By: Dileep Narayanan. ചിത്രങ്ങൾ : Sojan Vithayathil.
അത്ഭുതകരമായ ഒരു സംഗതി ഭാഗ്യമുണ്ടെങ്കിൽ മാത്രം സംഭവിക്കുന്ന കാഴ്ച അതാണീ ചിത്രങ്ങൾ പറയുന്നത് .എന്റെ സുഹൃത്ത് പ്രവാസിയായ സോജൻ വിതയത്തിൽ 2012 ജൂണിൽ ബഹറിനിൽ നിന്ന് അവധിക്ക് നാട്ടിലെത്തിയപ്പോൾ കുടുംബത്തോടൊപ്പം യാത്രയിൽ പകർത്തിയ ചിത്രങ്ങളാണിത് … കടുവയെ കാണാൻ കാട്ടിൽ ടെന്റ് കെട്ടി മാസങ്ങൾ താമസിച്ചാൽ പോലും ഇത്തരം കാഴ്ച കാണാൻ സാധിക്കില്ല അദ്ദേഹത്തിന്റെ വാക്കുകളിലൂടെ..
2012 ജൂണിൽ നാട്ടിലെത്തിയപ്പോൾ കുടുംബത്തോടൊപ്പം ഒരു യാത്ര പ്ലാൻ ചെയ്തിരുന്നു .വയനാട് മൈസൂർ ബാംഗ്ലൂർ എന്നിങ്ങനെ.. ഞാൻ ത്രില്ലിൽ ആയിരുന്നു കാരണം ആശിച്ച് സ്വന്തമാക്കിയ കാനൺ 5 D മാർക്ക് 3 വാങ്ങിയ ശേഷമുള്ള ആദ്യ യാത്ര.. എന്റെ കൂടെ ഭാര്യയും രണ്ട് മക്കളും അനുജനും ഉണ്ട് യാത്രയിൽ .. ഇന്നോവയിലായിരുന്നു യാത്ര.. ഡ്രൈവറും കൂടെയുണ്ട്. വയനാട്ടിൽ കൂടെയുള്ള എന്റെ ആദ്യത്തെ യാത്രയാണ് ..
കണ്ണൂർവഴി വയനാട്ടിലൂടെ കാട് കണ്ട് ബംഗ്ലൂരിലേക്ക് കടക്കാൻ ആയിരുന്നു തീരുമാനം .മുത്തങ്ങ വഴി പോകാം എന്നാദ്യം കരുതി ..പക്ഷെ കല്ലൂരിൽ നിന്ന് പഴൂർ വഴിയുള്ള ഷോർട്ട്കട്ടിൽ കൂടി പോകമെന്ന തീരുമാനത്തിൽ യാത്ര തുടർന്നു … ഈ വഴിയിൽ യാത്ര തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ റോഡിലേക്ക് ഇടത് ഭാഗത്ത് നിന്ന് ഒരു കടുവ കയറി വന്നു .. ഞങ്ങളൊന്ന് വിറച്ചു .. ഡ്രൈവർ വണ്ടി റോഡിന്റെ ഒരു ഭാഗത്തേക്ക് ചെരിച്ച് ഒതുക്കിയിട്ടു .. പെട്ടെന്നതാ മറ്റൊരു കടുവ കൂടി പ്രത്യക്ഷപെട്ടു .. രണ്ട് കടുവകളും നേർക്കു നേർ ..ഇരുവരും രൂക്ഷമായി പരസ്പരം ഏറ്റുമുട്ടി … റോഡിന്റെ സൈഡിൽ നിന്ന് പരസ്പര പോരാട്ടം … കൈപത്തികൾ ഉയർത്തിക്കുള്ള പ്രഹരം..
കാമറയിൽ കിടക്കുന്നത് 24 70 വൈഡ് ലെൻസ് .ഞാൻ ഒട്ടും സമയം കളഞ്ഞില്ല … വിൻഡോയിലൂടെ അവരുടെ യുദ്ധം നിമിഷ നേരം കൊണ്ട് പകർത്തിയെടുത്തു… ഏതാണ്ട് രണ്ട് മിനിറ്റ് നേരത്തെ കനത്ത പോരാട്ടത്തിന് ശേഷം തുല്യശക്തികളായ ഇരുവരും പരസ്പരം കണ്ണിൽ കണ്ണിൽ നോക്കി വിപരീത ദിശകളിലേക്ക് മുരൾച്ചയോടെ പിരിഞ്ഞു പോയി .. തൊട്ടടുത്ത് ഞങ്ങളുടെ കാർ കടന്നിട്ടും അത് അവർ ഗൗനിച്ചതേയില്ല.. ഏതാനും നിമിഷങ്ങൾ കൊണ്ട് എന്തൊക്കെയാണ് സംഭവിച്ചത്… ശ്വാസം പോലും വിടാതെയാണ് ഞങ്ങൾ ആ കാഴ്ച കണ്ടത് … വിസ്മയത്തിലും ആശ്ചര്യത്തിലുമായിരുന്നു ഞങ്ങൾ …ആദ്യമായ് കാട്ടിലൂടെ യാത്ര ചെയ്ത ഞങ്ങൾക്ക് കാട് നൽകിയ അവിശ്വസനീയ സമ്മാനം….
ടെറിറ്റോറിയൽ ഫൈറ്റ് എന്നറിയപ്പെടുന്ന ഈ യുദ്ധം 20 സ്ക്വയർ കിമീ ദൂരം വരുന്ന കടുവകളുടെ ഒറ്റയാൻ ഭരണ പരിധിയിലേക്ക് മറ്റ് കടുവകൾ അതിക്രമിച്ച് കടക്കുമ്പോൾ സംഭവിക്കുന്നതാണ് .. പക്ഷെ പലപ്പോഴും അപൂർവ്വമായി സംഭവിക്കുന്ന ഈ യുദ്ധം മനുഷ്യർക്ക് കാണാൻ സാധിക്കുവാറില്ല.. അതിനാൽ ഭാഗ്യവാൻമാർ മാത്രം ഈ കാഴ്ചകൾ കാണും … അല്ലെങ്കിൽ ഇനിയും കണ്ടേക്കാം .
ഒറ്റയ്ക്ക് ജീവിക്കുന്നതാണ് കടുവകളുടെ പ്രകൃതം. ചെടികളിലും മരങ്ങളിലും നഖം കൊണ്ട് മാന്തിയും ‘മണം’ കൊണ്ടും അതിർത്തി അടയാളപ്പെടുത്തുന്ന രീതിയുണ്ട് ഇവയ്ക്ക്. തങ്ങളുടെ ‘അധീനത’യിലുള്ള പ്രദേശത്ത് മൂത്രവിസർജനം നടത്തിയാണ് ഈ അടയാളപ്പെടുത്തൽ. മൂത്രത്തിന്റെ ഗന്ധമടിച്ചാൽ മറ്റ് കടുവകൾക്കറിയാം ഈ സ്ഥലത്തേക്ക് അതിക്രമിച്ചു കയറിയാൽ ആക്രമിക്കപ്പെട്ടേക്കുമെന്ന്. ആ അടയാളപ്പെടുത്തൽ നടത്തിയ കടുവ ആണാണോ പെണ്ണാണോ, അവയുടെ പ്രായം, അവ ഇണചേരാൻ തയാറാണോ തുടങ്ങിയ കാര്യങ്ങളെല്ലാം ഗന്ധം വഴി ഓരോ കടുവയ്ക്കും തിരിച്ചറിയാനാകും. ഇണകൂടാൻ തയാറാണെന്ന് ആൺകടുവകളെ അറിയിക്കാനും പെൺകടുവകൾ ഈ ‘മണ’പ്രയോഗം നടത്താറുണ്ട്.
മാർജാര കുടുംബത്തിലെ ഏറ്റവും വലിയ അംഗം, കരുത്തനാണ് കടുവ – സ്വന്തം ഭാരത്തിന്റെ ഇരട്ടിയുള്ള മൃഗങ്ങളെ വരെ അനായാസം കൊന്നൊടുക്കാനാകും. മുൻനിരയിലെ നാല് കോമ്പല്ലുകളാണ് കടുവയുടെ പ്രധാന ആയുധം. ഇരയുടെ കഴുത്തിൽ ഈ പല്ല് ആഴ്ന്നിറങ്ങി രക്തം നഷ്ടപ്പെട്ടാണ് പലപ്പോഴും മരണം സംഭവിക്കുക. എന്തെങ്കിലും അപകടത്തിലോ വയസ്സായോ ഈ പല്ലുകൾ നഷ്ടപ്പെട്ടാൽ അതോടെ ഇരപിടിത്തം നിലയ്ക്കും, പട്ടിണി കിടന്ന് ചാകുകയേ പിന്നെ വഴിയുള്ളൂ. മികച്ചൊരു അണുനാശിനിയാണ് കടുവയുടെ ഉമിനീർ. അതിനാൽത്തന്നെ അവയുടെ മുറിവുകൾ ഉണക്കാനുള്ള മികച്ചൊരു മാർഗവും.
രാത്രിക്കാഴ്ചക്ക് ചേർന്ന വിധത്തിലല്ല കടുവയുടെ കണ്ണുകൾ. എന്നിട്ടുകൂടി രാത്രിയിലെ കാഴ്ചശക്തിയിൽ മനുഷ്യനെക്കാൾ ആറുമടങ്ങ് ശേഷിയുണ്ട് ഇവയ്ക്ക്.പ്രസവശേഷം കടുവക്കുഞ്ഞുങ്ങളെ മിക്കവാറും അമ്മ മാത്രമാണ് സംരക്ഷിക്കാനുണ്ടാവുക. അച്ഛൻകടുവ ഒപ്പമില്ലെങ്കിലും ഈ സൗരക്ഷണം അമ്മമാർ കൃത്യമായി നൽകാറുമുണ്ട്. ജനിച്ച് ഒരാഴ്ചക്കാലത്തേക്ക് കടുവക്കുഞ്ഞുങ്ങൾക്ക് കാഴ്ചശക്തിയും ഉണ്ടാകാറില്ല. ഒന്നരവയസ്സാകുന്നതുവരെ കുട്ടിക്കടുവകൾ അമ്മയ്ക്കൊപ്പം വേട്ടയാടലൊക്കെ കണ്ടുപഠിച്ചു നടക്കും. വേട്ടക്കാരനായിക്കഴിഞ്ഞാൽ പിന്നെ രണ്ടോ മൂന്നോ വയസ്സാകുന്നതുവരെയേ അമ്മയ്ക്കൊപ്പം കടുവക്കുട്ടന്മാരെ കാണാനാകൂ. സ്വന്തമായി അതിർത്തി നിശ്ചയിച്ച് കാട്ടിലെ ആ ഭാഗത്തിന്റെ രാജാവായി വിരാജിക്കുകയാണ് ശേഷം സംഭവിക്കുക.
കടുവകളുടെ ഗർജനം കേട്ടാൽ പേടിക്കേണ്ട ആവശ്യമില്ല. ഇരകൾക്കു മുന്നിൽ അവ ഗർജിക്കാറുമില്ല. മറ്റു കടുവകളുമായുള്ള ആശയവിനിമയത്തിനാണ് അവയുടെ ഗർജനം. പക്ഷേ ഇരയുടെ തൊട്ടുമുന്നിൽ മണപ്പിച്ചും മുരൾച്ചയോടെയും നടന്നാൽ ഉറപ്പിച്ചോ അവ ആക്രമണത്തിനൊരുങ്ങുകയാണ്.