വിവരണം – Jaslin Mohammed (https://www.facebook.com/ridershubkerala/).
കടലിന്റെ നടുവിലേക്കൊരു മൺപാത, ഇരു വശങ്ങളിലും തൂവെള്ള മണൽ പരപ്പുകളെ തലോടുന്ന തെളിനീല വെള്ളം. അങ്ങ് ദൂരെയായി കടലിനു നടുവിൽ ചുവന്ന മൂന്ന് ചെറിയ മലകൾ, അതിൽ ഒരു മലയിൽ മൊബൈൽ കമ്പനി സ്ഥാപിച്ച ഈഫിൽ ടവറും കാണാം, മുന്നോട്ടു നീങ്ങും തോറും ഭൂപ്രതേശത്തിന്റെ നിറങ്ങളിലുള്ള ഭംഗി കൂടികൂടി വരുന്നു… വ്യത്യസ്ത നിറങ്ങളിൽ പ്രകൃതിയുടെ മനോഹാരിത ഒന്നിപ്പിച്ച ഒരിടം.
പലയിടത്തും പ്രൈവറ്റ് എൻട്രി ബോർഡുകൾ കാണാം, എന്നാൽ ഞങ്ങൾ പോകുന്നത് ജനാർഥനേട്ടനെ കാണാനാണ്. അബുദാബിയിലെ ഒരു പ്രമുഖ കുടുംബത്തിന്റെ പ്രൈവറ്റ് പ്രോപ്പർട്ടി ആണ് ഐലൻഡ്, അവർക്കു വേണ്ടിയുള്ള വീടുകളുടെ പണിപുരോഗമിക്കുന്നു, വാരാന്ത്യങ്ങളിൽ ഉടമസ്ഥർ കുടുംബവുമായി വന്നു തമ്പടിക്കാറുള്ളത് കൊണ്ട് അന്നേ ദിവസങ്ങളിൽ അവിടെ പ്രവേശനം കിട്ടിയെന്നുവരില്ല, കണ്ണൂര്കാരൻ ജനാർഥനേട്ടൻ ആണ് അവിടുത്തെ കാര്യസ്ഥൻ, പുള്ളിയുമായി സംസച്ചിരുന്നപ്പോൾ മനസിലായി ഇനിയും മലയാളികൾ അവിടെ ജോലിക്കാരായുണ്ട്, ഉൾക്കടലിൽ പോയി മത്സ്യ ബന്ധനമാണ് പ്രധാന തൊഴിൽ, മൽസ്യവുമായി വരുന്ന ബോട്ടും കത്ത് അവീറിലെയും മീനയിലെയും മാർകറ്റിൽ നിന്നുവരെ കച്ചവടക്കാർ എത്താറുണ്ട്പോലും.
ചില ഇടങ്ങൾ കുന്നിടിച്ചു കൃഷി ചെയ്തിട്ടുണ്ട്, മാവും, ബദവും, തെങ്ങുമാണ് നട്ടുവളർത്തിയിട്ടുള്ളത്. കായ്ച്ചു നിൽക്കുന്ന ബദമരങ്ങൾ മനസിനെ ഒരു നിമിഷത്തേക്കെങ്കിലും കുട്ടിക്കാലത്തെ ഓർമകളിലേക്ക് കൊണ്ടുപോയി. കുന്നിനു മുകളിലേക്ക് വലിഞ്ഞു കയറണം, ഉയരങ്ങളിൽ നിന്നും ചുറ്റിലുമുള്ള കാഴ്ച അതിമനോഹരമാണ്. താഴെ പച്ചപ്പ് നിറഞ്ഞു പൂത്തു നിൽക്കുന്ന കൃഷി ഇടങ്ങളും, കുന്നിടിച്ചു നിരത്തിയ ചുവന്ന ഭൂമിയും, തെളിനീല വെള്ളത്താൽ ചുറ്റപെട്ട കടൽ കാഴ്ചകളും. നീല കടലാൽ ചുറ്റപ്പെട്ട ഒരു ചുവന്ന കൊച്ചു ദ്വീപ്.. ധനുഷ്കോടി രാമസേതു പോയിന്റിൽ നിന്നു ചുറ്റിലും നോക്കുന്ന ഒരനുഭൂതി..
പാത ഇനിയും മറ്റു രണ്ടു കുന്നുകളിലേക്ക് നീണ്ടു കിടക്കുന്നു, വ്യത്യസ്തമായ കാഴ്ചകൾ ഒരുക്കി 8 കിലോമീറ്റർ മാത്രം ചുറ്റളവുള്ള കൊച്ചു ദ്വീപ് വിസ്മയങ്ങൾ തീർക്കുന്നു, കടൽ തീരത്തിലൂടെ ഉള്ള നടത്തമാണ് കൂടുതൽ കാഴ്ചകൾ സമ്മാനിക്കുന്നത്. പല ഭാഗങ്ങളിലും ചെറിയ ഗുഹ മുഖങ്ങളാണ് തിരമാലകളെ വരവേൽക്കുന്നത്, വത്യസ്ത ഭാവത്തിലും നിറത്തിലുമുള്ള ഫോസിൽ റോക്കുകളാണ് കൂടുതലായും കാണാൻ സാധിക്കുന്നത്, ചിതറി കിടക്കുന്ന കല്ലുകൾ പോലും വളരെ മനോഹര കാഴ്ചകൾ സമ്മാനിക്കുന്നു, ഫോസിൽ ഫോർമേഷന്റെ ഒരു പ്രതീതി എവിടെയും കാണാൻ കഴിയും.
ദ്വീപിന്റെ അടുത്തായത് കൊണ്ടാകാം ആഴം കുറഞ്ഞ പരന്ന കടലാണ്, അതും നല്ല തെളിഞ്ഞ വെള്ളം, തെളിവെള്ളത്തിൽ വ്യത്യസ്ത നിറങ്ങളുള്ള അലങ്കാര മൽസ്യങ്ങളെ ആശ്ചര്യത്തോടെ ഞങ്ങൾ നോക്കി നിന്നു… കൂടുതലും അക്വാറിയത്തിൽ കാണുന്ന തരം നീലയും മഞ്ഞയും നിറത്തിലുള്ളവയാണ്. ചില പാറകളിൽ ഭംഗിയാർന്ന ഷെല്ലുകൾ ഒട്ടിപിടിച്ചിരിക്കുന്നു. മണൽ പരപ്പിൽ ആമയുടെതെന്നു തോന്നിക്കുന്ന മുട്ടകൾ വിതറി ഇട്ടപോലെ കാണാം. വേലിയേറ്റവും വേലിയിറക്കവും രണ്ടും രണ്ടു രീതിയിലുള്ള കാഴ്ചകൾ ഒരുക്കി തരുന്നു. ചില ഇടങ്ങളിൽ ഗുഹക്ക് അകത്തുവരെ വെള്ളം കേറി നിക്കുന്നുണ്ട്. കണ്ടു നിൽക്കുന്ന ആർക്കും നീന്തി തിമിർക്കാൻ ഒരാഗ്രഹം തോന്നിപോകും.
അബുദാബിലെ മുസഫയിൽ നിന്നും ഏതാണ്ട് 250km സൗദി അറേബ്യ റോട്ടിൽ രണ്ടര മണിക്കൂർ യാത്ര ചെയ്താൽ റുവൈസും കഴിഞ്ഞു അൽ ഹംറ എന്ന ഒരു കൊച്ചു ഗ്രാമത്തിൽ എത്തിച്ചേരും. കാര്യമായിട്ട് ആൾതാമസം ഇല്ലാത്ത ഒരിടം, മിലിറ്ററി ക്യാമ്പും അതിനോടനുബന്ധിച്ച ഒരു എയർപോർട്ടും മാത്രംമാണ് അവിടെ കാണാൻ സാധിച്ചത്. ഹൈവേയിൽ നിന്നും എയർപോർട്ട് ഏരിയയിലേക്കുള്ള വഴി എടുത്തു മുന്നോട്ടുപോകുമ്പോൾ എത്തിച്ചേരുന്നത് ഒരു മിലിറ്ററി ബേസ് മുന്നിലുള്ള റൗണ്ടബൗട്ടിൽ, അവിടെ നിന്നും വലത്തോട്ട് തിരിഞ്ഞു ഇരു വശവും മിലിറ്ററി ഫെൻസിന് ഇടയിലൂടെ ഉള്ള യാത്രയാണ്.
കഴിഞ്ഞ ഭാഗത്തിൽ വർണിച്ച വളരെ മനോഹരമായ വഴികളിലൂടെയാണ് യാത്ര ചെയ്യുന്നതെങ്കിലും പ്രത്യേകം ശ്രദ്ധിക്കണം, ഈ പരിസരം ഫോട്ടോഗ്രാഫി നിരോധിത മേഖലയാണ്. മിലിറ്ററി സർവൈലൻസ് ക്യാമറകൾക്ക് ഇടയിലൂടെ ആണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്, ഏതാണ്ട് മിലിറ്ററി ഏരിയ കഴിയുന്നതോടുകൂടി ഇടതുവശത്തേക്ക് കടലിലൂടെ ശുവൈലാത്ത് ഐലണ്ടിലേക്കുള്ള പാതക്ക് തുടക്കമാവുകയാണ്…