കണ്ണൂരിന്‍റെ ഹോം ഗാര്‍ഡ് മാധവേട്ടൻ റോഡ് വിടുന്നു… കാരണം?

കണ്ണൂർ നഗരത്തിലെ ഗതാഗതക്കുരുക്കിൽ വാഹനയാത്രക്കാർക്ക് ആശ്വാസമായിരുന്ന ട്രാഫിക് ഹോംഗാർഡ് ടി.വി.മാധവൻ ജോലി മതിയാക്കുന്നു. നഗരത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കൾ പരസ്യമായി അവഹേളിച്ചതിൽ മനം മടുത്താണ്, ആർമി റിട്ട. ഓണററി ക്യാപ്റ്റൻ കൂടിയായ മാധവൻ ജോലി നിർത്തുന്നതെന്നാണു സൂചന.

വിരമിക്കുന്നതിനു പ്രത്യേകിച്ചു കാരണമില്ലെന്നാണു മാധവൻ പറയുന്നതെങ്കിലും കഴിഞ്ഞ ദിവസം മേലേചൊവ്വയിൽ അദ്ദേഹത്തെ ചിലർ പരസ്യമായി അവഹേളിച്ചതിനു ദൃക്സാക്ഷികളുണ്ട്. ഈ സംഭവത്തിനു ശേഷം മാധവനെ മേലേചൊവ്വയിൽ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടില്ല. കാലാവധി തീരുമ്പോൾ കരാർ പുതുക്കേണ്ടെന്നാണ് നിസ്വാർഥ സേവനത്തിനു നഗരത്തിലെ ഒട്ടേറെ സംഘടനകൾ ആദരിച്ച മാധവന്റെ തീരുമാനം. ഗതാഗതം നിയന്ത്രിച്ചു കൊണ്ടിരിക്കെ ചീറിയെത്തിയ കാർ തടഞ്ഞതാണു പ്രശ്നങ്ങൾക്കു തുടക്കം.

മറ്റു വാഹനങ്ങൾക്കു പോകാൻ ഒരു ഭാഗത്തെ വാഹനങ്ങൾ തടഞ്ഞിരിക്കെയാണ് അമിതവേഗത്തിൽ കാർ വന്നതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. ‘ആരാണെന്ന് അറിയാമോടാ, പൊലീസിന്റെ ആളാ ഞങ്ങൾ, കാണിച്ചു തരാം നിന്നെ’ എന്നിങ്ങനെ പോയി കാറിലുണ്ടായിരുന്നവരുടെ ചീത്തവിളി. അസഭ്യവുമുണ്ടായത്രെ. സംഭവത്തിൽ ഇരുവിഭാഗവും ഡിവൈഎസ്പിക്കു പരാതി നൽകിയിരുന്നു.

ആരാണു മാധവേട്ടൻ?

നഗരത്തിൽ ഏറ്റവും വലിയ വാഹനക്കുരുക്കുണ്ടാകുന്ന ഇടമാണു മേലേചൊവ്വ ജംക്‌ഷൻ. ഇവിടെ മാധവനാണു ഡ്യൂട്ടിയിലെന്നറിഞ്ഞാൽ മിക്ക ഡ്രൈവർമാരും പറയും: നോ പ്രോബ്ലം. അത്രയ്ക്കു വിശ്വാസമാണു മാധവേട്ടനെ.

ഒരു മിനിറ്റ് പോലും വിശ്രമമില്ലാതെ, പൊരിവെയിലത്തും മഴയത്തും തലങ്ങും വിലങ്ങും നടന്നു വാഹനങ്ങൾ നിയന്ത്രിക്കാനും കടത്തിവിടാനും മാധവൻ കാണിക്കുന്ന ആത്മാർഥത പ്രശസ്തമാണ്.

എട്ടു വർഷം മുൻപാണു ഹോംഗാർഡായി ജോലിയിൽ പ്രവേശിച്ചത്. പ്രധാനമായും മാധവനെ മേലേചൊവ്വയിലാണു നിയോഗിക്കാറ്. കരസേനയിൽ 28വർഷം സേവനമനുഷ്ഠിച്ചു. തളിപ്പറമ്പ് മുയ്യത്താണ് താമസം.

Source – http://localnews.manoramaonline.com/kannur/local-news/2017/10/20/all-local-knr-home-guard-madhavan.html

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply