യാത്രകൾ എന്നും ഒരു ലഹരിയായിരുന്നു.. രണ്ടോ മൂന്നോ മാസങ്ങൾക്ക് മുന്നേ ചേർന്ന ഫേസ്ബുക്കിലെ ആ ഗ്രൂപ്പിൽ ഒരു യാത്രയെ കുറിച്ച് ആരൊക്കെയോ പോസ്റ്റുന്നത് ശ്രദ്ധയിൽ പെട്ടാണ്, ഗ്രൂപ്പിൽ കേറാൻ തുടങ്ങിയത്. ചരിത്രം പറഞ്ഞ് വെറുപ്പിക്കുന്നില്ല… ഡിജോ തലേ ദിവസം മെസ്സേജ് അയച്ചു, കാലത്ത് 6.30 ക്ക് savoury hotel ൻ്റെ മുന്നിൽ വരണം എന്ന്.
കാലത്ത് 5.30 ആയപ്പോഴേക്കും എഴുന്നേറ്റു, റെഡിയായി 6.45 ആയപ്പോ പറഞ്ഞ സ്ഥലത്ത് എത്തിച്ചേർന്നു, ഡിജോ യെ വിളിച്ചപ്പോൾ കക്ഷി റോഡിന് എതിരെ കുറെ പേരെ കൂട്ടി നിൽപ്പുണ്ടായിരുന്നു. അവിടുന്ന് എല്ലാവരും കൂടെ കാലിക്കറ്റ് ഹോട്ടലിൻ്റെ മുന്നിലേക്ക്. അവിടെയും അപരിചിതമായ കുറെ മുഖങ്ങൾ.
സ്വതേ ആരോടും പെട്ടെന്ന് അടുക്കാത്ത പ്രകൃതമായതിനാൽ, ഞാൻ ഒരു മൂലയ്ക്ക്, ആർത്തലച്ച് നിൽക്കുന്നവരെ നോക്കി, ഇയർഫോണും ചെവിയിൽ തിരുകി ഇരുന്നു. ആ ഇരിപ്പ് ഏകദേശം 8 മണി വരെ നീണ്ടു. പിന്നെ നിരയായി റോഡിലേക്ക്… നൈസ് റോഡിൽ ടോളും കൊടുത്ത് നിൽക്കുമ്പോൾ ആണ് ശ്രദ്ധിച്ചത്, പ്രായം ഒന്നിനും ഒരു ഒഴിവുകഴിവ് അല്ല എന്ന്.
എല്ലാവരുടെയും സെൽഫി സെഷൻ കഴിഞ്ഞ് പതിയെ പുറപ്പെട്ടു. പതിയെ പോയി വട്ടാവുമ്പോൾ ഇടയ്ക്ക് ഒന്നു കൂട്ടിയും കുറച്ചും പലരും.. കുറച്ചു പേർ ഇത്തിരി പുറകിലായി, സമാധാനകാംക്ഷികളായി…!! തനിയെയും, കൂട്ടമായും ബൈക്ക് യാത്രകൾ ഒത്തിരി ജീവിതത്തിൽ ഉണ്ടായിട്ടുള്ളതു കൊണ്ട്, ആസൂത്രിതമല്ലാത്തതും, അപക്വവുമായ ഒന്നു പോലെ പലരുടെയും രീതികൾ മനസ്സിനെ ഇടയ്ക്കെങ്കിലും സംഘർഷഭരിതമാക്കിയെങ്കിലും, മനസ്സിൽ നെയ്തെടുത്ത കാവേരി നദിയുടെ തീരവും, ഉടലെടുത്ത ആകാംക്ഷയും, അവയെ ഞെരുക്കി കളഞ്ഞു.
9.30 യോടെ കനകപുര.. വിശപ്പ് പതിയെ തലപൊക്കി തുടങ്ങിയിരുന്നു.. 10 മണിയോടെ ലഘുഭക്ഷണശാലകൾ കണ്ടുപിടിച്ചു, പിന്നെ വയറിൻ്റെ പരാതി തീർക്കൽ ആയിരുന്നു. ഒരു മണിക്കൂറോളം അവിടെ ചിലവാക്കിയിരുന്നു. വൈകുന്നു എന്ന് മനസ്സിലാക്കി തുടങ്ങി…പിന്നെ വീണ്ടും യാത്ര.. bike riding എന്നും ഹരമായിരുന്നു എങ്കിലും, gearless scooter ൽ ആദ്യമായുള്ള ആ ദൂരയാത്ര എന്നിൽ മടുപ്പുളവാക്കി തുടങ്ങിയിരുന്നു.
12 മണിയോടെ കാടിൻ്റെ വാതിൽക്കൽ എത്തി.. പിന്നെ കാട്ടുവഴികളിലൂടെ.. കാടിൻ്റെ സൗന്ദര്യം ആസ്വദിച്ച്… വെട്ടിതിളങ്ങുന്ന ടാർ റോഡിലൂടെ വന്നതിൻ്റെ മടുപ്പു മാറ്റാൻ എന്ന വണ്ണം, ഇടയ്ക്കിടെ പൊട്ടിപൊളിഞ്ഞ്, ഉരുളൻ കല്ലുകളും, മണ്ണും പൊതിഞ്ഞ പാതകൾ…
എല്ലാവരും ആകാംക്ഷയുടെ മുൾമുനയിൽ ആയിരുന്നു. അടുത്ത ഒരു മണിക്കൂറിൽ പ്രകൃതിയുടെ മടിത്തട്ടിൽ, കാവേരി നദിയോട് ചേർന്ന്, ഞങ്ങൾക്ക് അന്നേക്ക് ഒത്തുകൂടാൻ തീരുമാനിച്ചിരുന്ന സ്ഥലത്ത് എത്തിച്ചേർന്നു. വാഹനങ്ങളിൽ നിന്നിറങ്ങി, ചുറ്റും ഒന്നു നോക്കി. അത്ഭുതസ്തബ്ധരായി നിൽക്കുന്ന ഗ്രൂപ്പ് അഡ്മിൻസിൻ്റെ മുഖത്തേക്ക് എല്ലാവരും ഉറ്റു നോക്കി, മ്ലാനതയോ, അരിശമോ, സങ്കടമോ..അത് വായിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു.
അടുത്തുള്ള കോവിലിലെ ഉത്സവം..ആളുകൾ തിങ്ങി നിറഞ്ഞിരിക്കുന്നു, നദിയുടെ തീരത്ത്, അലക്കും, കുളിയും, വാഹനങ്ങൾ വൃത്തിയാക്കലും…കല്ലു പാകി കൂട്ടിയ അടുപ്പിൽ തീ കൂട്ടി കുറെ പേർ…പലയിടത്തായി പലർ ആടിനെ കൊന്ന് കെട്ടിത്തൂക്കുന്നു, അറുക്കുന്നു. സ്വപ്നങ്ങളും, ആകാംക്ഷയും കൊഴിഞ്ഞ് പോയ നിമിഷങ്ങൾ. അവിടെ കൂടാൻ പറ്റില്ല, വേറെ സ്ഥലം കണ്ടുപിടിക്കണം. എല്ലാവരേയും കൂട്ടി വന്നിട്ട് ഇങ്ങനെ ആയല്ലോ എന്ന് മനസ്സിൽ ചിന്തിച്ചുകൊണ്ടിരുന്ന അഡ്മിൻസ്, അടുത്ത സ്ഥലം അന്വേഷിച്ചു, അന്വേഷിക്കുവിൻ, കണ്ടെത്തും എന്ന പോലെ കണ്ടെത്തി.
അവിടുന്ന് 5 km..പണ്ട് ആരോ പാടിയ പോകെ കളകളമിളകുന്ന ഒരു അരുവിയും, ചെറിയ വെള്ളച്ചാട്ടവും..കാടിനിടയിൽ.. ആവശ്യത്തിന് സ്വകാര്യതയും, നിശബ്ദതയും തളം കെട്ടി നിന്നിരുന്ന ഇടം..എല്ലാവരുടെയും ആവശ്യവും അതു തന്നെയായിരുന്നു, എല്ലാവർക്കും കൂടെ ഒത്തുകൂടാനും, ആർക്കും ബുദ്ധിമുട്ടുണ്ടാക്കാതെ ഇത്തിരി ബഹളം വെക്കാനും ഒരു സ്ഥലം.
പാറമേലും, പുല്ലിനിടയിലും, പാതിവെള്ളത്തിലുമായി എല്ലാവരും ഇരിപ്പുറപ്പിച്ചു. ഇടയ്ക്ക് ഞങ്ങൾക്ക് നേരമ്പോക്കിനായി വാനരപ്പടകളും എത്തി. ആശിച്ച നദിക്കരയേക്കാൾ മനസ്സിന് തണുപ്പേകുന്നതാണ് എത്തിപ്പെട്ട ഇടം എന്ന് എല്ലാവരും മനസ്സിലാക്കിയിരുന്നു. വെള്ളത്തിൽ തല്ലി കളിച്ചും, തള്ളിയിട്ടും, കുളിർമയേകുന്ന കാറ്റിന് കാതോർത്തും, മതിമറന്നൊഴുകുന്ന അരുവിയോട് കിന്നാരം പറഞ്ഞും എല്ലാവരും പുളകം കൊള്ളുകയായിരുന്നു.
പരസ്പരം അറിഞ്ഞും പരിചയപ്പെടുത്തിയും, പാട്ടു പാടിയും, കൊഴിഞ്ഞ് പോയ ആകാംക്ഷയുടെ ഇതളുകൾ ചേർത്തു വച്ച്, എല്ലാവരും ഓർമകൾ സൃഷ്ടിക്കുന്ന തിരക്കിൽ ആയിരുന്നു. ഇടയ്ക്ക് മിന്നിമറഞ്ഞ ക്യാമറ കണ്ണുകൾ അവയ്ക്ക് ഉത്പ്രേരകമായി.
ആശിച്ചതിലുമപ്പുറം തന്ന ദൈവത്തിന് നന്ദി പറഞ്ഞ്, ഇവിടെ തന്നെ അങ്ങ് കൂടിയാലോ എന്ന തോന്നലിൽ ആണ് എല്ലാവരും എഴുന്നേറ്റത്.. മടുത്തു തുടങ്ങിയിരുന്നു, പലരും…വിശപ്പിൻ്റെ വിളിയും അതിനൊരു കാരണമായി.. ഇടയ്ക്ക് ആരൊക്കൊയോ കരുതിയിരുന്ന, ഓറഞ്ചും, മുന്തിരിയും, ബ്രഡും, ജാമും കുറച്ച് ആശ്വാസമേകിയിരുന്നു.
4.30 – 5.00 ആയപ്പോഴേക്കും അവിടുന്നു വിടപറഞ്ഞു. കാര്യമായി ഒന്നും കഴിക്കാതിരുന്നത് കൊണ്ട് എനിക്ക് വിശപ്പ് അതിൻ്റെ ആധിക്യത്തിൽ ആയിരുന്നു. ഇറങ്ങി ഏറ്റവും ആദ്യം കണ്ട കടയിൽ കയറി ചായ കുടി.. അതു കഴിഞ്ഞപ്പോഴേക്കും എല്ലാവരും കടന്ന് പോയിരുന്നു. കുറച്ച് സമയത്തിനുള്ളിൽ അവരെ കണ്ടു മുട്ടി. 6.30 ആയപ്പോഴേക്കും ഇരുട്ടു പൊതിഞ്ഞിരുന്ന വഴികളിലൂടെ..ഇടയ്ക്ക് ഒന്നു മഴ ചാറിയതിൽ പേടിച്ചെങ്കിലും, മഴ പെയ്തില്ല.. തിരിച്ച് കനകപുര കഴിഞ്ഞ് ഒരു ഹോട്ടലിൽ കയറി എല്ലാവരും, സന്തോഷമായി ഭക്ഷണം കഴിച്ച് പിരിഞ്ഞു…
വാലറ്റം.. ഒരു പിടി നല്ല ഓർമ്മകളുമായി, ഒരു നല്ല ദിവസം..ഇംഗ്ലീഷിൽ പ്രയോഗിച്ചാൽ, A well spent day, അവസാനിക്കുന്നു. ഈ യാത്ര ആസൂത്രണം ചെയ്ത അഡ്മിൻസിനും, അതിന് പിറകെ ചുക്കാൻ പിടിച്ച എല്ലാവർക്കും, എല്ലാത്തിലുമുപരി കൂടെ നിന്ന്, കൂടെ വന്ന് ഇത് മനോഹരമാക്കിയ എല്ലാവർക്കും, വരാൻ കഴിയാതെ പോയതിൻ്റെ നഷ്ടബോധത്തിൽ ഇരിക്കുന്ന എല്ലാ സുഹൃത്തുക്കൾക്കും…എൻ്റെ നന്ദിയും, സ്നേഹവും..!!
പലതും, പലരേയും വിട്ടുപോയിട്ടുണ്ട്.. ഒത്തിരി നീട്ടണ്ട എന്നു വെച്ചാണ്.. വേറെ എന്നും വിചാരിക്കരുത്..ക്ഷമിക്കണം..
ചിത്രങ്ങളും വിവരണവും – ഓസ്റ്റിന് രാജു.