മനോഹരമായ ഈ വിവരണം എഴുതി തയ്യാറാക്കിയത് – Vishnu KA Kandamangalam.
കുടജാദ്രിയുടെ താഴ്വരയിൽ കൊല്ലൂർ മൂകാംബിക.. ചിലയിടങ്ങളിലേക്കുള്ള യാത്രകൾ അങ്ങനെയാണ് … ഒരു പാട് കാത്തിരിക്കേണ്ടി വരും . അതിനെ നിമിത്തമെന്നോ , ഭാഗ്യമെന്നോ ഒക്കെ വിളിക്കാം. അങ്ങനെ ഒന്നായിരുന്നു കൊല്ലൂർ മൂകാംബികയിലേക്കുള്ള യാത്ര.ഏറെ നാളായി തീരുമാനിച്ചെങ്കിലും നീണ്ടു പോയ ഒരു യാത്ര.ഇത്തവണ അതങ്ങനെ തടസ്സം കൂടാതെ യാഥാർത്ഥ്യമായി . സൗപർണികയും ,കുടജാദ്രിയും , സർവ്വജ്ഞപീഠവുമൊക്കെ ആത്മനിർവൃതിക്ക് മാറ്റു കൂട്ടുന്ന മൂകാംബിക.
ലക്ഷ്യം #മൂകാംബിക ആയ കൊണ്ട് 13 മണിക്കൂർ നീണ്ട തുടർച്ചയായ യാത്ര ഒരു മുഷിവായി തോന്നിയില്ല. കൊല്ലൂരെ മണ്ണിലേക്ക് കടക്കുമ്പോഴെ ആ അനുഭൂതി അനുഭവിച്ചറിയാൻ സാധിക്കും. ആദ്യം ഈ നാടിന്റെ പേര് മഹാരണ്യപുരം എന്നായിരുന്നു.. പേര് പോലെ തന്നെ കൊടും കാടായിരുന്നു ഇവിടം. കോല മഹർഷി എന്ന തപസ്വിക്ക് ശ്രീ പരമേശ്വരൻ ദർശനം കൊടുക്കുകയും ,ഈ പ്രദേശം താങ്കളുടെ പേരിൽ അറിയപ്പെടുകയും ചെയ്യും എന്ന് അരുളകയും ചെയ്തു. അങ്ങനെ മഹാരണ്യപുരം കോലാപുരമാവുകയും, അത് ലോപിച്ച് കൊല്ലൂർ ആവുകയുംചെയ്തു.
ഇവിടെ കംഹാസുരൻ എന്ന ഒരു അസുരൻ മൂന്ന് ലോകവും കീഴടക്കി എല്ലാവരെയും ഉപദ്രവിച്ചിരുന്നു. ഇതിൽ മനം നൊന്ത ദേവൻമാർ പരാശക്തിയെ സങ്കടത്തോടെ സമീപിച്ചു. അസുരനെ നിഗ്രഹിക്കാനായി ത്രിപുര ഭൈരവി രൂപത്തിൽ ദേവി അവതരിച്ചത്രെ.ഇതിൽ ഭയന് കംഹാസുരൻല ഋഷ്യ മൂക പർവ്വതത്തിൽ ഇരുന്ന് പരമശിവനെ തപസ്സനുഷ്ഠിച്ചു. എന്നാൽ ദേവൻമാർ കോലാപുരത്ത് കോല മഹർഷി യോടൊപ്പം കംഹാസുരന് അമരത്വം ലഭിക്കാതിരിക്കാനായി പരാശക്തിയെ ധ്യാനിച്ചു പ്രത്യക്ഷപ്പെടുത്തി. അസുരന് വരം ചോദിക്കാൻ സാധിക്കാത്ത വിധം ദേവി നാവിൽ കുടികൊണ്ടു . അങ്ങനെ കംഹാസുരൻ മൂകാസുരനായി .വരം ചോദിക്കാനാവാത്തതിൽ ദേഷ്യം പൂണ്ട് മൂകാസുരൻ എല്ലാവരെയും ഉപദ്രവിക്കാൻ തുടങ്ങി. അപ്പോൾ ദേവി ആദിപരാശക്തി പ്രത്യക്ഷപ്പെടുകയും അസുരനെ വധിച്ച് മോക്ഷം നൽകുകയും ചെയ്തു.
തന്റെ പേരോടെ ഈ ദേശം അറിയപ്പെടണമെന്നും ഇവിടെ സർവ്വാഭീഷ്ട ദായിനിയായി ഇവിടെ വാഴണമെന്നും ദേവിയോട് അസുരൻ അപേക്ഷിച്ചു. അങ്ങനെയാണ് ദേവി തന്റെ ചൈതന്യം സ്വയംഭൂവായ ജ്യോതിർലിംഗത്തിൽ ലയിപ്പിച്ചത്. ദേവീവിഗ്രഹത്തിലെ അമൂല്യമായ മരതക രത്നം കൃഷ്ണ ദേവരായരാണ് സമർപ്പിച്ചത്. നിത്യവും നടത്തുന്ന ചണ്ഡികാ ഹോമവും ,പ്രദോഷപൂജക്ക് ശേഷം നടത്തുന്ന രംഗ പൂജയും ഏറെ പ്രാധാന്യമുള്ളതാണ്.
മൂന്ന് തരത്തിലുള്ള ഉത്സവങ്ങൾ ഉണ്ടിവിടെ . ദിവസേനയുള്ള പൂജാദികർമ്മങ്ങൾ അടങ്ങിയ നിത്യോത്സവം ,
വെള്ളിയാഴ്ചകളിലെ വാരോത്സവം, വാവ് ,ഗ്രഹണം തുടങ്ങിയ ദിവസങ്ങളിലുള്ള പക്ഷോത്സവം എന്നിവയാണവ.മീനമാസത്തിൽ ആണ് വാർഷികോൽസവം. മീനമാസത്തിലെ മൂലം നാളിലാണ് മഹാരഥോത്സവം. രഥം വലിക്കുന്നതിനു മുമ്പായി രഥത്തിൽ നിന്നും പ്രധാന അഡിഗ (പൂജാരി) വലിച്ചെറിയുന്ന സ്വർണനാണയങ്ങൾ വെള്ളിനാണയങ്ങൾ ഇവ ലഭിക്കുന്നത് ഏറെ ഭാഗ്യമായി ഓരോ ഭക്തനും വിശ്വസിക്കുന്നു.
ഇവിടുത്തെ ഉത്സവത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഉത്സവമൂർത്തികൾ രണ്ടാണ് . ഗ്രഹണ സമയത്ത് മിക്ക ക്ഷേത്രങ്ങളിലും നട അടക്കാറുണ്ടെങ്കിലും, ഇവിടെ ആ പതിവില്ല. നവംബർ – ഡിസം : മാസങ്ങളിൽ നടക്കുന്ന #വനഭോജനം . ഒക്- നവം : മാസങ്ങളിലായി നടക്കുന്ന നവരാത്രി എന്നിവ പ്രധാനം തന്നെ. ഗോട്ടു വാദ്യം, സുഷിരവാദ്യം, തന്ത്രി വാദ്യം ഇവ ചേർന്നതാണ് ഇവിടുത്തെ വാദ്യസംഗീതം എന്നത് . മൊത്തത്തിൽ 7 ദീപാരാധനയും 3 അഭിഷേകവും പതിവാണ്.വിശേഷ ദിവസങ്ങളിൽ രുദ്രാഭിഷേകവുമുണ്ട്.
മൂകാംബിക ദർശനം നടത്തുന്നവർ പോകേണ്ട മറ്റൊരിടമാണ് #കുടജാദ്രിയും #സർവ്വജ്ഞപീഠവും. സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി. കുടജാദ്രിയുടെ താഴ് വരയിലാണ് മൂകാംബിക ക്ഷേത്രം സ്ഥിതി ചെയുന്നത് . മലനിരകളാകെ മഞ്ഞുമൂടിയിരിക്കുന്നു. പാതകൾ വളരെ ഇടുങ്ങിയതും ചെളി നിറഞ്ഞതുമാണ്. ഇവിടെ കൂടിയാണ് നമ്മുടെ ജീപ്പ് യാത്ര. ഓഫ് റോഡ് ഡ്ഡ്രൈവിംഗ് ഇഷ്ടപ്പെടുന്നവർക്ക് നല്ലൊരു കേന്ദ്രമാണ് ഇവിടം . മൂകാംബികയിൽ നിന്നും നമുക്ക് ജീപ്പുകൾ ലഭ്യമാണ്. ഒരു ജീപ്പിൽ 8 പേർക്ക് ആണ് യാത്ര ചെയ്യാൻ സാധിക്കുക. ഒരാൾക്ക് 350 രൂപയാണ് നിരക്ക് . വയർ നിറയെ ഭക്ഷണം കഴിച്ചുകൊണ്ട് ഒരിക്കലും യാത്ര ചെയ്യാതിരിക്കുക. സാഹസികത ഇഷ്ടപെടുന്ന ഏതൊരു യാത്ര പ്രേമിയും സഞ്ചരിക്കേണ്ട ഒരിടമാണ് കുടജാദ്രി.. എന്നും മഞ്ഞുമൂടി കിടക്കുന്ന ഇവിടുത്തെ മഴ കാടുകളിലൂടെയുള്ള ഈ യാത്ര അവിസ്മരണീയമായിരിക്കും…. ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര മഹിമയുണ്ട് മൂകാംബികയ്ക്ക്… ആത്മീയ നിർവൃതിയും, ശാന്തി നിറഞ്ഞ ഒരു മനസ്സുമായി മടങ്ങാം….