കുറുപ്പന്തറ ∙ ആദർശ് സ്റ്റേഷനായി പ്രഖ്യാപിച്ച കുറുപ്പന്തറ റെയിൽവേ സ്റ്റേഷനിൽ കൂടുതൽ ട്രെയിനുകൾക്കു സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം ശക്തം. ജോസ് കെ.മാണി എംപിയുടെ ശ്രമഫലമായി 10.50 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കുറുപ്പന്തറ സ്റ്റേഷനിൽ ഒരു വർഷം മുൻപു പൂർത്തിയായത്. ടിക്കറ്റ് കൗണ്ടർ, കൺട്രോൾ റൂം, ജീവനക്കാർക്കുള്ള വിശ്രമമുറി, യാത്രക്കാർക്കുള്ള വിശ്രമമുറി, കുടിവെള്ളം, ശുചിമുറി സംവിധാനം തുടങ്ങിയവയെല്ലാം 67 മീറ്റർ നീളം വരുന്ന പുതിയ സ്റ്റേഷൻ കെട്ടിടത്തിലുണ്ട്.
കോട്ടയം – എറണാകുളം, ചേർത്തല – കുറവിലങ്ങാട് റോഡിനു സമീപമാണു കുറുപ്പന്തറ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. പാലാ, കുറവിലങ്ങാട്, ഭരണങ്ങാനം, മള്ളിയൂർ, കുറുപ്പന്തറ തുടങ്ങിയ പട്ടണങ്ങളിലെ യാത്രക്കാർ ഏറെയും ഇവിടേക്കാണ് എത്തുന്നത്. നിലവിൽ പാസഞ്ചർ ട്രെയിനുകൾക്കു മാത്രമേ ഇവിടെ സ്റ്റോപ്പുള്ളു. ഇരുനൂറു കോടി ചെലവിൽ മുളന്തുരുത്തി – കുറുപ്പന്തറ റെയിൽപാത ഇരട്ടിപ്പിച്ചപ്പോൾ കുറുപ്പന്തറ റെയിൽവേ സ്റ്റേഷനും ആകർഷകമായി മാറി.

425 മീറ്റർ നീളമുള്ള രണ്ടു പ്ലാറ്റ്ഫോമുകൾ പൂർത്തീകരിക്കുകയും രണ്ടിടത്തുമായി യാത്രക്കാർക്കു സൗകര്യത്തിനായി 64 മീറ്റർ നീളത്തിൽ മേൽക്കൂര സ്ഥാപിക്കുകയും ഇരിപ്പിടങ്ങൾ നിർമിക്കുകയും ചെയ്തിട്ടുണ്ട്. ഒന്നും രണ്ടും പ്ലാറ്റ്ഫോമുകൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനു ഫുട് ഓവർബ്രിജും പൂർത്തീകരിച്ചു. ചെന്നൈ മെയിൽ, ജയന്തി ജനത, ശബരി എക്സ്പ്രസ് എന്നിവയ്ക്കു കുറുപ്പന്തറയിൽ സ്റ്റോപ്പ് വേണമെന്ന ആവശ്യത്തിനു വർഷങ്ങളുടെ പഴക്കമുണ്ട്.
റെയിൽവേ മേൽപ്പാലത്തിനായി തയാറാക്കിയ രൂപരേഖ

മേൽപാലം ഉടൻ
കുറുപ്പന്തറ ∙ മേൽപാലം ടെൻഡർ നടപടികളിലേക്ക്. കുറുപ്പന്തറ റെയിൽവേ മേൽപാലം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ 33.25 കോടി രൂപയുടെ ഭരണാനുമതി നൽകിയിട്ടുണ്ട്. സ്ഥലമെടുപ്പു നടപടികളിലേക്ക് ഉടൻ കടക്കുമെന്നു മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്തു മേൽപാലത്തിനായി ജോസ് കെ.മാണി എംപിയുടെ ശ്രമഫലമായി ബജറ്റിൽ തുക അനുവദിച്ചിരുന്നു.
പ്ലാറ്റ്ഫോമും കടന്ന് ബോഗികൾ; അപ്പോഴും അടഞ്ഞ് റെയിൽവേ ഗേറ്റ്
കുറുപ്പന്തറ ∙ ക്രോസിങ്ങിനായി കുറുപ്പന്തറ സ്റ്റേഷനിൽ ട്രെയിനുകൾ പിടിച്ചിടുന്നതോടെ റെയിൽവേ ഗേറ്റിൽ ഏറെനേരം വാഹനങ്ങളും യാത്രക്കാരും കാത്തുകിടക്കേണ്ടിവരുന്നു. സ്റ്റേഷനിൽ നിർത്തിയിടുന്ന ട്രെയിനുകളുടെ ബോഗി റെയിൽവേ ഗേറ്റും കടന്നു നീളുന്നതിനാൽ കാൽനടയാത്രക്കാരും ഗേറ്റിൽ കുടുങ്ങുകയാണ്.

പുതിയ പാളം നിർമിച്ച് സിഗ്നൽ ലൈറ്റുകൾ സ്ഥാപിച്ചപ്പോൾ കോട്ടയം ഭാഗത്തേക്കും എറണാകുളം ഭാഗത്തേക്കുമുള്ള സിഗ്നൽ ലൈറ്റ് നേരത്തേ ഉണ്ടായിരുന്ന പോയിന്റിൽനിന്നു മുൻപോട്ടു കയറ്റിയാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നതെന്നും ഇതിനാലാണ് ട്രെയിനുകളുടെ ബോഗികൾ റെയിൽവേ ഗേറ്റ് കടന്നു നീളുന്നതെന്നും യാത്രക്കാർ പറയുന്നു.
നിലവിൽ നിർമാണം നടത്തിയ പ്ലാറ്റ്ഫോമിനു നീളം കുറവാണെന്നും ഇവിടെ നിർത്തുന്ന ട്രെയിനുകളുടെ മുഴുവൻ ബോഗികളും പ്ലാറ്റ്ഫോമിനു സമാന്തരം വരാതെ പുറത്തു നിൽക്കുന്നത് ഇതുമൂലമാണെന്നും പരാതി ഉയരുന്നു. സാധാരണ ട്രെയിനുകളുടെ ശരാശരി നീളം 540 മീറ്ററാണ്. എന്നാൽ, കുറുപ്പന്തറ സ്റ്റേഷനിൽ നിർമിച്ചിരിക്കുന്ന പ്ലാറ്റ്ഫോമിന് 505 മീറ്റർ നീളമേയുള്ളു. പ്ലാറ്റ്ഫോമിന്റെ നീളം 600 മീറ്ററാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
ഇവയും പരിഹരിക്കണം
കുറുപ്പന്തറ ∙ സ്റ്റേഷനിലേക്കുള്ള ഏക റോഡ് ശോച്യാവസ്ഥയിലാണ്. സ്റ്റേഷനു സമീപം പാർക്കിങ്ങിനു സൗകര്യമൊരുക്കിയിട്ടില്ല. സ്റ്റേഷനിൽ ഇറങ്ങുന്നവർക്ക് ആവശ്യമായ വിവരങ്ങൾ ലഭിക്കുന്നതിനുള്ള അറിയിപ്പു ബോർഡുകൾ സ്റ്റേഷനിൽ പ്രദർശിപ്പിച്ചിട്ടില്ല. അത്യാവശ്യ ഫോൺ നമ്പരുകളും പ്രധാന സ്ഥലങ്ങളിലേക്കുള്ള ദൂരവും റെയിൽവേ അധികൃതരുടെ ഫോൺ നമ്പരുകളും പ്രദർശിപ്പിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നു.
Source – http://localnews.manoramaonline.com/kottayam/local-news/2017/10/22/kv-kuruppanthara-railway-station-pakege-news.html
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog