ആദ്യമേ വിജീഷ് ഏട്ടന് ഒരായിരം നന്ദിയും കടപ്പാടും അറിയിക്കുന്നു. ഗ്രൂപ്പിലൂടെ പരിചയപെട്ട വിജീഷ്ഏട്ടൻ ഞങ്ങൾക്ക് സമ്മാനിച്ച വിഷു കൈനീട്ടം ആയിരുന്നു ഈ ബോട്ട് യാത്ര. ജീവിതത്തിലെ വലിയ സ്വപ്നങ്ങളിൽ ഒന്നായിരുന്നു ഒരു കപ്പൽ യാത്ര. കൂടുതൽ കേട്ട് പരിചയമുള്ളതിനാൽ ഒരു ലക്ഷദീപ് യാത്ര എങ്കിലും കപ്പലിൽ ചെയ്യണം എന്ന് വല്ലാത്ത ആഗ്രഹമായിരുന്നു. എന്നാൽ ആഗ്രഹിച്ചതിലും വലിയ ഒരു ബോട്ട് യാത്ര തന്നെ തന്ന ദൈവത്തിനു സ്തുതി..
കടല്‍ യാത്രക്കു കാത്ത് നിരന്നു നില്ക്കുന്ന നിരവധി മീന്‍വള്ളങ്ങള്‍. അവ ഓളപ്പരപ്പില്‍ ഇളകിക്കളിക്കുന്നു. പുതിയാപ്പയിലെ കാറ്റില്‍ അവയ്ക്കു മേലേ കൊടിക്കൂറകളുടെ പക്ഷിക്കൂട്ടങ്ങള്‍ പാറികളിക്കുന്നു. മീന്‍വല പോലെ പുലര്‍വെട്ടം കടലിലെക്കു ഒഴുകിപ്പരന്നു. എവിടെയാണീ മീനുകളൊക്കെ ഒളിച്ചിരിക്കുന്നതെന്ന് ആശ്ചര്യപ്പെട്ടിരുന്ന കുട്ടിക്കാലം മുതലേ കടല്‍ ഒരു പ്രലോഭനമായിരുന്നു.
കൈകോര്‍ത്തു കിടക്കുന്ന ബോട്ടുകൾക്ക് മേലേക്കൂടി യാത്രാസംഘം ബോട്ടിലേക്കു. പുതിയാപ്പ കാരൻ വിജീഷ് ഏട്ടന്റെ ശിവശക്തി ബോട്ടിലാണ് ഞങ്ങളുടെ യാത്ര. ബോട്ടു തൊഴിലാളി ആയിരുന്ന വിജീഷ് ഏട്ടന് ഇന്ന് 5 ബോട്ടിന്റെ ഉടമയാകാൻ സഹായിച്ച ആ നല്ല മനസിനെ യാത്രയിൽ ഉടനീളം ഞങ്ങൾ കണ്ടു. കടലിലെ കാഴ്ചകളും അനുഭവങ്ങളും തേടി പുതിയാപ്പ ഹാർബറിൽ നിന്നും 7.30 am തന്നെ ഞങ്ങൾ യാത്ര ആരംഭിച്ചു. കടലിലേക്ക് കടക്കുന്നിടത്ത് ആനയെ മറിക്കുന്ന തിരമാലകളാണ്. ബോട്ട് കടലുമായി മുഖാമുഖം വന്നപ്പോള്‍ മുന്നറിയിപ്പു നല്കി. പിടുത്തം വിടരുത് തെറിച്ചു പോകും എന്ന്. കൊടിമരത്തില്‍ നിന്നു മുന്നറ്റത്തേക്കു വലിച്ചു കെട്ടിയിരിക്കുന്ന കയറില്‍ ഞങ്ങൾ പിടിച്ചു തൂങ്ങി നിന്നു. വലിയ ഒരു തിരയ്ക്കു മേലേ ബോട്ട് എടുത്തെറിഞ്ഞപ്പോള് അറിയാതെ ഒരാരവം ഉയര്‍ന്നു. ഇതല്ലേ ഇതിന്റെ രസം …… ഏത്…..
ചാഞ്ഞും ഉലഞ്ഞും കേറിയും ഇറങ്ങിയും ഞങ്ങളുടെ ബോട്ട് മുന്നോട് നീങ്ങി കൊണ്ടിരുന്നു വെയില് പരന്നു വരുന്നു. പ്രഭാതത്തിലെ കാറ്റും തിരകളും മേലേയും താഴേയും നിറയുന്ന നീലനിറവും. അകന്നകന്നു പോകുന്ന കരയുടെ പച്ച അതിര്രേഖയും പുതിയ അനുഭവങ്ങളുടെ കടലായി ഞങ്ങളെ ചൂഴ്ന്നു. കരയിലിരിക്കുന്നവര്ക്കു കിട്ടാത്ത അനുഭവങ്ങളുടെ കടല്‍. ഇതൊരു വെറും കടല്‍ യാത്രയല്ല. പല യാത്രകള്‍ ചേര്‍ന്ന യാത്രയാണ്. കടലിലെ വൈവിധ്യമാര്‍ന്ന ജലജീവിലോകത്തിലൂടെ ഒരു യാത്ര. കടലിലെ മനുഷ്യരുടെ ജീവിതത്തിലൂടെ ഒരു യാത്ര. കാറ്റും തിരയും വെയിലും നിറങ്ങളും നിറഞ്ഞ പുറങ്കടല്ക്കാഴ്ചകളിലൂടെയുള്ള യാത്ര. തിരകളില്‍ ഊഞ്ഞാലാടി, കാറ്റിന്റെ തലോടലേറ്റ്, ജലകന്യകമാരുടെ പാട്ടുകേട്ട്, നീലനിറത്തിന്റെ തുരങ്കങ്ങള്‍ താണ്ടി, അനുഭവങ്ങളുടെ അപാരതയിലൂടെ യാത്ര തുടര്‍ന്നു.
നീലയുടെ പല പല അടരുകളാണ് കടലിലേക്കു പ്രവേശിക്കുമ്പോള്‍ നാം കാണുക. തുടക്കം ഇളം നീല. പിന്നെ കടും നീല. പുറങ്കടലില്‍ പളുങ്കുനീല. അര മണിക്കൂര്‍ കൊണ്ട് ബോട്ട് അവിടെയെത്തി. ഇപ്പോള്‍ ബോട്ടിന് ഇളക്കം കുറഞ്ഞിട്ടുണ്ട്. തിരകളില്‍ വെയിലിന്റെ ചെമ്പുതകിടുകള്‍ മിന്നുന്നു. അലകള്‍ക്കു മേലേ കടല്‍ക്കാക്കകള്‍ തെന്നിത്തെന്നി നീങ്ങുന്നു. ഇതൊരു വലിയ അനുഭവം തന്നെ. കടലും മേഘങ്ങളും കൂട്ടിമുട്ടുന്ന അപാരതയെ നോക്കി ഞങ്ങൾ വിസ്മയപ്പെട്ടു. 500 കിലോമീറ്റര്‍ നീളത്തില്‍ കടലോരമുള്ള നാടാണ് കേരളം. ഏറെക്കുറെ എല്ലാവരും മത്സ്യാഹാരികളും. എന്നിട്ടും കടല്‍ നാം ശരിക്കു കണ്ടിട്ടില്ല. കടലില്‍ പോയിട്ടില്ല. കടല്‍ നമ്മുടെ ടൂറിസത്തിന്റെ ഭാഗമല്ല. അതെന്താ അങ്ങിനെ? കടല്‍ യാത്രയുടെ ത്രില്ലും ആനന്ദവും മറ്റെന്തിനാണുള്ളത്? എന്നിട്ടും എന്താണ് മലയാളി കടലില്‍ സഞ്ചരിക്കാത്തത്? ഞാൻ അതോര്‍ത്ത് അദ്ഭുതപ്പെട്ടിട്ടുണ്ട്…….
മലയാളിയുടെ വീടിന് കടലാണതിര്. പക്ഷെ കടലിനെ അവനു പേടിയാണ്. കാട്ടില്‍ പോകാം, കടലില്‍ പോവില്ല. കടലില്‍ പോകുന്നതിന്റെ ത്രില്‍ അവനറിയില്ല. ശരിയാണ്. കടല്‍ വലിയൊരു കാടാണ്. സത്യത്തില്‍ കാടിനുള്ളതിനേക്കാള് സൗന്ദര്യവും വശ്യതയും കടലിനുണ്ട്. കാട്ടിലുള്ളതിനേക്കാള്‍ ജീവജാലങ്ങള്‍ കടലിലുണ്ടെന്ന് എത്ര പേര്‍ക്കറിയാം? എല്ലാ രാജ്യങ്ങളും കടല്‍ ടൂറിസത്തിന്റെ സാധ്യതകളില്‍ ഉപയോഗിക്കുമ്പോൾ മലയാളി മാത്രം കടല്ക്കരയില് പുറകോട്ടു തിരിഞ്ഞു നിന്ന് സഹ്യപര്‍വതത്തെ നോക്കുന്നു. അതു മാറണം.
ബോട്ടിന്റെ സ്രാങ്ക് (Captain) പുതിയാപ്പ കാരൻ ആണ് അദ്ദേഹം അതിലെ സിസ്റ്റം ഓരോന്നായി കാണിച്ചു കൊണ്ട് വിശദീകരിച്ചു. ഓരോ റൂട്ടിനും ഓരോ നമ്പര്‍ ഉണ്ട്. അക്ഷാംശരേഖയും രേഖാംശരേഖയും ദിശയും ദൂരവും എല്ലാം ചേരുന്ന ഒരു റൂട്ട്കോഡ്. ജി. പി. എസ്സില്‍ ഒരു റൂട്ട് കോഡ് സെറ്റ് ചെയ്താല്‍ മതി, ബോട്ട് ആ വഴിക്കു പൊയ്ക്കോളും. കേൾക്കുമ്പോൾ എന്ത് എളുപ്പമാ എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു പോയി … ജി.പി.എസ്സും വയര്‍ലെസ്സും യമഹ എഞ്ചിനുമില്ലാതെ കടലില്‍ പോയിരുന്ന കാലം. കൂട്ടത്തിൽ ഞാൻ ആലോചിച്ചു പോയി.
ഇനി മീന്പിടുത്തമായാലോ?പുതിയ പരിപാടിയിലേക്കു കടന്നു. ഞങ്ങളുടെ സംഘം വലയെറിയാന്‍ തയ്യാറെടുത്തു. വലിയ സ്റ്റീല്‍ വടങ്ങള്‍ റോളറില്‍ ചുറ്റി ബോട്ടില്‍ വെച്ചിട്ടുണ്ട്. അതിന്റെ തലക്കല്‍ വല കെട്ടി കപ്പിയില്‍ കുരുക്കി കടലിലേക്കിട്ടു. മീന്‍ നിറയും വരെ ഇനി കാത്തിരിക്കണം. ഒരു മണിക്കൂര്‍ വേണം വല കോരാന്‍. ആ ഇടവേളയില്‍ വെറുതെ ഇരിയ്ക്കാതെ ഞങ്ങൾ ഓരോരുത്തരായി പരിചയപെട്ടു. അപൂര്‍വമായൊരു സൗഹൃദത്തിന്റെ സൗരഭ്യം ആ യാത്രയെ പൊതിഞ്ഞു……. വല വലിക്കാറായി. കടലില്‍ നിന്നു വലയും മീനും മെല്ലെ മെല്ലെ ഉയര്‍ന്നു വന്നു. എല്ലാവരും ഓടി വന്നു. വല നിറയെ പല തരം മീനുകള്‍. പിടക്കുന്ന ആവോലികള്‍, പറക്കുന്ന കവണകള്‍, കൊതിപ്പിക്കുന്ന നെയ്മീനുകള്‍, തുള്ളിക്കളിക്കുന്ന തിരുതകള്‍, കൂന്തൽ പൊടിമീനുകള്‍. പിന്നെ ഒരു കടൽ പാമ്പും ഉണ്ടായിരുന്നു. അതിനെ ഞങ്ങൾക്ക് മുമ്പിൽ ഒന്ന് പ്രദർശിപ്പിച്ചു കടലിലേക്ക് തന്നെ തിരിക്കെ ഇട്ടു. കൗതുകവും വാത്സല്യവും കൊണ്ട് മീനുകളെ വാരിയെടുത്തും ലാളിച്ചും കോട്ടയിലേക്കിട്ടു.
അത്യപൂർവമായി കിട്ടിയ ഈ യാത്രയുടെ ഓരോ മിനുട്ടും ഞങ്ങൾ ആസ്വദിക്കുകയായിരുന്നു. തിരിച്ചു പോരുമ്പോൾ ഒരു ഡോൾഫിൻ ഞങ്ങൾക്ക് ദർശനം തന്നു. ക്യാമറ എടുത്തു വന്നപ്പോയെക്കും പോസ്സ് താരത്തെ പുള്ളിക്കാരൻ മുങ്ങി. ഈ യാത്ര ഒരു സംഭവമായിരുന്നു കടല്‍ യാത്രയുടെ ത്രില്‍ ഇപ്പോഴാണ് അറിയുന്നത്. ഇത് എല്ലാവരും അറിയണം. അനുഭവിക്കണം. എന്ന് ഞാൻ ആശിച്ചു പോകുകയാണ്. തിരകളില്‍ ചാഞ്ചാടി ബോട്ട് കരയിലേക്ക് അടുത്തുകൊണ്ടിരുന്നു. ഇപ്പോള്‍ വലിയ കാറ്റില്ല, തിരമാലകളുമില്ല. സ്വച്ഛശാന്തമായ നീലവിരിപ്പില്‍ കാറ്റു നെയ്യുന്ന കുഞ്ഞലകള്‍ മാത്രം. രാവിലെ കണ്ട കടലല്ല ഇത്. കടലിന് ഓരോ നേരം ഓരോ ഭാവമാണ്. പെട്ടന്ന് എവിടെനിന്നൊ പുറപ്പെട്ട ഒരു കാറ്റ് ഞങ്ങളുടെ ബോട്ടിനെ ഊക്കോടെ കരയിലേക്കു തള്ളി… ശുഭം..
വർഷത്തിൽ 300 ദിവസവും കടലിൽ ആയിരുന്നിട്ടും വിഷുവിന്റെ ഈ ലീവിനും ഞങ്ങളുടെ കൂടെ പോരാൻ തയ്യാറായ ബോട്ടിലെ ജീവനക്കാർക്ക് പ്രതേകം നന്ദി പറയുന്നു. ഇങ്ങനെ ഒരു യാത്ര ഒരുക്കി തന്ന വിജീഷ് ഏട്ടന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ( Very very Thanks to vijeesh ഏട്ടാ ) ഒരായിരം പറഞ്ഞാൽ തീരാത്ത നന്ദി നന്ദി നന്ദി.
വിവരണം – സലിം മുക്കം.