പ്രവർത്തിക്കാത്ത വേഗപ്പൂട്ട് നന്നാക്കുന്നതിനു പകരം ബസുകളുടെ ആർപിഎം (റൊട്ടേഷൻ പെർ മിനിറ്റ്) കുറച്ചുവച്ചും ആക്സിലറേറ്റർ പെഡലിനടിയിൽ ആണി പിടിപ്പിച്ചും കെഎസ്ആർടിസിയുടെ തരികിട. കയറ്റം കയറാതെയും എതിരെ വാഹനം വരുമ്പോൾ മാറ്റിക്കൊടുക്കാൻ കഴിയാതെയും ജംക്ഷനുകളിൽ കുരുങ്ങിക്കിടന്നും കെഎസ്ആർടിസി ഡ്രൈവർമാർ വിയർക്കുകയാണ്.
ഇഴഞ്ഞുനീങ്ങുന്ന ബസുകൾക്കു മുൻപിൽ സ്വകാര്യ ബസുകൾ ‘പൈലറ്റ്’ പോകാൻ തുടങ്ങിയതോടെ കനത്ത നഷ്ടമാണ് കെഎസ്ആർടിസിക്കുണ്ടാകുന്നത്. അശാസ്ത്രീയവും നിയമവിരുദ്ധവുമായ നടപടി അപകടത്തിനു വഴിയൊരുക്കുമെന്നു ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ആർപിഎം കുറയ്ക്കുന്നതോടെ എൻജിന്റെ ശേഷി കുറഞ്ഞ ബസുകൾ കയറ്റങ്ങളിലും ജംക്ഷനുകളിലും താഴ്ന്ന ഗിയറിൽ മുന്നോട്ടു നീങ്ങാൻ പ്രയാസപ്പെടുകയാണ്.
അതിനു പുറമേയാണ് ചില ബസുകളിൽ ആക്സിലറേറ്റർ പെഡലിനിടയിൽ നട്ട് കുത്തനെ പിടിച്ചിരിക്കുന്നത്. പെഡൽ അമർന്ന് വേഗം കൂടുന്നത് തടയുകയാണ് ലക്ഷ്യമെങ്കിലും ആവശ്യമുള്ള സമയത്ത് ബസ് മുന്നോട്ടുനീക്കാനോ ഓടിച്ചുമാറ്റാനോ കഴിയാത്ത അവസ്ഥയാണ്. ആർപിഎം കുറയ്ക്കുകയും ആണി പിടിപ്പിക്കുകയും ചെയ്ത ബസുകളുടെ സമയനഷ്ടം ഒഴിവാക്കുന്നതിന് നിരപ്പായ റോഡുകളിൽ വേഗം കൂട്ടാൻ ഡ്രൈവർമാർ നിർബന്ധിതരാവുന്നു.
അതേസമയം, പുതിയ വോൾവോ ബസുകളിൽ വേഗപ്പൂട്ട് കൃത്യമായി പ്രവർത്തിക്കുന്നതിനാൽ മിതമായ വേഗത്തിൽ, എൻജിൻ ശേഷി കുറയാതെ സർവീസ് നടത്താൻ കഴിയുന്നുണ്ട്. വേഗപ്പൂട്ട് ഘടിപ്പിച്ച ബസുകളും 60 കിലോമീറ്റർ വേഗപരിധി മറികടക്കുന്നതോടെ ക്യാമറകളിൽ കുടുങ്ങുകയും ഡ്രൈവർമാർക്ക് പിഴയടയ്ക്കാൻ നോട്ടിസ് ലഭിച്ചുതുടങ്ങുകയും ചെയ്തിട്ടുണ്ട്.
യാത്രക്കാരുമായുള്ള തർക്കവും പതിവാണ്. പല ബസുകളിലെയും സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ഓഡോമീറ്റർ എന്നിവ പണിമുടക്കിയിരിക്കുകയാണ്. അവ പരിശോധിക്കേണ്ട മോട്ടോർ വാഹന വകുപ്പ് അധികൃതരും പ്രവർത്തനം ഉറപ്പാക്കേണ്ട കെഎസ്ആർടിസി അധികൃതരും ഇക്കാര്യം അവഗണിക്കുകയാണ്.
വാര്‍ത്ത : മലയാള മനോരമ