മഴമേഘങ്ങളുടെ നാട്ടിൽ മേഘങ്ങളെ പ്രണയിച്ച് ഒറ്റക്കൊരു ബൈക്ക് യാത്ര.

വിവരണം  – ജസ്റ്റിൻ ജോസ്.

മഴക്കാടുകൾ ഒരുക്കി മേഘാലയ വിരുന്നിന് ക്ഷണിച്ചപ്പോൾ ജോലിത്തിരക്കുകൾ ഒക്കെ എവിടെയോ പോയി മറഞ്ഞു. പിന്നെ മേഘാലയയുടെ നാടും നാട്ടുകാരെയും അറിഞ്ഞൊരു മൂന്ന്- നാല് ദിവസങ്ങൾ. അതെ സ്വപ്നതുല്യ ദിവസങ്ങൾ. മഴമേഘങ്ങളുടെ നാട്ടിൽ മേഘങ്ങളെ പ്രണയിച്ച് ഒറ്റക്കൊരു ബൈക്ക് യാത്ര. സുന്ദരിയായി എനിക്കായി ഒരുങ്ങി നിന്ന മേഘാലയ. അവളുടെ പച്ചപ്പും വെള്ളച്ചാട്ടങ്ങളും കുറച്ചൊന്നുമല്ല എന്നിലെ യാത്രക്കാരനെ സ്വാധീനിച്ചത്.

ജോലിസ്ഥലമായ അസ്സമിലെ ജോർഹാട്ടിൽ നിന്നും സുഹൃത്ത് ശ്രീറാമിന്റെ ബൈക്കും എടുത്ത് തലേന്ന് രാവിലെ തിരിച്ച് വൈകിട്ടോടെ ഐഐടി ഗുവാഹാത്തിയിൽ എത്തി. സുഹൃത്തായ സജീർക്കയുടെ റൂമിൽ അന്ന് രാത്രി തങ്ങി പിറ്റേന്ന് ഉച്ചയോടെ യാത്ര തുടങ്ങി. അങ്ങനെ അസ്സാമിന്റെ തലസ്ഥാനമായ ഗുവാഹത്തിയിൽ നിന്നും ബൈക്ക് യാത്രക്കാരുടെ സ്വപ്ന പാതയായ ഗുവാഹത്തി – ഷില്ലോങ് നാലുവരി ഹൈവേയിലൂടെ വശ്യഭംഗി കൊണ്ട് കൊതിപ്പിക്കുന്ന മേഘാലയയുടെ സ്വന്തം ഖാസി കുന്നുകളിലൂടെ പുറപ്പെട്ടു!!. ലോകത്തെ മഴയുടെ കേന്ദ്രമായ ചിറാപ്പുഞ്ചിയായിരുന്നു ആദ്യദിന ലക്ഷ്യം. ഷില്ലോങ് എത്തുന്നതിന് മുന്നെയാണ് ഉമിയാം തടാകം. അല്പം ഇരുട്ടിയെങ്കിലും അവിടെ അലതല്ലുന്ന ശുദ്ധവായുവും ആസ്വദിച്ച് നിഗൂഢമായ നിശബ്ദതയോടു കൂടി നിലകൊള്ളുന്ന താഴ്വരകളോട് ധക് ധക് മുഴക്കം നൽകുന്ന പ്രധിധ്വനിയാൽ കുശലം പങ്കിട്ട് കടന്നു പോയി.

ഗതാകത കുരുക്കിനാൽ കുരുങ്ങി മറിഞ്ഞിരുന്ന ഷില്ലോങ് നഗരം കടന്ന് ചിറാപ്പുഞ്ചിക്കുള്ള വഴിയിൽ എത്തി. ആ ശാന്തമായ വീഥിയിലൂടെ ബൈക്കിൽ 30-40 കി.മി വേഗതയിൽ പോകുമ്പോൾ ഉള്ള അനുഭൂതി.! കിട്ടുന്ന ശാന്തത.! ഒന്നനുഭവിച്ച് അറിയണ്ടത് തന്നെയാണ്.!! വായനയിലൂടെയും മുൻ അനുഭവത്തിലൂടെയും അറിഞ്ഞ മേഘാലയയിലെ റോഡിലൂടെ രാത്രി വൈകിയ ബൈക്ക് ഓടിക്കൽ ഒട്ടും പേടിപ്പെടുത്തിയില്ല. രാത്രിയുടെ നിശബ്ദതയും കുന്നിൻ ചെരിവുകളുടെ കാവ്യാത്മകതയും ഉയരമുണ്ടെങ്കിലും സമതലങ്ങൾ പോലെ തോന്നിയ ഭൂപ്രകൃതിയും ഒക്കെ നൽകിയ അനുഭൂതി പറഞ്ഞറിയിക്കാവുന്നതിലും അപ്പുറം ആയിരുന്നു. സൊഹ്ര (ചിറാപ്പുഞ്ചി എന്നും അറിയപ്പെടുന്നു) എത്തി അവിടെ നിന്നും പൂട്ടിക്കിടക്കുന്ന ഒരു സിമന്റ് ഫാക്ട്രിക്ക് അടുത്തു നിന്നായിരുന്നു ടിർനാ ഗ്രാമത്തിലേക്കുള്ള വഴി.

മൂകതയെ ഭേദിക്കുന്ന കാട്ട് ജീവികളുടെ ശബ്ദത്തിനൊപ്പം ധക് ധക് മുഴക്കത്തിൽ ഒരു നിലാപ്പക്ഷിയെ പോലെ തുടർന്ന് ഇടക്ക് വച്ച് എവിടെയോ അരണ്ട നിലാവെളിച്ചത്തിൽ ആ കുന്നിൻ പുറത്ത് ബൈക്കും വച്ച് പ്രകൃതിയുടെ ആ വശ്യമായ കിടപ്പും കണ്ടിരുന്നു കുറച്ച് സമയം. അവിടം തൂകിയിരുന്ന വെള്ളി വെളിച്ചവും ചന്ദ്രക്കലയും മിന്നിമിനുങ്ങുന്ന താരകങ്ങളും അരണ്ട വെളിച്ചത്തിൽ വശ്യമായ സൗന്ദര്യം ഒളിപ്പിച്ച പ്രകൃതി തൻ മൗനത്തെ ഭേദിക്കുന്ന നിശാജീവികളുടെ സംഗീതവും മനസ്സിന്റെ ഓരോ കോണിനെയും ഉത്തേജിപ്പിച്ചിരുന്നു. നട്ടപ്പാതിരക്ക് ടിർനയിൽ എത്തി നേരത്തെ സുഹൃത്ത് റെയ്നോൾഡിൽ നിന്ന് ലഭിച്ച കോൺടാക്ടായ സ്റ്റാഡിയെ വിളിച്ചിട്ട് കിട്ടുന്നുമില്ല. എങ്ങും മൂകതയും വിജനതയും. അപ്പോഴാണ് നമ്പൂതിരിമാരുടെ മുൻകുടുമ പോലെ മുടി വളർത്തിയ ഒരു ചെറിയ മനുഷ്യൻ മുന്നിലെത്തുന്നത്. റോക്ക് ചെസ്റ്റ്സൺ എന്നാണ് പേര്. 250 രൂപയ്ക്ക് മുറി തരാം എന്ന് പറഞ്ഞപ്പോൾ ഒരു സംശയം. ഗ്രാമത്തിന്റെ പ്രധാന തെരുവിന്റെ നടുക്ക് തന്നെയാണ് താഴത്തെ നിലയിൽ റോക്കിന്റെ മാതാപിതാക്കളും മുകളിൽ അതിഥികൾക്കായുള്ള ഹോം സ്റ്റേയും ഒരുക്കിയിരിക്കുന്ന പരമ്പരാഗത ശൈലിയിൽ ഉണ്ടാക്കിയിരിക്കുന്ന ആ വീട്. മറ്റ് അതിഥികൾ ഒന്നും തന്നെ ഇല്ലാതിരുന്നതിനാൽ ആ വീടിന്റെ രണ്ടാം നില മൊത്തത്തിൽ ഇങ്ങ് പതിച്ച് കിട്ടിയ പോലെ ആയി.
.
ദിവസം – 2: ഇരുനില വേരു പാലവും മേഘാലയൻ സ്വർഗ്ഗമായ മഴവിൽ വെള്ളച്ചാട്ടവും : അതിരാവിലെ ഉണർന്ന് വാതിൽ തുറന്ന് ബാൽക്കെണിയിൽ എത്തുമ്പോൾ തലെന്നു വരെയുള്ള കാഴ്ചയിൽ നിന്നും വ്യത്യസ്തമായി ഹരിതാഭമായ തനി മേഘാലയൻ ഗ്രാമഭംഗിയാണ് വരവേറ്റത്. മലമുകളിൽ നിന്നും ഒലിച്ചു വരുന്ന ഒരു നീരുറവയാണ് ഈ വീട്ടിലേക്കുള്ള ജല സ്രോതസ്സ്. ശുദ്ധമായ ആ വെള്ളത്തിൽ മുഖം കഴുകി കുളിച്ച് കയ്യിൽ തലേന്നേ കരുതിയിരുന്ന പഴങ്ങൾ ഒക്കെ കഴിച്ച് ഇറങ്ങി. ഏതാണ്ട് ഒരു കി.മി. യോളം നടന്നിട്ടുണ്ടാകും ഇരുനില വേരു പാലം സ്ഥിതി ചെയ്യുന്ന നോഗ്രിയത് ഗ്രാമത്തിലേക്ക് ട്രെക്ക് തുടങ്ങുന്ന സ്ഥലത്ത് എത്താൻ . ആവശ്യമെങ്കിൽ
ഗൈഡിനെയും കുത്തി നടക്കാൻ വടിയും ഒക്കെ ഇവിടെ നിന്നും ലഭ്യമാണ്. ഏതായലും ഈ മഴക്കാടുകളോട് അലിഞ്ഞുള്ള യാത്രയായിരുന്നു സ്വപ്നം കണ്ടിരുന്നതിനാൽ അതൊന്നും കൂടാതെ മുന്നോട്ട്.

സത്യത്തിൽ വേരു പാലം വരെ കൃത്യമായി പറഞ്ഞാൽ 3000 സ്റ്റെപ്പുകൾ പാകിയിട്ടുള്ളതുകൊണ്ടും ആവശ്യ സ്ഥലങ്ങളിൽ കോലുകളിൽ കോർത്ത് ദിശാ സൂചകങ്ങൾ സ്ഥാപിച്ചിട്ടുള്ളതിനാലും ഒരു ഗൈസിന്റെ ആവശ്യം ഇല്ലന്ന് പറയാം. ഇറക്കമാണ്. നോങ്തിമെ ഗ്രാമത്തിൽ എത്തി. നേരെ നടന്നാൽ ഇരുനില പേരു പാലവും വലത് വശത്തേക്ക് പോയാൽ ഏറ്റവും നീളം കൂടിയ വേരു പാലമായ റിറ്റിമൻ വേരു പാലവും. അവിടുന്ന് 15 മിനിറ്റോളം നടക്കാൻ ഉണ്ട് ഈ നീളം ചെന്ന റിറ്റിമൻ വേരു പാലത്തിന് സമീപം എത്താൻ. മനുഷ്യൻ പ്രകൃതിയോട് ഇണങ്ങിയപ്പോൾ ഉണ്ടായ ഒരു അത്ഭുതമാണ് ഇത്തരം വേര് പാലങ്ങൾ. കുതിച്ചൊഴുകുന്ന നദിയുടെ ഇരു വശങ്ങളിലുമുള്ള റബ്ബർ വർഗ്ഗത്തിൽ പെട്ട മരത്തിന്റെ വേരുകൾ അകം പൊള്ളയായ മുളം കോലുകളുടെ സഹായത്താൽ വളർത്തി ബന്ധിപ്പിച്ച് കെട്ടുപിണഞ്ഞ് എടുക്കുന്നു. കാലാന്തരത്തിൽ കൂറ്റൻ മരങ്ങൾ പുഴക്ക് ഇരു വശത്തുമായി നിന്നു കൊണ്ട് ഉപരിതല വേരുകളെ മനുഷ്യന് ഒരുകൈ താങ്ങായി നിലകൊള്ളുന്നു. ശുദ്ധമായ ജലത്തിന് ഇവിടെ വർണം നീലയാണ്.

ഈ മഴക്കാടുകളിൽ ഇപ്പോൾ ഋതു ശൈത്യം ആണെങ്കിലും ഈറൻ അണിഞ്ഞു നിൽക്കുന്ന അന്തരീക്ഷം മഴക്കാലത്തോടുള്ള പ്രണയാതുരമായ വിരഹത്തിന് ശേഷമുള്ള പുനർ സങ്കമം പോലെ ഹൃദ്യസ്തമാണ്. കുറച്ചു കൂടി മുന്നോട്ട് നടന്നാൽ രണ്ട് കൂറ്റൻ ശിലകളാൽ രൂപപ്പെട്ടെ ഒരു ചെറിയ ഗുഹയുണ്ട്. അവിടെയും കുറച്ച് നേരം ചിലവഴിച്ച് ഇരുനില വേരു പാലത്തിന് അടുത്തേക്ക് തിരിച്ചു. ഒരു റോഡ് മാർഗം ഇല്ലെങ്കിലും ധാരാളം കുടിലുകളും കടകളും കുറെയധികം കുട്ടികളും ഗ്രാമീണരും ഒക്കെയായി സന്തോതോഷഭരിതമാണിവിടം. കൃഷിയും ടൂറിസവും തേനീച്ച വളർത്തലും ഒക്കെയാണ് ഇവരുടെ വരുമാന മാർഗ്ഗം. പൊതുവെ പൊക്കം കുറഞ്ഞ ഇവിടുത്തെ ജീവിതങ്ങൾ നമുക്കേവർക്കും പകർന്നു നൽകുന്ന പാഠങ്ങൾ വലുതാണ്. പൊള്ളയായ വികസനത്തിന്റെയും ആധുനികതയുടെയും പിന്നാലെ പായുന്ന പുറം ലോകത്തിൽ നിന്നും വ്യത്യസ്തമായി മലിനമാക്കാത്ത മണ്ണിനെയും കാടിനെയും സ്നേഹിച്ച് അതിനോട് ഇഴുകി ജീവിക്കുന്നവരാണ് ഇവർ. ഇരുനില പേരു പാലത്തിന് എത്തുന്നതിന് തൊട്ടു മുന്നേ ഉള്ള കൗണ്ടറിൽ തുഛമായ ഫീസ് നൽകി തുടർന്നു.

മനോഹരവും അതിശയകരവുമായ കാഴ്ച. നദിക്ക് കുറുകെ വേരിനാൽ രണ്ടാളുടെ പൊക്കത്തിൽ മുകളിലും താഴെയുമായി രണ്ട് പാലങ്ങൾ. ആദ്യം കണ്ടതിലും വലുതും വിശാലവും ആണിത്. 150 ഓളം വർഷങ്ങൾ പഴക്കം ചെന്ന ഇത് ഇനിയും ഒരു 500 വർഷം കൂടെയെങ്കിലും ബലവത്തായിരിക്കുമത്രേ. ജലവുമായുള്ള നിരന്തര സമ്പർക്കം മൂലം ഒരു ഭാഗ ഉപരിതല വേരുകൾ ദ്രവിക്കുന്നുണ്ടെങ്കിലും പേരിന്റെ ഭൂരിഭാഗവും ബലവത്തായി ക്കൊണ്ടിരിക്കുന്നനതിനാൽ ഇത് നശിച്ചു പോകാതെ കലാക്രമേണെ കൂടുതൽ ഉറപ്പുള്ളതായി മാറുന്നു. മുപ്പത് മീറ്ററോളം നീളം ചെന്ന ഈ ഇരുനില പാലത്തിന് ഒരു നില കൂടി പേരുകൊണ്ട് പിണത്തെടുക്കാനുള്ള പദ്ധതി ഉണ്ടെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു. മനുഷ്യൻ പ്രകൃതിയോടു കൂട്ടുകൂടി സൃഷ്ടിച്ചെടുത്ത ഈ അത്ഭുതവും നോക്കി കൂറ്റൻ മരച്ചോലകളാൽ കാടൊരുക്കിയ ഹരിതാഭമായ കൂരക്ക് താഴെ കാടിനോട് അലിഞ്ഞും ചിത്രങ്ങൾ പകർത്തിയും ഇരുന്നു.

അവിടെ നിന്നും ഏതാണ്ട് ഉച്ചക്ക് ഒരു മണിയോടെ ഖാസി കുന്നുകൾ ഒളിപ്പിച്ചു വച്ചിരിക്കുന്ന മറ്റൊരു വിസ്മയമായ മഴവിൽ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് തിരിച്ചു. ഇതു വരെ വന്നതു പോലെ പടികൾ എണ്ണിക്കയറുന്നതിൽ നിന്നും വിപരീതമായി പ്രയാസപ്പെട്ട് കാട് കയറുക തന്നെ വേണം. തുടക്കത്തിൽ തന്നെ ഉള്ള ഒരു മൈതാനവും പള്ളിയും സെമിത്തേരിയും ഇളകിയാടുന്ന ഒരു ഇരുമ്പുപാലവും കടന്ന് മുന്നോട്ട്. ചെറിയ അരുവികളും വൻ മരങ്ങളും പച്ചപ്പ് തിങ്ങി നിറഞ്ഞ വൻ മാമലകളും ഒക്കെ ആസ്വദിച്ച് ഒരു നദിക്ക് സമാന്തരമായി നടന്ന് ഇടക്ക് അള്ളിപ്പിടിച്ചൊക്കെ കയറിയും ഇറങ്ങിയും ഉച്ചക്ക് രണ്ടര മണിയോടെ വെള്ളച്ചാട്ടത്തിന് സമീപം എത്തി. വളരെ കഷ്ടപ്പെട്ട് കാടും മേടും കയറി എത്തുന്നവർക്കു വേണ്ടി കാട് തന്നെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു സ്വർഗ്ഗമാണിവിടം. വളരെ ഉയരത്തിൽ നിന്നും പതഞ്ഞ് നുരഞ്ഞ് ജലം ചെറു കണങ്ങളായി വർഷ തുല്യമായി താഴെ ഇളം നീല നിറമുള്ള ജലാശയത്തിൽ പതിക്കുന്നതോടൊപ്പം സൂര്യകിരണങ്ങളാൽ അസ്സലായി നല്ല മഴവില്ലും വിരിയിക്കുന്നു. മൂന്നു വശത്തും നല്ല ഉയരത്തിലുള്ള കിഴുക്കാം തൂക്കായ കുന്നുകളാൽ ചുറ്റപ്പെട്ട വെള്ളച്ചാട്ടത്തിന്റെ താഴ് വശത്തേക്ക് ഇറങ്ങുന്നതിന് മുന്നേ തന്നെ നിന്നു പോയി ആ ഭംഗിയും ആസ്വദിച്ച്.

വളരെ ശുദ്ധമായ ആ തണുത്ത വെള്ളത്തിൽ ഇറങ്ങി തലക്ക് മുകളിലായി തന്നെ തട്ടിത്തെറിക്കുന്ന ജലകണങ്ങളിൽ വിരിയുന്ന മഴവില്ലും കണ്ട് നിന്നപ്പോഴുള്ള അനുഭൂതി നൽകിയ പ്രണയാർദ്രമായ കുളിർമ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്. കണ്ണിനു മുന്നിൽ രണ്ട് മീറ്ററോളം അകലത്തിൽ തന്നെ വിരിഞ്ഞ മഴവില്ല് കാണാനായി പ്രകൃതി ദൈവങ്ങൾ തന്നെ കൽപ്പിച്ചതാകും വെള്ളച്ചാട്ടത്തിനോടു ചേർന്നു കിടന്ന ആ വലിയ ഉരുളൻ കല്ല്. അതിന്റെ മുകളിൽ വലിഞ്ഞ് കയറി മഴവില്ലും കണ്ട് തട്ടിത്തെറിക്കുന്ന ജലകണങ്ങളേയും ചുംബിച്ചു കിടന്നു കുറേ സമയം. മഴവില്ലിന്റെ സ്ഥാനം ഇങ്ങനെ അടിക്കടി മാറിക്കൊണ്ട് ഇരിക്കുന്നുണ്ട്. ഇവിടേക്ക് എത്തിപ്പടാൻ കഠിനമായതിനാലാവും ഇരുനില വേര് പാലത്തിനടുത്ത് ഉണ്ടായിരുന്നതിൽ നിന്നും വ്യത്യസ്തമായി സഞ്ചാരികളുടെ എണ്ണം നന്നേ കുറവായിരുന്നു. വടക്കുകിഴക്കൻ സ്ഥലങ്ങളിലെ പ്രത്യേകതയായി നേരത്തേ നേരം ഇരുട്ടാൻ തുടങ്ങിയിരുന്നു. നിറഞ്ഞ മനസ്സോടെ മടക്കയാത്ര തുടങ്ങി.

സമാനതകൾ ഇല്ലാത്ത മഴവിൽ വിരിയും റെയിൻബോ വെള്ളച്ചാട്ടം സിരകളിൽ പകർന്നു നൽകിയ ഉൻമേഷവും അനുഭവിച്ചു കൊണ്ട്.! കാട്ടിൽ സായാഹ്നത്തിന്റെ ഭംഗിയും നുകർന്ന് വേരു പാലത്തിന് അടുത്ത് എത്തിയപ്പോഴേക്കും നന്നേ ഇരുട്ടിയിരുന്നു. കുറഞ്ഞ ചിലവിൽ ഈ ഭാഗങ്ങളിൽ ലഭ്യമായ മനോഹരമായ ഹോം സ്റ്റേകൾ ഖാസി രീതികൾക്ക് അനുസരിച്ച് രൂപകൽപന ചെയ്തതാണ്. ഇരുട്ടിൽ കാടിന്റെ കാവ്യാത്മകതയും നിഗൂഢമായ നിശബ്ദതയും വേരു പാലത്തിന്റെ സാമീപ്യവുമായി ഇടകലർന്നിരിക്കുന്നു.വേരു പാലത്തിൽ നിന്ന് ടിർനാ വില്ലേജ് വരെ തിരികെ പോകാൻ നല്ല കയറ്റം തന്നെയാണ്. ഇടക്കെപ്പൊഴോ കുറ്റാ കൂരിരുട്ടിൽ ഒരു കോണിൽ ഇരുന്നപ്പോഴുള്ള അനുഭൂതി.

ഒരിക്കലും ഒഴിച്ചുകൂടാനാകാത്ത, എന്തിന് ജീവിതം തന്നെ യാത്രകൾ ചെയ്യാനുള്ളതാകാൻ, യാത്രയെ സ്നേഹിക്കാൻ, ആ പ്രണയത്തിൽ അലിഞ്ഞ് ചേർന്ന് ആരേയും മനപ്പൂർവ്വം വേദനിപ്പിക്കാതെ മലകളേയും മഞ്ഞിനേയും കണ്ടില്ലാത്ത ദേശങ്ങളേയും അറിഞ്ഞിട്ടില്ലാത്ത രുചികളേയും തേടി അലയാൻ, ധക് ധക് മുഴക്കം പല യാത്രകളുടെയും അകമ്പടിയാക്കാൻ, യാത്രകളേയും ജീവിതത്തേയും പ്രണയിച്ച് ലഹരിയാക്കി കത്തിപ്പടരാൻ, കാട്ടിക്കൂട്ടലുകളോടും വെട്ടിപ്പിടിക്കലുകളോടും പുറം തിരിഞ്ഞ് അനുഭവപ്പെട്ട ഈ ഗ്രാമീണതയുടെ നൻമകളെ നെഞ്ചിലേറ്റി മുന്നോട്ട് പോകാൻ……. മനസ്സിലൂടെ കടന്നു പോയ സ്വപ്നങ്ങൾ അനവധി.!!! അങ്ങനെ ഇരുട്ടിൽ ദിവാസ്വപ്നങ്ങൾ കണ്ട് ഏതോ മായാ ലോകത്ത് ഇരിക്കുമ്പോഴാണ് പെട്ടന്നാരോ കൈയിലുള്ള ടോർച്ച് സ്വന്തം മുഖത്തേക്ക് തന്നെ തെളിയിച്ച് പാൻ ചവച്ച് ചുമന്ന മുഴുവൻ പല്ലുകളും മോണയും കാട്ടി നിഷ്കളങ്കമായി ചിരിച്ചു കൊണ്ട് സഹായം വാഗ്ദാനം ചെയ്തത്.!! ആ വൃദ്ധന്റെ മുഖം ഉണ്ടാക്കിയ ഞെട്ടൽ മാറാൻ തന്നെ കുറെ സമയം എടുത്തു. വീണ്ടും നടന്ന് തിരിച്ച് ടിർനാ ഗ്രാമത്തിലെ മുറിയിൽ എത്തിയപ്പോൾ സമയം ഒൻപത് മണി. അവിസ്മരണീയമായ ദിവസത്തിലെ വിസ്മയക്കാഴ്ചകളാലും അനുഭവങ്ങളാലും ലഭിച്ച നവ ഉൻമേഷത്തിൽ ഉറങ്ങി.

ദിവസം 2: നീണ്ട മേഘാലയൻ ദിവസം- ചിറപ്പുഞ്ചിയും ഡൗകിയും പിന്നെ ഷില്ലോങ്ങിലെ ക്രിസ്തുമസ് രാത്രിയും.!!!
രാവിലെ മഴയുടെ മണ്ണിൽ ഉണരുമ്പോൾ തുടർന്നുള്ള യാത്ര പുറപ്പെടുന്നതിന്റെ ഉത്സാഹത്തിൽ ആയിരുന്നു മനസ്സും. സൗമ്യവും വത്സല്യവുമുള്ള പെരുമാറ്റം കൊണ്ടും സ്വന്തം ആളെ പോലെയുള്ള അതിഥേയത്വം കൊണ്ടും മനസ്സു കീഴടക്കിയ റോക്കിന്റെ മാതാപിതാക്കളോട് യാത്രയും പറഞ്ഞ് ഇറങ്ങി.

നിഗൂഢതകളെ ഒളിപ്പിച്ച് മോസ്മെ ഗുഹ.! ടിർനാ ഗ്രാമത്തിൽ നിന്നും ബംഗ്ലാദേശ് അതിർത്തി ഭാഗത്തേക്ക് എട്ട് കിലോമീറ്ററോളം ഓടിച്ചിട്ടുണ്ടാകും 800 അടിയോളം നീളമുള്ള ഈ ഗുഹക്ക് സമീപം എത്താൻ. ചുണ്ണാമ്പ് കല്ലുകളിൽ മഴ വെള്ളത്തിന്റെ സാന്നിദ്ധ്യം കൊണ്ടും ഒലിച്ചു പോകൽ കൊണ്ടും പ്രകൃതി ജന്യമായ ശില്പകലയാൽ രൂപപ്പെട്ടതാണ് ഈ ഗുഹ. മുകളിൽ നിന്നും ഒലിച്ച് വരുന്ന ജലം ചുണ്ണാമ്പിനെ താഴേക്ക് ഊറിക്കുകയും അപ്രകാരം ആനയുടെ തല, മനുഷ്യന്റെ പ്രതിമ തുടങ്ങി പല പല രൂപങ്ങളും അത്ഭുതകരമായി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല ചെറു ജീവികളുടെയും ചെറു പറവകളുടെയും ആവാസവ്യവസ്ഥയാൽ ഇത് മറ്റൊരു ലോകം തന്നെയാണ്. പല ഇടുക്കുകളിലൂടെയും ഞെരുങ്ങി ഇറങ്ങി കയറിയതിന്റെ മറുവശത്തുകൂടി തിരിച്ച് വരുമ്പോൾ അല്പം അത്ഭുതം ഉള്ളിൽ നിറഞ്ഞിരുന്നു. ചിറാപ്പുഞ്ചിയിൽ പോകുമ്പോൾ ഒഴിച്ചുകൂടാൻ പാടില്ലാത്ത, എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന മനോഹരമായ ഒരു ഗുഹയാണിത്. യാത്ര തുടർന്നു.

സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടം: 35 മീറ്ററോളം താഴ്ചയുള്ള ഇന്ത്യയിലെ താഴ്ചയിൽ നാലാം സ്ഥാനത്തുള്ള ഏഴ് സഹോദരിമാർ എന്നർത്ഥമുള്ള സെവൻ സിസ്റ്റേഴ്സ് വെള്ളച്ചാട്ടത്തിനു സമീപം എത്തി. മോസ്മെ ഗുഹയിൽ നിന്നും ഒരു കിലോമീറ്റർ മാത്രമേ ദൂരമുള്ളൂ. നിരാശപ്പെടുത്തി എന്ന് തന്നെ പറയാം. അടുത്തടുത്തായുള്ള ഏഴ് വെള്ളച്ചാട്ടങ്ങൾ ഏഴ് വരികളായി പതിക്കുന്ന ഈ വെള്ളച്ചാട്ടങ്ങളുടെ ഭാഗത്തേക്ക് വളരെ സൂക്ഷിച്ച് നോക്കിയാൽ മാത്രം അല്പം ജലസാന്നിദ്ധ്യം കാണാം. മഴക്കാലത്ത് തന്നെ വരണമത്രേ വെള്ളച്ചാട്ടങ്ങളുടെ യഥാർത്ഥ മനോഹാരിത ലഭിക്കാൻ. കാലാവസ്ഥാമാറ്റം, ജനസംഖ്യാ വർദ്ധനവ് ഒക്കെ കാരണം ചിറാപുഞ്ചിയിൽ 40 വർഷം മുൻപ് ലഭിച്ചു കൊണ്ടിരുന്ന മഴയുടെ അളവ് ഇപ്പോൾ മൂന്നിൽ ഒന്നായി ചുരുങ്ങിയിരിക്കുന്നു. ദുഖകരമായ വസ്തുത. അടുത്ത ലക്ഷ്യം നോഹ്ക്കാളിക്കായ് വെള്ളച്ചാട്ടം ആയിരുന്നു.

നോഹ്ക്കാളിക്കായ് വെള്ളച്ചാട്ടം: ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ (340 മീറ്റർ) നിന്നും പതിക്കുന്ന വെള്ളച്ചാട്ടം. വളരെ ദൂരെ നിന്നു മാത്രമേ നോക്കിക്കാണാൻ കഴിഞ്ഞിരുന്നുള്ളെങ്കിലും വളരെ ഉയരത്തിൽ നിന്നും വെള്ളം പാൽ നിറത്തിൽ പതഞ്ഞ് ത്രസിപ്പോടെ ചുറ്റമുള്ള മരതകമലകളോടു അനുരൂപമായി ഹരിത നിറത്തിൽ കാണപ്പെടുന്ന ജലാശയത്തിൽ പതിക്കുന്ന കാഴ്ച വളരെ മനോഹരമാണ്.

ചിറാപ്പുഞ്ചിയെന്ന മഴയുടെ നാട്ടിൽ നിന്ന് തിരിച്ച് ഉമെൻഗോട്ട് നദി എന്ന പളുങ്ക് നദി കടന്നു പോകുന്ന ഡൗക്കി ലക്ഷ്യമാക്കി ബൈക്ക് ചലിപ്പിച്ചു തുടങ്ങി. ഇവിടെ നിന്നും പോകുന്ന വഴിക്ക് രണ്ട് മലകളുടെ ഇടക്കായി ഒരു മലയിൽ നിന്നും അടുത്ത മലയിലേക്ക് നീട്ടിക്കെട്ടിയ നൂൽക്കമ്പിയിലൂടെ അന്തരീക്ഷത്തിൽ ഉള്ളിയിട്ട് സഞ്ചരിക്കാവുന്ന Zipeline എന്ന സാഹസിക പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. സമയക്കുറവ് കൊണ്ട് പിന്നിട് ഒരിക്കൽ ആകാം എന്ന തീരുമാനത്തോടെ മുന്നോട്ട് കുതിച്ച് ഉച്ചതിരിഞ്ഞ് ഡൗക്കി എത്തിച്ചേർന്നു.

ഡൗകി.: പളുങ്ക് നദിയും ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയും സംസ്ഥാന തലസ്ഥാനമായ ഷില്ലോങ്ങിൽ നിന്നും 75 കിലോമീറ്റർ മാറി ബംഗ്ലാദേശ് അതിർത്തിയോട് ചേർന്ന പടിഞ്ഞാറൻ ജൈനീഷ്യ കുന്നുകളിലെ ഒരു ചെറു പട്ടണമാണ് ഡൗകി. അവിടുത്തെ ഉമെൻഖോട്ട് നദി ഖാസി കുന്നുകളേയും ജൈനീഷ്യ കുന്നുകളേയും തമ്മിൽ വേർതിരിക്കുന്ന പ്രകൃതി ജന്യമായ അതിർത്തിയാണ്. ഈ നദി കടക്കാൻ സഹായിക്കുന്ന തൂക്ക് പാലം ഡൗകിയെ മേഖാലയയേയും ബംഗ്ലാദേശിലെ സിൽഗട്ട് ജില്ലയേയും തമ്മിൽ ബന്ധിപ്പിക്കുന്ന വ്യാപാര കേന്ദ്രമാക്കി മാറ്റുന്നു. ബൈക്കും ബാഗും സുരക്ഷിതമാക്കി നദിക്കരയിലെത്തി ഏതാനും ചില യാത്രക്കാരോടൊപ്പം ചേർന്നിട്ട് യാത്രക്കൂലി പകുത്ത് നൽകാം എന്നതിൽ ധാരണയാക്കി വഞ്ചി ഒന്നിന് 500 രൂപാ നിരക്കിൽ വഞ്ചി യാത്ര തുടങ്ങി.

നോക്കെത്താ ദൂരത്തോളം നീണ്ടൊഴുകുന്ന മരതക കണ്ണാടി പോലെയുള്ള വെള്ളത്തിലൂടെ വഞ്ചിനീങ്ങുമ്പോൾ പണ്ടൊരിക്കൽ ഒരു മേഖാലയൻ യാത്ര നടത്തി കഴിഞ്ഞപ്പോൾ വീണ്ടും ഒന്നു കൂടി ഡൗക്കിയുടെ സൗന്ദര്യം നുകരണം എന്നു കണ്ട സ്വപ്നത്തിന്റെ ആവിഷ്കാരമായി മാറി അത്. നദീജലത്തിൽ ഇരുവശത്തും കടഞ്ഞ് മിനുക്കി വച്ചതു പോലെയുള്ള പാറക്കെട്ടുകൾ തെളിഞ്ഞ വെള്ളത്തിൽ പ്രതിഫലനമായി കാണാം. ബ്രിട്ടീഷ് കാരുടെ കാലത്ത് പണിഞ്ഞ പുരാതനമായ തൂക്ക് പാലത്തിന് താഴെക്കൂടി സഞ്ചരിച്ച് ധാരാളം ടെൻറുകൾ അടിച്ചിരുന്ന ആ മണൽത്തട്ടിൽ നദിക്കരയിൽ തന്നെ പത്ത് മിനിറ്റോളം വഞ്ചി നിർത്തിത്തന്നു. ധാരാളം ചിത്രങ്ങൾ പകർത്തി പ്രകൃതി ഭംഗിയും ആസ്വദിച്ച് വഞ്ചിയിലെ മടക്കയാത്ര ആരംഭിച്ചു. മനോഹരിയായ ഈ നദീ ഭാഗത്ത് സഞ്ചാരികളുടെ പ്രളയം കുറച്ച് അസ്വസ്ഥമാക്കുമെങ്കിലും അത് നൽകുന്നത് തികച്ചും മായാക്കാഴ്ച്ച തന്നെ.

തുടർന്ന് ഇന്ത്യാ- ബംഗ്ലാദേശ് അതിർത്തി പങ്കിടുന്ന തമാബിലേക്ക്. ഇരു രാജ്യത്തെയും ജനങ്ങൾ സൗഹൃദം പങ്കിടുന്ന മേഘാലയയിലെ പ്രധാന ഇടനാഴി. ബംഗ്ലാദേശിലേക്ക് മേഘാലയയിൽ നിന്നും വൻതോതിൽ ഖനനം ചെയ്തെടുക്കുന്ന കൽക്കരിയുടെ ചരക്ക് നീക്കം നടത്തുന്ന പ്രധാന കേന്ദ്രമാണിത്. നിയന്ത്രണരേഖക്ക് അപ്പുറത്തേക്ക് പ്രവേശനം ഇല്ലെങ്കിലും ഇരുഭാഗത്തു നിന്നും അതാത് രാജ്യങ്ങളിലെ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ആളുകൾ അപ്പുറത്തെത്തി ഫോട്ടോസ് എടുത്ത് രസിക്കുന്നുണ്ടായിരുന്നു. ഇതൊക്കെ കാണാത്തതു പോലെ നടിച്ച് പട്ടാളക്കാരും ആസ്വാദനത്തിൽ പങ്കു ചേരുന്നുണ്ട്. LOC ഇൽ നിന്ന തമിഴ്നാട്ടുകാരായ BSF കാരെ പരിചയപ്പെട്ടപ്പോൾ അവർക്കും സന്തോഷം. ഇവിടം സന്ദർശിക്കുന്ന മലയാളികളുടെ എണ്ണം നല്ലതു പോലെ ഉണ്ടത്രേ. അവരോടൊപ്പം നിന്നു ചിത്രങ്ങൾ പകർത്തി അടുത്ത ലക്ഷ്യത്തിലേക്ക് ശകടം ചലിപ്പിച്ചു.

മോളിന്നോങ് – ഏഷ്യയിലെ ഏറ്റവും ശുചിത്വമുള്ള ഗ്രാമം .! ഇവിടം എത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നു. 2016 മെയ് മാസത്തിൽ സുഹൃത്ത് ജിന്റോയുടെയും അവന്റെ സുഹൃത്തുക്കളുടെയും ഒപ്പം മോളിന്നോങ്ങിൽ എത്തി ഒരു കുടിലിൽ രാത്രി തങ്ങിയതും അതിന് സമീപം ട്രെക്ക് ചെയ്യാതെ തന്നെ കാണാൻ പറ്റുന്ന മനോഹരമായ വേരു പാലം ഉള്ള റിവായി ഗ്രാമത്തിൽ പോയതിന്റെയും സ്മരണകൾ മനസ്സിൽ ഓടിയെത്തി. അന്ന് പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇവിടെ കാണാൻ കഴിഞ്ഞത്. 1) മോളിന്നോങ് ഗ്രാമം, 2)റിവായ് വേരുപാലം, 3) ബംഗ്ലാദേശി വ്യൂ പോയിന്റ്: ഒരു തനത് മേഘാലയൻ ഗ്രാമത്തിലൂടെ യു ള്ള നടത്തം. പെട്ടന്ന് അടുത്ത് കൂടുന്ന കുട്ടികൾ. നീണ്ട അര മണിക്കൂർ നടന്ന് പ്രസ്തുത സ്ഥലത്തെത്തി കുന്നിൻ ചെരുവിലെ ഒരു മരത്തിന് മുകളിലായി കെട്ടിയുണ്ടാക്കിയ കൂടാരത്തിൽ കയറിയാൽ മനോഹരമായ ഒരു ലാന്റ് സ്കേപ് കാണാം. അതാണ് ബംഗ്ലാദേശ് . അധികം പ്രതീക്ഷ വച്ച് പുലർത്താതെ ഗ്രാമത്തിലൂടെ ഒരു നടത്തം മാത്രം പ്രതീക്ഷിച്ചു പോവുക. അതൊരു മനോഹരമായ അനുഭവമാകും സമ്മാനിക്കുക.

ഇന്ന് തന്നെ ഷില്ലോങ്ങിൽ എത്തണം. വീണ്ടും ഇവിടം സന്ദർശിച്ചപ്പോഴുള്ള പ്രണയാദ്രമായ അനുഭവത്താൽ തിരിച്ച് വരാൻ മടിച്ചിട്ട് വഴിയരികിലെ ഒരു കൂടാരത്തിൽ തണുപ്പത്ത് കുറേ നേരം ഇരുന്നു. അങ്ങകലെ ഏതോ ക്രിസ്ത്യൻ പള്ളിയിൽ നിന്നും വരുന്ന പാട്ടും കേട്ട് .! അടുത്ത ദിവസം, ക്രിസ്തുമസിന്റെ ദിവസം ആണ്. അന്ന് ഷില്ലോങ് കറങ്ങൽ ആണ് പ്ലാൻ. കടുത്ത മൂടൽ മഞ്ഞും എല്ല് മുറിയുന്ന തണുപ്പും നേരിട്ട് യാത്ര തുടർന്നു. രാത്രി ഒമ്പതരയോടടുത്ത് ഷില്ലോങ്ങിലെത്തി പോലീസ് ബാസാറിന് സമീപമുള്ള യൂത്ത് ഹോസ്റ്റലിൽ 150 രൂപാ കൊടുത്ത് ഒരു ഡോർമറ്റെറി ബെഡ് എടുത്തു. അല്പം വിശ്രമിച്ച് പുറത്തിറങ്ങി.

ഡിസംബർ 24, ക്രിസ്തുമസ് രാത്രി. ധാരാളം ക്രിസ്ത്യൻ പള്ളികൾ ഉള്ള ഷില്ലോങ്ങിലെ ക്രിസ്തുമസ് വളരെ പ്രശസ്തമാണ്. രാത്രി ഭക്ഷണം കഴിച്ച് ഒരു പള്ളിയിൽ കയറി യേശുദേവന്റെ പിറന്നാൾ പ്രാർത്ഥനയിലും കൂടി ഷില്ലോങ്ങിലെ തെരുവോരങ്ങളിലൂടെ ദീപങ്ങളാൽ അലംകൃതമായ വാർഡ്സ് ലെയ്ക്കിന് ചുറ്റും കറങ്ങി നടന്ന് തണുപ്പിനോടും സംഗീത സാന്ദ്രമായ അന്തരീക്ഷത്താടും ഇണങ്ങി പ്രണയിനിക്കൊപ്പം ഒന്നായി മാറിയ പോലെ ഉള്ളിലെ സഞ്ചാര പ്രീയത്തെ ജീവിതമാക്കി മാറ്റിയെന്ന് പ്രഖ്യാപിച്ച ആ രാത്രി ഒരിക്കലും മറക്കാൻ കഴിയാത്തതായി മാറിയിരുന്നു. പാതിരാത്രി രണ്ട് മണിക്ക് താഴിട്ട് പൂട്ടിയ യൂത്ത് ഹോസ്റ്റൽ പടിയിൽ തണുത്ത് വിറച്ച് ഇരുന്ന് ഉറങ്ങിയതും രാത്രി ഉറക്കം ഉപേക്ഷിച്ച് നടന്ന ഒരു കൂട്ടം കോളേജ് പിള്ളേർക്ക് ഒപ്പം കൂടിയതും മറ്റൊരനുഭവം. രാവിലെ നന്നായി ഉറങ്ങി പത്ത് മണിയോടെ ഷില്ലോങ് കറക്കം ആരംഭിച്ചു.

ദിവസം 4: ഷില്ലോങ് കറങ്ങി മേഘാലയയോട് വിട ചൊല്ലുന്നു.!! എലിഫന്റ് വെള്ളച്ചാട്ടം: : ഷില്ലോങ് പട്ടന്നത്തിൽ നിന്ന് 12 കി.മി. ദൂരം. ഏതാണ്ട് മൂന്നോളം തട്ടുകളായി ആനയുടെ ആകൃതിയിൽ മൂന്ന് വെള്ളച്ചാട്ടങ്ങൾ. മനോഹരമായ ആ കാഴ്ചകൾ കണ്ടു തുടർന്നു.

ഷില്ലോങ് വ്യൂ പോയിന്റ്: ഇവിടെ നിന്നാൽ ഷില്ലോങ് നഗരക്കാഴ്ചയും കായലുകളും വെള്ളച്ചാട്ടങ്ങളും അങ്ങകലെയായി മലനിരകളും ഒക്കെ ഒരൊറ്റ ക്യാൻവാസിൽ പടർത്തിയ പോലെ അവതരിച്ചിട്ടുണ്ടാവും. ചിത്രങ്ങൾ പകർത്തി തുടർന്നു.

റിനോ ഹെറിറ്റേജ് മ്യൂസിയം: പേര് സൂചിപ്പിക്കുന്ന പോലെ കാണ്ടാമൃഗവുമായി ഇതിന് യാതൊരു ബന്ധവും ഇല്ല. 1971 ലെ പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശിനെ മോചിപ്പിക്കുന്നതിന് കാരണമായ ഇന്ത്യ – പാക്കിസ്ഥാൻ യുദ്ധത്തിന്റെ ശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്ന ഒരു മ്യൂസിയമാണിത്. പുറത്ത് 1971 ൽ യുദ്ധത്തിന് ഉപയോഗിച്ച വിജയാനന്ത എന്ന യുദ്ധ ടാങ്ക് ദർശിച്ചു. അറ്റകുറ്റ പണികൾ കാരണം മ്യൂസിയം അടവായിരുന്നനതിനാൽ ഈ യുദ്ധ ടാങ്കിന് മുന്നിൽ നിന്ന് ഫോട്ടോസ് പകർത്തി മടങ്ങേണ്ടി വന്നു.

വാർഡ്സ് ലെയ്ക്ക് : തലേന്ന് രാത്രി കണ്ട ദീപാലംകൃത വാർഡ്സ് ലെയ്ക്ക് പകൽ വെളിച്ചത്ത് മറ്റൊരു ചേലിലായിരുന്നു. പൂക്കളാൽ വർണാഭമായ പുൽത്തകിടികളാൽ പച്ചപ്പ് നിറഞ്ഞ ഷില്ലോങ്ങിന്റെ ഹൃദയഭാഗത്തായി 100 വർഷത്തെ പഴക്കമുള്ള മനുഷ്യ നിർമിത തടാകം. അല്പ സമയത്തെ വിശ്രമം ഇവിടെയാക്കി.

ഡോൺ ബോസ്കോ സ്ക്വയർ: തിരക്കേറിയ ഈ ഭാഗത്തൊക്കെ ബൈക്കിൽ കയറി വഴിയിൽ കണ്ട മനോഹരമായ ഒരു ക്രിസ്ത്യൻ പള്ളിയിൽ കയറി ക്രിസ്തുമസ് കേക്കും ജ്യൂസും ഒക്കെ അകത്താക്കി. തിരികെ യൂത്ത് ഹോസ്റ്റൽ വന്ന് ബാഗും എടുത്ത് മടങ്ങാൻ ഉള്ള തയ്യാറെടുപ്പിൽ ഇറങ്ങി.

ഉമിയാം ലെയ്ക്ക്: ബാരാപാനി എന്നും അറിയപ്പെടുന്നു. ഷില്ലോങ്ങിൽ നിന്നും ഗുവാഹത്തിക്ക് പോകുന്ന വഴിയിൽ 12 കിലോമീറ്ററോളം സഞ്ചരിക്കുമ്പോഴാണ് ഉമിയാം ലെയ്ക്ക്. നീലാകാശവും അതുപോലെ തന്നെ വിശാലമായി കാണപ്പെടുന്ന തെളിച്ച തടാകവും പച്ചപ്പ് നിറഞ്ഞ നാല് ദിക്കുകളും അസ്തമയത്തോട് അടുക്കുന്ന അന്തരീക്ഷം പ്രദാനം ചെയ്യുന്ന ശാന്തതയും അനുഭവിച്ച് അവിടെയുള്ള ഒരു ചെറിയ കടയിൽ നിന്ന് വാങ്ങിയ ലഘു ഭക്ഷണവും കഴിച്ച് കുറെ സമയം അവിടെത്തന്നെ ചിലവിട്ട് മടക്കയാത്ര തുടർന്നു.

മനസ്സ് കീഴടക്കിയ നാല് ദിവസത്തെ സോളോ മേഘാലാൻ യാത്രക്ക് സമാപ്തി കുറിച്ചു കൊണ്ട് ബൈക്കിൽ ഗുവാഹത്തി ലക്ഷ്യമാക്കി കുതിച്ചു. മഴയുടെയും മേഘങ്ങളുടെയും നാട്ടിലേക്ക് അടുത്തത് ഒരു മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞൊഴുകുന്ന നദികളുടെയും തടാകങ്ങളുടെയും വെള്ളച്ചാട്ടങ്ങളുടെയും ഒക്കെ വ്യത്യസ്ത ഭംഗി ആസ്വതിക്കാനും മഴക്കുളിരിലലിഞ്ഞ് വീണ്ടും യാത്ര ചെയ്യാനും ഇനിയും വരുമെന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് ലഭിച്ച ഒരിക്കലും മറക്കാനാകാത്ത ഓർമകളേയും അനുഭവങ്ങളേയും ഉള്ളിൽ താലോലിച്ചു കൊണ്ട് മേഘാലയയോട് വിട ചൊല്ലി.

ചില ഹോം സ്റ്റേകളുടെ കോൺടാക്ട് നമ്പറുകൾ: 1)ടിർനാ വില്ലേജ് #റോക്ക് ചെസ്റ്റ് സൺ: 80143 57616 #സ്റ്റാഡി: 8837283933.
2) ഡബിൾ ഡെക്കർ വേരുപാലം#ജെറി: 8014780255 #Arnes wooden hut: 8014780255 #Serene homestay:9436739655,9615252655
മുകളിലത്തെ ഹോം സ്റ്റേകൾ എല്ലാം തന്നെ മനോഹരവും വളരെ ചിലവ് കുറഞ്ഞതും ആണ്(250-500Rs/Day)
3) സൊഹ്ര (ചിറാപുഞ്ചി) Laiaker inn: 8575981499. 4)Shillong Youth hostel: 070059 25421. സോളോ ആയാണ് യാത്രയെങ്കിൽ ഇവിടുത്തെ ഡോർമറ്ററി വളരെ ലാഭമാണ് (150rs/day). ഒരോരുത്തർക്കും പ്രത്യേകം ലോക്കർ ലഭ്യമാണ്. നമ്മൾ ഒരു ലോക്കും ആയി പോകണം എന്ന് മാത്രം.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply