മനസ്സിൽ ഒരിക്കൽ പോലും കടന്നു വരാത്തയിടമായിരുന്നു ഇത്. PSC കോച്ചിങിന് പോയപ്പോൾ കേട്ട / പഠിച്ച ആ വരികൾ മാത്രമേ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ – തെക്കൻ കാശി / ദക്ഷിണ ഗയ : തിരുനെല്ലി ക്ഷേത്രം ..
ആമലകക്ഷേത്രം (നെല്ലിക്ക ) എന്നും അറിയപ്പെടുന്നു. തോൽപ്പെട്ടി വന്യജീവി സങ്കേതം കടന്നയുടനെ ഹൃദയമാകെ തുടികൊട്ടുന്നുണ്ടായിരുന്നു – അതെ, വനത്തിലൂടെയാ ഇനിയുള്ള സഞ്ചാരം ..ബ്രഹ്മഗിരിമലയുടെ തലയെടുപ്പിന് കീഴിൽ വിവിധ വൃക്ഷലതാദികൾ ,വഴിയോരം നിറയെ മുന്നറിയിപ്പു ബോർഡുകൾ – അതിൽ നിറയെ ആനയുടെ പടം .. വൈകീട്ടാ ആ വഴിയിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്നേ .. പ്രതാപശാലിയായ ഒറ്റക്കൊമ്പൻ വരണേ പടച്ചോനേ എന്നാ എന്റെ ജപം ..വണ്ടി കുറേയങ്ങട് പോയി .. പിടിയാനയെങ്കിലും വരണേ എന്ന് പ്രാർത്ഥിച്ച് ഉണ്ടക്കണ്ണ് ബൈനോക്കുലറായി കാടിനുള്ളിലേക്ക് നോക്കിയിരിപ്പാ .. അതെല്ലാം ഭാഗ്യമാണല്ലോ .. ജ്യോതീം വന്നീല്ല, തീയുമില്ല .. എന്നാലും ഹരിതാഭ തിങ്ങി നിൽക്കുമിടം .. മഴക്കാലത്ത് ഇനീം സൗന്ദര്യം പൂർണ്ണമായി ആസ്വദിക്കാൻ വരണം എന്ന് മനസ്സ് മന്ത്രിച്ചു.

പ്രിയ ഓടിഓടി അമ്പലത്തിലെ പടിയുടെ താഴെയെത്തി … തിരക്കില്ല .. ഗസ്റ്റ് ഹൗസിൽ ബുക്ക് ചെയ്ത മുറിയിലെത്തി refresh ആയി സന്തത സഹചാരിയായ Canon ഉം കഴുത്തിൽ തൂക്കി പുറം കാഴ്ചകളിലേക്ക് .. അവിടെ നിന്നും ലഭിച്ച ഒരു കൈപുസ്തകത്തിൽ നിന്നും കുറേ ഐതിഹ്യങ്ങൾ മനസ്സിലാക്കാനായി .
ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്ത സുന്ദരമായ അന്തരീക്ഷത്തിലാണ് പ്രകൃതി രമണീയമായ തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. തിരക്കിന്റെ ലോകത്ത് നിന്നും ശാന്തിയുടെ അന്തരീക്ഷത്തിലേക്ക് .. വയനാട് വന്യജീവി സംരക്ഷണകേന്ദ്രത്തിനു നടുക്കാണ് ഈ ക്ഷേത്രം. വയനാട് ജില്ലയിലെ പ്രശസ്തമായ വിഷ്ണുക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം.ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല എന്നിവയാല്‍ ചുറ്റപ്പെട്ട ക്ഷേത്രം സഹ്യമലാക്ഷേത്രം എന്നും അറിയപ്പെടുന്നു. രാത്രിയാകുന്തോറും മഞ്ഞ് പുൽകുന്ന ക്ഷേത്രം ….. എന്തൊരു ശാന്തതയാണിവിടം ? ഇവിടെ പൊതുവെ ജനസാന്ദ്രത കുറവാണ്. ജനസംഖ്യയില്‍ അധികവും ആദിവാസികളാണ്. അവരുടെ ആരാധനാ ക്ഷേത്രമായ ദൈവത്താർ മണ്ഡപം ക്ഷേത്രത്തിന് തൊട്ടടുത്താണ് ..

ഭാരതത്തിലെ പ്രാചീനമായ ഒരു ക്ഷേത്രമാണിത് …. പുരാണങ്ങളിൽ ഈ ക്ഷേത്രം ഹരിത ശോഭയോടെ തിളങ്ങി നിൽക്കുന്നുണ്ട് ,നിരവധി ഐതിഹ്യങ്ങളും ക്ഷേത്രത്തെക്കുറിച്ചുണ്ട്. കാലപ്പഴക്കം ഇത് വരെ ഖണ്ഡിതമായി പറയാൻ ചരിത്ര പണ്ഡിതന്മാർക്ക് പോലും കഴിഞ്ഞട്ടില്ല ,മതിയായ രേഖകളുടെ അഭാവവും ഒരു കാരണമായി എനിക്ക് തോന്നി .എങ്കിലും 962 നും 1019 നും ഇടയിലുള്ള കാലത്താണ് ക്ഷേത്രം നിര്‍മിച്ചത് എന്നാണ് കരുതപ്പെടുന്നത്. ക്ഷേത്രത്തിനകത്തെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ,ബ്രഹ്മാവ് യാഗം ചെയ്ത സ്ഥലം തുളസി ചെടി വളർന്ന് നിൽക്കുന്നു ,ഗണപതി ക്ഷേത്രം തുടങ്ങിയവയാണ് . പ്രാർത്ഥനയും കഴിഞ്ഞ് ടോക്കണെടുത്ത് അന്നദാനം നടത്തുന്നയിടത്തേക്ക് പടികളിറങ്ങി ചെന്നു – ഗോതമ്പ് നുറുക്ക് ഉപ്പ് മാവും ,മാങ്ങാ അച്ചാറും കരിപ്പട്ടി കാപ്പിയും കഴിച്ച് മനസ്സ് നിറഞ്ഞ് ആ മഞ്ഞിൻ മടിയിലെ തണ്ണുപ്പിലേക്ക് മിഴികൾ അടച്ചു …

ക്ഷേത്രത്തിൽ നിന്നും സൂര്യോദയം കാണാൻ കുളിച്ചൊരുങ്ങി അതിരാവിലെ വീണ്ടും ദർശനത്തിനെത്തി .. അതൊരു നയനാന്ദകരമായ കാഴ്ച തന്നെ .. ഓറഞ്ച് പട്ടുടുത്ത സൂര്യൻ തന്റെ തേരിൽ കിഴക്ക് നിന്നും മുകളിലേക്ക് വരും കാഴ്ച … മനസ്സു നിറഞ്ഞ് ചിത്രങ്ങൾ പകർത്തുന്നോടൊപ്പം അവിടത്തെ വിശേഷങ്ങളിലേക്കും – ➡മുപ്പത് കരിങ്കല്‍ തൂണുകളാല്‍ താങ്ങി നിര്‍ത്തിയിരിക്കുന്ന ഈ ക്ഷേത്രത്തിനു ഒരു ഫർലോങ് അകലെയാണ് പാപനാശിനി അരുവി.ബ്രഹ്മഗിരി കുന്നുകളിൽ ജന്മമെടുത്ത് ഒഴുകി വരും പുണ്യനദി . ഈ അരുവിയിലെ പുണ്യജലത്തില്‍ മുങ്ങിക്കുളിച്ചാല്‍ എല്ലാ പാപങ്ങളില്‍ നിന്നും മോചിതരാകും എന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് ബലി അര്‍പ്പിക്കുന്നതിനാണ് കൂടുതലായും ആളുകള്‍ ഇവിടെ എത്തുന്നത്. ക്ഷേത്രത്തില്‍ നിന്നും ഉരുളന്‍ പാറക്കല്ലുകള്‍ക്കിടയിലൂടെ നടന്നുവേണം പാപനാശിനിയില്‍ എത്താന്‍. പോകുന്ന വഴിയ്ക്കാണ് പഞ്ചതീര്‍ത്ഥ കുളവും ഗുണ്ഡികാ ശിവക്ഷേത്രവും.

തിരുനെല്ലി ക്ഷേത്രത്തിന്റെ പുറകിലെ പടികള്‍ കടന്നെത്തുമ്പോഴാണ് പഞ്ചതീര്‍ത്ഥം. അഞ്ചുനദികളുടെ സംഗമസ്ഥലമാണ് പഞ്ചതീര്‍ത്ഥം എന്നാണ് വിശ്വാസം.തീര്ത്ഥക്കുളത്തിന് മദ്ധ്യഭാഗത്തായുള്ള പാറയില്‍ രണ്ട് കാലടി രൂപങ്ങള്‍ വിഷ്ണുഭഗവാന്റെ തൃപ്പാദങ്ങളെ പ്രതീകാത്മകമായി ചിത്രീകരിച്ച് കൊത്തിവച്ചിരിക്കുന്നു. കൂടാതെ ശംഖ്, ചക്രം, ഗദ, പത്മം എന്നീ രൂപങ്ങളും കൊത്തിവച്ചിട്ടുണ്ട്. ഈ പാറയില്‍ നിന്നു കൊണ്ടായിരുന്നുവത്രേ മഹാവിഷ്ണു ബ്രഹ്മാവിന് ഉപദേശങ്ങള്‍ നല്‍കിയത്. ക്ഷേത്രത്തിലെ വിളക്കുമാടം പ്രത്യേകം എടുത്തു പറയേണ്ടതാണ് .കിഴക്കുഭാഗത്ത് മുഴുവനായും തെക്ക് ഭാഗത്ത് അപൂർണ്ണമായ നിലയിലും – 2 തവണ പണി പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല .. സിമൻറോ ചാന്തോ ഉപയോഗിക്കാതെ കരിങ്കൽ പാളികൾ പ്രത്യേകം അടുക്കി വച്ചാ നിർമ്മാണം … മൂലകളിൽ ഗണപതിവിഗ്രഹത്തിന്റെ കൊത്തുപണി .. കാൽനട പാകിയ കരിങ്കൽ പാളികളിൽ എന്തൊക്കെയോ ലിപികളും ,..

കരിങ്കൽപ്പാത്തിയാണ് മറ്റൊരു അത്ഭുതം .. ക്ഷേത്രത്തിന് കിണറില്ല , 4 വശങ്ങളും മലകളാൽ ചുറ്റപ്പെട്ട് ഒരു കുന്നിൻ മുകളിലാണീ ക്ഷേത്രം … 4 വശത്തും താഴ്വാരങ്ങളാണ് .കരിങ്കൽപ്പാത്തി ഐതിഹ്യം ചിത്ര സഹിതം താഴെ നൽകുന്നുണ്ട് .. ബലിക്കല്ല് – നടയ്ക്ക് നേരെയല്ല ,ഒരു വശത്തേക്ക് മാറിയാനിൽക്കുന്നേ .. വർഷങ്ങൾ മുന്നേ ഒരു ആദിവാസിയുടെ തീവ്ര ആഗ്രഹമായിരുന്നത്രേ മരിക്കും മുൻപേ ക്ഷേത്ര ദർശനം നടത്താൻ ,കൊടും കാടും താണ്ടി ദിവസങ്ങളോളം അലഞ്ഞ് അദ്ദേഹം അമ്പലനടയിൽ എത്തി തൊഴും നേരം ജാതി അയിത്തം മൂലം അകത്ത് കയറാനാകാതെ പുറമേ നിന്ന് നെഞ്ച് പൊട്ടി കരയുകയും ബലിക്കല്ല് അല്പം സ്വയമേ മാറി ദർശനം സിദ്ധിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം .. ഒരു വല്ലാത്ത നിർവൃതിയിൽ മലയിറങ്ങി ഞങ്ങൾ നീങ്ങി തുടങ്ങി…
തിരുനെല്ലിയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സമയങ്ങള്‍ അറിയുവാന്‍ www.aanavandi.com സന്ദര്‍ശിക്കുക.
വിവരണം -ദിവ്യ ജി.പൈ.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog