യാത്രാവിവരണം – Denish Raju.
കഴിഞ്ഞ EID അവധി ദിവസങ്ങളിൽ വളരെ ആകസ്മികമായാണ് ഒരു സെയ്ഷെൽസ് ട്രിപ്പ് പ്ലാൻ ചെയ്യുന്നത്. Expedia എന്ന ട്രാവൽ സൈറ്റിൽ കുറച്ചു ലാഭത്തിനു കിട്ടിയ പാക്കേജ് ആയിരുന്നു. ട്രാവൽ സൈറ്റുകളിൽ ബുക്ക് ചെയ്തു യാത്ര പോകുന്നവരുടെ ശ്രദ്ധക്ക്, കഴിവതും യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യുക. ചിലവിന്റെ അന്തരം രണ്ടും മൂന്നും മടങ്ങു നിങ്ങൾക്ക് ലാഭിക്കാൻ കഴിയും.
പെട്ടന്നുള്ള യാത്ര ആയതുകൊണ്ട് തയ്യാറെടുപ്പുകൾ വലിയതായി എടുക്കാൻ കഴിഞ്ഞില്ല. കൂടെ ഒരു വയസുള്ള മകനുള്ളത്കൊണ്ട് തയ്യാറെടുപ്പുകൾ നടത്താതിരിക്കാനും തരമില്ല. രണ്ടും കല്പിച്ചു സാദങ്ങളൊക്കെ പാക്ക് ചെയ്തു. വീട്ടുകാരിത്തി ഒരു കുഞ്ഞു ഉടുപ്പ് എടുക്കേണ്ട സ്ഥാനത്തു അഞ്ചേണ്ണം പാക്ക് ചെയ്തപ്പോൾ ആദ്യം ‘വെക്കേഷന്’ ഒരുമാസം നാട്ടിൽ പോക്കുവല്ല എന്ന് കളിയാക്കിയെങ്കിലും അത് എടുത്തത് നന്നായി എന്ന് പിന്നീട് മനസ്സിലായി. ദോഹയിൽനിന്നും ഖത്തർ ഐർവേസ് ലാണ് യാത്ര. മിഡ്ഡിൽഈസ്റ്റിൽ ഓപ്പറേറ്റ് ചെയ്യുന്ന ഫ്ലൈറ്റുകളിൽ ഏറ്റവും നല്ല സർവീസ് നടത്തുന്നവയിൽ ഒന്നാണ് ആണ് നമ്മുടെ സ്വന്തം ഖത്തർ ഐർവേസ്. വര്ഷങ്ങളായി ദോഹയിൽനിന്നും കേരളത്തിലേക്കുള്ള യാത്രയിൽ നമ്മുടെ ‘ചങ്ക്’ ആണ് .
വ്യാഴാഴ്ച വെളുപ്പിന് രണ്ടു മണിക്കാണ് ഫ്ലൈറ്റ്. ഓൺലൈൻ ചെക്കിങ് ചെയ്തു സുഹൃത്തുക്കളായ അഫ്സലിനും സെലിനും ഒപ്പം എയർപോർട്ടിൽ എത്തി. അഫ്സൽ പെരുന്നാളിന് പിറ്റേദിവസം നാട്ടിൽ പോകുന്നുണ്ട്. പ്രതീക്ഷിച്ച അത്രെയും തിരക്ക് ഇല്ലെങ്കിലും സാമാന്യം നല്ല തിരക്ക് തന്നെ ആയിരുന്നു. എന്റെ കൂടെ വരാൻ പ്ലാൻ ഇട്ടിരുന്ന മുനീറിനെ പറ്റി ആലോചിച്ചു. ഞാൻ മുൻസൂചിപ്പിച്ചത് പോലെ അവസാന നിമിഷ ബുക്കിംഗ് ആണ് അവനു വിനയായത്. അവൻ കുടുംബമായി നേപ്പാൾ ആണ് പോകുന്നത് . നമ്മുടെ അയൽരാജ്യമായ നേപ്പാൾ വളരെ മനോഹരമായ രാജ്യമാണ്. എവറസ്റ്റ് കൊടുമുടിക്ക് മുകളിൽ കൂടിയുള്ള ഫ്ലൈറ്റ് ടൂറിസം അവൻ പിന്നീട് പറഞ്ഞുകേട്ടപ്പോൾ എന്നെകിലും അവിടെയൊന്നു പോകണം എന്ന് വിചാരിച്ചു.
കയ്യിൽ കുഞ്ഞുവാവ ഉള്ളതുകൊണ്ട് ചെക്കിങ് , ഇമിഗ്രേഷൻ കടമ്പകൾ വളരെ പെട്ടന്നുതന്നെ തീർക്കാനായി. ഒന്ന് ഫ്രഷ് ആകാനായി ലൗഞ്ചിലേക്ക് നടന്നു.അവധിക്കാലമായതിനാൽ അവിടെ നല്ല തിരക്കായിരുന്നു.ഒരു സാൻവിച് മാത്രം എടുത്തു കഴിച്ചു ഒരു കാപ്പിക്ക് ഓർഡർ ചെയ്തു. കിട്ടിയപ്പോൾ മനസിലായി സാദാ കാപ്പിയല്ല, നല്ല കിക്കുള്ള കാപ്പച്ചിനോ (cappuccino) ആണ്. നാട്ടുമ്പുറത്തു ജനിച്ച എവിടെ ചെന്നാലും നാടൻ ഭക്ഷണത്തെ മാത്രം പ്രണയിക്കുന്ന എനിക്ക് എന്ത് കാപ്പച്ചിനോ? നേരെ എഴുന്നേറ്റ് പോയി അസ്സൽ ഒരു ‘നാടൻ സുലൈമാനി’ ഉണ്ടാക്കി കുടിച്ചു നിർവൃതി അടഞ്ഞു.കുഞ്ഞു കയ്യിൽ ഉള്ളതുകൊണ്ട് ല്ഗഗേജ് എല്ലാം കയറ്റിവിറ്റിരുന്നു. ഒരു ക്യാരിബാഗ് മാത്രമാണ് കയ്യിലുള്ളത്. കുഞ്ഞുങ്ങൾക്ക് സ്ട്രോല്ലെർ (tram-കുട്ടികളെ കയറ്റി തെള്ളിനടക്കുന്ന ചെറിയ വണ്ടി) ഉള്ളവർ അതെടുക്കുന്നു എങ്കിൽ ഫ്ലൈറ്റ് ബോര്ഡിങ് ഏരിയ വരെ നമുക്ക് അതുകൊണ്ട്പോകാം. പിന്നീട് ല്ഗഗേജിന്റെ കൂടെ തിരികെ കിട്ടുകയും ചെയ്യാം. പുതിയ ഖത്തർ ഹമദ് ഇന്റർനാഷണൽ എയർപോർട്ട് കഴിഞ്ഞ വർഷങ്ങളിൽ തുറന്നതാണ്. യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. അതിനനൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചുള്ള ചെക്കിങ് ആണ് ഇവിടെ നടക്കുന്നത്. ഖത്തർ എന്ന രാജ്യത്തെ പറ്റി നിങ്ങളോട് പ്രത്യേകം പറയേണ്ടിയതില്ലല്ലോ!!!!
2022 ലെ FIFA Football world cup മത്സരങ്ങൾ ഇവിടെ വെച്ചാണെല്ലോ നടക്കുന്നത് . ചങ്ക്സ് എല്ലാരും കാണുമെല്ലോ. എല്ലാവരെയും വരവേൽകാനായി ഖത്തർ എന്ന രാജ്യം വലിയ രീതിയിൽ അണിഞ്ഞൊരുങ്ങി കൊണ്ടിരിക്കുകയാണ് . ഇവിടെ എവിടെ നോക്കിയാലും ഡെവലൊപ്മെൻറ്സ് (developments)മാത്രമേ കാണുവാൻ സാധിക്കു. പുതിയ പുതിയ റോഡുകൾ , ഹോട്ടലുകൾ ,ഫ്ളൈഓവർസ്, പാർക്കുകൾ , സ്റ്റേഡിയമുകൾ, മെട്രോറെയിൽസ്, കെട്ടിടങ്ങൾ എല്ലാം അതിൽചിലതുമാത്രം….
2006 ലെ Asain Games ലോകത്തെ ഞെട്ടിച്ച ഖത്തർ എന്തൊക്കെ വിസ്മയങ്ങൾ ആണ് കരുതിവെച്ചിട്ടിക്കുന്നത് എന്ന് ലോകം കാണുവാൻ ഇരിക്കുന്നതെ ഉള്ളു. ഈ രാജ്യത്തിൻറെ നേത്യുത്വം എല്ലാ മേഖലകളിലും ഉള്ള പുരോഗതികൾക്ക് വലിയ പ്രാധാന്യം ആണ്നകൊടുക്കുന്നത്; ഇവിടുത്തെ പൗരന്മാരുടെയും പ്രവാസികളുടെയും സന്തോഷവും സമൃദ്ധവുമായ ജീവിതം ഉൾപ്പെടെ.
യാത്രയിലേക്ക് തന്നെ വരാം. ഒരു മണിക്ക് തന്നെ ബോര്ഡിങ് ആരംഭിച്ചു. ഫ്ലൈറ്റ് ഫുൾ അല്ല. ധാരാളം സ്ഥലമുണ്ട്. ചിലർ നടുവിൽ ഉള്ള നാലുസീറ്റിന്റെ headrest കൾ ഉയർത്തി ട്രയിനിലെ ബെർത്ത് പോലെ നീണ്ടു നിവർന്നു കിടക്കുന്നു.. ഖത്തർ നിന്ന് ഏകദേശം ആറുമണിക്കൂർ യാത്രയുണ്ട്. അതിനാൽത്തന്നെ രണ്ടു കോഴ്സ് മീൽസ് നമുക്ക് ലഭിക്കും. ആദ്യം ഒരു സാന്ഡ്വിച് പിന്നീട് കുറച്ചു സമയം കഴിയുമ്പോൾ നമ്മുടെ ഇഷ്ടമനുസരിച്ചു വെജിറ്റേറിയൻ അല്ലെങ്കിൽ നോണ്വെജിറ്റേറിന് മീൽസ്.
രണ്ടുമൂന്നു ഇന്ത്യൻ ഫാമിലീസ് ഒഴിച്ചാൽ ബാക്കി എല്ലാവരും തന്നെ യൂറോപ്യൻസ് ആയിരുന്നു. ഇതിൽ ഖത്തറിൽ ജോലിചെയ്യുന്നവരും ഖത്തർ വഴി ട്രാൻസിറ്റ് യാത്ര ചെയ്യുന്നവരും ഉൾപ്പെടും. ഭക്ഷണം കഴിച്ച ശേഷം ഉറങ്ങിപോയത് അറിഞ്ഞില്ല. ക്യാപ്റ്റന്റെ ലാൻഡിങ്നുള്ള അന്നൗൺസ്മെന്റ് കേട്ടുകൊണ്ടാണ് പിന്നെ എഴുന്നേറ്റത്. സെയ്ഷെൽസ് സമയം എട്ടുമണിക്ക് കൃത്യം ഞങ്ങൾ അവിടെ ലാൻഡ് ചെയ്തു. ലാൻഡിങ്ങു്നു ഒരുങ്ങുമ്പോൾ ജനാലയിലൂടെ ആ കൊച്ച ദ്വീപ് സമൂഹങ്ങളുടെ മനോഹരമായ ആകാശ കാഴ്ചകൾ ഞങ്ങൾ കണ്ടു. എങ്ങും പച്ച പുതച്ചു കിടക്കുന്നു. കുന്നുകളും താഴ്വരകളും അവിടെ കണ്ട കൊച്ചുകൊച്ചു വീടുകളും ഒരു ഊട്ടി പ്രതീതി എന്നിൽ ഉണർത്തി. വളരെ ചെറിയ ഒരു വിമാനത്താവളം ആണ് അവിടുത്തെത് . അതിന്റെ 3 സൈഡ് മുഴുവൻ indian ocean ചുറ്റപ്പെട്ടു കിടക്കുന്നു. നമ്മുടെ രാജ്യാന്തര വിമാനത്താവളങ്ങൾ പോലെ ബ്രിഡ്ജ് സെർവീസോ , shuttle ബസുകളോ ഇല്ല. ഫ്ലൈറ്റിൽനിന്നും ഇറങ്ങി നേരെ ഇമ്മിഗ്രേഷനിലേക്ക് നടന്നു കയറാം. അത്രയ്ക്ക് അടുത്താണ് . മൂന്ന് സൈഡിൽ കടലാണെങ്കിൽ അടുത്ത വശം പർവതങ്ങൾ ആണ്…
Tourists എല്ലാവര്ക്കും അവിടെ on arrival free visa ആണ് ഉള്ളത്. Hotel ബുക്കിങ്ഗും റിട്ടേൺ ഫ്ലൈറ്റ് ടിക്കറ്റ് എന്നിവ തീർച്ചയായിട്ടും നമ്മുടെ കയ്യിൽ കരുതിയിരിക്കണം. ഇന്ത്യക്കാർക്ക് on-arrival free visa യിൽ പോകാവുന്ന രാജ്യങ്ങളിൽ ഒന്നാണ് Seychelles.
ഇമ്മിഗ്രേഷൻ നടപടികൾ ഒക്കെ പെട്ടന്ന് തന്നെ കഴിഞ്ഞു . രണ്ടു കാരണങ്ങൾ ആണ് . ഒന്ന് നമ്മുടെ കൂടെ ഒരു കുഞ്ഞു യാത്ര ചെയ്യുന്നുണ്ട്. രണ്ടാമത് ഒട്ടും തിരക്കുള്ള എയർപോർട്ട് അല്ല Seychelles ലേത് . ഏകദേശം 10-12 രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾ അവിടേക്കുണ്ട്. ജോലിചെയ്യാൻ എന്നതിനുപരിയായി ടൂറിസം ആണ് ഭൂരിപക്ഷം ആളുകളുടെയും ലക്ഷ്യവും. ഇന്ത്യയിൽ നിന്നും Air Seychelles വഴി നമുക്ക് ഇവിടെ എത്താം. അല്ലെങ്കിൽ കേരളത്തിൽനിന്നും ശ്രീലങ്കവഴിയും എത്തിച്ചേരാം. ഗൾഫ് നാടുകളിൽ ഉള്ളവർക്ക് Emirates , Ethihad , Qatar Airways എന്നിവ തിരഞ്ഞെടുക്കാം. Jetairways ഇവിടേക്ക് ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയുന്നു എന്നാണ് അറിയാൻസാധിച്ചത്. ട്രാവൽ വെബ്സൈറ്റുകളിൽ കയറി നിങ്ങൾക്ക് ഇഷ്ടമുള്ള വിമാനക്കമ്പനി തിരഞ്ഞെടുക്കാം. ബഡ്ജറ്റും സമയവും നോക്കി തിരഞ്ഞെടുക്കണം എന്നുമാത്രം. നമ്മുടെ നാട്ടിലെ സാമാന്യം വലിയ ഒരു കല്യാണ ആഡിറ്റോറിയം , അത്രയുമേയുള്ളു വിമാനത്താവളത്തിന്റെ മുൻഭാഗം. 5 -6 ടാക്സികൾ കിടപ്പുണ്ട് അത്രതന്നെ.
പുറത്തിറങ്ങി ഉടനെ തന്നെ കയ്യിൽ ഇരുന്ന കുറച്ചു ‘USD$’ അവിടുത്തെ Currrency ആയ Seychelles Rupees ആക്കി മാറ്റി. വിനിമയ നിരക്ക് 1US$= 13.54 SCR . മാർക്കറ്റ് വ്യതിയാനം അനുസരിച്ച ഏറ്റക്കുറച്ചിലുകൾ വരാം. അവിടേക്കു യാത്ര പോകാൻ ഉദ്ദേശിക്കുന്നവരുടെ ശ്രദ്ധക്ക്, ക്യാഷ് USD$ അല്ലെങ്കിൽ EURO€ ആക്കികൊണ്ട് പോയി അവിടെ മാറുകയാണ് സൗകര്യം. എന്നാൽ എന്റെ സഹയാത്രികരായ ചിലർ ATM വഴി ക്യാഷ് പിൻവലിക്കുന്നതും കാണുവാൻ കഴിഞ്ഞു. ATMമുകളിൽ കാർഡ് ഇട്ടതിനുശേഷം എന്തെങ്കിലും തെറ്റുപറ്റിയാൽ കാർഡ് ബ്ലോക്ക് ആകുന്ന ഒരു പതിവ് ചില സ്ഥലങ്ങളിൽ ഉണ്ട്. റിസ്ക് എടുക്കാൻ അത്ര താല്പര്യം ഇല്ലാത്തതുകൊണ്ട് ആ സാഹസത്തിനു മുതിർന്നില്ല. പക്ഷെ മണിഎക്സ്ചേഞ്ച് യിൽ നിന്നും കുറച്ചുചില്ലറപൈസ കൂടുതൽ കിട്ടിയപ്പോൾ എനിക്ക് തോന്നി ഇതിലും ഭേദം ATM തന്നെയായിരുന്നു എന്ന്. അല്ലെങ്കിലും നമ്മൾ ചില മലയാളികൾ (എല്ലാരും അല്ല കെട്ടോ) സാങ്കേതികവിദ്യക്ക് ഇപ്പോഴും അങ്ങ് വഴങ്ങാറില്ല.
കുഞ്ഞിന്റെ തുണി പൊതിഞ്ഞു വെച്ചിരുന്ന Zip കവറിൽ ചില്ലറപൈസ വാരി ഇട്ടുകൊണ്ട് ഞങ്ങൾ ടാക്സി ലക്ഷ്യമാക്കി നടന്നു.ടാക്സിഡ്രൈവർ ജെറി ഞങ്ങളെ വളരെ സ്നേഹത്തോടുകൂടി സ്വാഗതം ചെയ്തു. കാർ നമ്മുടെ നാട്ടിലെ ഹ്യുണ്ടായി വെർന്ന ആണു. ഹോട്ടലിലെക്കുള്ള ചാർജ് കെട്ടപ്പൊൽ ഞെട്ടിയില്ല കാരണംകുറച്ചു മാസങ്ങൾ മുൻപേ അവിടം സന്ദർശിച്ച എന്റെ കൂടെ ജൊലിചെയ്യുന്നKenneth Allen എന്ന അയർലാന്റ് കാരൻ ആ ചെറു രാജ്യത്തെ പറ്റി നല്ലൊരു വിവരണം തന്നിട്ടുണ്ടാരുന്നു. അവർ താമസിച്ച അതേ റിസോർട്ടിലാണ് ഞങ്ങളും താമസിക്കുന്നത്. എല്ലാരും ഈ അവസരത്തിൽ ഗൂഗിളിനെ ആണ് ആശ്രയിക്കുന്നത് എന്നാൽ നേരിട്ട് അനുഭവം ഉള്ളവരിൽ നിന്നും കാര്യങ്ങൾ അറിയാൻ കഴിഞ്ഞാൽ വലിയ ഉപകാരമായിരിക്കും. ടാക്സി നീങ്ങിത്തുടങ്ങി.
മറ്റൊരു യാത്ര വിവരണത്തിൽ നാം കേൾക്കുന്നത് പോലെ ‘ടാക്സി ഡ്രൈവർ Jerry ആളോരു രസികൻ ‘ ഒന്നും അല്ലായിരുന്നു പക്ഷെ സ്വന്തം രാജ്യത്തെ പറ്റി നല്ല അഭിപ്രായവും സർവോപരി ശുഭാപ്തി വിശ്വാസക്കാരനുമായിരുന്നു. എന്റെ ചോദ്യങ്ങൾക്കെല്ലാം വളരെ മാന്യമായി എന്നാൽ ആ രാജ്യത്തോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ അയാൾ കൃത്യമായി മറുപടി പറഞ്ഞുതന്നു. അതിന്റ ആകത്തുക ഇപ്രകാരമാണ്: 115 ഓളം ദ്വീപുകൾ ചേരുന്ന വളരെ ചെറിയ രാജ്യമാണ് Seychelles . 18 ആം നൂറ്റാണ്ടിൽ ഫ്രഞ്ച് അധീനതയിൽ ആയിരുന്നനെകിലും 19 ആം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ബ്രിട്ടീഷ് ഭരണം ഏറ്റടുത്തു 1976 യിൽ സ്വാതന്ത്ര്യം നേടി , നമ്മുടെ ഇന്ത്യ പോലെ Commonwealth രാജ്യങ്ങളുടെ പട്ടികയിലുള്ള ഒരു രാജ്യമാണ് ഇത്. ഒരുലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള ഈ രാജ്യത്തിൽ ജെറിയുടെ കണക്ക് പ്രകാരം 15000 ത്തിൽപരം പ്രവാസികളുണ്ട്. നമ്മുടെ ഇന്ത്യയിൽ നിന്ന് തന്നെ ധാരാളംപേർ അവിടെ ജോലിയും ബിസിനെസ്സുമായ് കഴിയുന്നുണ്ട് എന്ന് പിന്നെ അറിയുവാൻ സാധിച്ചു .
ജെറി ഒരു വിമുക്തഭടൻ ആണ്. ഇന്ത്യ എന്നുപറഞ്ഞാൽ അദ്ദേഹത്തിന് വളരെ ബഹുമാനവും നൂറു നാവുമാണ് കാരണങ്ങൾ ചുവടെ തന്നെ ഉണ്ട്.
1 ) അദ്ധ്യാപകവൃത്തിയിൽ അനേകം ഇന്ത്യക്കാർ അവിടെ ജോലിചെയ്യുന്നുണ്ട്, 2 ) മിലിറ്ററി പരിശീലനത്തിന്റെ ഭാഗമായി അദ്ദേഹം 80 കളിൽ ഏകദേശം ഒരുവർഷത്തോളം ഇന്ത്യയിൽ ഉണ്ടായിരുന്നു., 3 ) ഇന്ത്യയും സെയ്ഷെൽസ് തമ്മിലുള്ള വ്യാപാര, ഇതര ബന്ധങ്ങൾ, 4)പിന്നിട് അവിടെ ഞാൻ ഉടനീളം കണ്ട ഇൻഡ്യാക്കാരുടെ വ്യാപാര ബസിനെസ്സ് സ്ഥാപങ്ങൾ.
English,French , Seychelles Creole എന്നിവ ഇവിടുത്തെ ഭാഷകൾ ആണ്. എല്ലാവരും ഇംഗ്ലീഷ് സംസാരിക്കും.Seychelles രാജ്യത്തു പ്രധാനമായും മൂന്ന് വലിയ പബ്ലിക് ദ്വീപുകളാണ് ഉള്ളത്. Mahe island,Parslin island, La Diegu എന്നിവയാണത് .
അതിൽ രാജ്യതലസ്ഥാനമായ വിക്ടോറിയ സ്ഥിതിചെയ്യുന്നത് മാഹീ ഐലൻഡിലാണ്. ഞങ്ങൾ താമസിക്കുന്ന മാഹീ ഐലൻഡിലെ Beau Vallon എന്ന സ്ഥലത്താണ്. പോകുന്ന വഴിയിൽ വിക്ടോറിയ സിറ്റി കടന്നുവേണം പോകുവാൻ.ഒരു രാജ്യ തലസ്ഥാനത്തിനു നാം പ്രതീക്ഷിക്കുന്ന തലയെടുപ്പൊന്നും കണ്ടില്ല. നല്ല വൃത്തിയുള്ള ഒരുചെറുപട്ടണം. പട്ടണതിന്റെ ഒത്ത നടുവിൽ ലണ്ടൻ ക്ലോക്ക് ടവറിന്റെ ഒരു മിനിയേച്ചർ സ്തൂപം ഉണ്ട് . കുറെ വ്യാപാര സ്ഥാപനങ്ങളും പള്ളികളും ബാങ്കുകളും ഉള്ള ഒരു പട്ടണം. അതിരിട്ട് കുറെ windmills നിൽക്കുന്നുണ്ട്. രാജ്യപുരോഗതിക്കായി middleeast രാജ്യങ്ങളുടെ സഹകരണത്തോടെ സ്ഥപിച്ചതാണത്രേ അത്. സാമാന്യം വലിയ ഒരു port അവിടെ ഉണ്ട്. ജെറിയുടെ സംസാരത്തിൽ നിന്നും ആ രാജ്യത്തിൽ ഭൂരിഭാഗും സാധങ്ങളും ഇറക്കുമതി ചെയ്യുകയാണ്. അതുകൊണ്ട് തന്നെ ജീവിതച്ചിലവ് അൽപ്പം കൂടുതലാണ് ഇവിടെ. രാജ്യത്തിൻറെ പ്രധാന വരുമാനം ടൂറിസം, കൃഷി, മീൻ , മൽസ്യ അനുബന്ധ industries എന്നിവയൊക്കെയാണ്.വിക്ടോറിയയിൽ നിന്നും ഒരുവലിയ ചുരംകണക്കെയുള്ള (Hairpin) റോഡ് കയറി മലമുകളിൽ എത്തി ചുരമിറങ്ങി വേണം താമസ സ്ഥലത്തെത്താൻ.. ഒരു പരസ്യത്തിൽ പറയുന്നതുപോലെ ഓവർടേക്കിങ് *സ്വപനങ്ങളിൽ മാത്രം* .
മൂന്ന് important കാര്യങ്ങൾ എനിക്ക് കാണുവാൻ സാധിച്ചത് : 1)പോകുന്ന വഴിയിൽ ബസ്സ്റ്റോപ്പുകൾ വരുന്ന ഭാഗത്തു ബസ് നിർത്തുവാൻ വേണ്ടി പ്രത്യേകം സ്ഥലം ഉണ്ട്. എന്നുവെച്ചാൽ നമ്മുടെ നാട്ടിൽപോലെ റോഡിൻറെ ഭാഗം അപഹരിച്ചല്ല ബസുകൾ നിർത്തുന്നത്.
2)രണ്ടാമത് ആഫ്രിക്കറീജിയൻ ഉള്ള ഈ രാജ്യത്തെ റോഡുകളുടെ വൃത്തിയാണ്. കൃത്യമായ ഇടവേളകളിൽ മാലിന്യസംഭരണത്തിനുള്ള വലിയ പ്ലാസ്റ്റിക് പെട്ടികൾ വെച്ചിട്ടുണ്ട്. വീടുകളിൽ നിന്നും ആൾക്കാർ കവറുകളിൽ ഇവിടെ കൊണ്ട് നിക്ഷേപിക്കും.
3)മറ്റൊരു കാര്യം എന്നെ അതിശയിപ്പിച്ചത് പലചരക്ക്കടകൾ,ചെറിയ മിനി മാർക്കറ്റുകൾ തുടങ്ങി ഒട്ടുമിക്ക കടകളിലും തന്നെ മദ്യം സുലഭമായി ലഭിക്കും. ചുരുക്കം പറഞ്ഞാൽ റേഷൻ വാങ്ങിക്കാൻ പോകുന്ന ഒരുത്തന്റേയും കയ്യിൽ കാണും ഒരു കുപ്പി.🍾😝
മലനിരകളിൽ നിന്നും നോക്കിയാൽ ഭംഗിയുള്ള കാഴ്ചയാണ് ..പച്ചപ്പുതച്ചുനിൽക്കുന്ന ഭാഗത്തോടെ ചേർന്ന് നോക്കെത്താ ദൂരത്തു പരന്നുകിടക്കുന്ന ഇന്ത്യൻ മഹാസമുദ്രം. ഇവിടുത്തെ മിക്കവീടുകളിടേയും ബാല്കണികൾ ഈയൊരു ദൃശ്യത്തിന് തുറന്നുകൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്.
റിസോർട്ടിൽ എത്തി.Cash വാങ്ങി യാത്രപറഞ്ഞു ജെറിപൊയി. ആഥിത്യമര്യാദകളിൽ ഉപരിയായി ആ മനുഷ്യനിൽ ഞാൻ കണ്ട ഏറ്റവും നല്ല കാര്യം ,തന്റെ മാതൃനാടിനെ പറ്റി നല്ലത് മാത്രമേ അദ്ദേഹം പറഞ്ഞു എന്നുള്ളതാണ്. നമ്മുടെ ഇന്ത്യ ഒരു മഹാ രാജ്യമാണ് , ഏറ്റക്കുറച്ചിലുകൾ എല്ലായിടത്തും ഉണ്ടാകും. അതെങ്ങനെ പരിഹരിക്കാം എന്നതിനുപകരം എങ്ങനെ അത് facebook,Whatsappകളിലും ഷെയർ ചെയ്യാം എന്ന് ചിന്തിക്കുന്നവരോട് ഒരു വാക്ക്. Most of the Time👉നമ്മൾ മലർന്നുകിടന്ന് തുപ്പുകയാണ്🌬🌬
എന്റെ careeril ഏകദേശം30-യിൽ അധികം രാജ്യങ്ങളിൽ ഉള്ളവരുമായി ജോലി ചെയ്തിട്ടുണ്ട്. എല്ലാവര്ക്കും നമ്മുടെ ഇന്ത്യ മഹാരാജ്യത്തെ വളരെ ഇഷ്ടമാണ് . നമ്മുടെ പാരമ്പര്യം , സംസ്കാരം, ആയുർവ്വേദം, യോഗ,ടൂറിസം , സാഹിത്യം , പ്രേത്യേകിച്ചു നമ്മുടെ കൊച്ചുകേരളം എല്ലാവര്ക്കും വളരെ ഇഷ്ടമാണ്. പക്ഷെ ന്യൂസിൽ കൂടിയും സമൂഹമാധ്യമങ്ങളിൽ കൂടിയും, നമ്മുടെ നാട്ടുകാർതന്നെ പ്രചരിപ്പിക്കുന്ന നെഗറ്റീവ് വാർത്തകൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ അവരെ നമ്മിൽ നിന്നും അകറ്റുന്നു. യാഥാർഥ്യം ഇപ്പോഴും യാഥാർഥ്യം തന്നെയാണ്. പക്ഷെ ‘ അണ്ണാൻ കുഞ്ഞിനും തന്നാലായത് ‘ എന്ന പഴമൊഴി പോലെ നമ്മളാൽ കഴിയുന്ന നന്മകൾ സമൂഹത്തിനുവേണ്ടിയും രാജ്യത്തിനുവേണ്ടിയും ചെയ്യുവാൻ നമ്മൾക്ക് കഴിയട്ടെ.
സമയം രാവിലെ 9 :30 ആയിട്ടുള്ളു. ഹോട്ടൽ check-in ആരംഭിക്കുന്നത് ഉച്ചക്ക് രണ്ടുമണിക്കാണ്. ഫ്ലൈറ്റ് ടൈം ഇതായത്കൊണ്ട് വേറെ നിർവാഹമില്ല. നേര്ത്ത check-in ചെയ്താൽ ഒരാൾക്ക് 50€ ചാർജ് ചെയ്യും എന്നുഅവരുടെ വെബ്സൈറ്റിൽ വലിയ അക്ഷരത്തിൽ എഴുതി വെച്ചിട്ടുണ്ട്. പെട്ടന്ന് തന്നെ calculator എടുത്തു 50×3=150€ ഇന്ത്യൻ റുപീയിൽ calculate ചെയ്തു നോക്കി ഏകദേശം 12000 രൂപ. Vava ഉള്ളതുകൊണ്ട് വേറെ മാർഗവും ഇല്ല. രണ്ടുംകല്പിച് റിസപ്ഷനിൽ പോയി റിക്വസ്റ്റ് ചെയ്തു. ദൈവാധീനത്തിനു അവർക്കു മുറി ഒഴിവുണ്ടായിരുന്നു മാത്രമല്ല അഡിഷണൽ പ്യേമെന്റ് ഒന്നും ചാർജ്ചെയ്തുമില്ല . സമാധാനമായി. റിസോർട്ടിന്റെ തൊട്ടുമുന്പിൽ കടലാണ് വളരെ ഭംഗിയുള്ള സ്ഥലം.Seaview room കൂടി കിട്ടിയപ്പോൾ കുശാലായി. നല്ല ക്ഷീണം ഉള്ളത് കൊണ്ട് ഓന്നുറങ്ങാം എന്നുവിചാരിച്ചു റൂമിലേക്ക് നടന്നു. നടക്കുമ്പോൾ ഞാൻ വിചാരിച്ചു മലയാളികളെ ഇതുവരെ കണ്ടില്ല. ഈ രാജ്യത്തു മലയാളികൾ കാണില്ലായിരിക്കും!!! നമ്മുടെ നാട്ടിൽ നിന്നും ഭയങ്കര ദൂരമല്ലേ എങ്ങനെ ഇവിടൊക്കെ എത്തിപ്പെടാൻ ,എന്നുവിചാരിച്ചു ആദ്യമായി ഈ രാജ്യത്തു കാലുകുത്തിയ മലയാളിയെ പോലെ ഗമയിൽ നടന്നു നീങ്ങിയ ഞാൻ ഒരു ശബ്ദം കേട്ട് നിന്നുപോയി!!! ‘എടാ ഗിരീഷേ’ …..
ഹേ……..മലയാളം ആയിരിക്കില്ല, തോന്നിയതാകും എന്നുകരുതി തിരിഞ്ഞപ്പോൾ വീണ്ടും ആ ശബ്ദം വ്യക്തമായി ഞാൻ കേട്ടു.. എടാ ഗിരീഷേ’ ….. നീയാ ടേപ്പ് ഇങ്ങെടുത്തേ.!!!!! എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി !!! അല്ലെങ്കിലും തെറ്റു എന്റെ ഭാഗത്താണ് .അങ്ങ് ചന്ദ്രനിലും പീടിക ഉള്ള നമ്മൾ മലയാളികൾ സെയ്ഷെൽസിൽകാണാതിരിക്കുമോ? എന്റെ മുമ്പിൽ അതാ കട്ട മീശയും ഒതുക്കിവെട്ടിയ മുടിയും നല്ല ഒത്ത മലയാളിയായ ഗിരീഷ് എന്ന ചേട്ടൻ .ആ ഹോട്ടലിലെ Maintanance വിഭാഗത്തിലെ എല്ലാരും തന്നെ മലയാളികൾ ആണെത്രേ !!!! മൊട്ടയടിച്ചവന്റെ തലയിൽ കല്ലുമഴ പെയ്തതുപോലെ ആയി അടുത്ത രണ്ടു വാചകങ്ങൾ . അടുത്തുള്ള ഹോട്ടലിൽ എന്റെ നാട്ടുകാരായ ആലപ്പുഴക്കാരായ 50ഓളം മലയാളികൾ ഉണ്ട് .തീർന്നില്ല , നൂറിന് മുകളിൽ റൂമുകളുമായി ഏക്കർ കണക്കിന് വ്യാപിച്ചുകിടക്കുന്ന ഈ ഹോട്ടലിന്റെ ജനറൽ മാനേജർ തൃശൂർ കാരനായ സുജിത് ആണ്.!!! എന്തെല്ലാമായിരുന്നു , സെയ്ഷെൽസ്ലെ ആദ്യത്തെ മലയാളിപോലും … സെയ്ഷെൽസിൽ ഒരുമലയാളി സമാജം തന്നെയുണ്ടത്ര!!! തെറ്റ് തിരുത്തി പൂർവാധികം ശക്തിയോടെ ഇതാ ഞാൻ തിരിച്ച വരുന്നു….
റിസോർട്ടില്ലേക്ക് തന്നെ വരാം .അഞ്ചാം നിലയിൽ വളരെ വിശാലമായി രണ്ടുമുറിക്കളോടു കൂടി നീണ്ട ബാൽക്കണിയുള്ള പുറത്തേക്കു നോക്കിയാൽ ഇന്ത്യൻ മഹാസമുദ്രവും മനോഹരമായ പടിഞ്ഞാറൻ ചക്രവാളവും കാണത്തക്ക വിധം ഉള്ള ഒരു മുറിയായിരുന്നു അത്.കുളിച്ചുഫ്രഷ് ആയി ഖത്തർ നിന്നും കൊണ്ടുവന്ന ചപ്പാത്തിയും ചിക്കൻകറിയും കഴിച്ചു ഉറങ്ങാൻ കിടന്നു. ആദ്യ ദിവസം ആ റിസോർട്ടിൽ തന്നെ കഴിച്ചുകൂട്ടി. സാധനങ്ങള്ക്ക് ഒക്കെ വലിയ വിലയാണ് എന്ന് നേരത്തെ അറിഞ്ഞത് കൊണ്ട് വരുമ്പോൾ 3-4 കിലോ നാടൻ ഏത്തപ്പഴം, 2 കിലോ വീതം ആപ്പിൾ , ഓറഞ്ച് എന്നിവ കരുതിയിരുന്നു. കുഞ്ഞിനെ കൂടി കരുതിയാണ് അത് .. ആ ബഡ്ജറ്റിൽ നമ്മുടെ ബില്ല് കൂടി പാസ്സാക്കി എന്നുമാത്രം 😂 . കൂടാതെ ഭാര്യപ്പെണ്ണ് 10-20 ചപ്പാത്തിയുണ്ടാക്കിയെടുത്തിരുന്നു.
അല്ല പിന്നെ.
വൈകുന്നേരമായപ്പോൾ സൂര്യാസ്തമയം ഒന്നുകാണേണ്ടിയ കാഴ്ചത്തന്നെ ആയിരുന്നു. അവിടെ എടുത്ത ചിത്രങ്ങൾ അവസാനം ചേർത്തിട്ടുണ്ട്. രണ്ടുമുറികളെ കവർചെയ്തു ഒരുവലിയ വെള്ള ഷീറ്റ് വലിച്ചുകെട്ടിയിട്ടുണ്ടാർന്നു. എന്തിനാണ് അതെന്നു തലപുകഞ്ഞു ആലോചിച്ചു അവസാനം ഞാൻ ഒരു നിഗമനത്തിൽ എത്തിച്ചേർന്നു. ഗിരീഷ് ചേട്ടനെ കണ്ട മുറിയുടെ അടുത്താണ് ഈ വെള്ള ഷീറ്റിന്റെ മറ.അതു കൊണ്ട് ആ മുറികളിൽ വല്ല മെയ്ന്റനൻസ് നടക്കുവായിരിക്കും. എന്റെ ഒരു ബുദ്ധിയെ…!!! ഞാനും ഒരു എഞ്ചിനീയർ അല്ലെ .. ഇത്ര സിമ്പിൾ ആയുള്ള കാര്യങ്ങൾ മനസ്സിലാക്കിയില്ലെങ്കിൽ പിന്നെങ്ങാനാ🤔. എന്നോടുതന്നെ എന്നെപറ്റി ഒഫീഷ്യലായിട്ട് ആത്മപ്രശംസ അറിയിച്ചു . ഒരുപ്രാവശ്യമല്ല രണ്ടു മൂന്ന് പ്രാവശ്യം. പിന്നേം ചമ്മിപോയെങ്കിലും വൈകുന്നേരം അതിന്റെ യഥാർത്ഥ കാരണം അറിഞ്ഞപ്പോൾ സന്തോഷമായി.
റിസോർട് ഏകദേശം ഫുൾ ആണ് . വിവിധ രാജ്യക്കാരായ ആൾക്കാർക്ക് ഒരുമിച്ചിരുന്നു ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് 2018 കാണാൻ റിസോർട്ടുകാർ ഒരുക്കിയ കൂറ്റൻ പ്രൊജക്ടർ സ്ക്രീൻ ആയിരുന്നു അത്. ഫുട്ബോൾ ഭ്രാന്തൻ ഒന്നുമല്ലെങ്കിലും കാളികാണുന്ന ഒരാൾ എന്ന നിലക്ക് ഇതെനിക്ക് നന്നായി ബോധിച്ചു. മാത്രമല്ല എന്റെ മുറിയുടെ ബാല്കണിയിൽ ഇരുന്നാൽ കളി നന്നായി ആസ്വദിക്കുകയും ചെയ്യാം. മിക്ക റിസോർട്ടുകാരും ബിസിനസ് തന്ത്രങ്ങൾ ഇങ്ങനെയാണ് മെനയുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ഒരുമിച്ച് കാളികാണുമ്പോൾ ആവേശം വാനോളമാകും, ഇതിനടുത്തു തന്നെ അവരുടെ ഒരു പൂൾ സൈഡ് റെസ്റ്റെന്റും ബാറും ഉണ്ട്. തീറ്റിയും കുടിയും ധാരാളം ഓർഡർവറും, വിദേശികൾക്ക് രണ്ടെണ്ണം അടിച്ചിട്ട് ഇരുന്നു കാളികാണുന്നതാണ് ശീലം. ഫുട്ബോൾ കാണുന്ന സമയത്തു ഓർഡർ ചെയ്യുന്ന ഫുഡ് ആൻഡ് ബീവറേജ്സ് കള്ൾക് നല്ല ഓഫറുകൾ അവർപരസ്യപ്പെടുത്തിയിട്ടുമുണ്ട് . പോരെ പൊടിപൂരം. എനിക്ക് ഉറപ്പുണ്ട് ഇതിന്റെയെല്ലാം പിറകിൽ ഏതെങ്കിലും നല്ല ഒന്നാന്തരം മലയാളി ബുദ്ധിതന്നെയായിരിക്കും .നമ്മുടെ നാട്ടിൽ രാഷ്ട്രീയ, ഗോസ്സിപ്പ് ചൂട് ചർച്ചകൾ ചായക്കടകളിൽ നടക്കുമ്പോൾ ഒരു പ്രാവശ്യം കഴിച്ചിട്ടും, ‘എന്നാ കുട്ടപ്പൻ ചേട്ടന് ഒരു പ്ലേറ്റ് പൊറോട്ടയും ബീഫും കൂടി എടുക്കട്ടേ , ഒരു സ്ട്രോങ്ങ് ചായ കൂടിയാവാം ‘ എന്ന് പറഞ്ഞു ബിസിനസ് കൂട്ടാൻ കടക്കാരൻ പറയുമ്പോൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടാകുന്ന ഒരുതരം ‘ലഡ്ഡുപൊട്ടൽ ‘ ഉണ്ടല്ലോ, അതിന്റെ കോർപ്പറേറ്റ് രൂപാന്തരം ആണ് നമ്മൾ ഇവിടെ കണ്ടത്.
തീപാറിയ Portugal 3-3 Spain പോരാട്ടം ഇങ്ങനെ വിദേശികൾക് ഒപ്പം ഇരുന്നാണ് കണ്ടെത്. പാവം റൊണാൾഡോ സമ്മതിച്ചു നിന്നെ.🙏 കൂടുതലും യൂറോപ്യൻസ് ആയിരുന്നത് കൊണ്ട് നല്ല ബഹളം ഒക്കെ ഉണ്ടാരുന്നു. Seychelles ചെറിയ സ്ഥലം ആണെങ്കിലും നിറയെ ഫുട്ബോൾ ഭ്രാന്ത് ഉള്ള സ്ഥലം ആണെന്ന് പിന്നീട് ഉള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് മനസിലായി.
പിറ്റേന്ന് രാവിലേ തന്നെ ഉണർന്നു ബ്രീക്ഫ)സ്റ്റ് കഴിച്ച ശേഷം മകനായ ജോഷുവയെ എടുത്തുകൊണ്ട് അടുത്തുള്ള ബീച്ച് സൈഡിൽ കൂടി നടക്കാൻ പോയി. ഈ ദിവസം ബീച്ച് അനുബന്ധ പരിപാടികളുമായി ചിലവഴിക്കാൻ ആണ് പ്ലാൻ. അതിമനോഹരമായ ബീച്ച്. നമ്മൾ വാൾപേപ്പറുകളിൽ കാണുന്ന സീനറികളുടെ അത്ര ദൃശ്യചാരുത. ഇതിനു മുൻപ് നമ്മുടെ നാട്ടിലെ ഗോവയിൽ 1-2 തവണ പോയിട്ടുണ്ട്. ഏകദേശം അങ്ങനെ ഒക്കെ തന്നെ. പത്താം ക്ലാസ്സിൽ മലയാളം പഠിപ്പിച്ച സുകുമാരിയമ്മ ടീച്ചറിന്റെ അലങ്കാര ഭാഷയിൽ പറഞ്ഞാൽ ‘ അതുതാൻ അല്ലയോ ഇത് എന്ന് വർണ്യത്തിൽ ആശങ്ക ഉൽപ്രേഷലാംകൃതി’ എന്ന് തോന്നിപ്പോകും. അത്ര സാമ്യം ഉണ്ട് പല കാര്യങ്ങളിലും. വഴിവാണിഭക്കാർ ഒക്കെ വന്നുകൊണ്ടിരിക്കുന്നതെ ഉള്ളു. വിദേശികൾ ഒക്കെ രാവിലെ തന്നെ സൂര്യസ്നാനം ചെയ്തും ഇളംവെയിലേറ്റും ഒക്കെ സമയം ചിലവഴിച്ചുകൊണ്ടിരിക്കുന്നു.
സത്യം പറഞ്ഞാൽ പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കൂടുതലായി ശ്രദ്ധിച്ച ഒരു കാര്യം ഉണ്ട് . ശെരിക്കും വിദേശികൾതന്നെ ആണ് ഒഴിവുദിനങ്ങൾ നന്നായി അതിന്റേതായ രീതിയിൽ ചിലവഴിക്കുന്നത്. എല്ലാ ദിവസവും രാവിലെ തന്നെ അവർ എഴുനേറ്റ് പ്രഭാത ഭക്ഷണം കഴിച്ചശേഷം നേരെ കടൽത്തീരത്തേക്കോ പൂൾ സൈഡിൽ പോയി കിടക്കും. (നമ്മൾ ക്ഷീണം കാരണം 11 മണിക്കായിരിക്കും എഴുന്നേൽക്കുക തന്നെ) അവിടെ കിടന്നുകൊണ്ട് പുസ്തകം വായിക്കും, ഇടക്ക് ഡ്രിങ്ക്സ് അല്ലെങ്കിൽ ഫുഡ് ഓർഡർ ചെയ്യും. ആരെയും ശല്യം ചെയ്യില്ല. മൊബൈൽ നോക്കില്ല. ശബ്ദം ഉണ്ടാക്കാറില്ല. കൃത്യമായ ഇടവേളകളിൽ കടലിൽ പോയി കുളിക്കുകയും തിരികെ വന്നു അതേസ്ഥാനങ്ങളിൽ കിടന്നു ഉറങ്ങുകയോ ചെയ്യും, വൈകുന്നേരം വരെ ഇത് തന്നെയാണ് രീതി. പിന്നീട് അവിടെ വെച്ച് whatsapp അല്ലെങ്കിൽ email notification സൗണ്ട് മൊബൈലിൽ കേട്ട് ഓടി ചെന്നത് എടുക്കാൻ ശ്രമിക്കുമ്പോൾ ഞാൻ മുകള്പറഞ്ഞത് ആലോചിച്ചു. അവധി ദിനങ്ങൾ എന്നാൽ അത് കുടുംബത്തിന്റെ കൂടെ അല്ലെങ്കിൽ സുഹൃത്തുക്കളുടെ കൂടെ മാത്രം , സാങ്കേതികവിദ്യകൾ ഒക്കെ പൂർന്നമായും ഒഴിവാക്കി പച്ചയായ മനുഷ്യനായി ചിരിച്ചു കളിച്ചു തന്നെ ചെലവഴിക്കണം. മുൻപ് പറഞ്ഞപോലെ Beau Vallon എന്നാണ് ആ സ്ഥലത്തിന്റെ പേര് . ഏകദേശം 1-2 കിലോമീറ്റർ നീണ്ടു അർദ്ധവൃത്താകൃതിയിൽ കിടക്കുന്ന മനോഹരമായ ഒരു ബീച്ച് ആണ് അവിടെ. അവിടുത്തെ പ്രധാന വിനോദ ഉപാധികൾ ചുവടെ എഴുതുന്നു.
1)സ്വിമ്മിങ്, 2)സ്നോർക്കലിംഗ്, 3)സ്കൂബാ ഡൈവിംഗ്, 4) ഫിഷിങ്, 5)വാട്ടർ സ്കൂട്ടർ, 6)വിൻഡ് സർഫിങ്, 7)പാരാഗ്ലൈഡിങ്, 8) വാട്ടർ സ്കീയിങ്, 9) ബീച്ച് വോളി ബോൾ, 10) കയാക്കിങ് എന്നിവയൊക്കെ ആണ്. ടൂറിസ്റ്റ് സീസൺ ആയതുകൊണ്ടായിരിക്കാം ധാരാളം ആൾക്കാർ ഇതൊക്കെ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇതിനൊക്കെ ചിലവ് ഇന്ത്യൻ റുപീയിൽ നോക്കുമ്പോൾ അല്പം കൂടുതലാണ്. എങ്കിലും ജീവിതത്തിൽ നമ്മൾ ഇപ്പോഴും ഇതൊന്നും ചെയ്യാറില്ലാലോ എന്ന മനോഭാവത്തിൽ പോയാൽ അത് ആസ്വതിച്ചുതന്നെ തിരികെ വരാം. ബീച്ച് സൈഡിൽ കൂടി കുറെ യാത്ര ചെയ്തതിനു ശേഷം ഞങ്ങൾ തിരികെ റൂമിൽ എത്തി വിശ്രമിച്ചു.
നാടൻ ഭക്ഷണം ഇഷ്ട്ടപെടുന്ന ഒരാൾ എന്ന നിലയിൽ ഈ ഹോട്ടൽ തന്നെ തിരഞ്ഞെടുക്കാൻ ഉള്ള പ്രധാന കാരണം ഇവിടെ ഒരു ഇന്ത്യൻ റെസ്റ്ററെന്റ് ഉണ്ടെന്നുള്ള പ്രത്യേകത ആണ്. കടലിനോട് വളരെ ചേർന്നാണ് ഇത് സ്ഥിചെയ്യുന്നത്. കടൽകാറ്റേറ്റ് നമുക്ക് ഭക്ഷണം കഴിക്കാം. ഞങ്ങൾ പോയി ഒരു നോർത്തിന്ത്യൻ താലി മീൽസ് ഓർഡർചെയ്തു ; പെണ്ണിന് ഒരു ചിക്കൻ ബിരിയാണിയും. താലിക്ക്400SCR (INR2000+) ആയി കെട്ടോ. കൂടെ ഒരൂ നാരങ്ങാ വെള്ളവും. ഭേലേഭേഷ് ..തകർത്തു . ഒന്ന് കൂര്ക്കംവലിച്ചുകിടന്നുറങ്ങാൻ ഇതിലും നല്ലത് വേറെ ഒന്നുമില്ലാർന്നു. തിരികെ റൂമിലേക്ക് നടക്കുമ്പോൾ നേപ്പാൾ സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരനെ ഞാൻ പരിചയപെട്ടു. പാവം ഗൾഫ് രാജ്യങ്ങളെ പറ്റി വലിയ അവദാഹം ഒന്നും ഇല്ല. ഗൾഫ്രാജ്യങ്ങളിൽ ഒക്കെ അവിടുത്തെ പോലത്തെ കാലാവസ്ഥ ആണോ എന്ന് എന്നോട് ചോദിച്ചു അവൻ. ജൂൺ – ജൂലൈ മാസങ്ങളിലെ വറചട്ടിയിലെ പോലെ ചൂടിലാണ് ഞങ്ങൾ ജോലിചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ അവനു വളരെ അദ്ഭുതം ആയി. റൂമിൽ വന്നു നല്ല ഒരുഉറക്കം പാസ്സാക്കി. തിരമാലകളുടെ ശബ്ദം എപ്പോഴും അടുത്തുതന്നെ കേൾക്കാനാകും നമുക്ക്.
വൈകുന്നേരം ഞങ്ങൾ മൂന്നുപേരും കൂടി പിന്നെയും നടക്കാൻ ഇറങ്ങി . വേലിയേറ്റം തുടങ്ങിയിരിക്കുന്നു. തിരികെ വരുമ്പോൾ കടലിൽ ഇറങ്ങി കുളിച്ചു വരാൻ വേണ്ടി പ്ലാൻ ചെയ്തു തുണിയൊക്കെ എടുത്തു. അല്ലാതെ വരാൻ നമ്മൾ സായിപ്പൊന്നും അല്ലല്ലോ 😝. പോകുന്നവഴിയിൽ കച്ചവടക്കാരുടെ ബഹളം ആണ്. മുകള്പറഞ്ഞ ജലവിനോദങ്ങളുടെ ഏജന്റമാർ നമുക്ക് ചുറ്റും കാക്ക വട്ടമിട്ട് പറക്കുന്നത്പോലെ പറക്കും. ‘കിട്ടിയാൽ ഊട്ടി ‘എന്ന വിചാരത്തിൽ. നമ്മൾ ഇതെത്ര കണ്ടതാ അല്ലെ. നൈസായിട്ട് ഊരിപ്പോന്നു. മനസിൽ ആഗ്രഹം ഉണ്ട് പക്ഷെ കൈകുഞ്ഞുമായ് ഇത്തരം ജല വിനോദങ്ങൾക്ക് പോകുന്നത് വളരെ റിസ്ക് ഉള്ള ഒരു കാര്യമാണ്. നിങ്ങള്ക് ശെരിക്കും മനസ്സിലായിക്കാണും എന്ന്
വിശ്വസിക്കുന്നു. ഞങ്ങൾ യാത്ര തുടർന്നു .
ഏകദേശം അരകിലോമീറ്റർ ബീച്ചന് പാരലൽ ആയി ഈ റോഡ് ഉണ്ട്. ഇവിടെ വാഹന ഗതാഗതം നിരോധിച്ചിരിക്കുകയാണ്. കാൽനടക്കാർ മാത്രം. വഴിയോര കച്ചവട കേന്ദ്രങ്ങളിൽ എല്ലാം തന്നെ വലിയ ശബ്ദത്തിൽ പാട്ടുകൾ വെച്ചിട്ടുണ്ട്. ഫ്രഷ് ഫ്രൂട്സ് കിട്ടുന്ന കടകൾ ഉണ്ട്. നാട്ടിൽ ഞാൻ ഏറ്റവും മിസ് ചെയ്തിരുന്ന ചാമ്പക്ക കുറെ ഞാൻ വാങ്ങി തിന്നു റൂമിലും കൊണ്ടുപോയി വച്ചു. പപ്പായ, ഓറഞ്ച്,പഴങ്ങൾ,അത്തച്ചക്ക,പേരക്ക, മാമ്പഴം,കരിമ്പ്, കരിക്ക് പിന്നെ പേരരറിയാത്ത കുറെ fruits ഒക്കെ ഗാർഡൻ ഫ്രഷ് ആയിട്ട് അവിടെ ലഭിക്കും. വല്യ വിലയും തോന്നിയില്ല. മറ്റൊരു പ്രതേകതയായി തോന്നിയത് നല്ല ഒന്നാതരം ഗ്രിൽഡ് ഫിഷ് അവിടെ ലഭിക്കും എന്നുള്ളതാണ്. അപ്പോൾ തന്നെ പിടിച്ച പച്ച മീൻ നമ്മൾ പറയുന്ന സൈസിൽ ഉള്ളവ നമ്മുടെ മുൻപിൽ വച്ചു തന്നെ വൃത്തിയക്കി ഗ്രിൽ ചെയ്തു തരും അവർ. തെങ്ങിന്റെ പച്ചമടലിനു മുകളിൽ വച്ചു തീയിൽ അല്ലങ്കിൽ കരിയുടെ മുകളിൽ വെച്ചാണ് പാചകം. റം വിഭാഗത്തിൽ പെട്ട അവരുടെ മദ്യം ഉപയോഗിച്ചും ഗ്രിൽ ചെയ്തു എടുക്കും എന്ന് അറിയാൻ സാധിച്ചു.
വിദേശികളൊക്കെ അങ്ങനെയുള്ള കടകളിൽ പോയി വിലപേശി വാങ്ങി കഴിക്കുന്നുണ്ട്. നല്ല ടേസ്റ്റ് ഉണ്ട് അതിനു. ധാരാളം സൗവിനീർ ഷോപ്പുകൾ, ഐസ്ക്രീം പാർലറുകൾ ,പിസ്സ ഷോപ്പുകൾ , ബർഗർ കടകൾ, മിനി ബാറുകൾ എന്നിവ നമുക്ക് ഇവിടെ കാണാൻ സാധിക്കും. ഫിലിപ്പീൻസ് കാർ കഴിക്കുന്നതരത്തിലുള്ള ഭക്ഷണം ലഭിക്കുന്ന ചെറിയ പീടികകളും കണ്ടു. ശാന്തരായ നാട്ടുകാർ. മിക്കവരുടെ കയ്യിലും ഒരു കുപ്പി കാണും. ഡാൻസ് ഒക്കെ കളിച്ച അവർ ജീവിതംആസ്വദിക്കുകയാണ്. റോഡിൽ കൂടി അലഞ്ഞുതിരിഞ്ഞു നടക്കുന്ന പട്ടികൾക്കും വിദേശികൾ ഭക്ഷണം ഇട്ട് കൊടുക്കുണ്ടാരുന്നു.
ബീച്ചിൽ ഉടനീളം മാലിന്യ സംഭരണത്തിനുവേണ്ടി ധാരാളം ചെറുപെട്ടികൾ വെച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരു പേപ്പറോ കുപ്പിയോ ഒന്നുംതന്നെ എവിടെയും കാണാനില്ല. നമ്മുടെ നാട്ടിലും പാർക്കുകളും മറ്റും തുടങ്ങുന്ന മുറക്ക് ഇതെല്ലം കാണും , പക്ഷേ പിന്നീട് അങ്ങോട്ട് സാമൂഹികവിരുദ്ധർ നശിപ്പിക്കുകയോ കാടുപിടിച്ചു പോകുകയോ ചെയ്യുകയാണ് പതിവ്. റൂമിലേക്ക് തിരിച്ച പോകുന്നവഴിക്ക് ഞങ്ങൾ കടലിൽ ഇറങ്ങി കുറെ നേരം സമയം ചിലവഴിച്ചു. ഇവിടുത്തെ കടലിന്റെ പ്രത്യേകത വെള്ളം വളരെ Shallow ആണ് എന്നുള്ളതാണ്. എന്നുപറഞ്ഞാൽ നമുക്ക് വെള്ളത്തിൽ കുറെ അകത്തോട്ട് പോയാലും മുട്ടറ്റം വരെ ഒക്കെ വെള്ളം കാണുള്ളൂ. ആഴം ഉള്ളഭാഗം കുറച്ചു മാറിയാണ്.
ഈ സമയം ഞങ്ങൾ കുറച്ചു ഇന്ത്യക്കാരായ കുടുംബങ്ങളെയും കണ്ടു ഹിന്ദിക്കാർ ആണ്അവർ. അവിടുത്തുകാരായ ചിലപ്പയ്യന്മാർ വിദേശികളോട് കൂടി ബീച്ചസൈഡിൽ വോളീബോൾ കളിച്ചു രസിക്കുന്നുണ്ട്. മറ്റൊരുകാര്യം ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത് , വിദേശികളെ ആകര്ഷിക്കാനാണോ അതോ പൈസ വാങ്ങാനാണോ എന്നറിയില്ല ചിലർ ചില ചെപ്പടിവിദ്യകളൊക്കെ കാണിച്ച എല്ലാവരുടെയും ശ്രദ്ധ ആകര്ഷിക്കുണ്ടാരുന്നു. പലപ്പോഴായി ആ നാട്ടിലെ കൊച്ചുപിള്ളാരെ കൂട്ടമായി നമുക്ക് കാണാം. ആണും പെണ്ണും എല്ലാം കടലിന്റെ കരയിൽ കൂടിനടക്കും.അവരുടെ നാടല്ലേ അവരുടെ സ്വാതന്ത്ര്യം. അവർ വേറെ ആരെയും മൈൻഡ് കൂടിചെയ്യുനില്ല. നമ്മുടെ നാട്ടിപുറത്തുകൂടി ഒരു വിദേശി സൈക്കിൾ ഓടിച്ചുപോകുകയാണെകിൽ പണ്ട് കുട്ടികളെല്ലാം പിറകെ കൂടുന്ന കാര്യം ഞാൻ ഓർത്തുപോയി . ഇവിടാകട്ടെ നെവർ മൈൻഡ് !!!!
സൂര്യൻ പടിഞ്ഞാറേ ചക്രവാളത്തിൽ logoff ആയികൊണ്ടിരിക്കുന്നു. കുറെ ആളുകൾ കടലിന്റെ പശ്ചാത്തലത്തിൽ ഉള്ള ഈ മനോഹര ദൃശ്യം പകർത്താൻ ക്യാമെറയുമായി ‘steady like a vadi’ പോലെ നിങ്ങൾക്കുണ്ടാരുന്നു. അതിൽ ചിലരുടെ മുഖഭാവം കണ്ടാൽ ജീവിതത്തിൽ ആദ്യമായാണ് സൂര്യൻ അസ്തമിക്കുന്നത് കാണുന്നത് എന്ന്തോന്നുന്നു. പക്ഷെ കണ്ടു നിൽക്കേണ്ടുന്ന ഒരു മനോഹര ദൃശ്യം തന്നെ ആയിരുന്നു അത്. എന്റെ iPhone ഉപയോഗിച്ച് ഞാനും പകർത്തി കുറച്ചു ചിത്രങ്ങൾ . അടുത്തുതന്നെയുള്ള ഒരു റെസ്റ്റെന്റിൽ നല്ല പിസ്സ കിട്ടും എന്നറിഞ്ഞ ഞങ്ങൾ ഓടിപോയി ഓർഡർചെയ്തു . Namaskaar shaab , Aap kaisehe ? എന്നുള്ള സ്നേഹമുള്ള ഇന്ത്യൻ സ്വാഗതം കേട്ട് ഞാൻ വീണ്ടും ഞെട്ടി . ആക്ച്വലി ഞാൻ ഇപ്പോൾ Goaലാണോ അതോ Seychelles ആണോ… 🤔🤔കൺഫ്യൂഷനായെല്ലോ കർത്താവെ ….
പിസ്സ കഴിച്ചു ഞങ്ങൾ റൂമിലേക്ക് നടന്നു. അവിടുത്തെ ഇന്ത്യൻ റെസ്റ്റെന്റിൽ നിന്നും റൈസ് , നാൻ , ബട്ടർചിക്കൻ എന്നിവ റൂമിൽ വരുത്തി കഴിച്ചു. എവിടെ ചെന്നാലും മുടങ്ങാത്ത ഒരു പതിവുണ്ട് ; വൈകിട്ട് ഞങ്ങൾ മൂന്നുപേരും കൂടിയിരുന്നു അന്ന് ക്ഷേമമായി നടത്തിയ ദൈവത്തിനു നന്ദി പറഞ്ഞു പ്രാർത്ഥിച്ചു കിടക്കും. നാളെ രാവിലെ ഒരു കാർ Rent എടുത്തു മാഹീ ഐലൻഡ് മുഴുവൻ കറങ്ങാൻ ആണ് പരിപാടി. ഇനി എല്ലാം കൂടി ഒന്നെര ദിവസ്സം കൂടിയേയുള്ളു. റൂമിലെ വൃത്തി ഭയങ്കരം തന്നെ. Housekeeping ചെയ്യുന്ന കരോൾ (Carole) എന്ന അവിടുത്തുകാരി ചേച്ചിക്ക് പോകുമ്പോൾ നല്ല ഒരു ടിപ്പ് കൊടുക്കണം എന്ന് ഭാര്യ പെണ്ണ് നിർദേശിച്ചു. കണ്ണുമടച്ചു അപ്പ്രൂവൽ കൊടുത്തു. പിന്നാലെ അടുത്ത റിക്വസ്റ്റ് എത്തി. ഇവൾ നല്ലതുപോലെ ജോലിചെയ്യുന്നുണ്ട്. നമ്മുക്ക് ദോഹയിലോട്ട് കൊണ്ടുപോയാലോ? മാന്യമായ ശമ്പളം കൊടുക്കാം! നല്ല ആഗ്രഹം പക്ഷെ Mission Impossible!!!!!!
പക്ഷെ പറഞ്ഞതിൽ കാര്യമുണ്ട്. അവിടുത്തെ ആണുങ്ങൾ എല്ലാം സിഗരറ്റ് വലിച്ചു, കുപ്പി കയ്യിൽ പിടിച്ച, വർത്തമാനം പറഞ്ഞു അല്ലെങ്കിൽ കാറിൽ വലിയ ശബ്ദത്തിൽ പാട്ടിട്ടുമാത്രമേ കണ്ടിട്ടുള്ളു. റിസോർട്ടിൽ ജോലിയുള്ള ചിലർ ഒഴിച്ചാൽ. സ്ത്രീകൾ ജോലിചെയ്യുന്ന കൂട്ടർ ആണെന്ന് തോന്നുന്നു.
രാവിലെ കൃത്യം 8 മണിക്ക് reception എത്താൻ പറഞ്ഞു. Rent a car ഓപ്പറേറ്റർ അവിടെ എത്തും അത്രേ. കുട്ടികാലം മുതൽ ഭയങ്കര സമയനിഷ്ടയുള്ള ഞാൻ കൃത്യം കിറുകൃത്യം 9:20നു 😝 റിസപ്ഷൻ എത്തി. അവൻ അവന്റെ പാടുനോക്കി വേറെ പണിക്ക് പോയി. റിസെപ്ഷണിൽ നിന്നും അവനെ വിളിച്ചുവരുത്തി , കലിപ്പ് മുഖവുമായ് അവൻ ഒരു ബെർമുഡ ഇട്ടോണ്ട് 20 മിനിറ്റ് കഴിഞ്ഞെത്തി. ഞാൻ ആണെകിൽ അവനോട് വിലപേശി ലാഭത്തിൽ കാർ എടുക്കുന്ന സ്വപ്നം രാത്രി കണ്ടെഴുന്നേറ്റതാണ്. 8 മണി മുതൽ താൻ കാത്തു നിന്നതിനെയും തനിക് വേറെ ജോലി ഉണ്ടായിരുന്നു എന്നും ചില പെണ്ണുങ്ങൾ പറയുന്നത് പോലെ അവൻ പറയാൻ തുടങ്ങി. അവന്റെ കുറ്റി മുടിയും, തലയിൽ ഉയർത്തി വെച്ച കൂളിംഗ് ഗ്ലാസും , മുഖത്തെ കുഴികളും, സമയം കളഞ്ഞകലിപ്പിലുള്ള ആ നോട്ടവും കണ്ടപ്പോൾ എന്നിൽ കഴിഞരാത്രി സ്വപ്നത്തിൽ ജോയ്ൻചെയ്തു അപ്പോൾ വരെ കൂടെ ഉണ്ടായിരുന്ന മാർക്കറ്റിംഗ് !agent!! റിസൈന് ചെയ്തു ഓടിപ്പോയി. ഞാൻ ഞാനായി. വീണ്ടും തെറ്റ് എന്റെ ഭാഗത്തല്ലേ…എങ്ങനെ സമാധാനം പറയും കർത്താവെ എന്ന് മനസ്സിൽ വിചാരിച്ചപ്പോൾ മനസ്സിൽ ഒരു ലഡ്ഡുപൊട്ടി …
ലഡ്ഡു അടുത്ത് തന്നെ ഇരിപ്പ്പുണ്ട്. അപ്പന്റെ മനസ്സിലെ സംഘർഷങ്ങൾ ഒന്നും അറിയാതെ അവിടെ താമസിക്കാൻ വന്ന സായ്പിന്റെ ട്രാവെൽബാഗിലെ റോളേഴ്സ് (small tyres in travelbags) കൗതുകത്തോടെ നോക്കുന്ന എന്റെ ജോഷുവ കുട്ടൻ . Tyre എന്നുപറഞ്ഞാൽ അവനു ഭയങ്കര വിക്ക്നെസ്സ് ആണ്. വലുതാകുമ്പോൾ അവനു ഒരു puncture and tyre കട ഇട്ടുകൊടുക്കാം എന്ന് ഞാൻ അവനോട് പറഞ്ഞിട്ടുണ്ട്. പൂഴിക്കടകൻ എടുത്തു ഞാൻ അവനോടുന്പറഞ്ഞു ,,നീ എന്റെ കുഞ്ഞിനെ കണ്ടോ? നിനക്കു കൊച്ചുപിള്ളാരുടെ കാര്യം അറിയാമെല്ലോ, ഇവനാണ് എല്ലാ താമസത്തിനും കാരണം. അവൻ രാവിലെ ഭയങ്കര നിർബന്ധമായിരുന്നു…….!!!!!!!!! ഒരു ഗുണ്ടയെ പോലെ ദേഷ്യമുണ്ടായിരുന്ന അവന്റെ മുഖം ജോണി ജോണി എസ് Pappa യിലെ അപ്പനെ പോലെ തരലമായി. ഐസ്ക്രീം പോലെ അലിഞ്ഞു ഇല്ലാതെയായി. ഒരുതെറ്റും ചെയ്യാത്ത കർത്താവിനെ ഒറ്റികൊടുത്തു ക്രൂശിച്ച ജൂദാസിന് കുറ്റബോധം ഉണ്ടായ അവസ്ഥയിൽ ഞാനും. escaped.
കാർ കിട്ടി . മുന്പറഞ്ഞത് പോലെ hairpin വളവുകളാണ് എല്ലായിടത്തും. നല്ല കുത്തനെ കയറ്റം. അതുകൊണ്ട് ഓട്ടോമാറ്റിക് ഗിയര് ഹ്യൂണ്ടായ് i10 വണ്ടിയാണ് എടുത്തത്. സാമാന്യം നല്ല വണ്ടി. 24 മണിക്കൂറിനു ഏകദേശം 35-40€ ആണ് നിരക്ക്. ടാക്സി ചാർജ് കേട്ടാൽ നമുക്ക് അവനെ ഒന്ന് തല്ലാൻ അല്ലെങ്കിൽ ഒന്ന് നന്നായി ചൂടാക്കാൻ തോന്നും. നമ്മുടെ എയർപോർട്ടിൽ നിന്നും ടൂറിസ്റ്റ് സ്ഥലങ്ങളിൽ നിന്നും ടാക്സി റേറ്റ് കേൾക്കുമ്പോൾ നമ്മള്ക് ഉണ്ടാകുന്ന വികാരത്തിന്റെ ഏകദേശം നാലേമുക്കാൽ ഇരട്ടി !!!!. അത്ര ഉയർന്ന നിരക്കാണ് ഇവിടെ. ഞങ്ങൾക്ക് വഴിയിൽ കഴിക്കാൻ കുറച്ചു ഫുഡ് ഐറ്റംസ് , പിന്നെ വെള്ളം ഒക്കെ എടുത്തു വിക്ടോറിയ തലസ്ഥാനം ലക്ഷ്യമാക്കി യാത്രയായി. സഞ്ചാരികളുടെ ശ്രദ്ധക്ക്, ഐര്പോര്ട്ടിന്റെ പുറത്തെര്ഹുമ്പോൾ തന്നെ നമുക്ക് ഇവിടുത്തെ ഫ്രീ സിംകാർഡ് ലഭിക്കും. കുറച്ചുദിവസത്തെ സന്ദര്ശനമായത് കൊണ്ടും ഹോട്ടലിൽ ഫുൾ ടൈം വൈഫൈ ഉള്ളത് കൊണ്ടും ഞാൻ അതിനു പോയില്ല.ഹോട്ടലിൽ വെച്ചുതന്നെ പോകേണ്ടുന്ന സ്ഥലങ്ങളെ പറ്റി മനസ്സിലാക്കി , ചിലതൊക്കെ സേവ് ചെയ്തു വച്ചു.
നിങ്ങൾ കരുതുന്നതുപോലെ അത്ര കൂടുതൽ സ്ഥലങ്ങൾ ഒന്നും തന്നെ ഇവിടെ ഇല്ല. പക്ഷെ എല്ലാ സ്ഥലങ്ങല്കും ഒരു പ്രേത്യേക ഭംഗിതന്നെ ഉണ്ട്. ഇറങ്ങിയുടനെ അടുത്ത് കണ്ട സാമാന്യം വലിയ സൂപ്പർമാർകെറ്റിൽ കുറച്ചു വെള്ളം വാങ്ങിക്കാൻ നിറുത്തി. തമിഴുകലർന്ന മലയാളത്തിൽ സ്വാഗതം കിട്ടി . വീണ്ടും ഞെട്ടി. അടുത്തുള്ള എല്ലാ കടകളുടെയും ഉടമകൾ നമ്മുടെ അയൽക്കാരായ തമിഴ് മുതലാളിമാരുടേതാണെന്നു.!!!! സന്തോഷം തോന്നി എങ്കിലും ഒരു ചോദ്യം ബാക്കിയായി സെയ്ഷെൽസിൽ നമ്മൾ മലയാളികൾക്ക് ഇത് എന്തുപറ്റി ?
!!! ചിലയിടത് ഹിന്ദിക്കാർ, മിക്കയിടത്തും തമിഴന്മാർ , ചിലയിടത്തുമാത്രം മലയാളികൾ. വണ്ടിമുന്നോട്ട് പോയി. ശനിയാഴ്ച ആയത് കൊണ്ട് നല്ല തിരക്കായിരിക്കും എന്ന് കരുതി. സെയ്ഷെൽസ് മാർക്കറ്റ് വളരെ പ്രസിദ്ധമാണ് ഫ്രഷ് മീനുകളും പഴങ്ങളും ധാരാളം കിട്ടും.സാമാന്യം നല്ലതിരക്കതന്നെ അവിടെയുണ്ട്. Oneway യിൽ കൂടി ടൗൺലോട്ട് പ്രവേശിച്ചതും ഇടതുഭാഗത്തായി വലിയാ കോവിൽ കണ്ടു. Arul Mihu Navasakthi Vinayagar temple. കേരളത്തിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ ഒരു മിനിയേച്ചർ എന്നുവേണമെങ്കിൽ പറയാം. ഇപ്പോൾ ഇന്നാട്ടിൽ ഇന്ത്യ എന്ന രാജ്യത്തിനും ആൾക്കാർക്കും എന്തുമാത്രം സ്വാതീനം ഉണ്ട് എന്ന് നിങ്ങൾക്ക് മനസ്സിലായെല്ലോ.
കഴിഞ്ഞ ആഴ്ച സെയ്ഷെൽസ് Prime Minister ഇന്ത്യ സന്ദർശിച്ചിരുന്നു. മിലിറ്ററി സഹകരണം സംബന്ധിച്ചുള്ള ധാരാളം ചർച്ചകൾ ഇരു രാജ്യങ്ങൾ തമ്മിൽ തുടർമാനമായി നടക്കുന്നുണ്ട്. ചെറിയ ഒരു ബസ്റ്റാന്റ് , ഒരു മാർക്കറ്റ് , കുറെ പള്ളികൾ , കുറച്ചു വ്യാപാര സ്ഥാപനങ്ങൾ ഒക്കെ അവിടെ യുണ്ട്. വണ്ടി മുന്നോട്ട് പോയപ്പോൾ Krishna Mart എന്നുള്ള ഒരു വലിയ ബോർഡ് കണ്ടു ഞങ്ങൾ U ടേൺ എടുത്തു തിരികെ വന്നു അതില്കയറി . വീണ്ടും ഒരു ഇന്ത്യൻ മാർക്കറ്റ്. നല്ലൊരുഭാഗം സാധങ്ങളും ഇന്ത്യയിൽ നിന്നും. ജോലിക്കാർ ഒക്കെ ഇവിടെ നിന്നും ഉണ്ട്. നല്ല 1-2 പാക്കറ്റ് കാപ്പ ചിപ്സ് വാങ്ങി ഞങ്ങൾ വണ്ടി വിട്ടു. ജെറി ആദ്യ ദിവസം എന്നോട് പറഞ്ഞ വിക്ടോറിയ ഫെറി ആണ് ലക്ഷ്യം. നിറയെ ബോട്ടുകൾ ഉള്ള മനോഹരമായ സ്ഥലമാണ് അത്. സെയ്ഷെൽസ് ദ്വീപുകളെ ബന്ധിപ്പിക്കുന്നത് ഫെറി സർവീസ്കളാണ്. ധാരാളം വിദേശികളും സ്വദേശികളൂം അവിടെ കാത്തിരിക്കുന്നുണ്ട്. ഫെറി കയറി മറ്റു islands പോകണം എന്ന് ഭയങ്കരമായി ആശിച്ചതാണ് .
എന്നാൽ കുട്ടികൾ ഉള്ള നോർത്ത് ഇന്ത്യക്കാരായ ഒരു കുടുംബത്തെ പരിചയപ്പെട്ടപ്പോൾ അവർ പറഞ്ഞത് ഞങ്ങളെ അതിൽ നിന്നും അകറ്റി. കഴിഞ്ഞ ദിവസങ്ങളിൽ അവർ പോയപ്പോൾ കടൽ ഭയങ്കര rough ആയിരുന്നു, ഒന്നര മണിക്കൂറോളം ബോട്ടിൽ ഇരുന്നു കുഞ്ഞുങ്ങള്ക് , സീ സിക്ക്നെസ്സ് പിടിചു ഛർദി ഉണ്ടായി എന്ന്കേട്ടപ്പോൾ പിന്നെ അതിനെപ്പറ്റി ചിന്ദിക്കേണ്ട എന്ന് വിചാരിച്ചു. ഫെറിയുടെ മനോഹരങ്ങളായ കുറച്ചു ചിത്രങ്ങൾ എടുത്തു ഞങ്ങൾ Eden Islands ലക്ഷ്യമായി യാത്രയായി. വിക്ടോറിയയിൽ നിന്നും ഐര്പോര്ട്ടിലേക്ക് പോകുന്ന വഴി മലകള്ക് അഭിമുഖമായി പ്രകുതിഭംഗിയിൽ ഉണ്ടാക്കിയെടുത്ത ഒരു മനോഹരമായ മനുഷ്യ നിർമിത ദ്വീപാണ് ഇത്. ദുബൈയിൽ കാണുന്ന Palm jumeirah, ഖത്തറിലെ Pearl Qatar , ബഹ്റിനിലെ Durathul ബഹ്റൈൻ ഒക്കെ ഉണ്ടാക്കിയിരിക്കുന്നത് മരുഭൂമിയിലെ നിർമിതികൾ ആയിട്ടാണ് . എന്നിട്ടും അതൊക്കെ നമ്മുടെ കണ്ണിനു ദൃശ്യചാരുത പകരുന്നെങ്കിൽ, പ്രകൃതി രമണീയമായ പശ്ചാത്തലത്തിൽ കാണപ്പെടുന്ന ഇതിന്റെ കാര്യം പിന്നെ പറയാനോ……..?
ശെരിക്ക് പറഞ്ഞാൽ അങ്ങനെ തന്നെ നോക്കിനിന്നുപോകും. ഇളം നീല കടലോരം. നിറയെ വെള്ള നിറത്തിൽ ആഡംബര യാനങ്ങൾ (yatch) .പിറകിലായി പച്ചപുതച്ച കിടക്കുന്ന കൂറ്റൻ മലനിരകൾ. ഞാൻ കഴിഞ്ഞലക്കത്തിൽ അലങ്കാരം ഒക്കെ പറഞ്ഞിരുന്നു എങ്കിലും ഇതിനോടനുപമിക്കാൻ സ്ഥലം വേറെ നോക്കണം. നമ്മൾ പണ്ടുകാലത്തെ കലണ്ടറിൽ മാത്രം കണ്ട ഇപ്പോൾ ഗൂഗിൾ സെർച്ചിൽ കാണുന്ന വോൾപേപ്പർ ചിത്രങ്ങൾ. സമയം ഉച്ചയായിരിക്കുന്നു. . ഗൂഗിളിൽ രാവിലെ നോക്കിയപ്പോൾ ഇവിടെ എവിടെയോ ഒരു ഇന്ത്യൻ റെസ്റ്റെന്റ് ഉണ്ടെന്നു. നല്ലവിശപ്പ്. പെട്ടന്നാണ് അത് ശ്രദ്ധിച്ചത്.. ഓളപ്പരപ്പുകൾക്ക് അരികെ ബേ യുടെ അടുത്തായി ‘മഹാരാജ’ എന്നൊരു വലിയ ബോർഡ്. വിശപ്പിന്റെ വിളി അതിന്റെ പാരമ്യത്തിൽ എത്തി നിൽക്കുന്ന സമയം. ഓടി പോയി അവിടെ കേറി കസേര പിടിച്ചു. നമ്മുടെ നാടൻ വിഭവങ്ങൾ എല്ലാം തന്നെ ഉണ്ട്. കേരളഅല്ല നോർത്ത് ഇന്ത്യൻ. ഒരു വെജ് താലി മീൽസ് , ഒരു നോൺ വെജ് താലി മീൽസ്. തകർത്തു . ഒരു നാരങ്ങാ വെള്ളം കൂടിയായപ്പോൾ കുശാലായി. കഴിയുന്നേരം ഐസ്ക്രീം കൂടിയോർഡർ ചെയ്തു അത് പൂർത്തിയാക്കി. റിസോർട്ടിലേക്കാൾ വിലക്കുറവാണ് ഇവിടെ. എല്ലാ സ്ഥലങ്ങളിലും കഴിക്കുന്നതിനേക്കാൾ മറ്റൊരു സ്പെഷ്യലിറ്റി ഇവിടുത്തെ ഐസ്ക്രീമിൽ ഞങ്ങൾ കണ്ടു.
കുറച്ചു നേരം റസ്റ്റ് എടുത്തു കുറച്ചഉ ഫോട്ടോസ് ഒക്കെ എടുത്തു. ഐഫോൺ വാങ്ങിയതിൽ പിന്നെ ഒരു DSLR കാമറ ഉള്ളത് കട്ടപ്പുറത്തായി. സത്യം പറയാം. മടിയാണ് ചുമന്നു കൊണ്ട് നടക്കാൻ. അത് കൊടുക്കാൻ തീരിമാനിച്ചിരിക്കുവാണ്. ആഡംബര യാനങ്ങൾ അഥവാ yatch എല്ലാം തന്നെ അറബിവംശജരുടേതാണെന്നു തോന്നുന്നു. മിക്കവയിലും QATAR അല്ലെങ്കിൽ UAE പതാകകൾ. അടുത്ത ട്രിപ്പിന് വേണ്ടി മിക്കവയും തയ്യാറെടുത്തുകൊണ്ടിരിക്കുന്നു. ഫുഡ് ഐറ്റംസ് പലതും വെള്ളം, മുട്ട, Fruits ഒക്കെ ലോഡ് ചെയ്യന്നത് ഞങ്ങൾ കണ്ടു. അവിടെ തന്നെ സവാരിക്ക് വേണ്ടി വെള്ളത്തിൽ ചെറിയ ചെറിയ ബോട്ടുകളും ഉണ്ടായിരുന്നു. അവിടെ നിന്നും നേരെ മാഹീ ഐലണ്ടിന്റെ മറ്റൊരു സൈഡ് ആയ ആൻസി റോയൽ (Ansi Royale) എന്ന സ്ഥലത്തേക്ക് ആയി യാത്ര..
എയർപോർട്ടും കടന്നു നമ്മൾ പോകുന്ന വഴിക്ക് പ്രധാനമായും ബീച്ച് സൈഡ് ആണ്. നല്ല ഫ്രെയിം കാണുന്ന ഇടത്തെല്ലാം വണ്ടി നിറുത്തി പടങ്ങൾ എടുത്തു. നാട്ടുകാരായവർ എല്ലായിടത്തും ഇരുന്നു മദ്യപിക്കുന്നതായി നമുക്ക് കാണാം. അതുകൊണ്ട് തന്നെ ഞങ്ങൾ പലയിടത്തും ഇറങ്ങിയില്ല. ഇവിടെ നോക്കിയാലും ചൂണ്ടയിടലും മീൻ പിടുത്തവും. ചൂര എന്ന നമ്മുടെ ട്യൂണ മീനിന് പേരുകേട്ടസ്ഥലമാണ് ഇത്. ഒരു വലിയ ടൂണമീനെ കാണണം എന്ന ആഗ്രഹം ഉടനെ തന്നെ സാധിച്ചു. വഴിവക്കിൽ വില്പനയ്ക്ക് വെച്ചിരിക്കുന്ന വലിയ മത്സ്യത്തെ തന്നെ കണ്ടു. കുറെ പോയിട്ടും തീരത്തെ വന്നപ്പോൾ ഒരു ചെറിയ kada കണ്ടു നിർത്തി. പേര് ‘ തിരുമേനി സ്റ്റോറീസ് ‘ എന്നാണ്. മലയാളി എന്നുറപ്പിച്ചു അകത്തു കേറി തിരക്കിയപ്പോൾ അതും നമ്മുടെ തമിഴ് അണ്ണൻ ആണ്. ഒരുപക്ഷെ മലയാളികളെകാൾ അവരാണ് ഇവിടെ കൂടുതൽ എന്ന് തോന്നുന്നു. ഇനിയും മുൻപോട്ട് പോയാൽ ഇങ്ങനെ കടൽ തീരങ്ങൾ മാത്രമേ ullu എന്ന് മനസ്സിലാക്കി ഞങ്ങൾ തിരിച്ച പൊന്നു.
വരുന്ന വഴിയിൽ ധാരാളം ആൾക്കാർ കൂടി നിൽക്കുന്ന ഒരു സ്ഥലത്തു സ്ലോ ചെയ്തു നോക്കിയപ്പോൾ അവിടെ ക്രിക്കറ്റ് മത്സരം നടക്കുന്നു. ഇന്ത്യ , ശ്രീലങ്ക ഭാഗത്തുനിന്നും ഇവിടെ താമസിക്കുന്ന ആൾക്കാറ് ആയിരിക്കും. ദിവസം മുഴുവൻ കറങ്ങിയ ക്ഷീണം കാരണം വീട്ടിൽ പോയി ഭക്ഷണം കഴിച്ചു പ്രാത്ഥിച്ചു ഉറങ്ങാൻ കിടന്നു. പുറത്തെ ഫുട്ബോൾ പൊതുപ്രദര്ശന സ്ഥലത്തു നിന്നും ശബ്ദങ്ങൾ കേൾക്കുന്നുണ്ട് എങ്കിലും ഞങ്ങൾ നെവർ മൈൻഡ്. ബാൽക്കണി അടച്ചു കിടന്നു ഉറങ്ങി. നാളെ ഞാറാഴ്ച ആണ് .. ആഫ്രിക്ക അല്ലെ, ഞാറാഴ്ച ഞങ്ങളുടെ ട്രിപ്പിൽ ഉള്ളതുകൊണ്ട് ഒരു ആഫ്രിക്കൻ പള്ളി തന്നെ തിരഞ്ഞെടുത്തു.ചേരയെ തിന്നുന്ന നാട്ടിൽ ചെന്നാൽ അതിന്റെ നടുക്കഷ്ണം കഴിക്കണം എന്നല്ലേ. ഞാനായിട്ട് അതിനു ഒരു മാറ്റവും വേണ്ട. കുറേനാളായി ആഗ്രഹിച്ചതുമാണ്. അവരുടെ വെബ്സൈറ്റിൽ കയറി Contact ചെയ്തപ്പോൾ ഇംഗ്ലീഷ് ട്രാൻസ്ലേഷൻ ഉള്ള ചർച് ആണെന്ന് മനസ്സിലായി. ഇന്ത്യക്കാരാണെന്നു പറഞ്ഞപ്പോൾ അവർക്കും പെരുത്ത സന്തോഷം. വണ്ടിവിടാം എന്നൊക്കെ പറഞ്ഞെങ്കിലും സ്നേഹത്തോടെ ഞങ്ങൾ നിരസിച്ചു.
രാവിലെ റെഡി ആയി വിക്ടോറിയ ടൗണിൽ തന്നെ സ്ഥിതിചെയ്യുന്ന ചർച്ചിൽ എത്തി. ആരാധന 10:00 മണിക്ക് ആരംഭിക്കും. 300-400 പേര് ഉള്ള വലിയ ഒരു പള്ളി. അവിടുത്തെ വോളന്റീർഎസ് ഞങ്ങളെ വളരെ സന്തോഷത്തോടു കൂടി സ്വീകരിച്ചു. ജോഷകുട്ടന്റെ പുറകെ ആയി എല്ലാരും. അവർ ഞങ്ങളുടെ പേരൊക്കെ എഴുതിയെടുത്തുകൊണ്ട്പോയി. പിന്നീടുള്ള 1-2 മണിക്കൂറുകൾ ഞങ്ങൾക് സമ്മാനിച്ചത് വളരെ വ്യെത്യസ്തമായ അനുഭവം ആയിരുന്നു. നമ്മൾ വിചാരിക്കുന്ന പോലെ അല്ല അവരുടെ ആരാധന രീതികൾ. പാട്ടുകളൊക്കെ പാടുമ്പോൾ അതിൽ എത്ര മാത്രം ഇൻവോൾവ് ചെയ്യാമോ അതിന്റെ മാക്സിമം അവർ ചെയ്യും, ചിലർ പാടും, മറ്റുചിലർ ഡാൻസ് ചെയ്യും. നല്ല സന്തോഷമായി അവരെ കണ്ടപ്പോൾ. പണക്കാരും പാവപ്പെട്ടവരും ഉണ്ടെന്നു കാഴ്ചയിലും അവർ വന്ന വണ്ടികളും കണ്ടപ്പോൾ എനിക്ക് മനസ്സിലായി, പക്ഷെ എല്ലാവരും ചേർന്ന് ഒരുമിച്ച് സന്തോഷിക്കുന്നു.
പെട്ടന്നാണ് അവർ ഞങ്ങളുടെ പേരുകൾ വിളിച്ച മുൻപോട്ട് ഞങ്ങളെ സ്വാഗതം ചെയ്തത്. ഒരിക്കലും പ്രതീക്ഷിച്ചില്ലാ ഇത്. ഞെട്ടിപോയി. ആ പള്ളിയുടെ പേരിൽ എല്ലാവരുടെയും പേരിൽ അവിടുത്തെ പ്രധാന പുരോഹിതൻ ഞങ്ങളെ സ്വാഗതം ചെയ്തു. കുറച്ചു മിനിറ്റുകൾ സംസാരിക്കാൻ അവസരവും കിട്ടി. ഞാൻ വീണ്ടും ഞെട്ടി. കിട്ടിയ അവസരം ഞാൻ കളഞ്ഞതും ഇല്ല. നമ്മൾ ഇംഗ്ലീഷിൽ സംസാരിക്കുന്ന കാര്യങ്ങൾ അവരുടെ ഭാഷയിലേക്ക് തർജ്ജിമ ചെയ്യുന്നുണ്ടാരുന്നു. ജീവിതത്തിലെ അപൂർവ ചില നിമിഷങ്ങള്ക് ഞങ്ങൾ അവിടെ. സാക്ഷ്യം വഹിച്ചു. ഇനിയും ഈ രാജ്യത്തു വന്നാൽ വീണ്ടും വരനെ എന്ന് സ്നേഹത്തോടെ പറഞ്ഞു അവർ ഞങ്ങളെ യാത്രയാക്കി. ഉച്ചക്ക് ഊണ് കഴിക്കാൻ മഹാരാജാസിൽ പോകുവാൻ നേരത്തെ തീരുമാനിച്ചിരുന്നു. അവരുടെ ഭാഷയിലുള്ള ഒരു പാട്ടു ഞാൻ ഇതിന്റെ ഒപ്പം ചേർത്തിട്ടുണ്ട്.
അവിടെ ചെന്നപ്പോൽ ഞങ്ങളെ വളരെ സന്തോഷിപ്പിച്ച ഒരു കാര്യം ഉണ്ടായി.കഴിഞ്ഞനദിവസത്തെപ്പോൾ താലി മീൽസ് ഓർഡർ ചെയ്തപ്പോൾ അറിയുവാൻ കഴിഞ്ഞത് എല്ലാ Sundayകളിലും അവിടെ സൗത്തിന്ത്യൻ മീൽസ് ബുഫേറ് (buffet)ആണത്രേ. സഞ്ചാരികൾ note the Point.ഫുഡിന് വേറെ എങ്ങും പോവേണ്ട. നല്ല പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് ഇരുന്നു നമുക്ക് ഭക്ഷണം കഴിക്കാം. അവിടെ തന്നെ ഡ്രിങ്ക്സിനുള്ള സൗകര്യങ്ങളും ഉണ്ട്. നമ്മുടെ നാടൻ ഭക്ഷണം മിസ് ചെയ്തിരുന്ന ഞങ്ങൾ സൗത്തിന്ത്യൻ ഫുഡ് ശെരിക്കും മുതലാക്കി. വളരെ കുറച്ചുമാത്രം ഞാൻ കഴിച്ചു കണ്ടിട്ടുള്ള എന്റെ പെണ്ണ് എന്റെ മുഖത്തെ ഉൾകിടിലാനന്ദം കണ്ടു കണ്ണുന്തെള്ളി പോയി. നല്ല ചോറ് , മീൻകറി, തോരൻ അല്ലെങ്കിൽ ഉപ്പേരി, സാമ്പാർ , തൈര് , നല്ല ഒന്നാതരം രസം , അച്ചാർ, ചമ്മത്തിപൊടി. ഇത്രയൊക്കെ പോരെ തകർക്കാൻ. വേറെ കുറെ സലാഡ്സ് ഒക്കെ ഉണ്ടാരുന്നു.. അവസാനം പായസവും. അതുവരെ ഒന്നും കഴിക്കാതിരുന്നുന്ന ജോഷുവ നമ്പൂതിരി അവർകൾ പായസം വയർ നിറയെ കഴിച്ചു ‘ നോം തൃപ്തനായിരിക്കുന്നു ‘ എന്ന ഭാവത്തിൽ എന്നെ നോക്കി സിഗ്നൽ തന്നു. അത് മതി , അതുമാത്രം മതി എന്നെ വയറു നിറയാൻ എന്ന് പറയാൻ പറ്റില്ലല്ലോ !! കാരണം എന്റെ വയർ നേരത്തെ നിറഞ്ഞില്ലേ. അല്ലെങ്കിലും കള്ളം പറഞ്ഞു ശീലം പണ്ടേ ഇല്ല .
നാളെ തിരിച്ചു പോകുവല്ലേ.. ഇനി ഇങ്ങോട്ട് കഴിക്കുവാൻ വര)ൻ സാധ്യത കുറവാണ്. ഞങ്ങൾക്ക് സെർവ് ചെയ്ത വടക്കേ ഇന്ത്യക്കാരനായ ആളോട് ഞാൻ കൈകൾ കൊടുത്തു ഇങ്ങനെ പറഞ്ഞു “ YOU MADE US REALLY FEEL LIKE WE ARE IN INDIA“ ഇങ്ങനെ ഞാൻ പറയുന്നത് കേൾക്കുന്നതിന് ഇടയിലും അവന്റെ കണ്ണുകൾ ഞാൻ കൊടുത്ത ടിപ്പ് എത്രയുണ്ടെന്ന് എണ്ണി തിട്ടപ്പെടുത്തുന്നതിന്റെ തിരക്കിൽ ആയിരുന്നു. “മർത്യൻ ആലോല തേജസ്സാൽ ഭോഗങ്ങൾ തേടുന്നു “ എന്ന് പറയാൻ കഴിയുമോ ഇവിടെ ? വേണ്ട അല്ലെ -വിട്ടേക്കാം പാവം. സെയ്ഷെൽസ് യാത്ര ഏകദേശം ഒക്കെ അവസാനിക്കാറായിരിക്കുന്നു. തിരിച്ചു പോകും വഴി മനോഹരങ്ങളായ 1-2 സ്ഥലങ്ങളംകൂടി പോയി പടങ്ങൾ ഒക്കെ എടുത്തു പ്രകൃതി ഭംഗി ആസ്വദിച്ചു. ഞായറും തിങ്കളും പബ്ലിക് ഹോളിഡേ ആണ്. തിങ്കളാഴ്ച അവരുടെ കോൺസ്റ്റിട്യൂഷൻ (constitution ) ഡേ ആണ്. ജൂൺ 29 അവരുടെ നാഷണൽ ഡേയും. ഇന്ത്യൻ സൈനികരുടെ വൈമാനിക അഭ്യാസ പ്രകടനങ്ങൾ അന്ന് ഇവിടെ ഉണ്ടാകും എന്ന് ഒരാൾ പറഞ്ഞു ഞങ്ങൾ അറിഞ്ഞു. ടൗണിൽ എവിടെന്നോക്കിയാലും ആ രാജ്യത്തിൻറെ കൊടികൾ. ചെറിയ ഒരു രാജ്യമാണ് സെയ്ഷെൽസ് എങ്കിലും നിറയെ സുഖമുള്ള ഓർമ്മകൾ സമ്മാനിച്ചുകൊണ്ട് ആണ് ആ ട്രിപ്പ് അവസാനിച്ചത്. അവിടേക്ക് സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആയി പറയട്ടെ , നല്ല ഒരു ഫാമിലി ഡിസിറ്റിനേഷൻ ആണ് അത്. ചിലവ് അൽപ്പം കൂടുമെന്നു മാത്രം. ആ നല്ല നാടിന്റെയും , ആൾക്കാരുടെയും, ഓർമ്മകൾ മനസ്സിൽ അവശേഷിപ്പിച്ചുകൊണ്ട് തിങ്കളാഴ്ച വൈകിട്ടുള്ള ഖത്തർ ഐർവേസ് വിമാനത്തിൽ ഇന്ത്യൻ മഹാസമുദ്രത്തെ കീറിമുറിച്ചുകൊണ്ട് ഞങ്ങൾ ദോഹയിലേക്ക് യാത്രയായി.
ഒരുകാര്യം കൂടി പറഞ്ഞു ഞാൻ അവസാനിപ്പിക്കട്ടെ, ഞാൻ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ എഴുതുന്നത്. പണ്ട് ഞാൻ കേട്ട ഒരു കഥയുണ്ട് . ഭീകരന്മാരായ നിറയെ മുതലകൾ ജീവിക്കുന്ന ഒരുവലിയ കുളം നീന്തിക്കടന്നു അക്കരെയെത്തുന്ന ആദ്യത്തെ ആൾക്ക് തന്റെ മകളെ കല്യാണം കഴിപ്പിച്ചുകൊടുക്കും എന്ന് രാജാവ് വിളംബരം ചെയ്തു. കുളത്തിന്റെ ചുറ്റും ആൾകാർ തടിച്ചുകൂടി . ആർക്കും ധൈര്യം ഇല്ല. അതിൽ വീണാൽ വിശന്നു കിടക്കുന്ന മുതലകൾ പിച്ചിച്ചീന്തും.പെട്ടന്നാണ് ഒരു ചെറുപ്പക്കാരൻ അതിലേക്ക് ചാടി നീന്തിക്കയറുന്നത് എല്ലാവരും ശ്രദ്ധിച്ചത്. ഒരു പോറൽ പോലും ഏൽക്കാതെ അയാൾ മറുകര നീന്തിക്കയറി. രാജാവ് നേരിട്ടവന്ന് അവനെ സ്വീകരിച്ചു , ധൈര്യശാലി !!! നിന്നെ നാം അംഗീകരിച്ചിരിക്കുന്നു !!! ആരവിടെ…. കല്യാണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങട്ടെ എന്ന് കല്പിച്ചു… മുഖത്തു ഭയങ്കര പേടിയും അമ്പരപ്പും നിറഞ്ഞ ആ ചെറുപ്പക്കാരൻ ഇങ്ങനെ പറഞ്ഞുവത്രേ . “കല്യാണം ഒക്കെ പിന്നെ കഴിക്കാം പക്ഷെ ആരാണ് എന്നെ ഈ കുളത്തിലേക്ക് തള്ളിയിട്ടത് എന്ന് എനിക്ക് ഇപ്പോൾ അറിയണം”..
എന്നപോലെ ആണ് എന്റെ അവസ്ഥ.. രാജാവ് പറഞ്ഞതുപോലെ എന്റെ എഴുത്തിനെ അനുമോദിച്ചുകൊണ്ട് ധാരാളം messages,പേർസണൽ messages, ചില ഫോൺ കാൾസ് ഒക്കെ എനിക്ക് ലഭിച്ചു. എല്ലാവരോടും ഞാൻ നന്ദി പറയുന്നു. ഞാൻ യാത്ര ചെയ്ത മറ്റു രാജ്യങ്ങളെ പറ്റി എഴുതണംഎന്നുണ്ട്. പക്ഷെ എന്നെ ഇതിലേക്ക് തള്ളിയിട്ട ( സ്വാധിനീച്ച) ആൾ ആരെന്നു ചോദിച്ചാൽ , ഈയിടെ ഒരു നാവികന്റെ യാത്രകൾ എന്ന നാമദേയത്തിൽ ഈ ഗ്രൂപ്പിൽ എഴുതുന്ന പ്രിയ Sreyas Krishakumar ന്റെ എഴുത്താണ്. എവിടെ പോയാലും ചിത്രങ്ങൾ തുടർമാനാമായി എടുക്കുന്ന സ്വഭാവവും ഇതിലുപകരിച്ചു. എല്ലാവര്ക്കും ഒരിക്കൻകൂടി നന്ദി പറഞ്ഞുകൊണ്ട് നിര്ത്തുന്നു.