മൈഡിയര്‍ കുട്ടിച്ചാത്തന്‍; കണ്ണടയിലൊളിപ്പിച്ച കൗതുകം…

1984 ഓഗസ്റ്റ് 24 കേരളത്തിലെ പ്രമുഖ നഗരങ്ങളിലെ എ ക്ലാസ് തിയറ്ററുകള്‍ക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ ജനക്കൂട്ടം തിയറ്റര്‍ തുറക്കുന്നതും നോക്കി കാത്തുനിന്നു. ഏതെങ്കിലും സൂപ്പര്‍താരത്തിന്റെ സിനിമയുടെ റിലീസായിരുന്നില്ല അത്. സിനിമ സ്ക്രീനില്‍ നിന്നും “ഇറങ്ങി വരുന്നത്” കാണാന്‍ തടിച്ചുകൂടിയ സിനിമ പ്രേമികളായിരുന്നു അത്.

അതെ ഇന്ത്യന്‍ സിനിമയിലെ ത്രീ ഡൈമന്‍ഷന്‍ സിനിമയായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ റിലീസ് ചെയ്യുന്ന ദിവസമായിരുന്നു അത്. സൂപ്പര്‍താരങ്ങളുടെ പിന്‍ബലമില്ലാതെ പലപ്പോഴും പുതുമുഖങ്ങളുടെ സാന്നിധ്യം കൊണ്ട് ഹിറ്റുകള്‍ തീര്‍ത്ത നവോദയ ഫിലിംസിന്റെ ഏറ്റവും വലിയ പരീക്ഷണമായിരുന്നു മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രീ ഡി സിനിമ. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ എന്നും മലയാളിക്ക് അഭിമാനത്തോടെ പറയാന്‍ കഴിയുന്ന വിസ്മയമായിരുന്നു ആ സിനിമ.

 

സ്ക്രീനില്‍ നിന്നു തീജ്വാലകളും തീപ്പന്തങ്ങളും തലയോട്ടിയുമൊക്കെ കണ്ണിനു മുന്നിലേക്ക് പറന്നുവന്നപ്പോള്‍ തിയറ്ററിനകത്ത് ആദ്യം ഉയര്‍ന്നത് നിലവിളികള്‍. അടുത്ത നിമിഷം അത് നിലയ്ക്കാത്ത കരഘോഷമായി. സിനിമയെന്ന വിസ്മയത്തിന് പുതിയ വിസ്മയം കൂടി ചാര്‍ത്തിക്കൊടുത്ത് നവോദയ ഇന്ത്യന്‍ സിനിമയ്ക്ക് മുന്നില്‍ അവതരിപ്പിച്ച ത്രി ഡി മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ത്രിമാന സിനിമ കണ്ട് ഇന്ത്യന്‍ ചലച്ചിത്രലോകം ഈ കൊച്ചുചിത്രത്തിന് മുന്നില്‍ ആദരവോടെ ശിരസു നമിച്ചു.

അത്ഭുതങ്ങളുടെ മാന്ത്രികക്കാഴ്ചകളും ത്രീഡി സാങ്കേതിക വിദ്യയുടെ വിസ്മയങ്ങളും ഒന്നുചേര്‍ന്ന കുട്ടിച്ചാത്തന്‍ കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രായമായവര്‍ക്കും വരെ ഏറെ പ്രിയപ്പെട്ടതായി. സിനിമ കാണാന്‍ അന്നേ വരെ തിയറ്ററില്‍ പോകാത്തവര്‍ വരെ ഈ വിസ്മയക്കാഴ്ച കാണാന്‍ തിയറ്ററിലെത്തി.

പേടിച്ച് പനി പിടിച്ചവരേറെ ” അന്ന് ഡോക്ടര്‍മാര്‍ക്കും പേടിപ്പനിക്ക് ചരടുജപിച്ചു കൊടുക്കുന്നവര്‍ക്കുമൊക്കെ നല്ല കോളായിരുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന്‍ കണ്ട് പേടിച്ചു പനിപിടിച്ച നിരവധി കുട്ടികള്‍ ഇവരെ തേടിയെത്തിയിരുന്നു. ചിത്രത്തിന്റെ തുടക്കത്തില്‍ തീപ്പന്തങ്ങളും തീജ്വാലകളും തലയ്ക്കു മീതേയും കണ്ണിനു നേരെയും പാഞ്ഞടുക്കുന്നത് കണ്ട് അലറിക്കരഞ്ഞ കുട്ടികളുടെ നിലവിളി തിയറ്ററുകളില്‍ മുഴങ്ങിയിരുന്നു.

സ്പൂണില്‍ നിന്നും ഐസ്ക്രീം താഴേക്ക് വീഴുമ്പോള്‍ മടിയിലേക്കാണോ വീഴുന്നതെന്ന് സംശയിച്ചവരേറെയായിരുന്നു.പ്രായമായ ചിലര്‍ കണ്ണട കയ്യില്‍ കിട്ടിയപ്പോള്‍ പറഞ്ഞത്രെ – എനിക്ക് സിനിമ കാണാന്‍ കണ്ണടയൊന്നും വേണ്ട, അല്ലാതെ തന്നെ നന്നായി കാണാന്‍ പറ്റും.കണ്ണട വെച്ചാലെ ത്രീഡി ഇഫക്ട് അറിയാന്‍ കഴിയൂ എന്ന് പറഞ്ഞ് നിര്‍ബന്ധിച്ച് കണ്ണട ധരിപ്പിക്കുകയായിരുന്നു ഇവരെ. എന്നിട്ടും ഇടയ്ക്കിടെ കണ്ണട മാറ്റി നോക്കിയിരുന്നു ഇവര്‍.

ലീഡറും കണ്ടു ത്രീഡി സിനിമ : 1984ല്‍ ഇത് റിലീസ് ചെയ്തപ്പോള്‍ അന്നത്തെ കേരള നിയമസഭാംഗങ്ങള്‍ക്കായി സ്‌പെഷല്‍ പ്രദര്‍ശനമുണ്ടായിരുന്നു. 1984 ജൂലൈ 26നായിരുന്നു ആ പ്രദര്‍ശനം. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരനും മറ്റ് അംഗങ്ങളും സിനിമ കാണുന്ന ദൃശ്യങ്ങള്‍ പിന്നീട് മൈഡിയര്‍ കുട്ടിച്ചാത്തന്റെ ഇന്‍ട്രൊഡക്ഷന്‍ രംഗങ്ങളായി കൂട്ടിച്ചേര്‍ത്തിരുന്നു.

വക്കം പുരുഷോത്തമന് കെ.കരുണാകരന്‍ ത്രീഡി കണ്ണട കണ്ണില്‍ വെച്ചു കൊടുക്കുന്നതും കരുണാകരനും ടി.എം.ജേക്കബും മറ്റും സിനിമ കണ്ട് ചിരിക്കുന്നതും അത്ഭുതപ്പെടുന്നതും മറ്റും കുട്ടിച്ചാത്തന്റെ തുടക്കത്തില്‍ കാണിക്കുന്നുണ്ട്. തിയറ്ററുകളില്‍ ഈ രംഗങ്ങള്‍ക്ക് നല്ല കൈയടിയാണ് ലഭിച്ചത്. കണ്ണട ധരിച്ച് പരസ്പരം നോക്കി പൊട്ടിച്ചിരിച്ചവരും ഏറെയാണ്.

താരസാന്നിധ്യത്താല്‍ സമ്പന്നം : മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ സൂപ്പര്‍താരങ്ങളാരും അഭിനയിച്ചിട്ടില്ലെങ്കിലും ചിത്രത്തിന്റെ തുടക്കത്തില്‍ കാണിക്കുന്ന ഇന്‍ട്രൊഡക്ഷന്‍ രംഗങ്ങളില്‍ സിനിമയെക്കുറിച്ചും ത്രീഡി സാങ്കേതിക വിദ്യയെക്കുറിച്ചും പ്രേക്ഷകര്‍ക്ക് പറഞ്ഞുകൊടുക്കുന്നതിനും എങ്ങനെയാണ് ത്രീ ഡി സിനിമകളെടുക്കുന്നതെന്നും ത്രീഡി സിനിമ കാണാനുള്ള കണ്ണടയെക്കുറിച്ചും അത് ഉപയോഗിക്കേണ്ട വിധവുമെല്ലാം വിശദീകരിക്കുന്നത് ഇന്ത്യന്‍ സിനിമയിലെ മഹാപ്രതിഭകളാണ്.

മലയാളത്തില്‍ നിത്യഹരിത നായകന്‍ പ്രേംനസീറാണ് ഇത് അവതരിപ്പിക്കുന്നത്. തിയറ്ററിലെ േ്രപാജക്ടര്‍ റൂമില്‍ നിന്നുകൊണ്ട് നസീര്‍ ഇതെക്കുറിച്ച് പറയുകയും എന്നാല്‍ നമുക്കിനി സിനിമ കണ്ടാലോ എന്നുപറഞ്ഞ് കണ്ണടവച്ച് പ്രേക്ഷകരെ സിനിമയിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നു. രജനീകാന്ത്, അമിതാഭ്ബച്ചന്‍, ചിരഞ്ജീവി, ജിതേന്ദ്ര എന്നിവരും ത്രീഡി സാങ്കേതികവിദ്യയെക്കുറിച്ച് പറയാന്‍ സ്ക്രീനിലെത്തുന്നുണ്ട്. രജനീകാന്തിനേയും ബച്ചനേയും സ്ക്രീനില്‍ കാണിക്കുമ്പോള്‍ അന്ന് വന്‍ കൈയടിയായിരുന്നു തിയറ്ററുകളില്‍ ഉയര്‍ന്നിരുന്നത്.

മാസ്റ്റര്‍ അരവിന്ദാണ് കുട്ടിച്ചാത്തനായി അഭിനയിച്ചത്. സോണിയ, മാസ്റ്റര്‍ സുരേഷ്, മാസ്റ്റര്‍ മുകേഷ് എന്നിവര്‍ ബാലതാരങ്ങളായി വേഷമിട്ടു. പേടിതോന്നും വിധത്തില്‍ ദുര്‍മന്ത്രവാദിയെ അവതരിപ്പിച്ചത് കൊട്ടാക്കര ശ്രീധരന്‍ നായര്‍ എന്ന അഭിനയ പ്രതിഭയായിരുന്നു.ദലിപ് താഹില്‍, ആലുമ്മൂടന്‍, ജഗദീഷ്, കൊല്ലം ജി.കെ.പിള്ള, ലത്തീഫ്, അരൂര്‍ സത്യന്‍, സൈനുദ്ദീന്‍, രാജന്‍ പി ദേവ് തുടങ്ങിയവരും അഭിനയിച്ചു.

1984ല്‍ ആദ്യമായി പുറത്തിറങ്ങിയ ത്രീഡി സിനിമ മൈഡിയര്‍ കുട്ടിച്ചാത്തന്റെ പരിഷ്കരിച്ച പതിപ്പുകള്‍ 1997ലും 2011ലും പുറത്തുവന്നു. 1997 മാര്‍ച്ച് 27ന് കുട്ടിച്ചാത്തന്റെ പുതുക്കിയ രണ്ടാം പതിപ്പും 2011 ഓഗസ്റ്റ് 31നു മൂന്നാം പതിപ്പും തിയറ്ററുകളിലെത്തി. പുതിയ പതിപ്പുകളില്‍ പല രംഗങ്ങളും കൂട്ടിച്ചേര്‍ത്തിരുന്നു. രണ്ടാം വരവിലും മൂന്നാംവരവിലും തിയറ്ററുകളില്‍ വിജയക്കൊടി പാറിച്ച ഈ ചിത്രം പുതിയ സാങ്കേതിക വിദ്യകള്‍ക്കൊപ്പം അപ്‌ഡേറ്റ് ചെയ്തുകൊണ്ടേയിരിക്കുകയാണ്. പുതിയ ടെക്‌നോളജിക്കൊപ്പം കുട്ടിച്ചാത്തന്‍ വീണ്ടുമെത്താന്‍ സാധ്യതയുണ്ട്. രണ്ടും മൂന്നും പതിപ്പുകളിലായി കലാഭവന്‍ മണിയും തമിഴ്‌നടന്‍ പ്രകാശ് രാജും ബോളിവുഡ് സുന്ദരി ഊര്‍മിള മണ്ഡോദ്കറുമൊക്കെ കുട്ടിച്ചാത്തന്റെ താരനിരയിലിടം നേടി.

വെറും സാങ്കേതിക വിദ്യകളുടെ പിന്‍ബലത്തില്‍ മാത്രമായിരുന്നില്ല മൈഡിയര്‍ കുട്ടിച്ചാത്തന്‍ പ്രേക്ഷകരുടെ മനം കവര്‍ന്നത്. ഹൃദയസ്പര്‍ശിയായ ഒരു കഥ കൂടി ഈ ചിത്രത്തിനുണ്ടായിരുന്നു. രഘുനാഥ് പലേരിയുടെയും ടി.കെ.രാജീവ് കുമാറിന്റെയും മനോഹരമായ സ്ക്രിപ്റ്റിംഗ് ചിത്രത്തിന് മികവേകി. കുട്ടികളെ മുന്നില്‍ കണ്ടെഴുതിയ തിരക്കഥയായിട്ടുപോലും അതിനെ ഒട്ടും കുട്ടിക്കളിയല്ലാത്ത രീതിയില്‍ രഘുനാഥ് പലേരിയും രാജീവ്കുമാറും അവതരിപ്പിച്ചു. പ്രത്യേകിച്ച് ക്ലൈമാക്‌സ് രംഗങ്ങള്‍ ഹൃദയത്തില്‍ തൊടുന്ന രീതിയില്‍ തന്നെയാണ് ചിത്രത്തിന്റേത്. നവോദയ അപ്പച്ചന്‍ നിര്‍മിച്ച് ജിജോ പുന്നൂസ് സംവിധാനം ചെയ്ത മൈഡിയര്‍ കുട്ടിച്ചാത്തന്‍ മറ്റു പല ഭാഷകളിലും ഡബ്ബു ചെയ്ത് വിജയം നേടിയിരുന്നു.

കുട്ടിച്ചാത്തന്‍ സിനിമ കണ്ടു കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ ത്രീഡി കണ്ണടകള്‍ മടക്കിനല്‍കണമായിരുന്നു. എന്നാല്‍ ഈ ത്രീഡി കണ്ണടകള്‍ സൂത്രത്തില്‍ അടിച്ചുമാറ്റി വീട്ടിലേക്ക് കൊണ്ടുപോയവരും കുറവല്ല. പലതും അടുത്തുകാണാമല്ലോ എന്ന ധാരണയില്‍ കണ്ണട കടത്തിയവര്‍ക്ക് അബദ്ധം പിന്നെയാണ് മനസിലായത്. ഇത്തരത്തില്‍ കുറേ കണ്ണടകള്‍ നഷ്ടമായിട്ടുണ്ട്. കണ്ണട പതിവായി ധരിക്കുന്നവരോട് ആ കണ്ണടകള്‍ ധരിച്ച ശേഷം അതിനു മുകളില്‍ ത്രീഡി കണ്ണട ധരിച്ച് സിനിമകാണാന്‍ ചിത്രത്തിന്റെ തുടക്കത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

1984ലെ ഓണത്തിന് താരം മാവേലിയായിരുന്നില്ല, കുട്ടിച്ചാത്തനായിരുന്നു. നോട്ടുപുസ്തകങ്ങളുടെ പുറം ചട്ടകളില്‍ കുട്ടിച്ചാത്തനും കൂട്ടുകാരും നിറഞ്ഞുനിന്നു. കുട്ടയ്്ക്കുള്ളില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കുട്ടിച്ചാത്തനും ഐസ്ക്രീം കപ്പിനു മുകളില്‍ കയറിയിരിക്കുന്ന കൂട്ടുകാരും എല്ലാം ചട്ടയില്‍ നിറഞ്ഞ ചിത്രങ്ങളായിരുന്നു. സ്കൂളുകളില്‍ നിന്നും കുട്ടികളെ ഗ്രൂപ്പുകളായി ഈ സിനിമ കാണിക്കാന്‍ കൊണ്ടുപോയിരുന്നു. തീപ്പന്തം പാഞ്ഞുവരുന്നത് കണ്ട് തല മാറ്റെടാ എന്ന് വിളിച്ചുപറഞ്ഞ കുട്ടികള്‍ പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം പേടിയില്ലാതെ ചിത്രം കണ്ടു. എ ക്ലാസ് തിയറ്ററുകളിലും ബി, സി ക്ലാസ് തിയറ്ററുകളിലും ചിത്രം എത്തി. പ്രൊജക്ഷന് ഒരു പോരായ്മയും ഇല്ലാതെയാണ് കുട്ടിച്ചാത്തന്‍ എ, ബി, സി ക്ലാസുകളില്‍ കളിച്ചത്. ഹോളിവുഡിനെ വെല്ലുന്ന സാങ്കേതിക മികവായിരുന്നു അതിനു കാരണം.

ആലിപ്പഴം പെറുക്കാന്‍ പീലിക്കുട നിവര്‍ത്തി എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഇന്നും മലയാളികള്‍ മറന്നിട്ടില്ല. ഇളയരാജയാണ് കുട്ടിച്ചാത്തനിലെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നത്. അശോക് കുമാറായിരുന്നു ഛായാഗ്രാഹകന്‍. ടി.ആര്‍.ശേഖര്‍ എഡിറ്റിംഗും നിര്‍വഹിച്ചു. അമേരിക്കയില്‍ പോയി ത്രീഡി സാങ്കേതിക വിദ്യ മനസിലാക്കി ജിജോ പുന്നൂസ് കേരളത്തില്‍ മടങ്ങിയെത്തി മൈഡിയര്‍ കുട്ടിച്ചാത്തന്‍ യാഥാര്‍ത്ഥ്യമാക്കുമ്പോള്‍ അത് ലോകസിനിമയ്ക്ക് മുന്നില്‍ ഇന്ത്യന്‍ സിനിമാലോകത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന വിഷ്വല്‍ ട്രീറ്റായിരുന്നു. ഹോളിവുഡിലെ ടെക്‌നീഷ്യന്‍മാര്‍ പോലും മൈഡിയര്‍ കുട്ടിച്ചാത്തന്‍ കണ്ട് വിസ്മയിച്ചുവെന്നതാണ് സത്യം. പ്രേമത്തിലെ ഡയലോഗ് കടമെടുത്ത് പറഞ്ഞാല്‍ ഹോളിവുഡും പകച്ചുപോയി!!

ലോക സിനിമയില്‍ 3ഡി ചിത്രങ്ങള്‍ എത്തി വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്‍ഡ്യയിലേക്ക് ഈ സംവിധാനം എത്തിച്ചേരുന്നത്.ജിജോ സംവിധാനം ചെയ്ത ഈ സിനിമ നിര്‍മ്മിച്ചത് നവോദയയായിരുന്നു.ഒരു പക്ഷെ നവോദയയുടെ സിനിമ നിര്‍മ്മാണ രംഗത്തെ ഏറ്റവും വലിയ വെല്ലുവിളിയായിരുന്നിരിക്കണം ഈ സിനിമ.ഒരു ഫാന്റസി ലോകത്തെയാണ് ഈ സിനിമയില്‍ സൃഷ്ടിച്ചിരിക്കുന്നത്.ബ്ലാക് മാജിക്കാണ് സിനിമയുടെ പ്രമേയം .കുട്ടികള്‍ക്കുവേണ്ടി നിര്‍മ്മിച്ചതാണ് ചിത്രം.രഘുനാഥ് പലേരിയും ടി കെ രാജീവ് കുമാറുമാണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്.ഹിന്ദിയിലേക്കും മറ്റ് ഇന്‍ഡ്യന്‍ ഭാഷകളിലേക്കും ഈ സിനിമ റീമേക്ക് ചെയ്തിട്ടുണ്ട്

കുട്ടിച്ചാത്തന്റെ ചുവടുപിടിച്ച് മലയാളത്തിലടക്കം പിന്നീട് വന്ന ത്രീഡി ചിത്രങ്ങള്‍ക്കൊന്നും കുട്ടിച്ചാത്തന്റെയത്ര പെര്‍ഫെക്ഷനുണ്ടായില്ല. അതുകൊണ്ടുതന്നെ അവയെ പ്രേക്ഷകര്‍ സ്വീകരിച്ചതുമില്ല. അതേസമയം രണ്ടാം വരവിലും മൂന്നാംവരവിലും മൈഡിയര്‍ കുട്ടിച്ചാത്തന്‍ കളക്ഷന്‍ നേടി വിജയം കുറിച്ചാണ് മടങ്ങിയത്.

ഇന്നും മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഓര്‍മകളില്‍ പൂക്കാലം തീര്‍ക്കുകയാണ്. കുട്ടിച്ചാത്തനും കൂട്ടുകാരും ഇന്ന് കുട്ടികളല്ല. നവോദയ അപ്പച്ചന്‍ ഇന്ന് ഓര്‍മ മാത്രം. രാഷ്ട്രപതിയായിരുന്ന ഗ്യാനി സെയില്‍സിംഗിന്റെ കൈയില്‍ നിന്ന് പുരസ്കാരം നേടിയ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിന് കാലം ചെല്ലുംതോറും തിളക്കമേറുന്നു. അതിനുശേഷം എത്രയോ സിനിമകള്‍ നാം 3 ഡിയില്‍ കണ്ടു.പക്ഷെ ആദ്യ മലയാള 3 ഡി ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന ചിത്രം ഇന്‍ഡ്യന്‍ സിനിമയുടെ വളര്‍ച്ചയില്‍  ഒരു നാഴികക്കല്ലായിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ  ഹിറ്റുകളിലൊന്നായിരുന്നു ഈ സിനിമ.

കടപ്പാട് – ഋഷി (രാഷ്ട്രദീപിക).

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply