ക്വിസ്സ ഖവാനി ബാസാര്‍ കൂട്ടക്കൊല Qissa Khwani Bazaar massacre: സ്വാതന്ത്ര്യ സമരത്തിന്റെ നാം മറന്നൊരേട്.
ഈ ലേഖനം എഴുതി തയ്യാറാക്കിയത് – Vipin Kumar.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം അക്രമരഹിതമാര്ഗത്തില് മുന്നേറിയ ഭാരതീയന്റെ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തോട് മാപ്പർഹിക്കാത്ത ക്രൂരത കാണിച്ച ദിനമാണ് 23 ഏപ്രില്‍ 1930. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും രക്തരൂഷിതമായ സംഭവങ്ങളിലൊന്നായ ക്വിസ്സ ഖവാനി ബാസാര്‍ കൂട്ടക്കൊല നടന്നത് ആ ദിവസമായിരുന്നു. മുന്‍പ് അച്ചടി പ്രസിദ്ധീകരണങ്ങള്‍ക്കും ഇപ്പോള്‍ മധുരപലഹാരങ്ങള്‍ക്കും പേരുകേട്ട പെഷവാറിലെ തെരുവാണ് ക്വിസ്സ ഖവാനി ബാസാര്‍ (കഥ പറയും കമ്പോളം). നിര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ നടത്തിയ ഏറ്റവും നിഷ്ഠൂരമായ കൃത്യത്തിന് വേദിയാകേണ്ടി വന്നു ഈ തെരുവിന്.
വടക്കു-പടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയിലെ പഷ്തൂണുകള്‍ക്കിടയിലെ സാമൂഹിക നവീകരണ പ്രസ്ഥാനമായാണ് ഖുദായ് കിദ്മത്ഗാര്‍ (ദൈവത്തിന്റെ സന്നദ്ധസേവകർ) തുടങ്ങിയത്. ബച്ചാഖാന് എന്നറിയപ്പെട്ട ഖാന് അബ്ദുള്‍ഗാഫര്‍ ഖാനാണ് ചെങ്കുപ്പയക്കാര്‍ (Red shirts) എന്നറിയപ്പെട്ട ഈ പ്രസ്ഥാനത്തെ നയിച്ചത്. വിദ്യാഭ്യാസത്തിനും സാമൂഹ്യപുരോഗതിയ്ക്കുമായി നിരന്തരം പ്രയത്നിച്ച ഖുദായ് കിദ്മത്ഗാര്‍ പഖ്തൂൺഖ്വായിൽ വലിയ മാറ്റങ്ങളുണ്ടാക്കി. 1930 ആകുമ്പോഴേക്കും ഖുദായ് കിദ്മത്ഗാര്‍ പഷ്തൂണുകളെ ഒരു കുടക്കീഴിലണിനിരത്തി അക്രമരഹിത പാതയിലുള്ള സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ഭാഗമായി മാറിയിരുന്നു. ഖാന്റെ അക്രമരാഹിത്യത്തോടുള്ള പ്രതിജ്ഞാബദ്ധതയിലും വിട്ടുവീഴ്ചയില്ലാത്ത സത്യസന്ധതയിലും മതിപ്പുതോന്നി ആയിരക്കണക്കിന് പഷ്തൂണ്‍ യുവാക്കള്‍ ഖുദായ് കിദ്മത്ഗാറില് അംഗത്വമെടുത്തിരുന്നു.
സിവില്‍ നിയമലംഘന പ്രസ്ഥാനത്തിന്റെ കൊടുങ്കാറ്റ് രാഷ്ട്രമൊട്ടാകെ ആഞ്ഞടിച്ച കാലം. 1930 ഏപ്രിൽ 23ന് ഉത്മന്സായിയില് വെച്ച് ബ്രിട്ടീഷ് ഭരണത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്ത് ഒരു പ്രസംഗം നല്‍കവെ ബച്ചാഖാനെ അറസ്റ്റ് ചെയ്തു. പെഷാവറിലെ ക്വിസ്സ ഖവാനി ബാസാറില്‍ ഖുദായ് കിദ്മത്ഗാര്‍ പ്രവര്‍ത്തകര്‍ ഒത്തുകൂടി. പെഷാവറിലെ ക്വിസ്സ ഖവാനി ബാസാറില്‍ അതിനെതിരേ പ്രതിഷേധിയ്ക്കാൻ നൂറുകണക്കിനു ജനങ്ങൾ തടിച്ചുകൂടി. ഖാനെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് അവര്‍ സർക്കാരിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ വന്ന ബ്രിട്ടീഷ് പോലീസ് കവചിത വാഹനങ്ങൾ ജനക്കൂട്ടത്തിൽ ഓടിച്ചുകൊണ്ട് ചില പ്രതിഷേധക്കാരെ വധിച്ചു. ജനങ്ങൾ തിരികെ ആക്രമിച്ചതിൽ ഒരു ബ്രിട്ടീഷ് പോലീസുകാരനും മരണപ്പെട്ടു. അതിനാൽ അവസ്ഥ കൂടുതൽ രൂക്ഷമാവുകയുണ്ടായി.
പ്രതിരോധക്കാർ മരിച്ചവരുടെ മൃതദേഹങ്ങളുമായി ധര്‍ണ തുടർന്നു. ആ സ്ഥലത്തേക്ക് സമാധാനം സ്ഥാപിയ്ക്കാനായി ഖുദായി ഖിദ്മദ്ഗാർ സന്നദ്ധസേവകർ ഉടനേയെത്തി. മരിച്ചവരുടെ ശരീരങ്ങളുമായി പൊയ്ക്കൊള്ളാമെന്നും ബ്രിട്ടീഷ് ഭടന്മാർ ബാസാർ വിട്ടു പോകണമെന്നും അവർ ആവശ്യപ്പെട്ടു. ഇനിയും മരണങ്ങളൊഴിവാക്കാൻ ജനങ്ങളെ നിയന്ത്രിയ്ക്കാൻ അവർ ശ്രമിച്ചു. പക്ഷേ ബ്രിട്ടീഷുകാർ വഴങ്ങിയില്ല. അവർ ബാസാർ വിട്ടു പോയില്ലെന്ന് മാത്രമല്ല പ്രതിഷേധക്കാരെ പിരിച്ചുവിടാൻ മെഷീൻ ഗൺ ഉപയോഗിച്ച് ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. രാവിലെ 11 മണിക്ക് ആരംഭിച്ച വെടിവെയ്പ് വൈകീട്ട് 3 മണിവരെ തുടര്‍ന്നു. നൂറുകണക്കിന് പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. കാടടച്ചുള്ള വെടിവെയ്പ്പില്‍ സമീപത്തെ കെട്ടിടങ്ങളില്‍ കാഴ്ചക്കാരായി നിന്നവര്‍ക്ക് വരെ വെടിയേറ്റു.
ബ്രിട്ടീഷ് രേഖകള്‍ പ്രകാരം മരണസംഖ്യ 20ആണ്. എന്നാല്‍ കോണ്‍ഗ്രസ് നിയോഗിച്ച വിതല്‍ഭായ് പട്ടേല്‍ അധ്യക്ഷനായ കമ്മറ്റി മരണസംഖ്യ 400 ഓളമാണെന്നും ഏതാണ്ട് അത്രത്തോളം തന്നെ പേര് ജീവച്ഛവങ്ങളായി മാറിയിട്ടുണ്ടെന്നും കണ്ടെത്തി. സംഭവമധ്യെ ലോറികളില്‍ ശവങ്ങള് ബ്രിട്ടീഷ് സൈനികര്‍ രഹസ്യമായി അജ്ഞാത സ്ഥലങ്ങളിലേക്ക് കടത്തിയതായി ദൃക് സാക്ഷികളുടെ മൊഴികളുണ്ട്.
നിരായുധരായ സമരഭടന്മാര്ക്കെതിരെ നടന്ന പൈശാചികമായ വെടിവയ്പ് ഇന്ത്യയൊട്ടുക്കും നടന്നിരുന്ന സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് ഉത്തേജനമാവുകയും പഷ്തൂണുകളുടെ സംഘടനയായ ഖുദായ് കിദ്മത്ഗാറിനെ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിയിലേക്കെത്തുകയും ചെയ്തു. സംഭവത്തിന്റെ അനന്തരഫലമായി ഖാന് അബ്ദുള്‍ ഗാഫര്‍ ഖാന് ദേശീയ നേതൃനിരയിലേക്കുയര്‍ന്നു. അഹിംസയിലൂന്നിയ പ്രതിരോധത്തോടുള്ള പ്രതിജ്ഞാബദ്ധത നിമിത്തം അദ്ദേഹം ‘അതിര്‍ത്തിഗാന്ധി’ എന്നറിയപ്പെട്ടു. യുദ്ധവീരന്മാരായ പഠാണികളേക്കാള് അക്രമരഹിതരായ പഠാണികളെ ബ്രിട്ടീഷുകാര്‍ ഭയപ്പെടുന്നുണ്ടെന്നും അതിനാല്‍ തങ്ങളെ പ്രകോപിപ്പിച്ച് അക്രമത്തിലേക്ക് തള്ളിവിടാന്‍ സാധ്യമായ ഏതു മാര്‍ഗവും അവര്‍ സ്വീകരിക്കുമെന്നും ഖാന് പിന്നീട് അഭിപ്രായപ്പെടുകയുണ്ടായി. 1940കളില്‍ അതിര്‍ത്തി പ്രവിശ്യയില്‍ മുസ്ലീം ലീഗിന്റെ സ്വാധീനം വര്‍ധിച്ചതോടെയാണ് പഷ്തൂണുകള്‍ക്കിടയില്‍ വിഭജനവാദത്തിന് സ്വീകാര്യത വന്നത്.
ക്വിസ്സ ഖവാനി ബാസാര്‍ കൂട്ടക്കൊലയ്ക്കെതിരെ വമ്പിച്ച ജനരോഷം ഇന്ത്യയിലുടനീളമുണ്ടായി. തത്ഫലമായി ജോര്‍ജ് ആറാമന്‍ രാജാവ് ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി. ലക്നൗ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് നൈമത്തുള്ള ചൗധരിക്ക് അന്വേഷണ ചുമതല നല്കി. സംഭവം എങ്ങനെയെങ്കിലും മൂടിവെയ്ക്കാന്‍ ജസ്റ്റിസിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി പെഷവാര്‍ ചരിത്രരേഖകളില്‍ കാണുന്നു. ചൗധരിക്ക് സര്/ലോര്‍ഡ് പദവി നല്‍കികൊണ്ട് ജോര്‍ജ് ആറാമന്‍ രാജാവ് ഉത്തരവിറക്കി. ബ്രിട്ടീഷ് സൈന്യത്തിന് ക്ലീന്‍ ചിറ്റ് നല്‍കികൊണ്ടുള്ള ഒരു റിപ്പോര്‍ട്ട് പ്രതീക്ഷിച്ചായിരുനു ഇത്. പക്ഷെ ചൗധരി നേരിട്ട് സംഭവസ്ഥലം സന്ദര്‍ശിക്കുകയും നിഷ്ഠൂരകൃത്യത്തിന് ബ്രിട്ടീഷ് അധികാരികളെ ഉത്തരവാദികളാക്കിക്കൊണ്ട് 200 പേജുള്ള ഒരു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
ഇതിനു സമാനമായ മറ്റൊരു സംഭവം 1919 ഏപ്രില്‍ 13നു നടന്ന ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയാണ്. അതില്‍നിന്ന് ഭിന്നമായി, പഷ്തൂണ്ഖ്വായ്ക്കു പുറത്ത് ക്വിസ്സ ഖവാനി ബാസാര്‍ കൂട്ടക്കൊല ഇന്ന് അധികമാരുമോര്‍ക്കുന്നില്ല. തങ്ങളുടെ പൂര് വികരനുഭവിച്ച ത്യാഗത്തെക്കുറിച്ച് വരും തലമുറയ്ക്ക് അറിവുനല്കാന് ക്വിസ്സ ഖവാനി ബാസാര്‍ കൂട്ടക്കൊല പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണമെന്ന് ഖൈബര്‍-പഷ്തൂണ്‍ഖ്വായിലെ വിദ്യാഭ്യാസ പുരോഗതിയ്ക്കുമായി പ്രയത്നിക്കുന്ന ഗാന്ധാര-ഹിന്ദ്കോ ബോര്‍ഡ് നിരന്തരം ആവശ്യപ്പെടുന്നുണ്ട്.
വീരചന്ദ്രസിങ് ഗഢ്വാളി (Veer Chandra Singh Garhwali): ക്വിസ്സ ഖവാനി സംഭവത്തെക്കുറിച്ച് വിവരിക്കുമ്പോൾ വിട്ടുകളയാനാവാത്ത പേരാണ് ചന്ദ്രസിങ് ഭണ്ഡാരിയുടെത്. ക്വിസ്സ ഖവാനിയിലെ സമരഭടൻമാരെ നേരിടാൻ നിയോഗിക്കപ്പെട്ട, റോയൽ ഗഢ്വാൾ റൈഫിൾസിന്റെ ഒരു പ്ലാറ്റൂണിനെ നയിച്ചത് ചന്ദ്രസിങ് ആയിരുന്നു. നിരയുധരായ സമരക്കാർക്കെതിരെ വെടിയുതിർക്കാനാവില്ല എന്നുറപ്പിച്ച് പറഞ്ഞ് തോക്കുകൾ താഴെവച്ച ചന്ദ്രസിങ് നേതൃത്വം നൽകിയ പ്ലാറ്റൂൺ ബ്രിട്ടീഷ് സൈനിക മേധാവിയെ അമ്പരപ്പെടുത്തി.
ഒന്നാം ലോകമഹായുദ്ധത്തിൽ നിരവധി പോരാട്ടങ്ങളില്‍ പങ്കെടുത്ത ഗഢ്വാൾ റൈഫിൾസ് ബ്രിട്ടീഷ് സൈന്യത്തിനോട് അഗാധമായ കൂറ് വെച്ചുപുലര്‍ത്തിയിരുന്നു. അവരിൽനിന്ന് ഇത്തരമൊരു പെരുമാറ്റം ബ്രിട്ടീഷുകാര്‍ പ്രതീക്ഷിച്ചില്ല. പിന്നീട് കൃത്യവിലോപത്തിന് ഗഢ്വാൾ സൈനികരെ കോർട്ട് മാർഷ്യൽ ചെയ്തു. ചന്ദ്രസിങിനെ ജീവപര്യന്തം ശിക്ഷിച്ചു. വീരചന്ദ്രസിങ് ഗഢ്വാളി പ്രദർശിപ്പിച്ച ധീരത ദേശീയ നേതാക്കളുടെ പ്രശംസയ്ക്ക് പാത്രമായി. ബഡേഭായിയെ പോലെ നാലുപേരെ കിട്ടിയിരുന്നെങ്കിൽ ഇന്ത്യ നേരത്തെ തന്നെ സ്വതന്ത്രമാകുമായിരുന്നു എന്നാണ് ഗാന്ധിജി അഭിപ്രായപ്പെട്ടത്. സുഹൃത്തുക്കൾക്കിടയിൽ ബഡേഭായി എന്നാണ് ചന്ദ്രസിങ് അറിയപ്പെട്ടത്. ഐഎൻഎ രൂപീകരണത്തിന്റെ ഒരു പ്രചോദനം ചന്ദ്രസിങും കൂട്ടരും പെഷവാറിൽ കാണിച്ച ചങ്കൂറ്റമാണെന്നായിരുന്നു നേതാജി സുഭാഷ് ചന്ദ്രബോസ് പറഞ്ഞത്.
11 വര്‍ഷത്തെ തടവിനുശേഷം അദ്ദേഹം മോചിതനായെങ്കിലും ക്വിറ്റ് ഇന്ത്യാസമരത്തില്‍ പങ്കെടുത്തതിന് വീണ്ടും മൂന്ന് വര്‍ഷം കൂടി ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു. 1946 വരെ ഗഢ്വാള് പ്രദേശത്ത് കയറുവാന്‍ വിലക്കുണ്ടായിരുന്നു. സ്വാതന്ത്ര്യാനന്തരം രാഷ്ട്രീയത്തിലിറങ്ങുകയും 1957ലെ തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിക്കുകയും ചെയ്തു. 1979ല്‍ അദ്ദേഹം അന്തരിച്ചു. 1994 ല്‍ വീരചന്ദ്രസിങ് ഗഢ്വാളിയുടെ സ്മരണാര്‍ഥം കേന്ദ്രസര്‍ക്കാര്‍ പോസ്റ്റല്‍ സ്റ്റാമ്പ് പുറത്തിറക്കി. 2016ല്‍ ഉത്തരാഖണ്ഡിലെ പീതിസാന് ഗ്രാമത്തില്‍ ഗഢ്വാളിയുടെ പ്രതിമ അന്നത്തെ പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ അനാച്ഛാദനം ചെയ്തു.