നിങ്ങൾ കണ്ടതും കേട്ടതും മാത്രമല്ല യഥാർത്ഥ കൊച്ചി.. അതറിയണോ?

വിവരണം – Shijo&Devu_The Travel Tellers.

‘Kochi is not a city it is a feeling…’ ഞങ്ങടെ മലബാറ്കാരൻ ചങ്കിന്റ കൊച്ചിയെ പറ്റിയുള്ള സ്റ്റാറ്റസ് കണ്ട് തള്ളിയത് എന്റെ കണ്ണാ.. ഒരു മാസമേ ആയിട്ടുള്ളൂ ബ്രോ കൊച്ചീലെത്തീട്ട് അപ്പോഴേക്ക് അവന് കൊച്ചിയോട് ഇത്രക്ക് വികാരമോ?? ഏതായാലും ചങ്ക് ബ്രോയെ നേരിട്ട് കണ്ടപ്പോൾ ഇതിന്റെ പിന്നിലെ ചേതോവികാരം ആരാഞ്ഞു…. ബ്രോയുടെ താമസം ഇടപ്പള്ളിലെ ഫ്ലാറ്റില്, എല്ലാ ദിവസവും വൈകീട്ട് ലുലു, ഒബ്രോൺ, സെട്രൽ സ്ക്വയറിലൊക്കെ കറക്കം. swiggy, Zomato ന്ന് ഫുഡ് പിന്നെ വീക്കെന്റിൽ സിനിമ, മറൈൻെ ഡ്രെവ് ബൂസ്റ്റ് കുലുക്കി! ഇതാണ് Bro കണ്ട കൊച്ചി!

Bro യെ പറഞ്ഞിട്ടും കാര്യമില്ല കൊച്ചീം എറണാകുളോം ഒന്നാണെന്നാ പലരുടേം ധാരണ. അങ്ങ് അറബിക്കടലിന്ന് വീശുന്ന പടിഞ്ഞാറൻ കാറ്റും കൊണ്ട് ഏഴാം കടലിനക്കരയിലേക്ക് കണ്ണും നട്ട് നിക്കുന്ന ഞങ്ങടെ കൊച്ചി… ഓരോ കാലടിയും ചരിത്രത്തിന്റെ ഉള്ളറയിലേക്ക് കൊണ്ടു പോകുന്ന കൊച്ചി! തോപ്പുംപടീം പള്ളുരുത്തീം മട്ടാഞ്ചേരിം ഫോർട്ട് കൊച്ചീം കണ്ണമാലീം ചെല്ലാനോം ഇടക്കൊച്ചിം ഒക്കെ ചേർന്ന് നിക്കണ കൊച്ചി. മൂന്ന് യൂറോപ്യൻ ശക്തികൾ മാറി മാറി ഭരിച്ച ഒരേ ഒരു നഗരമാണ് നമ്മടെ കൊച്ചി. യൂറോപ്യൻ മാര് ഫോർട്ട് കൊച്ചിക്കിട്ട വിളിപ്പേര് തന്നെ ‘ലിറ്റിൽ ലണ്ടൻ’ എന്നായിരുന്നു….

എറണാകുളത്തു നിന്ന് പശ്ചിമ ഭാഗത്തേക്ക് വന്നാൽ ഇന്റർനാഷണൽ ലുക്കുള്ള കൊച്ചിൻ പോർട്ടും ഷിപ്പിയാർഡിലെ കൂറ്റൻ കപ്പലുകളും കടന്ന് .. കപ്പൽ പോകുമ്പോൾ പൊങ്ങുന്ന ഹാർബർപാലം ഇറങ്ങി…. പാലത്തിനടിയിൽ നിരന്നു കിടക്കുന്ന ഫിഷിംഗ് ബോട്ടും കണ്ട് മുന്നോട്ട് പോന്നാൽ തോപ്പുംപടി എത്തും… അവിടന്ന് വലത്ത് എടുത്താൽ മനുഷ്യരാശിയുടെ കാൽപാട് എന്നറിയപ്പെടുന്ന മട്ടാഞ്ചേരി എത്തി….

ഫ്രഞ്ചുകാരും ഡച്ച് കാരും പോർച്ചുഗീസ് കാരും ബ്രട്ടീഷ് കാരുമെല്ലാം സഞ്ചരിച്ച വഴികളിലൂടെ സഞ്ചരിക്കുമ്പോൾ പാശ്ചാത്യ സംസ്കാരത്തിന്റേം വാസ്തു വൈവിധ്യത്തിന്റേം പല ശേഷിപ്പുകളും മുന്നിലൂടെ കടന്നു പോകും.. അറബി പെണ്ണിന്റെ മണമുള്ള ഇടുങ്ങിയ വഴികളിലൂടെ നടക്കുമ്പോൾ മഞ്ഞിന്റെ നിറമുള്ള പാർസി ഇസ്രായേലി പെൺകൊടികളേയും കാണാം….

ജൂതത്തെരുവും സിനഗോഗും പാലസും എല്ലാം പഴയ ഒരു ഗസലിന്റെ ഈണം പോലെ മനോഹരമാണ്. ഗുജറാത്തികളും ജൈനരും ബുദ്ധൻമാരും കൊങ്കണികളും ചെട്ടികളുo അങ്ങനെ പല ജാതി പല മത വിശ്വാസികൾ താമസിക്കുന്ന ഇടങ്ങൾ പിന്നിട്ട് കായിക്കാന്റെ ബിരിയാണീം കഴിച്ച് ശാന്തി ലാൽ സ്വീറ്റ് സിലെ നെയ്യിന്റെ മണമുള്ള മധുരം നുണഞ്ഞ് കുരിയച്ഛന്റെ നടേൽ തിരീം കത്തിച്ച് ഫോർട്ട് കൊച്ചിലോട്ട് വിട്ടാൽ പോർച്ചുഗീസ്, ഡച്ച്, അറബ്, ബ്രട്ടീഷ് സംസ്കാരങ്ങളും കോസ്റ്റ് ഗാർഡിന്റെ ആസ്ഥാനവും കാണാം.

ആഗ്ലോ- ഇന്ത്യൻ സുന്ദരികളുടെ കാല്പാടുകൾ പതിഞ്ഞ ഫോർട്ട് കൊച്ചി ബീച്ചിലെ കല്ലുപാകിയ വഴികളിലൂടെ നടക്കുമ്പോൾ LNG, വല്ലാർപാടം ടെർമിനലിലേക്ക് പോകുന്ന കൂറ്റൻ കപ്പലുകളേം കാണാം… രാത്രി ആയാൽ വൈപ്പിൻ ലൈറ്റ് ഹൗസിലെ ലൈറ്റ് അടിക്കുന്നതും കാണാൻ പറ്റും. മസാലപ്പൈനാപ്പിളും കടിച്ച് മത്സരിച്ച് പട്ടവും പറത്തി തണൽവൃക്ഷങ്ങൾ നിഴൽ വീഴ്ത്തിയ പാതകളും പിന്നിട്ടാൽ ചരിത്രത്തിന്റെ സാക്ഷിയായ മഴമരം കാണാം..

കൊച്ചിക്കാരുടെ സ്വന്തം X’Mas Tree വാസ്ഗോഡഗാമ ചർച്ചും ഡേവിഡ് ഹാളും ആസ്പിൻ വോളും ബിഷപ്പ് ഹൗസും ജൈന ക്ഷേത്രവും തുടങ്ങി പരിപ്പ് ജംഗ്ഷനും പപ്പങ്ങാമുക്കും അമ്മായി മുക്കും ചാളക്കടവും നസ്രത്തും പിന്നെ സൗദിയും വരെ ഒരു കുടക്കീഴിൽ നിക്കുന്ന കൊച്ചി… കടലിൽ പോണ അച്ചാണ്ടി ചേട്ടൻ തൊട്ട് സാക്ഷാൽ ബ്രട്ടീഷ് രാജവംശത്തിന്റെ ഇളമുറക്കാരെ വരെ ഇഴചേർത്ത് നിറുത്തുന്ന നാട്… അതാണ് ഞങ്ങടെ കൊച്ചി!!

സിനിമേൽ കാണും പോലെ ഫ്രിക്കൻമാരും ചേരീം കൊട്ടേഷനും മാത്രമല്ല കണ്ടൽ കാട് നിറഞ്ഞ നാട്ടുപാതയും കുളക്കോഴി മുതൽ ദേശാടന പക്ഷി വരെയുള്ള പക്ഷി വൈവിധ്യങ്ങളും ചെമ്മീൻ കെട്ടും ചീനവലകളും നിറഞ്ഞ നാട്. കെട്ടുകലക്കലും കാർണിവല്ലും ഔസേപ്പിതാവിന്റെ നേർച്ച സദ്യേം ആഘോഷമാക്കിയ നാട്.. മനസാക്ഷിം മനുഷ്യത്വം ഉള്ള കടലിന്റെ മക്കളുടെ നാട് ….

രുചിയുടെ കാര്യത്തിലും കൊച്ചിക്കാര് രാജാവ് തന്നാ. വാഴയിലയിൽ പൊള്ളിച്ച കരിമീനും കരുമുളകിട്ട് പറ്റിച്ച ഞണ്ടും വറുത്തരച്ച് വച്ച തെരണ്ടിയും തേങ്ങാക്കൊത്തിട്ട കൂന്തൽ റോസ്റ്റും നമ്മടെ കൊച്ചി സ്പെഷ്യലാ. ലോകത്തിലെ തന്നെ ആദ്യത്തേത് എന്ന് പറയപ്പെടുന്ന മനുഷ്യനിർമിതഐലന്റായ വില്ലിംഗ്ടൺ ഐലൻറും അവിടത്തെ താജ് ഹോട്ടലും കാസിനോയുമെല്ലാം ആഡംബരത്തിലും പിന്നോട്ടല്ല കൊച്ചി എന്ന് കാണിച്ച് തരും.

ഏത് തരക്കാർക്കും ഏത് രീതിയിൽ ഉള്ള enjoymentഉം കൊച്ചീലുണ്ട്.. 8 രൂപക്ക് ടിക്കറ്റെടുത്ത് Private bus ൽ വന്നവനേം Benz ൽ വന്നവനേം നിരാശപ്പെടുത്തൂല ഞമ്മടെ കൊച്ചി! എല്ലാർക്കും ഉള്ള വക ഇങ്ങ് കൊച്ചി കിട്ടും. ഹാർബർപാലം കാണാണ്ട് ഫോർട്ട് കൊച്ചി ബീച്ച് കാണാണ്ട് മട്ടാഞ്ചേരി ജൂത തെരുവ് കാണാണ്ട് കായിക്കാന്റെ ബിരിയാണി കഴിക്കാണ്ട് ഇവിടത്തെ പലവിധ സംസ്കാരം അറിയാണ്ട് കൊച്ചീടെ ചരിത്രമറിയാണ്ട് at least ഞങ്ങടെ മ്യൂസിയത്തിലെ പീരങ്കികാണാണ്ട് മെട്രോല് കയറി സെൽഫി എടുത്തിട്ട് കൊച്ചി ചങ്കാണ് ചങ്കിടിപ്പാണ് എന്നൊക്കെ പറഞ്ഞ് ഞങ്ങളെ ചുമ്മാ ചിരിപ്പിക്കാണ്ട്:… വണ്ടി എടുത്തിങ്ങോട് പോര്ന്നേ…. ഇങ്ങ് കൊച്ചിലോട്ട്!

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply