കെ.എസ്.ആർ.ടി.സി. ഓൺലൈൻ ടിക്കറ്റ് റിസർവേഷനിൽ വൻവർദ്ധന. ഒന്നര വർഷം മുമ്പ് 500 പേർ മാത്രമാണ് ഓൺലൈൻ വഴി ടിക്കറ്റ് റിസർവ് ചെയ്തിരുന്നതെങ്കിൽ ഇന്ന് പ്രതിദിനം 8000 പേരാണ് ഓൺലൈൻ ടിക്കറ്റ് എടുത്ത് കെ.എസ്.ആർ.ടി.സിയിൽ യാത്ര ചെയ്യുന്നത്.
രണ്ടു വർഷം കൊണ്ട് ഇത് 25000 ആയി ഉയർത്താനാണ് ലക്ഷ്യമെന്ന് യു.എൽ. ടെക്നോളജി സൊല്യൂഷൻസ് ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ജിതേഷ് പറഞ്ഞു. ഉൗരാളുങ്കൽ സൈബർ പാർക്കിൽ പ്രവർത്തിക്കുന്ന യു.എൽ. ടെക്നോളജി സൊല്യൂഷൻസ് ആണ് കെ.എസ്.ആർ.ടി.സിക്ക് വേണ്ടി സോഫ്ട് വെയർ നിർമ്മിച്ചു നൽകിയത്.
ഇപ്പോൾ 315 ബസുകൾ മാത്രമാണ് ഓൺലൈൻ റിസർവേഷനിൽ പ്രവർത്തിക്കുന്നത്. ബസുകളുടെ എണ്ണത്തിൽ മാറ്റമില്ലാതെ തന്നെ മൂന്നു ലക്ഷം രൂപയിൽ നിന്ന് 40 ലക്ഷം രൂപയിലേക്ക് പ്രതിദിനവരുമാനം ഉയർത്താനായി. 600 ബസുകളിലേക്ക് ഓൺലൈൻ റിസർവേഷൻ സമ്പ്രദായം വ്യാപിപ്പിക്കാനാണ് നിർദ്ദേശം.
അതുപോലെത്തന്നെ വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം ഏർപ്പെടുത്തി കൂടുതൽ സേവനം ലഭ്യമാക്കാനും പരിപാടിയുണ്ട്. ഇപ്പോൾ വാഹനം പുറപ്പെടുന്നതിന് 20 മിനുട്ട് മുമ്പ് യാത്രക്കാരന് മൊബൈൽ അലർട്ട് നൽകുന്നുണ്ട്. പ്രതിദിന വരുമാനം ഒരുകോടിയെന്ന ലക്ഷ്യം മുൻ നിറുത്തി നിലവിലുള്ള ഓൺലൈൻ ബുക്കിംഗ് സിസ്റ്റം ജനുവരിയോടെ പരിഷ്കരിക്കും.
കെ. എസ്. ആർ.ടി.സിയുടെ ഇലക്ട്രോണിക് ഡാറ്റാ പ്രോസസിംഗ് സെന്റർ ലഭ്യമാക്കുന്ന ഇലക്ട്രോണിക് ഡാറ്റ പ്രയോജനപ്പെടുത്തിയാണ് യു.എൽ.ടെക്നോളജി സൊല്യൂഷൻസിലെ 25 അംഗ ടീം സോഫ്ട് വെയർ സപ്പോർട്ട് നൽകുന്നത്.
നഷ്ടം നികത്താനുള്ള വഴി
സാധാരണ നിലയിൽ യാത്രക്കാരൻ കയറി ടിക്കറ്റ് എടുക്കുമ്പോൾ മാത്രമാണ് കെ.എസ്.ആർ.ടി.സിക്ക് വരുമാനമുണ്ടാവുന്നത്. എന്നാൽ ഓൺലൈൻ റിസർവേഷൻ വഴി 25 ദിവസം മുമ്പു മുതൽ മുൻകൂട്ടി മുഴുവൻ പണവും ലഭിക്കുന്നു. തത്കാൽ സമ്പ്രദായം വഴി ഉയർന്ന നിരക്കിലുള്ള വരുമാനം വേറെയും . ഇതിനും പുറമെയാണ് കാൻസലേഷൻ നടത്തുമ്പോഴുള്ള വരുമാനം. ബുക്കിംഗിലെ 20 ശതമാനം പേരെങ്കിലും കാൻസൽ ചെയ്യാറുണ്ട്. ഓരോ കാൻസലേഷനിലും നിശ്ചിത തുക കെ.എസ്.ആർ.ടി.സിക്ക് ലഭിക്കും.
ഓൺ ലൈൻ വളർച്ച
ഒന്നര വർഷം മുമ്പ് പ്രതിദിന റിസർവേഷൻ 500
ഇപ്പോഴത്തെ ഓൺ ലൈൻ റിസർവേഷൻ 8000
രണ്ടു വർഷത്തിനപ്പുറം ലക്ഷ്യം വയ്ക്കുന്നത് 25000
പ്രതിദിനം സൈറ്റ് സന്ദർശിക്കുന്നവർ 25000
ഒന്നര വർഷം മുമ്പ് പ്രതിദിന വരുമാനം 3 ലക്ഷം രൂപ
ഇപ്പോഴത്തെ ഓൺ ലൈൻ വരുമാനം 40 ലക്ഷം രൂപ
രണ്ടു വർഷത്തിനപ്പുറത്തെ പ്രതിദിന ലക്ഷ്യം 1 കോടി രൂപ
”ഒന്നര വർഷം മുമ്പ് കെ.എസ്. ആർ.ടി.സിയുടെ ഓൺലൈൻ ടിക്കറ്റിംഗ് സിസ്റ്റം ഞങ്ങൾ ഏറ്റെടുക്കുമ്പോൾ നാമമാത്രമായിരുന്നു പ്രവർത്തനം. ഇപ്പോൾ കെ. എസ്. ആർ.ടി.സിയുടെ വരുമാനത്തിന്റെ നല്ല ഒരു പങ്ക് ഇതിലൂടെ ലഭിക്കുന്നു.”
-ചീഫ് എക്സിക്യൂട്ടീവ് ഡയറക്ടർ ടി. ജിതേഷ് ,യു.എൽ. ടെക്നോളജി സൊല്യൂഷൻസ്
കടപ്പാട് – കേരള കൌമുദി