കടത്തില്‍ മുങ്ങിക്കിടക്കുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഒരു കൂട്ടം ആളുകള്‍ നെട്ടോട്ടം ഓടുമ്പോള്‍ അതേ കെഎസ്ആര്‍ടിസിയെ പറ്റിച്ച് ജീവിക്കുന്ന ചിലരും ഉണ്ട് ഈ നാട്ടില്‍. അതിനു ഏറ്റവും ഒടുവിലത്തെ ഒരുദാഹരണമാണ് കഴിഞ്ഞ ദിവസം ജീവനക്കാരനെന്ന പേരില്‍ വ്യാജ പാസ്സുപയോഗിച്ച് കെഎസ്ആര്‍ടിസിയില്‍ സ്ഥിരം യാത്ര നടത്തിയ യുവാവ് പിടിയിലായ സംഭവം. നിസ്സാര തുക ലാഭിക്കാന്‍ ഇയാള്‍ ചെയ്തുകൂട്ടിയ കാര്യങ്ങള്‍ ഏവരെയും ഞെട്ടിച്ചുകളഞ്ഞു.
വെള്ളിയാഴ്ച രാവിലെ കരുനാഗപ്പള്ളിയില്‍ നിന്നും തിരുവനന്തപുരത്തിനുള്ള ഫാസ്റ്റ് പാസഞ്ചറില്‍ കയറി കണ്ടക്ടറെ പാസ് കാണിക്കുകയും പത്തനാപുരം ഡിപ്പോയിലെ ജീവനക്കാരനാണെന്ന് പറയുകയും ചെയ്താണ് ഇയാള്‍ ആള്‍മാറാട്ടം നടത്തിയത്. ട്രിപ്പ് സംബന്ധിച്ച വിവരങ്ങള്‍ ചോദിച്ച കണ്ടക്ടര്‍ ഷിബു ജോര്‍ജ്ജിന് സംശയം തോന്നിയെങ്കിലും ഇയാളെ യാത്ര ചെയ്യാന്‍ അനുവദിച്ചു. തിരുവനന്തപുരം കെഎസ്ആര്‍ടിസി ചീഫ് ഓഫീസില്‍ വിവരം ആരാഞ്ഞശേഷം പത്തനാപുരം ഡിപ്പോയിലേയ്ക്ക് വിളിച്ചുചോദിച്ചപ്പോള്‍ ഇയാള്‍ പറഞ്ഞ റൂട്ടില്‍ സര്‍വീസോ ഇങ്ങനെയൊരു ജീവനക്കാരനോ ഇല്ലെന്ന് ബോധ്യപ്പെട്ടു.

കരുനാഗപ്പള്ളിയ്ക്ക് തിരികെയുള്ള ട്രിപ്പില്‍ ഇയാള്‍ കയറിയതോടെ ഇയാളില്‍ നിന്നും പാസ്സ് വാങ്ങിയ കണ്ടക്ടര്‍ ഷിബു ചീഫ് ഓഫീസില്‍ വിവരണ അറിയിക്കുകയും അവരുടെ നിര്‍ദ്ദേശ പ്രകാരം കഴക്കൂട്ടം പൊലീസ് സ്റ്റേഷനില്‍ വാഹനം നിര്‍ത്തി ഡ്രൈവര്‍ സജിത് ലാലിനൊപ്പം പൊലീസിന് പരാതി നല്കി ഇയാളെയും ഏല്‍പ്പിക്കുകയായിരുന്നു. ഔദ്യോഗികമായ വിവരങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തിയ പാസ്സില്‍ ബി സജയന് എന്നാണ് പേര് വെച്ചിരിക്കുന്നത്. ഇയാള്‍ കണ്ടക്ടര്‍ ആണെന്നും പാസ്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നഷ്ടത്തിലുള്ള കെ എസ് ആര് ടി സിയെ ഉദ്യോഗസ്ഥരെന്ന പേരില്‍ നിരവധി പേര് ഇത്തരത്തില്‍ കബളിപ്പിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരം പാസ്സ് നിര്‍മ്മിച്ച് വ്യാപകമായി വിതരണം നടക്കുന്നുണ്ടോ എന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
ഇനിയും ഇതുപോലുള്ള വ്യാജ പാസ്സുമായി ഓസിനു യാത്ര നടത്തുന്ന പകല്‍ മാന്യന്മാര് ഉണ്ടാകാം. അവരെയൊക്കെ നിയമത്തിനു മുന്നില്‍ എത്തിക്കണം. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന ഈ ഏര്‍പ്പാട് എന്നെന്നേക്കുമായി നിര്‍ത്തിക്കണം. കെഎസ്ആര്‍ടിസി എംഡി ഒരു പോലീസ് മേധാവി കൂടിയായതുകൊണ്ട് ഇവര്‍ക്കൊക്കെ നല്ല ശിക്ഷ തന്നെ കൊടുക്കും എന്ന് പ്രതീക്ഷിക്കാം.
കടപ്പാട് – ജനയുഗം.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog