കേരളത്തിന്റെ അഭിമാന പദ്ധതികളിലൊന്നായ കൊച്ചി മെട്രോയുടെ ബോഗി നിർമ്മാണം കെ എസ് ആർ ടി സി ബോഡി ബിൽഡിങ്ങ് യൂണിറ്റുകളെ ഏൽപ്പിക്കാൻ ധാരണയായി. കെ എസ് ആർ ടി സിയുടെ ആലുവ റീജണൽ വർക്ക്ഷോപ്പിലായിരിക്കും മെട്രോയ്ക്കാവശ്യമായ ബോഗി നിർമ്മിക്കുക. ഫ്രഞ്ച് കമ്പനിയായ ആൽസ്റ്റോമിനാണ് ബോഗി നിർമാണക്കരാർ നല്കിയിരുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ മെയ്ക്ക് ഇൻ ഇൻഡ്യ പദ്ധതിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ബോഗികൾ കേരളത്തിൽ തന്നെ നിർമ്മിക്കുവാൻ തീരുമാനിച്ചത്. നഷ്ടത്തിലോടുന്ന കെ എസ് ആർ ടി സിയ്ക്ക് പുതു ജീവൻ നൽകുക എന്ന ലക്ഷ്യവും ഈ തീരുമാനത്തിനു പിന്നിലുണ്ടെന്നു വിലയിരുത്തപ്പെടുന്നു. മികച്ച ബോഗികൾ നിർമ്മിച്ചു നൽകുവാൻ കെ എസ് ആർടിസി ക്ക് കഴിയുമെന്ന് ആത്മ വിശ്വാസമുണ്ടെന്ന് കെ എസ് ആർ ടീ സി വൃത്തങ്ങൾ ഇല്ലാന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ കുണ്ടും കുഴിയുമായ തകർന്ന റോഡുകളിലൂടെ പതിനഞ്ചും ഇരുപതും വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച കെ എസ് ആർടി സി ബസ് ബോഡികള്‍ യാതൊരു അറ്റകുറ്റപ്പണികളും ചെയ്യാതെ സർവ്വീസ് നടത്തുന്നു എന്നതു തന്നെ കെ എസ് ആർ ടി സി ബോഗി നിർമ്മാണത്തിന്റെ ഗുണനിലവാരത്തിനു ഏറ്റവും വലിയ തെളിവാണെന്നും അവർ കൂട്ടിച്ചേർത്തു. സ്വയം തുറക്കുകയും അടയുകയും ചെയ്യുന്ന വാതിലുകളാണ് മെട്രോ ബോഗികൾക്കുള്ളത്, ഇത്തരം ബോഗികൾ നിർമ്മിക്കുന്നതിനാവശ്യമായ പരിശീലനം നേടുന്നതിന്റെ ഭാഗമായാണ് പുതിയതായി ബോഡി ചെയ്തിറങ്ങുന്ന കെ എസ് ആർ ടിസി ബസ്സുകളിൽ ഡ്രൈവർക്ക് നിയന്ത്രിക്കാവുന്ന വാതിലുകൾ സ്ഥാപിച്ചു തുടങ്ങിയതെന്നും റിപ്പോർട്ടുണ്ട്. സൂപ്പർ എക്സ്പ്രസ്സ് ബസ്സുകളിലുള്ള സൗകര്യങ്ങളോടെയാവും മെട്രോ ബോഗീകൾ നിർമ്മിക്കുക. എപ്പോഴും മഴ പെയ്യുന്ന സംസ്ഥാനമെന്ന നിലയിൽ കെ എസ് ആർ ടി സി ബോഗികളുടെ സ്ഥിരം പോരായ്മയായ ചോർച്ച മെട്രോ ബോഗികളിൽ പൂർണ്ണമായും ഇല്ലാതാക്കുന്നതിന് ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തും. ബോഗി നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കുവാൻ കർമ്മ പദ്ധതി ആവിഷ്കരിച്ചു കഴിഞ്ഞിട്ടുണ്ടെന്നും കെ എസ് ആർടി സി വൃത്തങ്ങൾ വെളിപ്പെടുത്തി.
Fake News by http://www.illa.news/
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog
