മലനിരകളുടെ രാജകുമാരി അഥവാ കോടമഞ്ഞിന്‍റെ കൊടൈക്കനാല്‍..

നമ്മുടെ ഇടക്കാല സിനിമകളുടെ പ്രധാന കേന്ദ്രമായിരുന്നു മഞ്ഞുറഞ്ഞു കിടക്കുന്ന കൊടൈക്കനാല്‍. പല സിനിമകളും പാട്ടുകളും ചിത്രീകരിച്ചത് അതിമനോഹരമായ ഈ സ്ഥലത്താണ്. മരം കോച്ചുന്ന തണുപ്പിനൊപ്പം തടാകങ്ങളാലും മലനിരകളാലും അനുഗ്രഹിതമായ വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്‌നാട്ടിലെ കൊടൈക്കനാല്‍.

തമിഴ്‌നാട്ടിലെ ദിണ്ടിഗല്‍ ജില്ലയില്‍ പരപ്പാര്‍, ഗുണ്ടാര്‍ എന്നീ താഴ്വരകള്‍ക്കിടയിലാണ് കൊടൈക്കനാല്‍ സ്ഥിതിചെയ്യുന്നത്. കിഴക്കുഭാഗത്ത് താഴേ പളനി വരെ നീളുന്ന മലനിരകളും വടക്കുവശത്ത് വില്‍പ്പട്ടി, പള്ളങ്കി ഗ്രാമങ്ങള്‍ വരെ നീളുന്ന മലനിരകളുമാണ് കൊടൈക്കനാലിന്റെ അതിര്‍ത്തികള്‍.

ജനപ്രിയതയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. മഞ്ഞുറഞ്ഞു കിടക്കുന്ന മലനിരകളാണ് കൊടൈക്കനാലിന്റെ വന്യസൌന്ദര്യത്തിന്റെ രഹസ്യം. ഒക്‍ടോബര്‍, മാര്‍ച്ച് മാസങ്ങളില്‍ നേരിയ മഴയുണ്ടാകുമെന്നതൊഴിച്ചുള്ള സമയങ്ങളിലെല്ലാം സഞ്ചാരികള്‍ ഏറെ എത്തും.

കോക്കേഴ്‌സ് വാക്ക്, ബിയര്‍ ഷോല വെള്ളച്ചാട്ടം, ബ്രയാന്റ് പാര്‍ക്ക്, കൊടൈക്കനാല്‍ തടാകം, ഗ്രീന്‍ വാലി വ്യൂ, ഷെബാംഗനൂര്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററി, കൊടൈക്കനാല്‍ സയന്‍സ് ഒബ്‌സര്‍വേറ്ററി, പില്ലര്‍ റോക്ക്‌സ്, ഗുണ ഗുഹകള്‍, സില്‍വര്‍ കാസ്‌കേഡ്, ഡോള്‍ഫിന്‍സ് നോസ്, കുറിഞ്ഞി ആണ്ടവാര്‍ മുരുക ക്ഷേത്രം, ബെരിജാം തടാകം തുടങ്ങിയവയാണ് കൊടൈക്കനാലിലെ പ്രധാന വിനോദ സഞ്ചാര മേഖലകള്‍.

സൌത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്‌റ്റ് കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാല്‍ സാഹസിക പ്രിയര്‍ക്കും, ട്രക്കിംഗ്, ബോട്ടിംഗ്, സൈക്ലിംഗ് പ്രിയര്‍ക്കും ഇഷ്ടമാകുന്ന സ്ഥലമാണ് എന്നതില്‍ സംശയം വേണ്ട. കനത്ത കാടിന് നടുവില്‍ വെള്ളച്ചാട്ടങ്ങളും പാറക്കൂട്ടങ്ങളും നിറഞ്ഞ മരങ്ങളും ആരെയും ആകര്‍ഷിക്കും. കോടമഞ്ഞും ചാറ്റല്‍ മഴയും കൊടൈക്കനാലിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. വഴിയോരത്തിന് പിച്ചിയും മുല്ലയും ഇടകലര്‍ന്ന സൗരഭ്യമാണ്.

സമ്മര്‍ സീസണില്‍ ഇവിടെ തണുപ്പ് രൂക്ഷമാകും. മിക്കപ്പോഴും 30 ഡിഗ്രിയാകും തണുപ്പ് അനുഭവപ്പെടുക. ഈ സമയം കൂടുതല്‍ പേരും ട്രക്കിംഗിനായിട്ടാണ് ഉപയോഗിക്കുന്നത്. മാര്‍ച്ച് മുതല്‍ മെയ്‌ വരെയുള്ള സമ്മര്‍ സീസണില്‍ എത്തുന്നതാണ് വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ ഹൃദ്യമാകുക. ജൂണ്‍ മുതല്‍ സെപ്‌റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ മഴ പെയ്യാന്‍ സാധ്യതയുള്ളതിനാല്‍ ട്രക്കിംഗ് അടക്കമുള്ളവ ബുദ്ധിമുട്ടിലാകും.

പിയേഴ്‌സ് പോലുള്ള പഴങ്ങള്‍ക്കും പേരുകേട്ട സ്ഥലമാണ് കൊടൈക്കനാല്‍. വീടുകളിലുണ്ടാക്കുന്ന ചോക്കളേറേറുകള്‍ക്ക് പ്രശസ്തമായ കൊടൈക്കനാലിന് ചോക്കളേറ്റ് പ്രേമികളുടെ സ്വര്‍ഗം എന്നൊരു വിളിപ്പേര് തന്നെയുണ്ട്. പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരുന്നിനെത്തുന്ന കുറിഞ്ഞിയാണ് കൊടൈക്കനാലിലെ വിശേഷപ്പെട്ട ഒരു കാഴ്ച. ഹണിമൂണ്‍ കേന്ദ്രമെന്ന നിലയിലും കൊടൈക്കനാലിന് പ്രശസ്തിയുണ്ട്.

source – http://malayalam.webdunia.com/article/keralam-tourism/kodaikanal-the-king-of-hill-stations-117011400034_1.html

Check Also

ഞങ്ങളുടെ സഹനവും കരുതലും നിങ്ങളുടെ സുരക്ഷയെക്കരുതി – ബസ് കണ്ടക്ടറുടെ കുറിപ്പ്

കുറിപ്പ് – ഷൈനി സുജിത്ത്, കെഎസ്ആർടിസി കണ്ടക്ടർ. കഴിഞ്ഞ ദിവസം ഡ്യൂട്ടിക്ക് പോകുമ്പോൾ അവനെ കണ്ടിരുന്നു. കോവിഡ് കാലം നഷ്ടപ്പെടുത്തിയ …

Leave a Reply