2013 ലെ ഒരു ശനിയാഴ്ച മൂന്നാർ പോകുവാനുള്ള തയ്യാറെടുപ്പിലായിരുന്നു ഞാൻ. രാവിലെ 6.30 മണിക്ക് കളമശ്ശേരിപ്രീമിയര് ബസ് സ്റ്റോപ്പിൽ നിന്നും മൂന്നാർ -സൂര്യനെല്ലി ബസ് കയറി. സീറ്റ് ഏറെക്കുറെ ഫുൾ ആയിരുന്നു എന്നാലും എനിക്ക് ഒരുസീറ്റ് കിട്ടി.അതും ബാക്കിൽ.FSLS ആയിരുന്നത് കൊണ്ടും രാവിലെ ആയതിനാലും നല്ല സ്പീഡിൽ ആയിരുന്നു വണ്ടി.
കോതമംഗലം എത്തിയപ്പോൾ ഞാൻ കൊതിച്ചിരുന്നത് പോലെ ഏറ്റവും മുന്നിലെ സിംഗിൾ സീറ്റ് കിട്ടി.നേര്യമംഗലം കഴിഞ്ഞപ്പോൾ പിന്നെ കാഴ്ചകൾ കാണാനുള്ള ഒരുക്കത്തിൽ ആയി. ക്യാമറയും കയ്യിൽ പിടിച്ചു നല്ല കാഴ്ചകൾക്കായി ഒരുങ്ങിയിരുന്നു. അത്യാവശ്യം പ്രായമുള്ള ഒരു ഡ്രൈവർ ആയിരുന്നു എങ്കിലുംഅദ്ദേഹത്തിൻറെ സ്മൂത്ത് ഡ്രൈവിംഗ് വളരെ ആസ്വാദ്യകരമായിരുന്നു. ചീയപ്പാറ എത്തിയപ്പോൾ കുറച്ചു നാൾമുന്പ് നടന്ന മലയിടിച്ചിൽ അപകടം മനസ്സിൽ ഓർത്തു. അതുകൊണ്ടായിരിക്കണം അവിടെ ഫോട്ടോ എടുക്കാൻഎനിക്ക് മനസ്സ് വരാതിരുന്നത്.
ബസ് അതും പിന്നിട്ടു വളവുകളും തിരിവുകളും താണ്ടി മൂന്നാറിലേക്ക്കുതിക്കുകയായിരുന്നു. ഇരു വശങ്ങളിലും കാഴ്ചകളുടെ മായാജാലം മാറി മാറി വന്നുകൊണ്ടിരുന്നു. ചിലനിമിഷങ്ങളിൽ ഓടി നടന്നു ഫോട്ടോ എടുക്കാൻ എൻറെ മനസ്സ് വെമ്പി. യഥാർത്ഥത്തിൽ ഇടുക്കി ഗോൾഡ്എന്താണെന്ന് തിരിച്ചറിയാൻ ഈ ഒരു യാത്ര മതി. ഈ സ്വർഗ്ഗത്തെയാണ് തമിഴ്നാട് അവകാശവാദം ഉന്നയിച്ചുഅവരുടെതാക്കാൻ ശ്രമിച്ചത് എന്നോർത്തപ്പോൾ കേരളീയനായ എൻറെ ഉള്ളിൽ എന്തെന്നില്ലാത്ത ദേഷ്യംവരുന്നുണ്ടായിരുന്നു.
ബസ് മൂന്നാറെക്കു അടുക്കുന്തോറും തണുത്തa അന്തരീക്ഷം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. തേയിലത്തോട്ടങ്ങളുംപിന്നിട്ടു പൈൻ മരങ്ങളുടെ അടുത്തുള്ള KSRTC സ്റ്റാൻഡിൽ എത്തിയപ്പോൾ രാവിലെ 10 മണി കഴിഞ്ഞിട്ടേഉണ്ടായിരുന്നുള്ളൂ. മൂന്നാർ ഒക്കെ ഒന്ന് ചുറ്റിയടിച്ചു ഉച്ചക്ക് ശേഷം തിരിച്ചു വരാൻ ആയിരുന്നു എൻറെ പ്ലാൻ.പക്ഷെ അവിടെ കിടന്നിരുന്ന ഉദുമല്പെട്ട് ബസ് കണ്ടതാണ് എൻറെ യാത്രയുടെ പ്ലാൻ മൊത്തം മാറ്റി എഴുതിയത്.
ആ ബസിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ഡ്രൈവറും കണ്ടക്ടരും തൊട്ടടുത്ത് നിന്ന്സംസാരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരോട് പുറപ്പെടുന്ന സമയം,റണ്ണിംഗ് ടൈം ഒക്കെ ചോദിച്ചു മനസ്സിലാക്കി.10.20 നു വണ്ടി മൂന്നാർ സ്റ്റാന്റ് വിട്ടു. മൂന്നാർ ടൌണിൽ കുറച്ചു സമയം ബസ് നിർത്തിയിട്ടു. അവിടെ നിന്നും ബസ്നിറയെ ആളുകളായി. കൂടുതലും തമിഴ്നാട്ടുകാർ ആയിരുന്നു. അവരുടെ സ്വത:സിദ്ധമായ ഒച്ചപ്പാടും മറ്റും കൊണ്ട്ബസ്സിൽ ആകെ ശബ്ദഖോഷമായിരുന്നു. മൂന്നാർ ടൌണ് പിന്നിടുമ്പോൾ തേയിലയുടെ മണമായിരുന്നുമൂക്കിന്നുള്ളിൽ തങ്ങി നിന്നിരുന്നത്. ഇനി അടുത്ത ടൌണ് മറയൂർ ആണ്. തേയിലതോട്ടങ്ങൾക്കിടയിലൂടെ ബസ്വളഞ്ഞും പുളഞ്ഞും പൊയ്ക്കൊണ്ടിരുന്നു. പോകുന്തോറും കേരളത്തിലെ ഏറ്റവും വലിയ കൊടുമുടിയായആനമുടി അടുത്തടുത്ത് കാണാനായി. ചിലയിടങ്ങളിൽ ബസിന്റെ മുൻഭാഗം കൊക്കയിലേക്ക് ചേർന്ന്തിരിഞ്ഞുപോകുകയായിരുന്നു. ആ സമയം എൻറെ ഉള്ളിൽ കുറച്ചു ഭയം തോന്നിയിരുന്നു. പക്ഷെ ബസ് ഡ്രൈവർവളരെ ലഘവത്തോടെയയിരുന്നു ഓരോ വളവുകളും തിരിച്ചുകൊണ്ടിരുന്നത്.
തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്ന ആളുകൾ എന്തോ പ്രതീക്ഷയോടെ വണ്ടിക്കുള്ളിലേക്ക് നോക്കുന്നുണ്ടായിരുന്നു. രാവിലെ നമ്മൾ ചായ കുടിക്കുമ്പോൾഓർക്കാറുണ്ടോ ഇത് ഈ രൂപത്തിൽ ആകുന്നതിനു പിന്നിൽ എത്ര ആളുകളുടെ അധ്വാനം ഉണ്ടെന്നു? എത്രയോ ആളുകളുടെ സ്വപ്നങ്ങൾസാക്ഷാത്കരിക്കുന്നതിന് കാരണമാകുന്നു നമ്മുടെ ഈ ചായകുടി. ഇതൊക്കെ ചിന്തിച്ചുകൊണ്ട് ഞാൻ ആ സമയം ഒന്ന് നെടുവീർപ്പിട്ടു. വണ്ടി പിന്നീട്ജനവാസമുള്ള സ്ഥലത്ത് കൂടിയായി യാത്ര.
മറയൂർ കുറച്ചു കഴിഞ്ഞപ്പോൾ വഴിയിടെ വശങ്ങളിൽ ചന്ദനമരങ്ങൾ കൂട്ടത്തോടെ കാണാനായി. പ്രസിദ്ധമായമറയൂർ ചന്ദനക്കാടുകളിലൂടെയാണ് സഞ്ചരിക്കുന്നത് എന്ന ബോധം അപ്പോഴാണ് എനിക്കുണ്ടായത്. മറയൂർ ടൌണിൽ ചെന്നിട്ടായിരുന്നു ഉച്ചഭക്ഷണംകഴിക്കാൻ അവസരം ഉണ്ടായിരുന്നത്. ബസ് ജീവനക്കാർ ഹോട്ടലിലേക്ക് കയറിപ്പോയി. വണ്ടിയിലുണ്ടായിരുന്നവർ അതുമിതും പുറത്തു നിന്നും വാങ്ങികഴിക്കുന്നതും കാണുന്നുണ്ടായിരുന്നു. പക്ഷെ യാത്രയുടെ ആവേശം കൊണ്ട് എനിക്ക് വിശപ്പുണ്ടായിരുന്നില്ല.
15 മിനുട്ടിന് ശേഷം വണ്ടി വീണ്ടും യാത്ര തുടങ്ങി.ഇത്തവണ മുന്നതെതിനു വ്യത്യസ്തമായി വഴിയുടെ ഇടതു വശത്ത് പാറക്കല്ലുകളുടെ പ്രകൃതിജന്യമായ ചിത്രപ്പണികളും മനോഹരങ്ങളായ ആകൃതികളുംകാണാനായി. പലയിടത്തും മറഞ്ഞു പോയ ചെറിയ അരുവികളുടെയും വെള്ളചാട്ടങ്ങളുടെയും രൂപങ്ങൾ പോലെ തോന്നിച്ചു. അത് തോന്നൽ ആയിരുന്നില്ല.കഠിനമായ വരൾച്ച ബാധിച്ച ഇടമാണ് അത് എന്ന് മുന്നില് ഇരുന്നിരുന്ന തമിഴൻ പറയുന്നത് കേട്ടു. ഈ കാഴ്ചകളും പിന്നിട്ടു ചിന്നാർ വന്യജീവിസങ്കേതത്തിലൂടെ യാത്ര തുടർന്നു.
കാടിന് നടുവെയുള്ള ചെറിയ റോഡ് ആയിരുന്നു ചിന്നാറിലെത്. വന്യമൃഗങ്ങളെ അടുത്ത് കാണാമെന്ന വിശ്വാസത്തിൽ ഇരു വശങ്ങളിലും നോക്കിയിരുന്നുഎങ്കിലും നിരാശയായിരുന്നു ഫലം. ചിലയിടങ്ങളിൽ പാമ്പിന്റെ പുറ്റുകൾ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. അങ്ങനെ ചിന്നാർ ചെക്ക്പോസ്റ്റ്എത്…തിച്ചേർന്നു. അവിടെ കുറച്ചു സമയം പരിശോധനയ്ക്കായി കാത്തു കിടക്കേണ്ടി വന്നു. കറുത്ത ടീഷർട്ടും ലാപ്ടോപ് ബാഗും കൈയ്യിൽ ക്യാമറയുംപോരാത്തതിന് താടിയും വെച്ചിട്ടുണ്ടായിരുന്നത് കൊണ്ട് എന്നെ നല്ല രീതിയിൽ തന്നെ പരിശോധിച്ചു. ഈ സമയം ബസ്സിനുള്ളിൽ ഉണ്ടായിരുന്ന തമിഴ്കുട്ടികൾ പുറത്തു വലയം വെച്ച് നടന്നിരുന്ന വാനരപ്പടയെ രസിപ്പിക്കുകയും അവയ്ക്ക് കഴിക്കാൻ പലതും ഇട്ടുകൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.വന്യജീവി സംരക്ഷണ നിയമം അനുസരിച്ച് അവയ്ക്ക് തീറ്റ കൊടുക്കുവാൻ പാടുള്ളതല്ല. എല്ലാ പരിശോധനകളും കഴിഞ്ഞു ബസ് കേരള – തമിഴ്നാട്അതിർത്തി കടന്നു. ചിന്നാറിനു അപ്പുറം തമിഴ്നാടിന്റെ ആനമല വന്യജീവിസംരക്ഷണകേന്ദ്രമാണ്.
അവിടേക്ക് കടന്നപ്പോൾ ഭൂമിയുടെ സ്വഭാവം ആകെ മാറി. ആഫ്രിക്കയിലെ ഏതോസ്ഥലത്ത് എത്തിപ്പെട്ടത് പോലെ തോന്നിക്കുംവിധം വരണ്ടു കിടക്കുകയാണ്അവിടം. എങ്കിലും നമുക്ക് എന്തോ ഒരു പ്രത്യേകത ആ സ്ഥലത്ത് അനുഭവപ്പെടും. ചില സ്ഥലങ്ങളിൽ ആന, പുലി മുതലായവയുടെ സ്വൈര്യവിഹാരകേന്ദ്രമാണ് എന്ന് കാണിക്കുന്ന മുന്നറിയിപ്പ് ബോർഡുകൾ കാണുന്നുണ്ടായിരുന്നു. രാത്രിയിലായിരിക്കും ഇവയെല്ലാം വെളിയിലേക്ക് ഇറങ്ങുന്നതെന്ന്ഞാൻ ചിന്തിച്ചു. രാത്രി അവിടെ ഒറ്റപ്പെട്ടു പോയാലുള്ള അവസ്ഥയോർത്ത് ഞാൻ ചെറുതായൊന്നു ഭയന്നു.ഈ സമയം ബസ്സിലുള്ളവരിൽ പലരും ഉച്ചമയക്കത്തിൽ ആയിരുന്നു. എന്റെ അടുത്തിരുന്നിരുന്ന അണ്ണൻ ഉറക്കത്തിൽ പലതവണ എന്റെ ദേഹത്തേക്ക്ചാഞ്ഞുകൊണ്ടിരുന്നു. അതൊന്നും കാര്യമാക്കാതെ ഞാൻ പുറംകാഴ്ചകളിൽ മുഴുകിയിരുന്നു. ആനമല ഫൊറെസ്റ്റിൽ നാം വിചാരിക്കുന്നതുപോലെകൊടുംകാടുകൾ കാണാൻ കഴിയില്ല. പക്ഷെ കൂടുതൽ ഉള്ളിലേക്ക് കയറിയാൽ പിന്നീട് യഥാർത്ഥ വനത്തിന്റെ സ്വഭാവങ്ങൾ കാണാവുന്നതായിരിക്കും.
മൂന്നാറിന്റെതിനു വിപരീത സ്വഭാവമുള്ള അന്തരീക്ഷമാണ് അവിടെ . വീശുന്ന കാറ്റിനുപോലും ചൂട് അനുഭവപ്പെടുകയായിരുന്നു. പക്ഷെ യാത്രയുടെ ഉത്തെജകാവസ്ഥയിൽ ഇതൊന്നും എന്നെ ഇതൊന്നും ബാധിച്ചിരുന്നില്ല. കാടു പിന്നിട്ടു വണ്ടി ജനവാസമുള്ള സ്ഥലങ്ങളിലേക്ക് കയറി.അതോടെ ചുറ്റിനും പച്ചപ്പാർന്ന കൃഷിയിടങ്ങളും തെങ്ങിൻതോപ്പുകളും കാണാനായി. ചിലയിടങ്ങളിൽ തരിശു ഭൂമി ഏക്കറുകളോളം നീണ്ടു കിടക്കുന്നത്കാണാമായിരുന്നു. എത്രയോ സിനിമകൾ ഇവിടങ്ങളിൽ ചിത്രീകരിച്ചിരിക്കുന്നു. അത്രയ്ക്ക് ദൃശ്യഭംഗിയുള്ള തമിഴ് ഗ്രാമങ്ങളാണ് ഇവിടെ നമുക്ക്കാണാനാകുക.
അപ്പോൾ അങ്ങകലെ പുറകിലായി ഞാൻ ചുറ്റിവന്ന മലനിരകൾ അഭിമാനത്തോടെ തലയുയർത്തി നില്ക്കുന്നുണ്ടായിരുന്നു. എത്രയോ ആളുകള് ദിനംപ്രതികടന്നു പോകുന്നതുകൊണ്ട് അവരിലൊരാൾ മാത്രമായ സഞ്ചാരിയാണ് ഞാൻ എന്നോർത്ത് കൊണ്ടായിരിക്കാം അവ അഹങ്കാരത്തോടെ ഉയർന്നു നില്ക്കുന്നത്എന്ന് ഞാൻ എൻറെതായ ഭാവനയിൽ ചിന്തിച്ചു. പതിയെ പതിയെ ഈ കാഴ്ചകളെല്ലാം മറഞ്ഞു തുടങ്ങി. ബസ് ടൌണ് ഏരിയയിലേക്ക് കയറി. കേരളത്തിൽഎറണാകുളത്തുള്ള ഒരു കൊച്ചു ഗ്രാമത്തിൽനിന്നും ആരുമറിയാതെ 9 മണിക്കൂറുകൾ കൊണ്ട് ഞാൻ തമിഴ്നാട്ടിൽ എത്തിച്ചേർന്ന സാഹചര്യങ്ങൾഓർത്തുകൊണ്ട് ഞാൻ ബസ്സ്റ്റാന്റ് എത്തുന്നതും കാത്തിരുന്നു. അപ്പോഴേക്കും ഉറക്കത്തിലായിരുന്നവർ എഴുന്നേറ്റ് ഇറങ്ങാനുള്ളതയ്യാറെടുപ്പുകളിലായിരുന്നു. അങ്ങനെ അവസാനം ഉച്ചക്ക് 2.40 ഓടെ ബസ് ഉദുമല്പെട്ട് സ്റ്റാന്റിൽ എത്തിച്ചേർന്നു.
ഇത്രയും നേരം ഒന്നിച്ചു യാത്രചെയ്ത അപരിചിതരായ എല്ലാവരും പല വഴിക്ക് നടന്നു നീങ്ങി. അവസാനം ഞാനും ഇറങ്ങിയപ്പോഴേക്കും ബസ്സിന്റെ വാതിൽ വലിയ ശബ്ദത്തോടെ അടഞ്ഞിരുന്നു.ആസ്വാദ്യകരമായ ഒരു യാത്ര അവസാനിച്ചപ്പോൾ എനിക്ക് എന്തെന്നില്ലാത്ത ഒരു മൂകത അനുഭവപ്പെട്ടു. അല്ലെങ്കിലും യാത്രയുടെ അവസാനം ഒരു നൊമ്പരത്തിലായിരിക്കുമല്ലോ. ഇനിയും ഇത് വഴി വരണം എന്ന തീരുമാനത്തോടെ ഞാൻ പൊള്ളാച്ചിക്കുള്ള ബസ് തേടി നടന്നു നീങ്ങി….അപ്പോൾ ഞാൻ വന്നബസ് മൂന്നാർ ബോർഡും വെച്ച് അടുത്ത യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു….
വിവരണവും ചിത്രങ്ങളും – പ്രശാന്ത് എസ് കെ.