“തീറ്റ റപ്പായി” തൃശ്ശൂർക്കാരുടെ സ്വന്തം റപ്പായി ചേട്ടൻ്റെ തീറ്റ വിശേഷങ്ങൾ…

വടക്കും നാഥനെ പ്രദക്ഷിണം വച്ചുകിടക്കുന്ന സ്വരാജ് റൗണ്ടിൽ ഒരുകാലത്തെ സ്ഥിരം കാഴ്ചയായിരുന്നു കുറ്റിത്താടിയും ചീകിയൊതുക്കാത്ത മുടിയുമായി വരുന്ന സാധാരണയിൽ കവിഞ്ഞ് ഒരല്പം മാത്രം വണ്ണമുള്ള ഒരു മനുഷ്യൻ. കൈയ്യിൽ എപ്പോളും ഒരു സഞ്ചിയുമുണ്ടാകും. അയാളെ അറിയാത്തവരായി അന്ന് തൃശ്ശൂരിൽ ആരുമുണ്ടായിരുന്നില്ല.

സാധാരണക്കാര്‍ക്ക് അസാദ്ധ്യമായ തരത്തില്‍ ഭക്ഷണം കഴിക്കുന്നതിലൂടെ പ്രശസ്തനായ മലയാളിയാണ് റപ്പായി. കേരളത്തിനകത്തും പുറത്തും നടന്ന തീറ്റമത്സരങ്ങളിലെ വിജയങ്ങളിലൂടെയാണ് റപ്പായി പേരെടുത്തത്.

കിഴക്കുംപാട്ടുകര പൈനാടന്‍ കുര്യപ്പന്റേയും താണ്ടമ്മയുടേയും മകനായി 1939-ല്‍ ജനിച്ചു. 140 കിലോഗ്രാം തൂക്കം, അഞ്ചേമുക്കാലടി ഉയരം, 130 സെന്റിമീറ്റര്‍ ചുറ്റളവുള്ള ശരീരം എന്നിങ്ങനെയായിരുന്നു ശരീരപ്രകൃതി.

ഒമ്പതാം ക്ലാസ്സുകൊണ്ട് പഠനം നിര്‍ത്തി. പിന്നീട് ഓട്ടുകമ്പനികളില്‍ ജോലി നോക്കി. അതിനുശേഷം ഹോട്ടലുകളില്‍ ജോലിനോക്കി. അവിടെനിന്നു കിട്ടുന്ന ഭക്ഷണം കൊണ്ടായി ജീവിതം. യൗവനാരംഭത്തില്‍ തന്നെ തീറ്റമത്സരങ്ങളില്‍ പ്രശസ്തനായി. മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസിലെ തകരാറുമൂലമുണ്ടായ അമിതവിശപ്പായിരുന്നു റപ്പായിയുടെ അമിത ഭക്ഷണത്തിന്റെ കാരണം.

കാണുന്നവരോടെല്ലാം കളിപറഞ്ഞു നടക്കുന്ന ആ മനുഷ്യന്റെ ഉള്ളിൽ എപ്പോഴും തീയായിരിക്കും. മനസ്സിനെ പുകക്കുന്ന ചിന്തകളുടെ തീയല്ല, ആമാശയത്തെ എരിയ്ക്കുന്ന വിശപ്പിന്റെ തീ. ഒരിക്കലുമൊടുങ്ങാത്ത വിശപ്പുമായായിരുന്നു റപ്പായി ജീവിച്ചത്.തൃശ്ശൂരുകാരുടെ സ്വകാര്യ അഭിമാനമായിരുന്നു തീറ്റ റപ്പായി, തൃശ്ശൂർ പൂരം പോലെത്തന്നെ. അതുകൊണ്ടായിരുന്നല്ലോ നാട്ടുകാരിൽ പലരും റപ്പായിയുടെ ഭക്ഷണം സ്പോൺസർ ചെയ്തിരുന്നത്.

റപ്പായി ചേട്ടന്‍ ഒരു സൂത്രക്കാരനായിരുന്നു ! ഒരു ചാണ്‍ വയറിന്‍റെ പശി അടക്കുന്നതിലും അപ്പുറമുള്ള കൌശലമൊന്നും ആ സൂത്രവിദ്യക്കില്ലായിരുന്നു. ഒന്നല്ല ഒരായിരം കോടി ചാണ്‍ വയര്‍ നിറക്കാനുള്ളത് നേടിയാലും ഒടുങ്ങാത്ത ദുരമൂത്ത സമൂഹ വഞ്ചകരുടെ നീച കൃത്യങ്ങള്‍ക്ക് മുന്നില്‍ ഇതെത്ര നിസ്സാരം.

ആദ്യമായി കാണുന്നവരെ കൈയില്‍ തിരുകി പിടിച്ച നോട്ട്‌ കെട്ടുമായി റപ്പായി ചേട്ടന്‍ പ്രലോഭിപ്പിക്കും. “എനിയ്ക്ക് അത്താഴം വാങ്ങി തന്നാല്‍ നിനക്കും നിന്‍റെ പത്തു കൂട്ടുകാര്‍ക്കും ഞാന്‍ ഭക്ഷണം വാങ്ങി തരും”. കാപട്യക്കാരനായ മുച്ചീട്ട് കളിക്കാര ന്‍റെ “ഒന്ന് വെച്ചാല്‍ പത്തു കിട്ടും ” എന്ന പ്രലോഭനത്തില്‍ അറിഞ്ഞു കൊണ്ട് തല വയ്ക്കുന്ന മലയാളി .പേറ്റ് നോവിനും ചാവടിയന്തിരത്തിനും വരെ സര്‍ക്കാര്‍ വക ലോട്ടറി എന്ന അഭിനവ കൈക്കൂലി നല്‍കി ഭാഗ്യം പരീക്ഷിക്കാന്‍ നിര്‍ബന്ധിതനാകുന്ന മലയാളി. ഒരു കുഞ്ഞുകുട്ടിയുടെ നിഷ്കളങ്കതയുമായി മുന്നില്‍ വന്നു നില്‍ക്കുന്ന പാവത്തെ ഒന്ന് ആക്കാന്‍ കിട്ടിയ അവസരം തുലക്കുമോ. അങ്കം കുറിച്ചു അടുത്തുള്ള ഹോട്ടലിലേക്ക് നീങ്ങും. അവിടുത്തെ കുശിനിപ്പുര വടിച്ചു നക്കി “ഇനി എന്താ ഉള്ളത് ” എന്ന് പറഞ്ഞു നില്‍ക്കുന്ന ബകന്‍റെ മുന്നില്‍ നിന്നു കൂട്ടമായി എത്തിയവരുടെ കൂട്ടത്തില്‍ പുലിവാല്‌ പിടിച്ച എതിരാളി നിന്നു വിയര്‍ക്കും. ഇത് റപ്പായി ചേട്ടന്‍റെ ഒരു പ്രായോഗിക തമാശയായിരുന്നു.

പ്രാതലിനു ദിനവും 75 ഇഡലിയും ഉച്ച ഊണിനു കുട്ട്ള ക്കണക്കിന് ചോറും അത്താഴത്തിനു 60 ചപ്പാത്തിയും കഴിച്ചു അരപ്പട്ടിണി കിടക്കുന്ന റപ്പായി ചേട്ടന്‍, പ്രാദേശിക തീറ്റ മത്സര ഉത്ഘാടന ത്തിനു 750 ഇഡലിയും 25 കിലോ ഹല്‍വയും 25 ലിറ്റര്‍ പാല്‍പായസവും കുടിച്ചു ഏമ്പക്കവും വിട്ടു” എനിയ്ക്ക് വിശ ക്കുന്നു” എന്ന് പറഞ്ഞു കാണികളുടെ കണ്ണു തള്ളിച്ചു തന്‍റെ അരുമ കളായ ശിഷ്യ ഗണങ്ങളെ പ്രചോദിപ്പിക്കും. ശിഷ്യ ഗണങ്ങള്‍ എന്നും റപ്പായി ചേട്ടന്‍റെ ദൌര്‍ബല്യമായിരുന്നു. തീറ്റ മത്സരം സംഘടിപ്പിച്ചാലല്ലേ ഉല്‍ഘാടകനായെങ്കിലും തന്‍റെ പൊരിവയറിന്‍റെ കാളലിനു ഒരു താല്‍ക്കാലിക ശമനം നല്‍കാന്‍ സാധിക്കൂ.

കുട്ടികള്‍ക്ക് ഈ ആധുനിക യുഗ ഭീമന്‍ പേടി സ്വപ്നമായിരുന്നു! എപ്പോളും നിഷ്കളങ്കമായ പുഞ്ചിരിയുമായി നടക്കുന്ന റപ്പായി ചേട്ടന്‍ ഒരു പേടിസ്വപ്നമോ !! .അന്നാളില്‍ വല്ലുമ്മ മാര്‍ അമ്മിഞ്ഞ നുണയുന്ന നാള്‍ തൊട്ടേ കുട്ടികള്‍ ഭക്ഷണത്തിനോട് കാണിക്കുന്ന ചിത്താന്തത്തിനു മറു മരുന്നായി പറഞ്ഞിരുന്നത്” വേഗം കഴിച്ചോ അല്ലെങ്കില്‍ തീറ്റ റപ്പായി വന്നു പിടിച്ചു തിന്നും” എന്നായിരുന്നു. പിന്നെങ്ങനെ കുഞ്ഞുങ്ങള്‍ക്ക്‌ റപ്പായി ചേട്ടന്‍ ഒരു ഭീകര ജീവിയാകാതെ പോകും .

രാവിലെ ഏതാണ്ട് എഴുപത്തഞ്ച് ഇഢലിയാണ് പ്രാതൽ. പിന്നെ ഒരു പതിനൊന്ന് പതിനൊന്നരയാകുമ്പോഴേക്കും വിശക്കാൻ തുടങ്ങും. അപ്പോൾ വളരെ ലൈറ്റ് ആയി ഒരു പതിനഞ്ച് മസാലദോശ കഴിക്കും. ഠൗണിലെ ഒരു ഹോട്ടലുകാരായിരുന്നു ഇത് കുറേക്കാലം സ്പോൺസർ ചെയ്തിരുന്നത്. പിന്നെ ഉച്ചയ്ക്ക് അമൃതേത്തിനു ഒരു ബക്കറ്റ് മീൻ കറി, അഞ്ചെട്ടുകിലോ ഇറച്ചി എന്നിവ. വൈകീട്ട് ചെറുതായി വിശക്കുമ്പോൾ വളരെ ചെറിയ രീതിയിൽ ഒരു മുപ്പത് വട കഴിക്കും. പിന്നെ അത്താഴം.

എൺപതുകളിലാണ് റപ്പായി കേരളത്തിൽ പ്രസിദ്ധനാകുന്നത്. തൃശ്ശൂർ എഞ്ചിനീയറിംഗ് കോളേജിലെ ചില വിദ്യാർത്ഥികൾ ഒരു ഹോട്ടലിലെ മാനേജരുമായി ഒന്നു ഉടക്കി. കേരളത്തിൽ വിവിധ സ്ഥലങ്ങളിലായി ഹോട്ടൽ നടത്തുന്ന ഒരു പ്രമുഖ ഗ്രൂപ്പിന്റെ ഹോട്ടലായിരുന്നത്. അയാൾക്കിട്ട് ഒരു പണികൊടുക്കണം, എന്താ വഴി? ഭാവി എഞ്ചിനീയർമാർ തലപുകഞ്ഞാലോചിച്ചു. കൊടുക്കുന്നെങ്കിൽ അത് ഒരു എട്ടിന്റെ പണി തന്നെയായിരിക്കണം. അക്കാര്യത്തിൽ അവർക്ക് വേറൊരു അഭിപ്രായമുണ്ടായില്ല.

അതിലൊരാളാണ് തന്റെ അയൽവാസിയായ റപ്പായിയുടെ കാര്യം പറഞ്ഞത്. പിറ്റേന്ന് ഉച്ചയൂണിന്‍റെ നേരത്ത് റപ്പായി ഹോട്ടലിലെത്തി. ഒരു ഫുൾ മീൽസിന്റെ കൂപ്പണുമെടുത്തു കൊടുത്ത് പിള്ളേർ അയാളെ ഹോട്ടലിലേക്ക് നയിച്ചു. സാധാരണയിലും ഒരല്പം വലിയ വയറു കണ്ടതു കൊണ്ടായിരിക്കും വിളമ്പുകാരൻ ഒരല്പം ചോറ് കൂടുതൽ വിളമ്പിയത്. ആദ്യ ഊണു കഴിഞ്ഞ് റപ്പായി വീണ്ടും ചോദിച്ചപ്പോൾ സപ്ലയർക്ക് അതിൽ അസാധാരണമായി ഒന്നും തോന്നിയില്ല. പക്ഷെ അത് മൂന്നും നാലും തവണ ആവർത്തിച്ചപ്പോൾ പ്രശ്നമായി. മാനേജരെത്തി റപ്പായിയോട് പുറത്തുപോകാൻ പറഞ്ഞു. വിദ്യാർത്ഥികൾ കേസ്സ് ഏറ്റുപിടിച്ചു. ഫുൾമീൽസിനുള്ള കൂപ്പണെടുത്തവന് വയറുനിറച്ച് ആഹാരം കൊടുക്കണമെന്ന് അവർ വാശിപിടിച്ചു. വഴക്കും ബഹളവും കേട്ടെത്തിയ ജനക്കൂട്ടവും റപ്പായിക്കൊപ്പമായപ്പോൾ പോലീസും ഹോട്ടലുകാരെ കയ്യൊഴിഞ്ഞു.

അപ്പോൾ ഹോട്ടൽ മാനേജർക്ക് വാശിയായി. അന്നുണ്ടാക്കിയ ചോറുമുഴുവനും കഴിക്കണമെന്നു അയാൾ റപ്പായിയോട് ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ അവിടെനിന്നും പോകാനാകില്ലെന്നും അയാൾ പറഞ്ഞു. ഹോട്ടൽ ജീവനക്കാർ റപ്പായിയെ വളഞ്ഞു. റപ്പായി അതിദയനീയമായി മാനേജരുടെ മുഖത്തുനോക്കി. പിന്നെ ഇരു കരങ്ങളും കൂപ്പി താഴ്മയായി അപേക്ഷിച്ചു. “കസേരയിൽ ഇരുന്നു ശീലമില്ല. നിലത്തിരുന്നോളാം.അതുപോലെ പ്ലെയിറ്റും പതിവില്ല ഇല മതി.”

രണ്ട് അപേക്ഷകളും സ്വീകരിക്കപ്പെട്ടു. ചോറുവച്ച പാത്രം മെല്ലെ മെല്ലെ ഒഴിയുവാൻ തുടങ്ങി. വാശിക്കു നാശം എന്ന പഴഞ്ചൊല്ലിൽ പതിരില്ലെന്ന് മാനേജർ മനസ്സിലാക്കിയപ്പോഴേക്കും ആവേശ ഭരിതരായ ജനക്കൂട്ടം റപ്പായിയെ തോളിലേറ്റി മുദ്രാവാക്യം വിളികളോടെ ഘോഷയാത്ര തുടങ്ങിക്കഴിഞ്ഞിരുന്നു.

റപ്പായി അങ്ങിനെ കേരളം മുഴുവനും അറിയപ്പെടുവാൻ തുടങ്ങി. തീറ്റമത്സരങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായി. എവിടെയും വിജയം റപ്പായിക്കൊപ്പമായിരുന്നു. അക്കാലത്ത് ആലുവയിലെ ഒരു ഹോട്ടൽ റപ്പായി ഉദ്ഘാടനം ചെയ്തത് 200 ഇഢലി കഴിച്ചു കൊണ്ടായിരുന്നു.

മൂന്നു ബക്കറ്റ് ചോറും ഒരു ബക്കറ്റ് മീങ്കറിയും 10 കിലോ ഇറച്ചിയും ഒറ്റ ഇരുപ്പില്‍ കഴിക്കുന്ന തീറ്റ റപ്പായി ചേട്ടന്‍ 750 ഇഡലി വരെ ഒറ്റ ഇരുപ്പില്‍ തിന്നിട്ടുണ്ടെന്നത് ചരിത്രം. പല മത്സരങ്ങളിലും റപ്പായിച്ചേട്ടന്‍ തന്റെ മികവു തെളിയിച്ചിട്ടുണ്ട്. മാംസ മത്സ്യാദികളേക്കാള്‍ പച്ചക്കറിയാദികളോടാണ് റപ്പായിച്ചേട്ടന് താത്പര്യം കൂടുതല്‍.

750 ഇഢലി, 25 കിലോ അപ്പം, നാലുകുല വാഴപ്പഴം, അഞ്ച് ബക്കറ്റ് പായസം എന്നിങ്ങനെ തീറ്റമത്സരങ്ങളിൽ ഇദ്ദേഹം റിക്കോർഡ് സൃഷ്ടിച്ചിട്ടുണ്ട്. ഈ റിക്കോർഡുകളുടെ പേരിൽ ലിംക ബുക്ക് ഓഫ് റിക്കോർഡ്സിലും പേര് വന്നിട്ടുണ്ട്.

ഒരിക്കലും നിറയാത്ത വയറുമായി, ഒടുങ്ങാത്ത വിശപ്പുമായി വടക്കും നാഥനെ പ്രദക്ഷിണം വച്ചു നടന്ന തീറ്ററപ്പായി 2006-ൽ ഓർമ്മയായി. 2018 ൽ റപ്പായിയുടെ കഥ ‘തീറ്ററപ്പായി’ എന്ന പേരിൽത്തന്നെ സിനിമയായി. കലാഭവൻ മണിയുടെ സഹോദരനായ RLV രാമകൃഷ്ണനായിരുന്നു സിനിമയിൽ റപ്പായിയെ അവതരിപ്പിച്ചത്.

കടപ്പാട് – വിവിധ ഓൺലൈൻ മാധ്യമങ്ങൾ.

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply