നട്ടുച്ചയ്ക്ക് അത്യാഹിത വിഭാഗത്തിനു മുന്നിലേക്ക് ഒരു കെ.എസ്.ആര്.ടി.സി ബസ് വന്ന് സഡന്‍ ബ്രേക്കിട്ടു നിന്നപ്പോള്‍ ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജ് ജീവനക്കാരും രോഗികളും ആദ്യം അമ്പരന്നു! കാഷ്വാലിറ്റിയിലേക്ക് സ്പെഷ്യല്‍ സര്‍വീസോ? എന്താണ് സംഭവം എന്നറിയാതെ കണ്ടു നിന്നവരും കുഴങ്ങി.
ബസ്സിന്റെ ഡോർ തുറന്നു കാലില്‍ നിന്ന് രക്തമൊലിക്കുന്ന നിലയില്‍ ഒരാളെ ഡ്രൈവറും വനിതാ കണ്ടക്ടറും സഹയാത്രക്കാരും ചേര്‍ന്ന് കാഷ്വാലിറ്റിയിലേക്ക് താങ്ങിയെടുത്തപ്പോഴാണ് കാര്യമറിഞ്ഞത്. കൊട്ടിയത്തിനു സമീപം, ഹൈവേയില്‍ റോംഗ്സൈഡിലൂടെ പാഞ്ഞുവന്ന ഓട്ടോറിക്ഷയില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിത്തിരിച്ച ബസില്‍ തെറിച്ചുവീണ് പരിക്കേറ്റയാളുമായി, മുഴുവന്‍ യാത്രക്കാരും സഹിതം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലേക്കു വന്നതായിരുന്നു ബസ്!
പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലെത്തിക്കാന്‍ പുറപ്പെട്ടാല്‍ ട്രിപ്പ് മുടങ്ങുമെന്ന ആശങ്കയൊന്നുമില്ലാതെ, മനോധൈര്യത്തോടെ എല്ലാറ്റിനും മുന്നില്‍ നിന്നത് മാവേലിക്കര ഡിപ്പോയിലെ വനിതാ കണ്ടക്ടര്‍ ആര്.എസ്. രമ്യയാണ്. ബസിനുള്ളില്‍ തെറിച്ചു വീണ് കാലിലെ തള്ളവിരലിന്റെ നഖം ഊരിപ്പോയ യാത്രക്കാരന് കാഷ്വാലിറ്റിയില്‍ അടിയന്തര ശുശ്രൂഷ നല്‍കിത്തീരും വരെ ഡ്രൈവര്‍ പ്രസന്നനും ബസിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കാത്തുനിന്നു. ഒടുവില്‍, ആ യാത്രക്കാരനെയും കൊണ്ടുതന്നെ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്ക് ഡബില്‍ ബെല്ലടിക്കുമ്പോള്‍ നിറഞ്ഞ ചിരിയുമായി രമ്യയുണ്ടായിരുന്നു, ഫുട്ബോര്ഡില്.
കൊല്ലത്തു നിന്ന് ഉച്ചയോടെ തിരുവനന്തപുരത്തേക്കു പുറപ്പെട്ടതായിരുന്നു മാവേലിക്കര ഡിപ്പോയിലെ ആര്.പി.സി 623-ാം നമ്പര്‍ ബസ്. കൊട്ടിയത്തിനു സമീപം എത്തിയപ്പോള്‍ ഓവര്‍സ്പീഡില്‍, റോംഗ് സൈഡ് കയറി ഒരു ഓട്ടോറിക്ഷ എതിരെ വരുന്നു.. ഓട്ടോയെ രക്ഷിക്കാന്‍ ബസ് പെട്ടെന്ന് വെട്ടിത്തിരിക്കുകയേ ഡ്രൈവര്‍ പ്രസന്നന് വഴിയുണ്ടായിരുന്നുള്ളൂ. കൂട്ടനിലവിളികള്‍ക്കിടെ ബസിന്റെ പിന്‍ഭാഗത്തു നിന്ന് പലരും മുന്നിലേക്ക് തെറിച്ചുവീണു. അക്കൂട്ടത്തില്‍ ആറ്റിങ്ങല്‍ സ്വദേശി ദേവരാജനാണ് ബസിനുള്ളില്‍ മധ്യഭാഗത്തോളം തെറിച്ച് മുട്ടിടിച്ച് വീണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. വീഴ്ചയുടെ ആഘാതത്തില്‍ ദേവരാജന്റെ പെരുവിരലിന്റെ നഖം ഊരിപ്പോയിരുന്നു.
ബഹളത്തിനിടയില്‍ മനസ്സാന്നിധ്യം കൈവിടാതെ, പരിക്കേറ്റ ദേവരാജനെ അതേ ബസില്‍ത്തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനമെടുത്തത് രമ്യയാണ്. കാര്യം പറഞ്ഞപ്പോള്‍ ഡ്രൈവര്‍ പ്രസന്നന് ഒപ്പം യാത്രക്കാരും സഹകരിച്ചു. ട്രിപ്പ് മുടങ്ങുമോ, നടപടി ഉണ്ടാകുമോ എന്നൊന്നും ആ സമയത്ത് രമ്യ ആലോചിച്ചില്ല. പരിക്കേറ്റയാളെ ആശുപത്രിയിലെത്തിക്കുന്നതു മാത്രമായിരുന്നു മനസ്സില്‍. എട്ടു വര്‍ഷം മുമ്പാണ് പി.എസ്.സി നിയമനം വഴി ആര്.എസ്. രമ്യ കെ.എസ്.ആര്.ടി.സിയില്‍ കണ്ടക്ടര്‍ ആയത്. ഇക്കാലത്തിനിടെ ഡ്യൂട്ടിക്കിടെ രമ്യയ്ക്ക് ഇത്തരമൊരു അനുഭവം ആദ്യം. അടിയന്തര ശുശ്രൂഷകള്‍ക്കു ശേഷം ദേവരാജനുമായി വീണ്ടും യാത്ര പുറപ്പെടുമ്പോള്‍, ഡ്രൈവര്‍ പ്രസന്നന്റെയും മുഴുവന്‍ യാത്രക്കാരുടെയും മുഖത്തുമുണ്ടായിരുന്നു, നന്മയുടെ വെളിച്ചമുള്ള ഒരു പുഞ്ചിരി.
ഇവരെപ്പോലുള്ള നിരവധി ജീവനക്കാർ നമ്മുടെ കെഎസ്ആര്‍ടിസിയിൽ ഇന്ന് ജോലി ചെയ്യുന്നുണ്ട്. ദിനംപ്രതി അവരുടെ നന്മയെല്ലാം വാർത്തകളായി വന്നുകൊണ്ടിരിക്കുകയാണ്. അതെ കെഎസ്ആർടിസി ജീവനക്കാരുടെ പഴയ പരുക്കൻ മുഖഛായ മാറേണ്ടതു തന്നെയാണ്. അതിനായി എല്ലാ ജീവനക്കാരും ഒരേ മനസ്സോടെ പ്രവർത്തിക്കുക..
വാർത്തയ്ക്ക് കടപ്പാട് – Travancore Medicity Official.