നാളികേരത്തിൻ്റെ നാടായ സലാലയിലേക്ക് ഒരു പുണ്യം തീർത്ത യാത്ര..
വിവരണം -സമദ് അബ്ദുൽ.
മരുഭൂമിയിലെ ചൂടിൽ നിന്നും രക്ഷ നേടാൻ കേരളത്തിൽ നിന്നും പറിച്ചു നട്ട ഒരു സ്ഥലം ഒമാനിൽ ഉണ്ടെന്ന് അറിഞ്ഞത് മുതൽ പോകാനുള്ള ആഗ്രഹം മനസ്സിലുണ്ട്. അങ്ങനെയാണ് മസ്കറ്റ് ലുള്ള കസിൻ ഫ്രെണ്ട് Mujeeb ഈ വരുന്ന ഈദ്ന് “ജ്ജ് പോര്ന്നാ” എന്നും ചോദിച്ചു ക്ഷണം വന്നത്.വേറെ ഒന്നും ആലോചിക്കതെ Ok പറഞ്ഞു. ഗൂഗിളിൽ കാലാവസ്ഥ നിഗമനം നോക്കിയപ്പോൾ 30 നു താഴെ.മഴയും പ്രതീക്ഷിക്കിന്നു. സസന്തോഷം!!തിങ്കളാഴ്ച ഈദും കൂടി ഒത്തു വന്നപ്പോൾ എല്ലാ ഡബിൾ OK!. ഈദ് പ്രാർത്ഥനക്ക് സലാലയിലെത്തണം. തലേ ദിവസം യാത്ര ചെയ്താൽ അങ്ങോട്ടുള്ള റോഡിൽ തിരക്ക് കുറയുമെന്ന് കസിന്റെ വാദം.
ദുബായിലെ ഈദ് ഞായാറാഴ്ച ആയതിനാൽ പ്രാർത്ഥനയും കഴിഞ്ഞു 7.05 നു Al khanjry Transport എന്ന ബസ് #ദുബായ്ലെ പോർട്ട് സയീദ് എന്ന സ്ഥലത്ത് നിന്നു യാത്ര തുടങ്ങി( തലേന്ന് തന്നെ 120(റിട്ടേൺ അടക്കം) ദിർഹത്തിനുള്ള ടിക്കറ്റെടുത്തിരുന്നു. തനിച്ചാണ് ഒമാനിലെ മസ്ക്കത്തിലേക്കുള്ള യാത്ര. ദുബായ് നഗരവും പിന്നിട്ട് ഷാർജയുടെ അരികത്ത് കൂടെ എന്നെ പോലെ യാത്ര ചെയ്യുന്ന 6 പേരെയും വഹിച്ചു കൊണ്ട് ഒരു 48 സീറ്റ് കപ്പാസിറ്റിയുള്ള വലിയ ബസ്, ഒരു ഒമാനി ഡ്രൈവർ അവന്റെ ബസുമായി പ്രയാണം തുടരുകയാണ്. ഈദ് ദിനം രാവിലെ ആയത് കൊണ്ട് ബസ്ന്റെ അകവശം പോലെ തന്നെ നിരത്തും വിജനം!
ഏകദേശം 2 മണിക്കൂർ എടുത്തു ഹത്ത വഴി Al wajah ബോർഡറിലെത്തിച്ചേരാൻ. ആദ്യം UAE യുടെ ബോർഡർ ഉദ്യോഗസ്ഥരിൽ നിന്ന് 35 ദിർഹത്തിന്റെ എക്സിറ് പാസ്സ്ഉം പാസ്പോർട്ടിൽ സീലും അടിച്ചു ഒമാൻ ബോർഡർ ഓഫീസിലേക്ക് കുറച്ചു ദൂരം സഞ്ചരിച്ചു. കൗണ്ടറിലെത്തി. സൗമ്യമായ പെരുമാറ്റം കൊണ്ട് ഒമാൻ സ്വദേശികൾ എന്നെ ഒരു പാട് വിസ്മയിപ്പിച്ചിട്ടുണ്ട്.on arrival വിസ( 3മാസം validityയുള്ള passportഉം visaയും തൊഴിൽ;sales excutive മുതൽ മേലോട്ടുള്ള ജോലിയും ഉണ്ടെങ്കിൽ 30 ദിവസത്തേക്ക് Oman tourist visa കിട്ടും)ചാർജായി 5 ഒമാനി റിയാൽ ക്രെഡിറ് കാർഡിലൂടെ അടച്ചു പാസ്സ്പോർട്ടിൽ സീലും അടിച്ചു ഒമാനിലേക്ക് കാലെടുത്തു വെക്കുകയാണ്. അതിനിടയിൽ ഞങ്ങളുടെ ബാഗുകൾ നായയെ കൊണ്ടുള്ള സെകുരിറ്റി ചെക്കിങ്ങും ഉണ്ടായിരുന്നു.
യാത്ര തുടരുകയാണ്.ഓരോ റൗണ്ട്ബൗട്ടുകളും അതിനോട് ചേർന്ന ചെറിയ സിറ്റിയും കാണാമായിരുന്നു. ചെറിയ കെട്ടിടങ്ങളും പ്രൗഢി വിളിച്ചോതുന്ന വീടുകളും മാത്രം. അതിനിടയിൽ ചെറിയ ഉറക്കത്തിലേക്കും ഞാൻ വഴുതി വീണിരുന്നു. ഞങ്ങളുടെ ബസ് ഡ്രൈവർ 120 -140 സ്പീഡിൽ കത്തിച്ചു വിടുന്നുണ്ട്. സുദീർഘ യാത്രകൾ മടുപ്പ് വരുന്ന സമയമാണ് തനിച്ചുള്ള യാത്രകൾ.!!4 മണിക്കൂർ കഴിഞ്ഞു കാണും ഒമാനിലെ സീബ് എന്ന സ്ഥലത്തെത്തി. ഇടതു വശത്തായി മസ്കറ്റ് എയർപോർട്ടും കാണാമായിരുന്നു.കുറച്ചു കൂടി മുന്നോട്ടു പോയി കസിൻ പറഞ്ഞതനുസരിച്ച് റുസൈൽ(Rusayil)റൗണ്ടബൗട്ടിൽ ഇറങ്ങിയതും “ജ്ജ് എവടെ ” എന്നും ചോദിച്ചു കസിന്റെ ഫോൺ വന്നതും ഒരുമിച്ചായിരുന്നു. അവൻ Nissan Petrol (ഈ വണ്ടിയിലാണ് ഞങ്ങളുടെ യാത്ര ഇനി )കാറുമായി എന്നെ തേടിയെത്തി. കാറിൽ കയറി “സൊഗ ബർത്താനങ്ങ ളൊക്കെ” പറഞ്ഞു നേരെ മസ്ക്കറ്റിലുള്ള അവന്റെ റൂമിലേക്ക്. ഞാൻ ആദ്യമായി മസ്ക്കറ്റ് നഗരം കാണുകയാണ്.അധികം വലുതല്ലാത്ത ഒരു നഗരം.മലകളാൽ ചുറ്റപ്പെട്ടത് കൊണ്ടു ഇനി അധികം വികസിക്കുമെന്ന് തോന്നാത്ത ഒരു പെട്രോൾ നഗരം!! റൂമിലെത്തി ഫ്രഷായി ദീർഘയാത്രക്കുള്ള ഒരുക്കങ്ങൾ നടത്തി.ഇഫ്താറിനുള്ള ഭക്ഷണം ഒരുക്കുന്ന തിരക്കിലാണ് കസിന്റെ സഹമുറിയന്മാർ.
2.15 ആകുമ്പോഴേക്കും കാറിൽ കയറി.കാറിൽ തന്നെയുള്ള നാവിഗേറ്റർ ഓൺ ചെയ്തു നോക്കിയപ്പോൾ ക്ര്യത്യം 1022 km!!! എല്ലാവരും(അവിടെ നിന്ന് 4 പേർ Rijas Kottakkal, Shafi Mohammed, Kabeer Ck Kabeer Ck കൂടി ഉണ്ടായിരുന്നു) ഒരു ദീർഘ ശ്വാസം വിട്ട് യാത്ര തുടങ്ങി.എങ്ങും നോക്കിയാലും മല നിരകൾ മാത്രം.ഇടയ്ക്ക് പേരിനൊരു കെട്ടിടങ്ങളും. Muscut – Salalah High way യിൽ കയറി.കാർ 120-140 km സ്പീഡിൽ മുന്നോട്ടു കുതിക്കുക്കയാണ്. ഞാനും കസിനും ഞങ്ങളുടെ മലപ്പൊറം ഭാസയിൽ കത്തി കേറി പോകുയാണ്. സുദീർഘ യാത്രയിൽ ഇഷ്ടപ്പെടുന്നവരും തമാശ പറയുന്നവരും കൂടെ ഉണ്ടായാൽ അതൊരു വേറെ അനുഭവമാണ്.Google mapൽ കാണുന്നുണ്ട് Omanന്റെ ഒരറ്റത്ത് നിന്ന് വേറെ അറ്റത്തേക്കുള്ള സഞ്ചാരമാണെന്ന്. ആരും ഉറങ്ങരുത് എന്ന നിബന്ധന വെച്ചത് കൊണ്ട് അതിനുള്ള ശ്രമം ആരും നടത്തുന്നില്ല. ഇപ്പൊ മരുഭൂമിയിലാണ് ഞങ്ങളുടെ യാത്ര.കണ്ണെത്താദൂരത്തു ഞങ്ങളുടെ പാത നീണ്ടു നിവർന്ന് കിടക്കുയാണ്.ഇടക്ക് കാണുന്ന പെട്രോൾ പമ്പിൽ നിറുത്തി ഞങ്ങൾക്കും കാറിനും ഇത്തിരി വിശ്രമം കൊടുക്കും. വീണ്ടും യാത്ര തുടരും.. Rusayil,fanja പിന്നിട്ട് Nizwaയും കഴിഞ്ഞു റോഡ് singleആയി ചുരുങ്ങി.ഇനി ഡ്രൈവിംഗ് വളെരെയധികം സൂക്ഷ്മത പാലിക്കേണ്ടതാണ്.ഓവർടേക്ക് ചെയ്യുകയായാണെങ്കിൽ ഡ്രൈവർക്ക് നല്ല ആത്മ വിശ്വാസം വേണം.
എതിർദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റെ അകലവും നാമും തമ്മിൽ ക്ര്യത്യമായ ദൂരമുണ്ടെങ്കിലേ ഓവർടേക്കിങ്ന് ശ്രമിക്കാവൂ.. ആ കാര്യത്തിൽ എന്റെ കസിന് നൈപുണ്യം ഉണ്ട്. ഇടയ്ക്കു വരുന്ന ട്രൈലറുകളും മറ്റ് വാഹനങ്ങളും മാത്രം.. വീണ്ടുമൊരു റോഡിന്റെ പണി സമാന്തരമായി പുരോഗമിക്കുന്നുണ്ട്. ഇരുട്ട് വ്യാപിച്ചു തുടങ്ങി.ഒരു പെട്രോൾ പമ്പിൽ ഇത്തിരി സ്ഥലം കണ്ടെത്തി സുപ്ര വിരിച്ചു പാർസൽ ചെയ്തു കൊണ്ട് പോയ “കബ്സ” (അറബിക് സ്റ്റൈൽ ബിരിയാണി) കഴിക്കാനിരിന്നു.നല്ല വിശപ്പ് ഉണ്ടായിരുന്നു എല്ലാർക്കും.അത് കാരണം ആ ഭക്ഷണത്തിനു പ്രത്യേക രുചിയും സ്വാദും തോന്നി.വീണ്ടും യാത്ര തുടരുകയാണ്.രാത്രിയുള്ള യാത്രയാണ് കുറച്ച് കൂടി താല്പര്യമായി തോന്നിയത്.ഒരു കൊടും വനത്തിൽ കൂടി പോകുന്ന പ്രതീതി.ദൂരെ അറ്റമില്ലാതെ കിടക്കുന്ന പാതയും കാണുന്നില്ല.അതൊരു നല്ലൊരു ആശ്വാസമായി. ഞങ്ങൾ കളി ചിരി തമാശകളുമായി നേരം പോയതറിഞ്ഞില്ല.തുമ്രിത് (Thimrith) എന്നൊരു ബോർഡ് കണ്ടപ്പോഴാണ് #സലാല എത്താനായി എന്നൊരു തോന്നലുണ്ടായത്.റോഡും വികസിക്കുന്നത് കണ്ടു.നേരെ മലമ്പാതയിലേക്കാണ് കയറാൻ തുടങ്ങിയത്.ആ മലയിറങ്ങിയാൽ സലാല എത്തുമെന്ന് കസിൻ ബോധിപ്പിച്ചു.
വളഞ്ഞ റോഡ് മുന്നോട്ടു പോകുന്തോറും ഞങ്ങളുടെ യാത്രക്ക് കൂടുതൽ മനോഹാര്യത വരാൻ തുടങ്ങി.കാരണം മഞ്ഞു വീഴ്ച തുടങ്ങിയിരിക്കുന്നു.ഞങ്ങൾ ആഗ്രഹിച്ചതും അത് തന്നെ.മലയിറങ്ങി വരുമ്പോൾ സലാല നഗരം കാണാൻ തുടങ്ങി.ആദ്യമായി ഞങ്ങളെ വരവേറ്റത് റോഡിനിരുവശവുമുള്ള കുലച്ചു നിൽക്കുന്ന തെങ്ങുകളാണ്. അത് കണ്ടു അന്തം വിട്ടുനിന്ന എന്നോട് “അന്നോട് ഇത് തന്നെയല്ലേ പറഞ്ഞത്.ഇബടെ ങ്ങനെ തന്നെയാണ് ” എന്ന് കസിൻ ഓർമ്മപെടുത്തി.ഇപ്പൊൾ ഏകദേശം 11.30Pm ആയിക്കാണും.സലാലയിൽ വരികയാണെങ്കിൽ എന്റെ വില്ലയിൽ തന്നെ താമസിക്കണമെന്ന് ഞങളുടെ നാട്ടുകാരൻ റഷീദ്ക്ക പറഞ്ഞിരുന്നു(ഇത് സലാലവാസികളുടെ ഒരു ആതിഥ്യ മര്യാദയാണ് ).
അവരെ ഫോണെടുത്തു വിളിച്ചു.”ഇങ്ങള് എവിടാ” “ഞങ്ങള് സലാല randabaout കെയ്ഞ്ഞു” “ന്നാ നേരെ ലുലു സെന്റർ നിക്ക്ണ സ്ഥലത്തേക്ക് ഇങ്ങട്ട് പോരീം ” അങ്ങനെ ഞങ്ങൾ അവർ പറഞ്ഞ സ്ഥലത്തെത്തി.റഷീദ്ക്ക നമ്മുടെ നാട്ടിൽ കാണുന്ന ഒരു സൈക്കിളിൽ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു.അവരുടെ കൂടെ പെട്ടെന്ന് തന്നെ അവരുടെ വില്ലയിലേക് പോയി.ഇപ്പൊ സമയം 12.10. ഒരു സുദീർഘ യാത്ര കഴിഞ്ഞ ക്ഷീണം കാരണം ഉള്ള സ്ഥലത്ത് ഞങ്ങൾ ചുരുണ്ടു കൂടി കിടന്നുനിറങ്ങി.
നേരം പുലർന്നത് തന്നെ “തക്ബീർ” വിളികൾ കേട്ടാണ്. കാരണം, സലാല യിലുള്ളവർക്ക് ഇന്നാണ് ഈദ്. പെട്ടെന്ന് തന്നെ എണീറ്റു കുളിച്ചു ആ നാട്ടുകാരുടെ കൂടെ അടുത്തുള്ള പള്ളിയിൽ പോയി പ്രാർത്ഥനയും കഴിഞ്ഞെത്തി. #സലാല എന്ന ആ കൊച്ചു പട്ടണത്തിനെ പറ്റി (അല്ലെങ്കിൽ കേരളത്തിൽ നിന്ന് കുടിയേറിയ ഏതോ ഒരു ഗ്രാമപട്ടണം)അറിയാനും നുകരാനും ആസ്വദിക്കുമാനും തുടങ്ങുകയാണ്. ആദ്യമായി ഒരു മുൻകൂർ ജാമ്യത്തിന് നിങ്ങളുടെ മുമ്പിൽ അപേക്ഷ വെക്കുകയാണ്. ഈ യാത്ര ഒരു വശത്ത് കൂടി നോക്കുമ്പോൾ തീർഥാടനം പോലെയും അപ്പുറം നോക്കുമ്പോൾ ഒരു പക്ഷെ സഞ്ചാരം പോലെയും അനുഭവപ്പെടാം..വിരസത തോന്നുന്നുവെങ്കിൽ മാപ്പപേക്ഷിക്കുന്നു.
പ്രാർത്ഥന കഴിഞ്ഞു പ്രാതലും കഴിച്ചു ഞങ്ങൾ പോയത് 7ആം നൂറ്റാണ്ടിൽ കേരളത്തിന്റെ ഒരു ഭാഗം ഭരിച്ചിരുന്ന രാജാവായ “താജുദ്ധീൻ അൽ ഹിന്ദി-R.A”(Cheraman Perumal)യുടെ ഖബറിടത്തേക്കാണ്.മക്കത്തു പോയി ഇസ്ലാം മതം സ്വീകരിച്ചു വരുന്ന വഴി ഇവിടെ വെച്ച് മരണമടഞ്ഞു എന്ന് പറയപ്പെടുന്നു. ദിശാബോർഡുകളുടെ അപര്യാപ്ത മൂലം കറങ്ങിയാണ് അവിടേക്കുള്ള റോഡിലേക്ക് പ്രവേശിച്ചത്. 10 വർഷം മുമ്പ് എന്റെ ഉൾഗ്രാമത്തിലെ ഒരു പാതയിലേക്ക് പ്രവേശിച്ച ഒരു പ്രതീതിയാണ് എനിക്കുണ്ടായത്. ടാർ ചെയ്യാത്ത കുണ്ടും കുഴിയുമുള്ള ഒരു റോഡ്! മുന്നോട്ടു പോകുന്തോറും ഒരു മലയാള ഉൾഗ്രാമത്തിൽ എത്തിയ പോലെ, പറഞറിയിക്കാനാവാത്ത ആനന്ദം!! റോഡിനിരുവശവും കേരവൃക്ഷങ്ങൾ ഇട തൂർന്ന് നിൽക്കുന്ന കൃഷി സ്ഥലങ്ങൾ.വാഴയും പപ്പായ മരവും കുരുമുളക് വള്ളികളും ഇട കലർന്ന് നിൽക്കുന്നു.ആ മരങ്ങൾക്കിടയിൽ നിന്നുള്ള കിളികളുടെ ശബ്ദം കൂടി കേൾക്കുമ്പോഴേക്കും ഞാൻ പരിസരം മറന്നു കഴിഞ്ഞിരുന്നു. എന്തിനേറെ നമ്മുടെ നാട്ടിൽ നിന്നും അന്യം നിന്നു പോയ “വേലികൾ” പോലും കാണാമായിരുന്നു.2 ഖബറിടങ്ങളും( ഒന്ന് അവരുടെ സന്തത സഹചാരിയുടേതാണെന്ന് പറയപ്പെടുന്നു)സന്ദർശിച്ചു തിരിച്ചു മെയിൻ റോഡിലേക്ക് കയറി കടലോര ഭാഗത്തേക്കു നീങ്ങി.
ഒരു തനി നാട്ടിൻപുറത്ത് എത്തിയിരിക്കുന്നു ഞങ്ങൾ!! (മലപ്പുറം ജില്ല യിലെ തീരുർ -താനൂർ പാതയിലൂടെ പോകുന്ന ഫീൽ ഉണ്ടാക്കിയ ആ യാത്ര)ഇടയ്ക്കു കാണുന്ന ഇളനീർ കച്ചവടക്കാരും കൂടിയാവുമ്പോൾ ചിത്രം പൂർത്തിയാകുന്നു. മുന്നോട്ടു നീങ്ങി ഞങ്ങൾ ഒരു കടൽക്കരയിലെത്തി. അവിടെയാണ് Al baleed archaeological park (UNESCO World heritage site ).11-ആം നൂറ്റാണ്ടിൽ കണ്ടെത്തിയതാണ്.അതിവിശാലമായ ഒരു പഴയ പട്ടണത്തിന്റെ അവശേഷിപ്പുകൾ എങ്ങും കാണാം, ഏതോ ഒരു സമുദായത്തിനെതിരെ ദൈവിക ശിക്ഷ ഇറങ്ങിയതാണെന്നും പറയപ്പെടുന്നു.അതിനടുത്തു തന്നെ ഒരു മ്യൂസിയം ഒരുക്കിയിട്ടുണ്ട്.വൈകുന്നേരം 2 മണി മുതലാണ് പ്രവേശനം എന്നറിഞ്ഞതിനാൽ അതും ഉപേക്ഷിച്ചു നേരെ എത്തിയത് Salalah ടൗണിൽ തന്നെയുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ ഇമ്രാൻ(Imran prophet )നബി(A.S) യുടെ ശവകുടീരത്തിൽ. സന്ദർശകർ ഈദ് ആയതു കാരണം കൂടുതലാണെന്ന് തോന്നുന്നു.അതിനടുത്ത് തന്നെ ഒരു മസ്ജിദും പൂന്തോട്ടവും ഒരുക്കിയിട്ടുണ്ട്.
അതും കഴിഞ്ഞു ഇറങ്ങുബോഴതാ റഷീദ്ക്കാന്റെ ഫോൺ വിളി ” ഇങ്ങള് എവടേണു? ചോറ് ബെയ്ച്ചണ്ടെ? ഫ്രസ്കോയി(ഫ്രഷ് ചിക്കൻ)ന്റെ ബിരിയാണി ഉണ്ട്.ബക്കം ബെരീം” കേട്ടപ്പോൾ തന്നെ എല്ലാവരുടെ മനസ്സിലും ലഡ്ഡു പൊട്ടി! വിശപ്പിന് ആക്കം കൂടി. വേഗം അവരുടെ റൂമിലെത്തി ഉച്ചഭക്ഷണം കഴിച്ചു.പെട്ടെന്ന് തന്നെ അവിടെ നിന്നിറങ്ങി.
ഇനി അടുത്ത സ്ഥലത്തേക്ക് 170 kmലധികം ദൂരമുണ്ട്. Hasik എന്ന മലഞ്ചെരുവിലേക്കാണ് യാത്ര. അവിടെ യാണ് സ്വാലിഹ്(Salih prophet) നബി(A.S)യുടെ ശവ കുടീരം. അതിനു മുംബ് ഒരു അത്ഭുതം കാണാനുണ്ട്. മിർബാത്(Mirbat) എന്ന സ്ഥലത്തെ anti gravity point! നമ്മുടെ വാഹനങ്ങൾ neutral gearൽ റോഡിലൂടെ സ്വയം മുകൾ ഭാഗത്തേക്ക് കയറി പോകുന്ന ഒരു തരം കാന്തിക പ്രവർത്തനം.14 km/hour സ്പീഡിൽ വരെ പോകുന്നതായി അനുഭവപ്പെട്ടു.അതും പരീക്ഷിച്ചു മുന്നോട്ട് നീങ്ങി.ഇനിയുള്ള യാത്ര നയന മനോഹരമായിരുന്നു. കടലിനോട് ഒട്ടിയുള്ള യാത്ര!! കാർ ഇടയ്ക്ക് നിറുത്തിയും ആസ്സ്വദിച്ചും യാത്ര തുടർന്നു. തിരമാലകൾക്ക് നല്ല ശക്തിയുണ്ടായിരുന്നു.ഒരു വശത്തു മലകളും എതിർ വശത്ത് കടലും അതിനിടയിൽ കൂടിയുള്ള ഞങ്ങളുടെ സഞ്ചാരം അതി മനോഹരമായിരുന്നു. കുറച്ചു കൂടി സഞ്ചരിച്ചു ചെറിയ മലയുടെ താഴ്ഭാഗത്ത് എത്തി. ഇനി ചവിട്ടു പടികൾ കയറണം.കുറച്ച് വാഹനങ്ങൾക്ക് പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുണ്ട്.ഞങൾ നടന്നു മുകളിലെത്തി അവിടെയാണ് സ്വാലിഹ്(A.S) പ്രവാചകന്റെ ഖബറിടം. മനോഹരമായി കെട്ടിടം ഒരുക്കിയിട്ടുണ്ട്.അടുത്തായി ഒരു മസ്ജിദും ഉണ്ട്.
തിരിച്ചു ചവിട്ടുപടിക്കിലിറങ്ങി കാറിൽ കയറി വന്ന വഴിയേ മുമ്പോട്ടു നീങ്ങി എത്തി പെട്ടത് Wadi darbat എന്ന നയന മനോഹാര്യത തുളുമ്പുന്ന സലാലയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രത്തിൽ! അരുവികൾ ചേർന്നു ചെറിയ തടാകമായി രൂപപ്പെട്ടിരിക്കുന്നു. വെള്ളം കുറവാണ് എങ്കിലും pedal boat കളും മറ്റു boatകളും തടാകത്തിൽ സഞ്ചാരികളുമായി റോന്ത് ചുറ്റുന്നുണ്ട്. അടുത്ത് തന്നെ എല്ലാ പ്രാഥമിക സൌകര്യങ്ങളും Oman goverment ഒരുക്കിയിട്ടുണ്ട്.തിരിച്ചു കാറിൽ കയറി ദൂരം പിന്നിട്ടു കടലിനോട് ചേർന്നു കിടക്കുന്ന Taqah castleലെത്തി.ഒരു പഴയ കെട്ടിടം!പ്രവേശനസമയം കഴിഞ്ഞത് കൊണ്ട് അകത്തേക്ക് കയറാൻ കഴിഞ്ഞില്ല. പിറകുവശത്തേക്ക് നീങ്ങി അസ്തമയ സൂര്യനെ നോക്കി കണ്ടു.പ്രേത്യേകത ഒന്നും മനസ്സിലാക്കാത്തത് കൊണ്ട് വേഗം മുന്നോട്ട് നീങ്ങി.അതിനടുത്തായി ഒരു വലിയ ശ്മശാനം കാണാമായിരുന്നു. അതിനിടയിലെ കല്ലുകൾ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു😌.
കാറിൽ കയറി യാത്ര തുടരുന്നതിനിടയിൽ Salalahയിലെ വഴിയോര ഭക്ഷണസ്പെഷ്യൽ ആയ കല്ലിന്മേൽ ചുട്ടെടുക്കുന്ന ചിക്കൻ ഫ്രൈ(പേര് മറന്നു🤔)കഴിച്ചു വളഞ്ഞ മല മ്പാതകൾ കയറി അവസാനം ഞങ്ങൾ എത്തിയത് മലമുകളിൽ (jabal khar എന്ന സ്ഥലം)സ്ഥിതി ചെയ്യുന്ന പ്രവാചകനായ അയ്യൂബ് (Job prophet) നബിയുടെ ഖബറിടത്തിൽ ആണ്.അവിടെ മുസ്ലിംകളും ക്രൈസ്തവരും ഉത്തരേന്ത്യൻ സിന്ധി നാട്ടുകാരും ഒരു പോലെ സന്ദർശനത്തിന് എത്തുന്നത് കാണാമായിരിന്നു. സന്ദർശകർ കൂടുതലായി വരുന്നത് കാരണമാവാം ഗെയ്റ്റിൽ തന്നെ സെക്യൂരിറ്റിയെ കാണാൻ കഴിഞ്ഞു.അകത്തു കയറി മുന്നോട്ട് നീങ്ങിയപ്പോൾ കല്ല് കൊണ്ട് കെട്ടിപ്പൊക്കിയ ചതുരത്തിനകത്ത് ഒരു കാൽപ്പാദം പതിഞ്ഞത് കാണാൻ കഴിഞ്ഞു.പ്രവാചകന്റെ കാലടിയാണെന്ന് വിശ്വസിക്കുന്നു.അകത്തേക്ക് കയറി. ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഒരു ബോർഡ്ലാണ് എന്റെ കണ്ണിലുടക്കി.സൂക്ഷിച്ചു നോക്കിയപ്പോൾ പ്രവാചകപരമ്പര വിശദമാക്കുന്ന ഒരു ചാർട്ടാണ് കാണാൻ കഴിഞ്ഞത്.എല്ലാം കണ്ടും കഴിഞ്ഞു അവിടെ നിന്നിറങ്ങി വീണ്ടും സലാല ടൗണിലേക്ക്,വീണ്ടും അന്തിയുറക്കത്തിനായ് റഷീദ്ക്കയുടെ സ്നേഹം നിറഞ്ഞ കൊട്ടാരത്തിലേക്ക്.
പിറ്റേന്ന് രാവിലെ തന്നെ എല്ലാവരോടും സ്നേഹാദരങ്ങൾക്ക് നന്ദി പറഞ്ഞു അവിടെ നിന്നിറങ്ങി. ഇനിയൊരു തീർത്ഥാടന കേന്ദ്രം കൂടി എത്തിപ്പെടാൻ ഉണ്ട്. പോകുന്ന വഴിയിലാണ് എന്ന് കസിൻ പറഞ്ഞു.ഒരു പ്രവാചകനായ ഹൂദ് (hood prophet)നബി(A.S.)യുടെ ശവകുടീരത്തിനടുത്തേക്കാണ്.Hiryeh എന്ന സ്ഥലത്താണ് അത്. സലാലയിൽ നിന്നും 40 kmഓളം ഉണ്ട്.Muscat പോകുന്ന റോഡിൽനിന്നും തിരിഞ്ഞാണ് പോകേണ്ടത്.
അങ്ങനെ പ്രകൃതി കനിഞ്ഞനുഭവിച്ച കേരളത്തെ ഓർമ്മിപ്പിക്കുന്ന സലാലയിൽ നിന്നും വിട വാങ്ങുകയാണ്. മെയിൻ റോഡിൽ നിന്നും തിരിഞ്ഞു കുന്നുകൾ കയറിയുള്ള പാതകൾ താണ്ടുകയാണ്.പച്ചപ്പുകൾ അവിടെങ്ങളിൽ കാണാനുണ്ട്.കണ്ണിനു രസമുള്ള കാഴ്ചകൾ തന്നെയായിരുന്നു കൂടുതലും.അവസാനം ഞങ്ങളുടെ ലക്ഷ്യ സ്ഥാനത്തു എത്തി. ആൾതാമസം തീരെയില്ലാത്ത ഒരു പ്രേദേശം!!സന്ദർശനവും കഴിഞ്ഞു അവിടെ നിന്നിറങ്ങി.
ഞങ്ങൾ കണ്ട ശവ കല്ലറകൾ നൂറ്റാണ്ടുകൾ പഴക്കമുള്ള നീളം കൂടിയവയായിരുന്നു എല്ലാം (ഒരു പക്ഷേ , ആദിമ മഹാ മനുഷ്യർ ഉയരം കൂടിയവരായിരിക്കാം, അല്ലെങ്കിൽ ഖബർ എവിടെയാണെന്ന് കൃത്യമായി അറിയാതെ കല്ലറകൾ പണിതതാവാം).എല്ലാ തീർത്ഥാടനവും അവസാനിപ്പിച്ചു ഇനി തിരികെ Mascutലേക്ക് തിരിക്കുകയാണ്. വീണ്ടും സുദീഘയാത്ര….
രാത്രി10 മണി കഴിഞ്ഞു കാണും Muscutൽ എത്തിയപ്പോൾ.. നേരെ കസിന്റെ കമ്പനി PRO യുടെ വീട്ടിലേക്ക് ഈദാശംസ പറയാനായി.ഒരു ചെറിയ മജ്ലിസിലേക്കാണ് ഞങ്ങളെ കൂട്ടി കൊണ്ട് പോയത്. അറബി സംസ്ക്കാരത്തിന്റെ ആദിത്ഥ്യ മര്യാദ എന്താണെന്ന് കാട്ടി തന്ന സന്ദർശനമായിരുന്നു അത്. ആ ഒമാൻ സ്വദേശികളും ഞങ്ങളുടെ കൂടെ ഒരുമിച്ചിരുന്നു ഞങ്ങളെ തീറ്റിക്കുകയായിരുന്നു. എന്തൊക്കൊയോ തിന്ന് നടക്കാൻ വയ്യാതെ തിരിച്ചു കാറിൽ കയറി മസ്കറ്റ്ലെ കസിന്റെ റൂമിലെത്തി( 2633 KM സഞ്ചരിച്ചു ഒമാനിൽ ഞങ്ങൾ)പെട്ടെന്ന് തന്നെ ഉറങ്ങി. രാവിലെ വീണ്ടും തനിച്ച് മ്മടെ ദുഫായിലേക്കും……
വാൽക്കഷ്ണം: വീണ്ടും മുൻക്കൂർ ജാമ്യത്തിനായി അപേക്ഷ നൽകുകയാണ്.. സലാലയിൽ ഞാൻ കണ്ടതെല്ലാം എഴുതി മുഷിപ്പിച്ചിട്ടുണ്ട്.. ഒരു പക്ഷെ , തീർത്ഥാടകനായി നിങ്ങൾക്ക് തോന്നിയേക്കാം… ക്ഷമിക്കണേ.. പിന്നെ, ഒമാനിലെ ഖരീഫ് (khareef)സീസൺ തുടക്കമായത് കൊണ്ട് പ്രകൃതി സൗന്ദര്യം അതിന്റെ ശൈശവ ദിശയിലാണ്. അത് ഫോട്ടോയിൽ തെളിഞ്ഞു കാണാം.