത്രകൾ വിഡിയോദൃശ്യങ്ങളായി മാറ്റിയപ്പോൾ അതിനു നല്ല പച്ചമലയാളത്തിൽ കാന്താ ഞാനും വരാമെന്നു പേരിട്ടത്. എന്തായാലും ഇപ്പോൾ ഞങ്ങൾ യാത്ര പോകുന്നതിനായി കാത്തിരിക്കുന്ന നിരവധി പേരുണ്ട്. ന്യൂയോർക്കിലെ ഒരുപാട് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തു. കുറേ വിഡിയോകളും പോസ്റ്റ് ചെയ്തു.” എന്തായാലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് എല്ലാവരിൽ നിന്നും കിട്ടിയതെന്ന് അവിശ്വസനീയത നിറഞ്ഞ ശബ്ദത്തിൽ സഞ്ജയ്.
അങ്കമാലി പാറക്കടവിൽ നിന്നും 2012ലാണ് സഞ്ജയ് സോഫ്റ്റ് വെയർ എൻജിനീയറായി ന്യൂയോർക്കിലെത്തിയത്. കുട്ടിക്കാലം മുതലേ യാത്രകളോടെല്ലാം ഇഷ്ടമുണ്ടായിരുന്നു. പക്ഷേ നാട്ടിലൊന്നും അങ്ങനെ യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. വിവാഹം കഴിഞ്ഞ് റിയയും ന്യൂയോർക്കിലെത്തിയതോടെ പതിയെ യാത്രകൾ തുടങ്ങി. ആദ്യമെല്ലാം യാത്ര പോകുന്നതിന്റെ ചിത്രങ്ങൾ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുമായിരുന്നു. പിന്നെ പിന്നെ ഇനിയെവിടെയാ പോകുന്നതെന്ന് സുഹൃത്തുക്കൾ ചോദിച്ചു തുടങ്ങി. അങ്ങനെയാണ് യാത്രകളുടെ വിഡിയോ എടുക്കാമെന്ന് തീരുമാനിച്ചത്.
ആദ്യം കാന്താ ഞാനും വരാം എന്ന പേരിൽ ഫെയ്സ്ബുക്ക് പേജാണ് തുടങ്ങിയത്. അതിനു പുറമേ യു ട്യൂബിലും വിഡിയോകൾ പോസ്റ്റ് ചെയ്യാൻ തുടങ്ങി. വേൾഡ് ട്രേഡ് സെന്ററിലേക്കുള്ള യാത്രയായിരുന്നു ആദ്യം പോസ്റ്റ് ചെയ്തതെന്ന് സഞ്ജയ്. കുറഞ്ഞ നാളുകൾ കൊണ്ട് ആയിരം പേരാണ് വിഡിയോ കണ്ടത്. ഫെയ്സ്ബുക്കിലും വൻ പ്രതികരണമായിരുന്നു. യുട്യൂബിലെ വിഡിയോയുടെ കാണികളിൽ നാൽപ്പതു ശതമാനവും യുഎസിൽ നിന്നാണ്. ഇന്ത്യയിൽ നിന്നുള്ളവർക്കു പുറമേ ഓസ്ട്രേലിയയിൽ നിന്നും സൗത്ത് ആഫ്രിക്കയിൽ നിന്നുമുള്ളവർ വരെ ട്രിപ് കപ്പിളിന്റെ സ്ഥിരം പ്രേക്ഷകരാണ്.
മലയാളികൾക്കു വേണ്ടിയാണ് ഈ യാത്രാവിവരണം അതു കൊണ്ടു തന്നെ തുടങ്ങിയ കാലം മുതൽ മലയാളത്തിൽ തന്നെയാണ് വിവരണം നൽകുന്നതും. രണ്ടു പേരും ഇംഗ്ലിഷ് നന്നായി കൈകാര്യം ചെയ്യും പക്ഷേ ഇനിയൊരിക്കലും മലയാളം മാറ്റി മറ്റേതെങ്കിലും ഭാഷയാക്കാൻ ഉദ്ദേശിക്കുന്നുമില്ലെന്നും സഞ്ജയ്. കാന്താ ഞാനും വരാം എന്നത് മലയാളം പേരായതു കൊണ്ട് മറ്റുള്ളവർക്കൊന്നും അത്ര പെട്ടെന്ന് പിടി കിട്ടിയെന്ന് വരില്ല. അതു കൊണ്ട് ട്രിപ് കപ്പിൾസ് എന്നു കൂടി ചേർത്തു.
മെട്രൊപൊളിറ്റൻ കോളെജ് ഒഫ് ന്യൂയോർക്കിൽ എംബിഎ വിദ്യാർഥിയാണ് റിയ. പഠനവും ജോലിയുമെല്ലാം കഴിഞ്ഞു കിട്ടുന്ന സമയമാണ് യാത്രകൾക്കു വേണ്ടി ചെലവഴിക്കുന്നതും. അതെങ്ങനെയെന്നു ചോദിച്ചാൽ ഉറക്കമൊക്കെ പൊതുവേ കുറവാണെന്ന് ചിരിച്ചു കൊണ്ട് പറയും സഞ്ജയ്. വേൾഡ് ട്രേഡ് സെന്ററിലേക്കുള്ള യാത്ര സാധാരണ ഹാൻഡി ക്യാമറയിലും കുറച്ചൊക്കെ മൊബൈലിലുമൊക്കെ പകർത്തിയാണ് പോസ്റ്റ് ചെയ്തത്. അന്നൊന്നും സാങ്കേതിക കാര്യങ്ങളെക്കുറിച്ച് വലിയ വിവരമൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് ക്യാമറയെല്ലാം വാങ്ങി കുറച്ചു കൂടി ഗൗരവമായി ചിത്രീകരിക്കാൻ തുടങ്ങിയത്. സോണി എ 6000ലാണ് ഇപ്പോൾ യാത്രകൾ ചിത്രീകരിക്കുന്നത്.
യാത്ര തീരുമാനിക്കുന്നതെല്ലാം പെട്ടെന്നായിരിക്കുമെന്ന് സഞ്ജയ്. മാസങ്ങൾക്കു മുൻപേയുള്ള പ്ലാനിങ്ങൊന്നും ഉണ്ടാകാറില്ല. അങ്ങനെ പ്ലാൻ ചെയ്താൽ നടക്കാതിരിക്കാനുള്ള സാധ്യതയായിരിക്കും കൂടുതലും. എങ്കിലും പോകുന്ന സ്ഥലത്തെക്കുറിച്ചും അവിടത്തെ ചരിത്രത്തെക്കുറിച്ചുമെല്ലാം അത്യാവശ്യം മനസിലാക്കിയതിനു ശേഷമായിരിക്കും യാത്ര..
കൂടുതലും ഒരു ദിവസം കൊണ്ട് തീരുന്ന യാത്രകളാണ്. പക്ഷേ മെയ്ൻസ്റ്റേറ്റിലേക്ക് മൂന്നു ദിവസം നീണ്ടു നിൽക്കുന്ന യാത്രയാണ് നടത്തിയത്. അവിടത്തെ പ്രദേശവാസികളുമായി സംസാരിച്ച് കുറച്ച് വിശദമായ വിവരണവും നൽകിയിരുന്നു. സാധാരണയായി ആറു മിനിറ്റിൽ കൂടുതലുള്ള വിഡിയോകളാണ് പോസ്റ്റ് ചെയ്യാറുള്ളത്. പറയാനുദ്ദേശിക്കുന്ന കാര്യങ്ങളെന്താണെന്ന് മുൻപേ എഴുതി വയ്ക്കാറൊന്നുമില്ല. പക്ഷേ എഡിറ്റിങ്ങിനിടയിൽ എന്തെങ്കിലും കൂട്ടിച്ചേർക്കണമെന്നു തോന്നിയാൽ വോയ്സ് ഓവർ ചെയ്ത് ഉൾപ്പെടുത്തും അത്ര തന്നെ. കൂട്ടത്തിൽ ഏറ്റവും ദൈർഘ്യമേറിയത് തൈക്കുടം ബ്രിഡ്ജ് ബാൻഡിന്റെ അമെരിക്കൻ സന്ദർശനം മുപ്പതു മിനിറ്റ് നീണ്ടു നിൽക്കുന്ന വിഡിയോയായിരുന്നു. ഏറ്റവും കൂടുതൽ പേർ കണ്ടിട്ടുള്ളതും ആ വിഡിയോ തന്നെയെന്ന് സഞ്ജയ്. യുട്യൂബിൽ കുറേ വിഡിയോകൾ ഇപ്പോൾ കാന്താ ഞാനും വരാമെന്ന പേരിൽ പോസ്റ്റ് ചെയ്തു കഴിഞ്ഞു.
തൈക്കുടം ബ്രിഡ്ജിനൊപ്പമുള്ളതിനു പുറമേ ഹാലോവീൻ സ്പെഷ്യൽ എപ്പിസോഡും പിന്നെ പ്രേതങ്ങളുടെ സാമിപ്യമുണ്ടെന്നു വിശ്വസിക്കുന്ന ഇടങ്ങളിലേക്കൊരു ഹോണ്ടഡ് സ്പെഷ്യൽ എപ്പിസോഡും ചെയ്തു. എന്നാൽ ഈ പോയതിൽ ഏറ്റവും ഇഷ്ടപ്പെട്ട യാത്രയേതാണെന്നു ചോദിച്ചാൽ അതിക്കൂട്ടത്തിലുള്ളതല്ലെന്നു പറയും സഞ്ജയ്. കാന്താ ഞാനും വരാമെന്ന പേജ് തുടങ്ങും മുൻപ് നടത്തിയ മാൽദീപ് യാത്രയ്ക്കാണ് ആ സ്ഥാനം. ഇനിയൊരിക്കൽ കൂടി അങ്ങോട്ടേക്കു പോയി എല്ലാം വിഡിയോയിൽ പകർത്തണമെന്നാണ് ഇരുവരുടെയും തീരുമാനം. ഫ്ലോറിഡ, മിയാമി അങ്ങനെ പോകേണ്ട സ്ഥലങ്ങൾ ഇപ്പോഴും നിരനിരയായി രണ്ടു പേരുടെയും മനസിലുണ്ട്. സമയവും സന്ദർഭവുമെല്ലാമൊത്തു വന്നാൽ മറ്റു രാജ്യങ്ങളിലേക്ക് യാത്ര നടത്തണമെന്നും മോഹമുണ്ട്. ഭാവിയിൽ അതെല്ലാം യു ട്യൂബിലൂടെ കാണാമെന്ന വാഗ്ദാനത്തോടെ സഞ്ജയ് വീണ്ടും ജോലിത്തിരക്കുകളിലേക്ക്.
കടപ്പാട് – നീതു ചന്ദ്രന് (മെട്രോ വാര്ത്ത)