എ.കെ 47 റൈഫിള്‍ എന്ന് കേള്‍ക്കാത്തവരുണ്ടാവില്ല.ലോകത്തെ ഏറ്റവും മാരകമായ കൈത്തോക്കിന്റെ പേരാണത് – എ.കെ 47 അസാള്‍ട്ട് റൈഫിള്‍. യന്ത്രതോക്കുകളില്‍ കിരീടം വെക്കാത്ത രാജാവാണ് എ.കെ. 47. എംജിത്രീ മെഷീന് ഗണ്‍, എഫ്എന് എഫ്2000 അസോള്‍ട്ട് റൈഫിള്‍ തുടങ്ങി പുറത്ത് ഒരു മുറിവുപോലും അവശേഷിപ്പിക്കാതെ ആളെ തീര്‍ക്കുന്ന തോക്കുകള്‍ നിലവിലുണ്ട്. എന്നിരുന്നാലും എകെ-47 എന്ന തോക്ക് ലോകത്ത് സൃഷ്ടിച്ച തരംഗം തീര്‍ക്കാന്‍ പുതിയൊരു തോക്ക് ജനിക്കേണ്ടിയിരിക്കുന്നു.
സോവിയറ്റ് യൂണിയന് വേണ്ടി മിഖായേല്‍ കലാഷ്നികോവ് വികസിപ്പിച്ചെടുത്ത 7.62 എം.എം. അസ്സോള്‍ട്ട് റൈഫിളാണ് എ.കെ. 47. റഷ്യന്‍ കരസേനയിലെ ടാങ്ക് കമാന്‍ഡറായിരുന്ന കലോനിഷ്കോവിന് 1941 ല്‍ നാസികള്‍ക്കെതിരെ പടനയിച്ചുകൊണ്ടിരിക്കേ മാരകമായി പരിക്കേറ്റു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ നാളുകളുകളില് അന്നോളം നിര്‍മിച്ചവയില്‍ വെച്ച് ഏറ്റവും മികച്ച തോക്ക് എങ്ങനെ ഉണ്ടാക്കാം എന്ന ചിന്ത കലോനിഷ്കോവിനെ വേട്ടയാടി. കലാനിഷ്ക്കോവ് വെറുമൊരു പട്ടാളക്കാരന് മാത്രമായിരുന്നില്ല. ശാസ്ത്രജ്ഞന്, എഞ്ചിനീയര്‍, എഴുത്തുകാരന്, ആയുധ രൂപകര്ത്താവ് എന്നീ നിലകളിലെല്ലാം മികവുതെളിയിച്ച ആളായിരുന്നു. ചെളിയും മഞ്ഞും ഉള്ളിടത്തും ഉപയോഗിക്കാന്‍ കഴിയുന്നവയായിരിക്കണം എന്നദ്ദേഹം ഉറപ്പിച്ചു. രണ്ട് വര്‍ഷത്തെ പരിശ്രമത്തിന് ഒടുവില്‍ കലോനിഷ്കോവും സംഘവും തങ്ങളുടെ പുതിയ റൈഫിള്‍ അവതരിപ്പിച്ചു. മുപ്പത് റൗണ്ട് തിരയുപയോഗിക്കുന്ന ബ്രീച്ച് ബ്ലോക്ക് മെക്കാനിസമുള്ള ഗ്യാസ് പ്രവര്‍ത്തക തോക്കായിരുന്നു അത്. ആ തോക്കാണ് പിന്നീട് തോക്കുകളുടെ ചക്രവർത്തിയായി അവരോധിക്കപ്പെട്ട സാക്ഷാൽ A K 47. അവ്റ്റോമാറ്റ് കലാനിഷ്ക്കോവാ എന്ന റഷ്യന്‍ പേരിന്റെ ചുരുക്കെഴുത്താണ് എകെ-47.
രണ്ടാം ലോക മഹായുദ്ധ കാലത്ത് സോവിയറ്റ് സൈനികര്‍ ജര്‍മനിയുടെ സ്റ്റോംറൈഫിള്‍ എന്ന കൊച്ച് യന്ത്രത്തോക്കിന്റെ ശേഷിയറിഞ്ഞിട്ടുണ്ട്. അതിനെ വെല്ലുന്ന ചെറു യന്ത്രത്തോക്കായിരുന്നു അവരുടെയും ലക്ഷ്യം.യുദ്ധാനന്തരം റഷ്യന്‍ കരസേനയിലെ ടാങ്ക് കമാന്‍ഡറായിരുന്ന മിഖായേല്‍ കലാഷ്നികോവ് ഇതിനുള്ള ശ്രമമാരംഭിച്ചു. പ്രഹരശേഷിയേറിയ,ഒരു പെര്‍ഫക്റ്റ് സബ്മഷീന്‍ ഗണ്‍ സ്വപ്നം കണ്ട് അത് ഡിസൈന്‍ ചെയ്യാന്‍ വര്‍ഷങ്ങള്‍ നീണ്ട ക്ലിഷ്ടമായ ഗവേഷണത്തിലേര്‍പ്പെട്ട കലാഷ് നിക്കോവ് ഒടുവില്‍ എ.കെ 47 റൈഫിള്‍ കണ്ടുപിടിക്കുകയായിരുന്നു.(1947ല്‍ യുദ്ധം കഴിഞ്ഞതേ അത് നിര്‍മ്മിച്ചു. അങ്ങനെയാണ് റൈഫിളിന് AK 47 എന്ന് പേരു വീഴുന്നത്)1949-ല്‍ സോവിയറ്റ് ആംഡ് ഫോഴ്സ്സസ് എ.കെ. 47 ഔദ്യോഗികമായി അംഗീകരിച്ചു. കുറഞ്ഞ ഭാരം, ലളിതമായ ഓപ്പറേറ്റിംഗ് സിസ്റ്റം, പ്രചണ്ഡമായ പ്രഹരശേഷി, കുട്ടികള്‍ക്ക് പോലും അനായാസം കൈകാര്യം ചെയ്യാവുന്നത്. ഇതൊക്കെയാണ് എ.കെ 47-ന്റെ വൈശിഷ്ട്യങ്ങള്‍. കലാഷ്നിക്കൊവ് ഡിസൈന്‍ ചെയ്ത തോക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ ലൂസായ ഘടനയും ഇളകിക്കിടക്കുന്ന പാര്‍ട്ടുകളുമാണ്. അദ്ദേഹം തന്നെ പറയുന്നത് “ഇതിന്റെ ഭാഗങ്ങളെല്ലാം വായുവില്‍ നില്ക്കുന്നതുപോലെയാണ് ഡിസൈന്‍ ചെയ്തിരിക്കുന്നത്” എന്നാണ്. തോക്കിന്റെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിനിടെ തോക്ക് പ്രവര്‍ത്തിപ്പിച്ചുകൊണ്ട് ഇടയ്ക് അതിലേയ്ക്ക് മണ്ണ് വാരിയിടും കക്ഷി. എന്നാലും AK 47 ജാമാകില്ല. വേഗത്തില്‍ നിര്‍മ്മിക്കാനും അസംബിള്‍ ചെയ്യാനും കഴിയുമെന്നതും ഒരു പ്രത്യേകതയാണ്. തോക്ക് ഡിസൈന്‍ രംഗത്തെ IKEA എന്നാണ് കലാഷ്നിക്കൊവിന്റെ തോക്കുകള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുള്ളത്.
സൈനിക പരിശീലനം ലഭിക്കാത്ത ആളുകള്‍ക്ക് പോലും വെറും ഒരു മിനുട്ട് കൊണ്ടൊക്കെ ഈ തോക്ക് അസംബിള്‍ ചെയ്യാന്‍ കഴിയും. പരിശീലനം ലഭിച്ച അമേരിക്കക്കാര്‍ എണ്പതു സെക്കന്റും റഷ്യക്കാര്‍ വെറും മുപ്പതു സെക്കന്റുമാണ് തോക്ക് അസംബിള്‍ ചെയ്യാന്‍ എടുക്കുന്നത്.ഇതിനേക്കാള്‍ മെച്ചപ്പെട്ടതോ ഇതിനു തുല്യമോ ആയ മറ്റൊരു തോക്ക് കണ്ടെത്താന്‍ അമേരിക്കയും യൂറോപ്പും ഏഷ്യന്‍ രാജ്യങ്ങളും ഏറെ ഗവേഷണം ചെയ്തെങ്കിലും വിജയിക്കാനായില്ല. പാരമ്പര്യ ആയുധങ്ങളുടെ ചോരക്കളങ്ങളില്‍ ഇന്നും എ.കെ 47-ന് തന്നെയാണ് ആധിപത്യം. ലൈസന്‍സോ അന്താരാഷ്ട്ര നിയന്ത്രണമോ ഇല്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കില് എ.കെ 47 ഉല്പാദിപ്പിച്ച് വിപണനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. വ്യവസ്ഥാപിത സൈന്യങ്ങള്‍ക്ക് പുറമെ വിഘടനവാദികള്‍, സ്വാതന്ത്ര്യപ്പോരാളികള്‍, മാവോവാദികള്‍, നക്സലുകള്‍, സായുധ വിപ്ലവകാരികള്‍, ഭീകര സംഘങ്ങള്‍ തുടങ്ങിയവര്‍ക്കൊക്കെ ഏറെ പ്രിയങ്കരമായ ആയുധമാണിത്.
ഇന്ന് ഏതര്ഥത്തില് നോക്കിയാലും ലോകത്തിലെ ഏറ്റവും വിജയമായ റൈഫിള്‍ എന്ന പേര് എകെ-47ന് സ്വന്തം. പ്രഹരശേഷി കൂടിയ തോക്കുകള്‍ കാലത്തിനനുസരിച്ച് മാറിവന്നെങ്കിലും ഇങ്ങ്് ഏഴു ദശാബ്ദത്തിനിപ്പുറവും എകെ-47 തലയുയര്‍ത്തിത്തന്നെ നില്ക്കുന്നു. കൃത്യതയാണ് എകെ-47നെ ലോകമെമ്പാടുമുള്ള സൈനീകര്‍ക്ക് പ്രിയങ്കരമാക്കിയത്. സൈനീകരുടെ മാത്രമല്ല തീവ്രവാദികളുടെയും പ്രിയം സമ്പാദിക്കുവാന്‍ എകെ-47ന് കഴിഞ്ഞുവെന്നു പറഞ്ഞാല്‍ തെറ്റില്ല. യഥാര്‍ഥത്തില്‍ പലകാര്യത്തില് മുമ്പില്‍ നില്ക്കുന്ന തോക്കുകളുടെ സംയോജനമാണ് കലാനിഷ്ക്കോവ് എകെ-47നിലൂടെ സാധ്യമാക്കിയത്. കാലത്തെ അതിജീവിക്കാന്‍ എകെ-47ന് ശേഷി നല്കിയതും ഇതൊക്കെയായിരിക്കണം.
രണ്ടു തരം എകെ 47 തോക്കുകളാണ് ഇപ്പോള്‍ പ്രചാരത്തിലുള്ളത്. AK-47 1948–51, 7.62x39mm – ഏറ്റവും പഴയത്, ഷീറ്റ് മെറ്റല്‍ റിസീവറോട് കൂടിയത്, ഇപ്പോൾ ദുർലഭം. AK-47 1952, 7.62x39mm – തടി കൊണ്ടുള്ള പിടിയും ഹാൻഡ്ഗാർഡും.എകെ-47ന്റെ വകഭേദങ്ങള്‍ പലതും കഴിഞ്ഞ 70 വര്‍ഷത്തിനിടയില്‍ പുറത്തിറങ്ങി. 100 വ്യത്യസ്ഥയിനം തോക്ക് നിരത്തിവച്ചിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ 99 ശതമാനം സൈനികരും തിരഞ്ഞെടുക്കുക എകെ-47നായിരിക്കും എന്നു തീര്‍ച്ച.
കൊച്ചുകുട്ടികൾക്കുപോലും ഇന്ന് എകെ-47 എന്താണെന്നറിയാം. നിലവിൽ 10 കോടി എ കെ 47 തോക്കുകൾ ലോകമെങ്ങും ഉപയോഗിക്കുന്നുണ്ട്. വ്യോമാക്രമണത്തിലും ആർട്ടിലറി വെടിവെപ്പിലും കൂടി മരിച്ചതിലധികം ആളുകൾ എ കെ 47 നാൽ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക് . ഏകദേശം രണ്ടര ലക്ഷത്തോളം ആളുകൾ വർഷം തോറും ഈ റൈഫിളിനാൽ കൊല്ലപ്പെടുന്നു.വെള്ളത്തിൽ മുക്കിവച്ചാലും അനായാസം ലക്ഷ്യം ഭേദിക്കാൻ കഴിവുള്ള ഭീകരനാണിവൻ. ഒരു മണിക്കൂറു കൊണ്ട് ഒരു കുട്ടിക്ക് പോലും അനായാസം ഇതിന്റെ പ്രവർത്തനം പഠിച്ചെടുക്കാം . അത്ര ലളിതമാണ് എ കെ 47 ന്റെ പ്രവർത്തനം.അൽ ഖായ്ദ ഭീകരൻ ഒസാമ ബിൻ ലാദന്റെ ഇഷ്ട തോക്ക് കൂടിയാണ് എ കെ 47. മാത്രമല്ല അഫ്ഗാനിൽ സോവിയറ്റ് സേനയ്ക്കെതിരെ ഉപയോഗിക്കാൻ ഒസാമയ്ക്കിത് നൽകിയത് യു എസ് ആണെന്നും പറയപ്പെടുന്നു . രാജ്യങ്ങളുടെ ദേശീയ പതാകയിൽ പോലും ആലേഖനം ചെയ്യാൻ തക്ക അംഗീകാരം കിട്ടിയിട്ടുണ്ട് . മൊസാംബിക്കിന്റെ പതാകയിലാണ് എ കെ 47 ന്റെ ചിത്രമുള്ളത് . ലെബനീസ് ഭീകര സംഘടനയായ ഹിസ്ബുള്ളയുടെ പതാകയിലുമുണ്ടിവൻ. ചുരുക്കത്തിൽ എ കെ -47 ഒരു ചെറിയ മീനല്ല എന്നർത്ഥം.
ജീവിതത്തിന്റെ അവസാന കാലത്ത് കലാഷ്നിക്കോവ് സ്വന്തം കണ്ടുപിടുത്തത്തെ ചൊല്ലി വല്ലാതെ ദുഃഖിച്ചിരുന്നതായും കുറ്റബോധത്താല്‍ വേട്ടയാടപ്പെട്ടിരുന്നതായും വെളിപ്പെടുത്തുന്നു. താന്‍ കണ്ടുപിടിച്ച തോക്ക് ഉപയോഗിച്ച് ലോകത്തെങ്ങും ലക്ഷക്കണക്കിന് ആളുകള്‍ കൊന്നൊടുക്കപ്പെടുന്നതില്‍ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് അദ്ദേഹം കരുതി.ആര്‍ക്കും അനായാസം ഉപയോഗിക്കാവുന്ന തോക്ക് നിര്‍മ്മിച്ചതിനെപ്പറ്റി മിഖായേല്‍ ഒരിക്കല്‍ പറഞ്ഞത് ;ഈ തോക്കുകൊണ്ട് ക്രിമിനലുകള്‍ വെടിയുതിര്‍ക്കുന്നതു കാണുമ്പോള്‍ വേദനയുണ്ടെന്നും ഇതിനേക്കാള്‍ പുല്‍ത്തകിട് വെട്ടാനുള്ള മോവറുണ്ടാക്കിയാല്‍ മതിയായിരുന്നു എന്നുമാണ്. ഈ വിശ്വസ്തനായ തോക്കിനെ ലോകത്തിനു സമ്മാനിച്ച കലാനിഷ്ക്കോവ് 2013 ഡിസംബറില്‍ 94-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞു. കാലത്തിനും സാങ്കേതിക വിദ്യക്കും കവച്ചുവയ്ക്കാൻ സാധിക്കാത്ത ഒരു അപൂർവ്വ സൃഷ്ട്ടി ലോകത്തിന് നൽകികൊണ്ട്.
വിവരങ്ങൾക്ക് കടപ്പാട് – രാഷ്ട്രദീപിക, വിക്കിപീഡിയ, ജനം ടിവി.