യാത്രകള്‍ ഒരു ലഹരിയാണ്… ആവര്‍ത്തിക്കപ്പെട്ടാലും വിരസമാവാത്ത ലഹരി.ഈ അവധിക്കാലവും കൂടുതലും യാത്രകള്‍ തന്നെയായിരുന്നു.. പ്രകൃതിയുടെ വിവിധ ഭാവങ്ങളില്‍ കൂടിയുള്ള യാത്ര. കായലും കടലും പുഴയും മലയും മഞ്ഞും മഴയും കണ്ടും അറിഞ്ഞും ആസ്വദിച്ചും കുറെനാളായി ആഗ്രഹിച്ചിരുന്ന ഒരു യാത്ര.
ഫേസ്ബുക്ക് തന്ന കുറച്ചു കൂട്ടുകാരുണ്ട്, പെട്ടന്ന് ഒരാവശ്യത്തിന് വിളിച്ചാല്‍ എങ്ങനെയും എത്തും എന്ന് കരുതുന്ന കുറച്ചുപേരില്‍ ചിലര്‍, നാട്ടില്‍ എത്തിയപ്പോ മുതല്‍ പറയുന്നതാ അവരുമൊന്നിച്ച് ഒരു കറക്കം. അങ്ങിനെയാണ് ആലപ്പുഴയിലേക്ക് അവര്‍ വരാമെന്ന് പറഞ്ഞത് കുട്ടനാട് കാണാന്‍.രാവിലെ ഞാന്‍ ആലപ്പുഴയില്‍ എത്തുമ്പോഴേക്കും മലപ്പുറം-കോഴിക്കോട് നിന്ന് അവര്‍ എത്തിയിരുന്നു. ഹൗസ്ബോട്ട് ഒക്കെ ബുക്ക് ചെയ്തു എന്നെയും കാത്തുനില്ക്കുന്നു.
ഫിറോനെയും ശംസുക്കയെയും നേരത്തേ കണ്ടിട്ടുണ്ടങ്കിലും അസ്ജുക്കയെ നേരിട്ട് കാണുന്നത് അന്നാദ്യായിട്ടാണ്, അവര്‍ മൂന്നാളും ഒപ്പം മറ്റ് രണ്ടുപേരും. ഒരാളെ അറിയാം സഖാവ് സക്കറിയ, മറ്റയാള്‍ സഹീര്‍. അവരെയും ആദ്യായിട്ടാ കാണുന്നത്. അങ്ങനെ ഒന്നിച്ചു പ്രാതലും കഴിച്ച് ഹൗസ്ബോട്ടിലേക്ക്. അതിനു തൊട്ട് മുന്‍പത്തെ ആഴ്ചയും വന്നിരുന്നു തൃശ്ശൂര്ത്തെ കൂട്ടുകാരുടെ കൂടെ ഹൗസ് ബോട്ടില്‍, എങ്കിലും കായലിന്റെ നടുവിലൂടെയുള്ള ആ യാത്ര ഒരു പ്രത്യേക സുഖമാണ്.
വണ്ടിയും പാര്‍ക്ക് ചെയ്ത് ബാഗും സാധനങ്ങളും ഒക്കെയായി ബോട്ടില്‍ കയറുമ്പോ അതിലെ ജോലിക്കാരുടെ നിര്‍ദ്ദേശം, സിഗരറ്റ് വലിച്ചാല്‍ കുറ്റി ബോട്ടില്‍ ഇടരുത്, വേസ്റ്റ് അവിടെയും ഇവിടെയും വലിച്ചുവാരി ഇടരുത് എന്നൊക്കെ. കേട്ടപ്പോ കല്ല് കടിച്ചെങ്കിലും സുരക്ഷയുടെ ഭാഗമാണ് ഇത്തരം ചില നിബന്ധനകള്‍ എന്ന് കേട്ടപ്പോ അത് മാറി. തടിയില്‍ നിര്‍മ്മിച്ച് പത്ത്അന്പത് ലക്ഷം വിലയുള്ള ബോട്ടല്ലേ, തീപിടുത്തമോ മറ്റോ ഉണ്ടായാല്‍ നഷ്ടം ഭീകരമായിരിക്കും. അതും തടിയായതുകൊണ്ട് തീ പിടിക്കാനുള്ള സാധ്യതയും കൂടും.
രണ്ട് മുറിയും, മുന്നില്‍ ടിവിയും ഡൈനിംഗ് ടേബിളും സോഫയും ഒക്കെ സെറ്റ് ചെയ്ത്, മുകളില്‍ വലിയൊരു ബാല്‍ക്കണിയും ഒക്കെയായി നല്ലൊരു ബോട്ട്. എസിയും മറ്റ് എല്ലാ സൌകര്യങ്ങളും ഉള്ള അത് ഏതൊരു ത്രീ സ്റ്റാര്‍ ഹോട്ടലിന്റെ ഒപ്പം കിടപിടിക്കും. വെള്ളത്തില്‍ ഒഴുകി നടക്കുന്ന ഹോട്ടല്‍ ആയിവേണമെങ്കില് നമുക്കതിനെ വിശേഷിപ്പിക്കാം. വരുന്ന സന്ദര്‍ശകര്‍ക്ക് എല്ലാ ആധുനീക സൗകര്യങ്ങളും നല്കുവാന് അവര്‍ ശ്രമിക്കുന്നത് ഓരോ ബോട്ടിലും കാണാം. ഏതാണ്ട് ആയിരത്തിനു മുകളില്‍ കോടി രൂപ വരുമാനമുള്ള കേരളത്തിന്റെ ഒരു പ്രധാന ടൂറിസമേഖലയാണ് ആലപ്പുഴ-കുട്ടനാട്.
പുന്നമടക്കായലിന്റെ വിരിമാറിലൂടെ ബോട്ട് നീങ്ങുമ്പോള്‍ കണ്ണിന് ഇമ്പമേകുന്ന കാഴ്ചകളോടൊപ്പം ആ നാടിന്റെ – നാട്ടുകാരുടെ ജീവിതവും നാം കാണുകയാണ്. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട് എന്താവശ്യത്തിനും വള്ളം അല്ലങ്കില്‍ ബോട്ടിനെ ആശ്രയിക്കേണ്ടി വരുന്ന ഒരു ജനതയുടെ ജീവിതം. കുളിക്കാനും മറ്റ് എല്ലാ ആവശ്യങ്ങള്‍ക്കും കായലിലെ വെള്ളം ഉപയോഗിക്കുന്നു, കുടിക്കുവാന്‍ പോലും ശുദ്ധജലം ഇല്ല ചില ഭാഗങ്ങളില്‍. പഞ്ചായത്ത് വക പൈപ്പുകള്‍ കാണാം പലെയിടത്തും, ഒപ്പം ചുറ്റിനും കാത്തിരിക്കുന്ന കുടങ്ങളും.
മത്സ്യബന്ധനമായിരുന്നു ഒരുകാലത്ത് ഈ പ്രദേശങ്ങളില്‍ ജീവിക്കുന്നവരുടെ പ്രധാന വരുമാനമാര്‍ഗ്ഗം. പിന്നീട് മറ്റ് പണികള്‍ ചെയ്യുന്ന ആള്ക്കാര് ഒക്കെയായി, ജീവിത രീതികള്‍ മെച്ചപ്പെട്ടു. അതിന്റെ തെളിവുകളാണ് ചുറ്റിലും നാം കാണുന്ന അത്യാവശ്യം സൗകര്യപ്രദമായ വീടുകള്‍. കാണുമ്പോള്‍ നമുക്ക് തോന്നും ഇങ്ങനെ ഒരിടത്ത് വന്നു താമസിക്കാന്‍, അത്രയ്ക്കും മനോഹരമാണ് അവിടുത്തെ പ്രകൃതി. എല്ലാ സൗകര്യങ്ങളോടും കൂടി സിറ്റിയിലോ അല്ലങ്കില്‍ ഗ്രാമത്തിലോ ഒക്കെ താമസിക്കുന്ന നമുക്ക് ഒരുപക്ഷെ അവിടെ ജീവിക്കുവാന്‍ ബുദ്ധിമുട്ടാവും. നിരത്തിലെ സര്‍ക്കാര്‍ വാഹങ്ങളെ പോലെ അവിടെയുമുണ്ട് കേരള സര്‍ക്കാര്‍ വക ബോട്ട് സര്‍വ്വീസ്.
പാട്ടും വര്‍ത്തമാനവും, ഫോട്ടോ എടുപ്പും ഒക്കെയായി സമയം പൊയ്ക്കൊണ്ടിരുന്നു. കുക്ക് വന്നു ഭക്ഷണം റെഡിആയി എന്ന് പറഞ്ഞപ്പോളാണ് പലര്‍ക്കും വിശക്കുന്നു എന്നാ കാര്യം ഓര്‍മ്മ വന്നത്. പറയാന്‍ ഒരുപാട് കാര്യങ്ങളും മറ്റും ഉള്ളപ്പോള്‍ വിശപ്പ് അറിഞ്ഞതേയില്ല. ഭക്ഷണം കഴിക്കാന്‍ താഴെ എത്തിയപ്പോഴേക്കും ടേബിളില്‍ അവ നിരന്നു കഴിഞ്ഞു. നല്ല നാടന്‍ ഭക്ഷണം. ചോറും സാമ്പാറും തോരനും പപ്പടവും മീനും ഒക്കെയായിട്ട്. ഭക്ഷണം കഴിഞ്ഞ് പലരും ഉറങ്ങി, ഞാന്‍ ആ ചാരുപടിയില്‍ കായലിലേക്ക് നോക്കിയിരിക്കുകയാണ്. വെയിലേറ്റ് തിളങ്ങുന്ന കായലോളങ്ങള്‍, അവയില്‍ തട്ടി അല്‍പ്പാല്‍പ്പമായി പ്രതിഫലിക്കുന്ന വെയില് ബോട്ടിന്റെ ചുവരുകളില്‍ അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കുന്നു. വൈകുന്നേരത്തെ വെയിലിനു ചൂട് കുറവാണ് എന്ന് വെറുതെ പറയുകയാണന്നു തോന്നുന്നു. അത്യാവശ്യം നല്ല ചൂടുണ്ട്. കായലോളങ്ങളെ വകഞ്ഞുമാറ്റിക്കൊണ്ട് ബോട്ട് മുന്നോട്ടുതന്നെ നീങ്ങുകയാണ്.
വൈകുന്നേരമായപ്പോള്‍ ഉറക്കത്തിലായിരുന്നവര്‍ ഒക്കെ എഴുന്നേറ്റ് വന്നു. അപ്പോളേക്കും ചായയും ചൂട് പറക്കുന്ന പഴമ്പൊരിയും റെഡി. അതും കഴിച്ച് വീണ്ടും സൊറപറച്ചില്‍. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് കൂട്ടുകാരായവര്‍ തമ്മില്‍ കൂടുമ്പോള്‍ കൂടുതലും സംസാരിക്കാന്‍ വിഷയം അത് തന്നെയാവൂല്ലോ… ഞങ്ങള്‍ക്ക് പിന്നെ മറ്റൊന്ന്കൂടെയുണ്ട്. ഒരു വാട്ട്സപ്പ് ഗ്രൂപ്പ്.. ഒലക്ക ഗ്രൂപ്പ്. ഏതാണ്ട് രണ്ടുവര്‍ഷമായി തമ്മില്‍ അതിലൂടെ സംസാരിച്ചും തല്ലുകൂടിയും ഇണങ്ങിയും പിണങ്ങിയും സൗഹൃദം കാത്തുസൂക്ഷിക്കുന്ന ഒരു കുഞ്ഞ് ഗ്രൂപ്പ്.
വൈകുന്നേരങ്ങളില്‍ ആലപ്പുഴയുടെ ഭംഗി മനോഹരമാണ്. അതും കെട്ടുവള്ളത്തില്‍ കായലിനു നടുവിലായിരിക്കുമ്പോള്‍. അങ്ങകലെ പച്ചപ്പട്ട് വിരിച്ച നെല്‍വയലുകള്‍ക്കകലെ അസ്തമന സൂര്യന് വെള്ളത്തിലും ആകാശത്തിലും ചുവപ്പ് ചായം പൂശുന്നു. ആഹാരം തേടിയലഞ്ഞ പക്ഷികള്‍ കൂടണയാന്‍ ദിക്കുനോക്കി പറക്കുന്നു, അവയുടെ കളകളാരവം, മനോഹരമായ ചിത്രം പോലെ ആ കാഴ്ചകള്‍ ഏതൊരാളുടെയും മനം നിറയ്ക്കും.
തിരദേശ ഗ്രാമങ്ങളിലൂടെയാണ് ഈ ബോട്ട് യാത്ര, ജോലിക്കാര്‍ നാട്ടുകാര്‍ തന്നെ, അവരുടെ ഒരു പ്രധാന വരുമാനമാര്‍ഗ്ഗവുമാണിത്. സന്ധ്യ മയങ്ങിയാല്‍ പിന്നെ ബോട്ട് യാത്ര ചെയ്യുവാന്‍ പാടില്ല എന്നാണ് നിയമം. അതുകൊണ്ട് തന്നെ ഏതെങ്കിലും ഒരു കരയില്‍ അവര്‍ നങ്കൂരമിടും. കൂടുതലും ജോലിക്കാരുടെ വീടിന്റെ അടുത്ത പ്രദേശങ്ങളില്‍ എവിടെയെങ്കിലും ആയിരിക്കും. അവര്‍ക്ക് വീടുകളില്‍ പോകുവാനുള്ള സൗകര്യവും ഉണ്ടല്ലോ.
ബോട്ട് നങ്കൂരമിട്ടശേഷം ഒരാഗ്രഹം വെള്ളത്തില്‍ ഒന്ന് കുളിച്ചാലോ എന്ന്. പക്ഷേ ബോട്ടിലെ ജോലിക്കാര്‍ പറയുന്നത് കായലിന് ആ ഭാഗത്ത് നല്ല ആഴമുള്ളത്കൊണ്ട് വെള്ളത്തിലിറങ്ങുന്നത് അപകടമാണ് എന്നാണ്. അതുകൊണ്ട് ആ ഉദ്യമം ഉപേക്ഷിച്ചു. മാത്രമല്ല വെള്ളം അത്ര സുഖകരമായി തോന്നിയില്ല. ഒരുതരം കറുപ്പ് കലര്‍ന്ന നിറം. പ്ലാസ്റ്റിക്കും മറ്റ് മാലിന്യങ്ങളും കായലില്‍ നിക്ഷേപിക്കുന്നതിന്റെ പരിണിത ഫലം. സഞ്ചാരികളും, നാട്ടുകാരും ഗവണ്മെന്റും അക്കാര്യത്തില്‍ അല്പം ശ്രദ്ധ പുലര്‍ത്തണം എന്ന് തോന്നിപ്പോയി.
രാതി മയങ്ങിത്തുടങ്ങി, പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തകൊണ്ട് ചീട്ടുകളിയും, മറ്റ് കലാപരിപാടികളും കൊണ്ട് ഞങ്ങള്‍ ബോട്ടില്‍ തന്നെ കൂടി, വേണമെങ്കില്‍ പുറത്തു പോകാം, പക്ഷേ അതിനാര്‍ക്കും താല്പര്യമില്ലായിരുന്നു. രാത്രിയല്ലേ പുറത്തു പോയിട്ടും വല്യ കാര്യം ഉണ്ടന്ന് തോന്നിയില്ല. ഒമ്പത് മണി ആയപ്പോഴേക്കും അത്താഴം റെഡി. നല്ല കോഴിക്കറിയും, ചോറും. മറ്റാരും അറിയാതെ ഞാന്‍ അടുക്കളയില്‍ പോയി കുക്ക് ചെയ്യണ ചേട്ടനോട് പറഞ്ഞിരുന്നു കോഴിയില്‍ നല്ലോണം എരിവ് ചേര്‍ത്തോളാന്‍. കുട്ടനാടന്‍ കോഴിക്കറിക്ക് എരിവില്ല എന്ന് മലപ്പുറത്തുകാര്‍ പറയരുതല്ലോ. നല്ല ചൂട് പറക്കുന്ന എരിവുള്ള കോഴിക്കറി നാവിനെ നന്നായി സുഖിപ്പിച്ചു. ഭക്ഷണം കഴിഞ്ഞ് ജോലിക്കാര്‍ അവരുടെ വീടുകളിലേക്ക് പോയി. ഒരാള്‍ മാത്രം ബോട്ടില്‍ നിന്നു. ഞങ്ങളും ഉറക്കം വന്നപ്പോ റൂമുകളില്‍ ചേക്കേറി. കായലോളങ്ങളുടെ കള കള ശബ്ദം കേട്ട്, എസിയുടെ തണുപ്പില്‍ സുഖകരമായ നിദ്ര.
അടുത്ത അമ്പലത്തിലെ സുപ്രഭാതം കേട്ടുകൊണ്ടാണ് രാവിലെ ഉണര്‍ന്നത്. പുലരിയുടെ സൗന്ദര്യവും മനോഹരമാണ്. ചുറ്റുമുള്ള കാഴ്ചകള്‍, ഗ്രാമക്കാഴ്ചകള്‍, നാഗരികതയില്‍ നിന്നും എത്തുന്നവര്‍ക്ക് പുതിയ കാഴ്ചകള്‍, അവയാണ് നമുക്കുചുറ്റും. ചിലച്ചുകൊണ്ട് നീന്തിത്തുടക്കുന്ന താറാവിന് കൂട്ടങ്ങള്‍, അവയ്ക്കരികില്‍ നീന്തിക്കുളിക്കുന്ന കുട്ടികള്‍, ബോട്ട് കാത്തു നില്ക്കുന്ന സ്കൂള്‍ കുട്ടികളും, ജോലിക്ക് പോകുന്നവരും. പരസ്പരം കലപില പറഞ്ഞുകൊണ്ടിരിക്കുന്നു. ഹോണടി ശബ്ദം കേട്ട് നോക്കുമ്പോള്‍ മീന്‍ വില്‍പ്പനക്കാരനാണ് ഒരു ചെറു കൈവള്ളത്തില്. സൈക്കിളില്‍ മണിയടിച്ചുകൊണ്ട് പത്രക്കാരന്. പാല്‍പാത്രവുമായി നടന്നു നീങ്ങുന്ന അമ്മമാര്‍. ഒരു ഗ്രാമം ഉണരുകയാണ് അതിന്റെ ദിവസത്തിലേക്ക്, ബഹളങ്ങളിലേക്ക്.
ഉറക്കമുണര്‍ന്ന് കുളിച്ച് റെഡിയായി എല്ലാവരും എത്തിയപ്പോഴേക്കും പ്രാതല്‍ റെഡി. അതിന് ഒരുപാട് മുന്‍പ് തന്നെ ബോട്ട് നീങ്ങിത്തുടങ്ങിയിരുന്നു. തിരികെ പുറപ്പെട്ട സ്ഥലത്തേക്ക്. നിരനിരയായി ബോട്ടുകള്‍, റോഡിലെ പോലെ ബ്ലോക്ക് കായലിലും. കടവിലടുപ്പിക്കാന്‍ കാത്ത് നില്ക്കുന്ന ബോട്ടുകള്‍. ഭക്ഷണവും കഴിഞ്ഞ്, സാധനങ്ങളും പാക്ക് ചെയ്ത്, പറഞ്ഞുറപ്പിച്ച കാശും അതിലൊരല്പം കൂടുതലും കൊടുത്ത് ഞങ്ങള്‍ ഇറങ്ങുമ്പോള്‍ ഒരു നല്ല യാത്രയുടെ ആലസ്യത്തിലായിരുന്നു എല്ലാവരും. വീണ്ടും വരണം എന്നവര്‍ പറയുന്നതിനും മുന്‍പ് തന്നെ ഇനിയും വരണം എന്ന് എല്ലാവരും മനസ്സില്‍ കരുതിയിരുന്നു.
ബോട്ട് റെന്റ് ബോട്ടിനനുസരിച്ച് വ്യത്യാസപ്പെടും. സിംഗിള്‍ ബെഡ്റൂം ബോട്ട് പതിനായിരം മുതല്‍ ലഭ്യമാണ്. ബെഡ് റൂം എണ്ണവും, ആളുകളുടെ എണ്ണവും കൂടുന്നതിനനുസരിച്ച് പതിനായിരം മുതല്‍ മുകളിലേക്ക് ലഭ്യമാണ് ബോട്ടുകള്‍. ഞങ്ങള്‍ക്ക് അല്പം ലാഭത്തില്‍ ലഭിച്ചു എന്ന് വേണം കരുതാന്‍. പതിനയ്യായിരം മാത്രമായിരുന്നു ഞങ്ങള്‍ക്ക് ചെലവ്. ലഞ്ചും, ഡിന്നറും പിറ്റേന്ന് രാവിലത്തെ ബ്രേക്ക്ഫാസ്റ്റും ഉള്‍പ്പടെ. രാവിലെ പതിനൊന്ന് മണി മുതല്‍ പിറ്റേന്ന് രാവിലെ എട്ടു-ഒമ്പത് മണി വരെയാണ് ബോട്ട് യാത്ര. അതിനിടയില്‍ ആലപ്പുഴയുടെ പ്രധാന ഗ്രാമങ്ങളിലൂടെയൊക്കെയും നാം കടന്നുപോകും.
ആലപ്പുഴ ബസ്റ്റാന്റിനടുത്ത് തന്നെയുള്ള ഫിനിഷിംഗ് പോയിന്റ് എന്ന സ്ഥലമാണ് കൂടുതലും സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ എളുപ്പം. പുന്നമടക്കായലില്‍ നടക്കുന്ന നെഹ്റുട്രോഫി വള്ളം കളി അവസാനിക്കുന്ന സ്ഥലമാണ് അതുകൊണ്ടാണ് ഇതിനെ ഫിനിഷിംഗ് പോയിന്റ് എന്ന് അറിയപ്പെടുന്നത്. പുന്നമട ഫിനിഷിംഗ് പോയിന്റില്‍ നിന്നും സ്റ്റാര്‍ട്ട് ചെയ്ത് പുന്നമട, മുല്ലയ്ക്കല് ആദ്യാട്, വഴി വേമ്പനാട്ട് കായലില്‍ കടന്ന് കൈനകരി, ചിത്തിരക്കായല്, R-ബ്ലോക്ക്, D-ബ്ലോക്ക് വഴി വീണ്ടും തിരികെ വീണ്ടും പുന്നമടയില്‍ അവസാനിക്കുന്ന രീതിയിലാണ് റൂട്ട്. ഇത് മാത്രമല്ല മറ്റ് റൂട്ടുകളും ഉണ്ട്.
വിവരണം – രാകേഷ് ആര്.