ചാറ്റൽ മഴയത്ത് പാലക്കാടൻ സുന്ദരിയെ കൺകുളിർക്കെ കാണുവാൻ…

വിവരണം – മിത്രൻ വാവ.

വേനൽ ചൂടിൽ പെറ്റമ്മയായ പ്രകൃതി മനംനൊന്തും വെന്തും മിരിക്കുന്ന സാഹചര്യത്തിൽ പെയ്ത ഒട്ടും തരക്കേടില്ലാത്ത മഴ പ്രകൃതിയെ ചെറിയ തോതിലെങ്കിലും അണിയിച്ചൊരുക്കിയപ്പോൾ ഞങ്ങൾക്കും അതിലലിയാൻ മോഹം……ഒട്ടും മുന്നൊരുക്കങ്ങളില്ലാതെ പെട്ടന്നു തട്ടിക്കൂട്ടിയ സുന്ദരയാത്ര….

മഴയിൽ കുതിർന്ന് കോടയിലലിഞ്ഞ് മാടി വിളിക്കുന്ന പാവങ്ങളുടെ ഊട്ടി….. അതെ നെല്ലിയാമ്പതി…. പാലക്കാട് തെക്ക് കിഴക്ക് മാറി നിലകൊള്ളുന്ന സുന്ദരിയേത്തേടി പാലക്കാടനായിട്ടും നെല്ലിയാമ്പതി കാണാത്ത രണ്ടു പാലക്കാട്ടുകാർ ( ഞാനും ഹരിയേട്ടനും) തുനിഞ്ഞിറങ്ങി…… പകലവൻ ഉണർന്നെഴുന്നേറ്റ് തന്റെ പ്രഭാകരണങ്ങളായി വരുന്നതിനു മുൻപ് തന്നെ ഞങ്ങൾ യാത്രയാരംഭിച്ചിരുന്നു. കരിമ്പനയും പാടവരമ്പുകളുമായി പാലക്കാടിന്റെ പതിവ് മനോഹരദൃശ്യങ്ങളെ മറികടന്ന് വേലപ്പെരുമകൾ ചൊല്ലുന്ന നെന്മാറയിലൂടെ പോത്തുണ്ടി ഡാമിലെത്തുമ്പോളും പ്രഭാകരണങ്ങൾ ഞങ്ങളെ മറികടന്നിരുന്നില്ല…. നെല്ലിയാമ്പതിലേക്ക് കടക്കുന്നതിനു മുൻപുള്ള ചെക്ക് പോസ്റ്റിൽ വാഹനവിവരങ്ങൾ രേഖപ്പെടുത്തി ഞങ്ങൾ തുടർന്നു…..

ആദിത്യന്റെ ആഗമനത്തിനായി പോത്തുണ്ടി ഡാമിനപ്പുറമുള്ള മലമുകളിൽ കണ്ണുംനട്ട് കാത്തിരുന്നു…..
പതിയെ പതിയെ അവനെത്തിച്ചേർന്നപ്പോൾ കണ്ട മനോഹരദൃശ്യത്തിൽ മതിമറന്നു നിന്നു….. തുടർപാതകളിൽ ഞങ്ങളുടെ കൂട്ടായി ചിലമ്പൊളികൾ തീർത്ത് ചാറ്റൽ മഴയും മുഖങ്ങളിൽ മുത്തമിട്ട് കോട്ടയും വന്നതോടെ മനസ്സിൽ മാരിവിൽ തെളിഞ്ഞു…… മഴയിൽ ആഹ്ലാദപുളകിതനായ പ്രകൃതി അതിന്റെയാനന്ദം കാട്ടരുവികളിലൂടെ ഒഴുക്കി വിട്ടു കൊണ്ടേയിരുന്നു….. വനപാതകൾക്കിടയിലെല്ലാം നിറഞ്ഞൊഴുകുന്ന അരുവികൾ….. എല്ലായിടവും ആസ്വദിച്ചാനന്ദിച്ച് ഞങ്ങളും……!

ഒഴിവുദിനമായതിനാൽ ധാരാളം സന്ദർശകരുമുണ്ട്. ചില്ലിക്കൊമ്പന്റെ സാമ്രാജ്യത്തിലെത്തിയ പോലെ ഈറ്റക്കാടും അവൻ നടന്നകതിന്റെ അടയാളങ്ങളും കണ്ടതോടെ ആകാംഷക്കൊപ്പം ഒരിത്തിരി ഭയവും തോന്നി…. പക്ഷെ ഞങ്ങളെ നിരാശരാക്കിക്കൊണ്ട് അവന്റെ സൗന്ദര്യം മാത്രം ഞങ്ങൾക്ക് കാണാൻ കഴിയാതെ പോയി…. പതിനാലാം വളവിലെത്തുമ്പോളും നിറഞ്ഞു നിന്ന കോട ചെവിയിൽ പ്രണയഗാനം പാടിക്കൊണ്ടേയിരുന്നു….. അവിടെ സന്ദർശകർ കൊണ്ടിടുന്ന പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പെറുക്കിയെടുത്ത് വൃത്തിയാക്കുന്ന ഗുരു എന്ന അർത്ഥവത്തായ നാമമുള്ള അദ്ദേഹത്തിന് മനസ്സുനിറഞ്ഞ് ആദരിച്ചുകൊണ്ട് ഞങ്ങളും നീങ്ങി….. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പ്രഭാത ഭക്ഷണം ടിനി ഹോട്ടലിൽ നിന്നു കഴിച്ച് നെല്ലിമരത്തേത്തേടിയലഞ്ഞു…..

കാട്ടരുവളുടെ നാദം കേട്ട് തേയില തോട്ടങ്ങൾക്കിടയിലൂടെ കോടയെ മുത്തമിട്ട് ഗ്രീൻലാന്റ് ഫാമിലെത്തിയ ഞങ്ങളെക്കാത്ത് എണ്ണമറ്റ അയവിറക്കുന്ന കന്നുകാലികളും കുണുങ്ങിക്കുണുങ്ങി നടക്കുന്ന അരയന്നങ്ങളും കുറുകുന്ന പ്രാവുകളും തുടങ്ങി എമു, ആട്, തുടങ്ങി പലരുമുണ്ടായിരുന്നു….. തേയിലത്തോട്ടങ്ങൾ താണ്ടി വന്ന രണ്ടിണ കേഴമാനുകൾ ഞങ്ങളുടെ കണ്ണുകളെ സുന്ദരകാഴ്ചകൊണ്ട് നിറച്ചു… അരുവിയിലിറങ്ങിയ ആ പ്രണയജോടികൾ ഓടിച്ചാടി കളിക്കുന്ന രംഗം മനംനിറഞ്ഞ് കണ്ടു നിന്നു…

അടുത്തയാത്ര നെല്ലിയാമ്പതിയിലെത്തുന്നവർ ഒരിക്കലും നഷ്ടപ്പെടുത്താനാഗ്രഹിക്കാത്ത നെല്ലിമരത്തേയും സീതാർകുണ്ട് വെള്ളച്ചാട്ടത്തെയും തേടിയായിരുന്നു…… സന്ദർശകരെ മറികടന്ന് ഞങ്ങളെത്തുമ്പോൾ കോടയിൽ കുളിച്ച് നിൽക്കുന്ന മനോഹരമായ ആ നെല്ലിമരം…… കുട്ടിക്കുരങ്ങന്മാർ ചാടിക്കളിക്കുന്ന ചിത്രങ്ങളിൽ മാത്രം കണ്ടിഷ്ടപ്പെട്ട സ്ത്ഥലം നേരിട്ട് കാണുമ്പോളുണ്ടാകുന്ന സന്തോഷം അതൊന്ന് വേറെയാണ്…. അതിൽ നിന്നും കുറച്ചു മാറി മലയിടുക്കിൽ നിന്നും ഉത്ഭവിച്ചിറങ്ങുന്ന ആ മനോഹരി…..

സീതാർകുണ്ട് വെള്ളച്ചാട്ടം…… കോടയുമായിച്ചേർന്ന് ഞങ്ങളോടൊപ്പം അവൾ ഒളിച്ചുകളിച്ചു കൊണ്ടേയിരുന്നു….. മതി വരുവോളം അവളുടെ കിളിക്കൊഞ്ചൽ കേട്ട് മനം നിറഞ്ഞ് കണ്ടിരുന്നു അവളേയും അവളുടെ അഴകിനേയും…… കുട്ടിന് വരയാടുകൾ കൂടി വന്നതോടെ ഇരട്ടി മധുരം….. അവിടെ നിന്നും കൊല്ലങ്കോടും നെന്മാറയുമെല്ലാം ഒരൊറ്റ ഫ്രേമിൽ കാണാം…..

ഉച്ചഭക്ഷണം കഴിഞ്ഞ് പ്ലാസ്റ്റിക്ക് പെറുക്കി വൃത്തിയാക്കുന്ന ഗുരു മാമനുള്ള ചോറിന് കൂട്ടായുള്ള പൊതിയുമായി ഞങ്ങൾ തിരിച്ച് വീണ്ടും പതിനാലാം വളവിൽ….. അപ്പോഴും മനോഹര ദൃശ്യങ്ങളുടെയും വന്യതയുടെയു ഇടയിൽ നിന്നും മനസ്സിനെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞിരുന്നില്ല…… തിരിച്ചു പോന്നില്ല…..! അടുത്ത ലക്ഷ്യമായ കാരപ്പാറയിലേക്ക് വച്ചുപിടിച്ചു…… തേയിലത്തോപ്പുകൾക്കിടയിലൂടെ ഇടുങ്ങിയ മനോഹര പാത…… കാപ്പിത്തോട്ടങ്ങളും പടുവൃക്ഷങ്ങളും കടന്ന് നീങ്ങുമ്പോൾ മരങ്ങൾക്കിടയിലെവിടയോ സിംഹവാലൻ കുരങ്ങൻ ദർശനം തന്നു…..

കാരപ്പാറയിലുള്ള തൂക്കുപാലവും വെള്ളച്ചാട്ടവും കണ്ട് ആ തണുത്തുറഞ്ഞ ജലം കൊണ്ട് മുഖമൊന്ന് കഴുകുമ്പോൾ എന്തെന്നില്ലാത്ത ഒരനുഭൂതി… പ്രായോഗിക ജീവിത രീതിയിൽ മടുപ്പു തോന്നിയ ഞങ്ങൾക്ക് ഒരുപാടു നാൾ ഇവിടെത്തന്നെ തങ്ങിയാലോ എന്നും തോന്നി…. പക്ഷെ അതിനു കഴിയാത്തതുകൊണ്ടു മാത്രം മടങ്ങുന്നു. പക്ഷെ ഉറപ്പുതരുന്നു…. കാലവും മനുഷ്യനും നിന്നെ ഇതേ മനോഹരിതയിൽ നിലനിർത്തിയാൽ
ഇനിയും വരും ഒരായിരം തവണ നിന്നെയും നിന്റെയഴകിനെയും തേടി….

ആദ്യ കാഴ്ചയിലെ പ്രണയം അന്നു ഞാനും അറിഞ്ഞു…… ഞങ്ങളുടെ മടക്കത്തിൽ പിണങ്ങി സൂര്യനും മറയാൻ തുടങ്ങിയപ്പോൾ എവിടെ നിന്നോ ഒരു കണ്ണുനീർ തുള്ളിപോലൊരിറ്റു ജല കണം എന്റെ കവിളിൽ പതിഞ്ഞു…… ബാക്കി ചിത്രങ്ങൾ വർണ്ണിക്കട്ടെ…. ” പാതൈ മുടിന്ത പിറകും ഇന്ത ഉലകിൽ പയനം മുടിവതില്ലയേ…..”🎶🎶🎶🎶 യാത്ര തുടരും……..

ഒരൊറ്റ നിർദ്ദേശം മാത്രം…. വിവിധയിനം മരങ്ങളും… മൃഗങ്ങളും ധാരാളം പക്ഷികളും ജീവജാലങ്ങളുമുള്ള ഇവിടേക്ക് വരുന്നവർ പ്രത്യേകം ശ്രദ്ധിക്കുക മദ്യക്കുപ്പികളും പ്ലാസ്റ്റിക്ക് മാലിന്യങ്ങളും ഇവിടങ്ങളിൽ നിക്ഷേപിക്കാതിരിക്കുക….. നല്ല നാളേക്കായി കൈകോർക്കാം…..(നെന്മാറയിൽ നിന്നും പോത്തുണ്ടി വഴി ഏകദേശം 30 km ഉണ്ട് നെല്ലിയാമ്പതിക്ക്…. പുലയംപാറ ജംഗഷനിൽ ഹോട്ടലുകളും അതിനടുത്തും അല്ലാതെയുമായി
ആവശ്യത്തിന് താമസ സൗകര്യവുമുണ്ട്).

Check Also

ട്രെയിനിലെ ടോയ്‌ലറ്റിൽ കുടുങ്ങിയ യാത്രക്കാരനെ രക്ഷപ്പെടുത്തിയ കഥ

എഴുത്ത് – വികാസ് ബാബു, റെയിൽവേ ജീവനക്കാരൻ. കഴിഞ്ഞ ദിവസങ്ങളിലൊന്നിൽ ജോലിസംബന്ധമായി സേലം വരെ പോകാനുണ്ടായിരുന്നു. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ …

Leave a Reply