വിവരണം – Siddieque Padappil.
ബ്രിട്ടീഷ് ഇന്ത്യയിലെ ആഗ്രാ ജയിൽ സുപ്രണ്ട് ജോൺ ടൈലർ സായിപ്പ് ഒരിക്കൽ തന്റെ കീഴിൽ ജോലി ചെയിതിരുന്ന ചെറുപ്പക്കാരനായ ഇന്ത്യൻ ക്ലർക്കിനോട് ഇംഗ്ലണ്ടിലെ ബ്രിട്ടീഷ് രാജ്ഞിക്ക് വേണ്ടി ഇന്ത്യൻ കരകൗശല വൈദഗ്ദ്യത്തിൽ നിർമ്മിച്ച സ്വർണ്ണവളകൾ കണ്ടെത്തി കൊണ്ട് വരാൻ ആവശ്യപ്പെട്ടു. അയാൾ സെലക്റ്റ് ചെയിതു കൊണ്ട് വന്ന വളയുമായി രാജ്ഞിയെ കാണാൻ ഇംഗ്ലണ്ടിലേക്ക് പുറപ്പെട്ട ആ സായിപ്പ് കൃത്യം നാല് വർഷങ്ങൾക്ക് ശേഷം തന്റെ പ്രമോഷന്ന് വേണ്ടി ബ്രിട്ടീഷ് രാജ്ഞിയോട് ശുപാർശ ചെയ്യാൻ ഇതേ ഇന്ത്യൻ ക്ലർക്കിനോട് ആവശ്യപ്പെടുകയുണ്ടായി എന്നത് ചരിത്രവൈരുദ്ധ്യമാവാം.
സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ അധിപയും ഒരു സാധാരണ ഇന്ത്യക്കാരനും തമ്മിലുള്ള ആത്മാർത്ഥ സ്നേഹത്തിന്റെ കഥയാണ് ‘വിക്ടോറിയ ആന്റ് അബ്ദുൽ’ എന്ന സിനിമയിലൂടെ നമ്മളറിയാൻ പോകുന്നത്. ഇതൊരു സിനിമാ കഥയല്ല, ചരിത്രം തന്നെയാണ്. കഥാപാത്രങ്ങളാകട്ടെ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ ‘കിരീടം വെച്ച’ രാജ്ഞിയും ആഗ്രയിൽ ജനിച്ച് ഉറുദു പഠനം മാത്രം സ്വായത്തമാക്കിയ, ഇംഗ്ലീഷ് ഭാഷ അറിയാത്ത ഒരു ആം ആദ്മിയും. അതാണ് മുഹമ്മദ് അബ്ദുൽ കരീം. മദ്ധ്യവയസ്സിലെത്തിയ രാജ്ഞിയും തന്റെ കീഴിൽ ഒരു സാധാരണ വേലക്കാരനായി ജോലി ചെയ്യാനെത്തിയ അബ്ദുൽ കരീമുമായുള്ള ‘പ്ലാറ്റോണിക് ലവ്’ അക്കാലത്ത് ബ്രിട്ടീഷ് കൊട്ടാരത്തിൽ സംഘർഷങ്ങളുണ്ടാക്കുക തന്നെ ചെയിതു. നൂറ്റി മുപ്പത് വർഷത്തോളം പഴക്കവും അധികമാരും പറയാനാഗ്രഹിക്കാത്ത ആ ചരിത്ര കാലഘട്ടത്തിലൂടെ സഞ്ചരിച്ചാലോ..
ഉത്തർ പ്രദേശിലെ ജാൻസിയിലായിരുന്നു അബ്ദുൽ കരീമിന്റെ ജനനം. പിതാവ് ഹാജി മുഹമ്മദ് വസീറുദ്ധീൻ ആഗ്രയിലെ ഗവൺമെന്റ് ആശുപത്രിയിൽ അസിസ്റ്റന്റായി ജോലി ചെയ്യുന്നു. 1863 ൽ ജനിച്ച് അബ്ദുൽ കരീം ഉറുദു പഠനവും ഇസ്ലാമിക വിദ്യഭ്യാസവും നേടിയതിന്ന് ശേഷം ആഗ്ര ജയിലിൽ ഉറുദു ഭാഷാ ക്ലാർക്കായി ജോലി നേടി. 1886 ൽ ജയിലിൽ ജോലി ചെയ്യുന്ന സമയത്താണ് തന്റെ ജീവിതം തന്നെ മാറ്റി മറിച്ച സംഭവം അബ്ദുൽ കരീമിനുണ്ടാവുന്നത്. അക്കാലത്ത് ആഗ്ര ജയിലിൽ പുനരധിവാസ പ്രവർത്തനത്തിന്റെ ഭാഗമായി കാർപെറ്റ് നെയ്യുന്ന ജോലി തടവു പുള്ളികളെ പരിശീലിപ്പിച്ചിരുന്നു. 1886 ൽ ലണ്ടനിൽ നടന്ന ‘കൊളോണിയൽ ആന്റ് ഇന്ത്യൻ എക്സിബിഷൻ’ ന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് കാർപ്പെറ്റ് ഉണ്ടാക്കുന്ന വിദഗ്ദരുടെ പ്രദർശനം കൂടി സംഘടിപ്പിച്ചിരുന്നു.
ഇതിന്റെ ഭാഗമായി ആഗ്ര ജയിലിലെ 34 കാർപെറ്റ് നെയിത്തുകാരെയും കൂട്ടി ജയിൽ സൂപ്രണ്ട് ജോൺ ടൈലർ ലണ്ടനിലേക്ക് കപ്പൽ കയറി. അപ്പോഴാണ് സൂപ്രണ്ട് ആവശ്യപ്പെട്ട പ്രകാരം രാജ്ഞിക്ക് സമർപ്പിക്കാനായി ഒരു സമ്മാനം ക്ലാർക്ക് അബ്ദുൽ കരീം സംഘടിപ്പിച്ച് കൊടുത്തത്. ഇംഗ്ലണ്ടിലെത്തിയ ജോൺ ടൈലർ തന്റെ സമ്മാനം രാജ്ഞിക്ക് മുമ്പിൽ സമർപ്പിച്ചു. തന്റെ ചിരകാല സ്വപ്നം സഫലമായ സന്തോഷമായിരുന്നു ആ സ്വർണ്ണ വളകൾ സമ്മാനായി ലഭിച്ച രാജ്ഞിയുടെ കണ്ണുകളിൽ. തങ്ങളുടെ കോളനിയായിരുന്ന ഇന്ത്യയോടും ഇന്ത്യൻ സംസ്കാരത്തോടും രാജ്ഞിക്കുണ്ടായിരുന്ന പ്രത്യേക താൽപര്യം ഈ സമ്മാനത്തോട് കൂടി വർദ്ധിക്കുകയുണ്ടായി. താൻ അധികാരത്തിലേറിയതിന്റെ ഗോൾഡൻ ജൂബിലി അടുത്ത വർഷം നടത്താൻ തീരുമാനിച്ചിരുന്ന രാജ്ഞി അതിന്റെ ഭാഗമായി തന്റെ കൊട്ടാരത്തിലേക്ക് ഇന്ത്യയിൽ നിന്ന് രണ്ട് വേലക്കാരെ എത്തിക്കാൻ ജോൺ ടൈലറോട് ആവശ്യപ്പെടുകയുണ്ടായി. ഇന്ത്യയിൽ തിരിച്ചെത്തിയ ജയിൽ സൂപ്രണ്ട് രാജ്ഞിയുടെ കൊട്ടാരത്തിലെ ജോലിക്കായി കണ്ട് വെച്ച രണ്ട് പേരിൽ ഒരാൾ അബ്ദുൽ കരീമായിരുന്നു.
1837 ജൂൺ 20 മുതൽ 1901 ജനുവരി 22 മരണം വരെ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന വിക്ടോറിയ ശക്തയും പ്രഗത്ഭയുമായ ഭരണാധികാരിയായിരുന്നു. 1876 മുതൽ മരണം വരെ ബ്രിട്ടീഷ് ഇന്ത്യയുടെ ചക്രവർത്തിനി കൂടിയായിരുന്നു ക്വീൻ വിക്ടോറിയ. ഒരു നൂറ്റാണ്ടോളം കാലം സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ നെടുനായകത്വം വഹിച്ച് ലോകത്തിന്റെ മുഖഛായ തന്നെ മാറ്റാൻ സാഹചര്യമൊരുക്കിയ ഉരുക്ക് വനിതയായിരുന്നു അവർ. യൂറോപ്പിലെ ഒട്ടു മിക്ക രാജ്യത്തിലെ രാജകുടുംബവുമായി രക്ത ബന്ധമുണ്ടായിരുന്ന വിക്ടോറിയ രാജ്ഞി ‘യൂറോപ്പിലെ മുത്തശ്ശി’ എന്നാണ് അറിയപ്പെട്ടിരുന്നത്.
ലണ്ടനിലെ കെൻസിംങ്ടൺ കൊട്ടാരത്തിൽ 1819 മെയ് 14 ന്നായിരുന്നു അലാക്സാണ്ട്രിനാ എന്ന വിക്ടോറിയയുടെ ജനനം. ജോർജ്ജ് നാലാമന്റെ പുത്രനും കെന്റിലെ പ്രഭുവുമായിരുന്ന എഡ്വേർഡ് ആയിരുന്നു പിതാവ്. മാതാവ് വിക്ടോറിയ രജകുമാരിയായിരുന്നു. വില്യം നാലാമൻ രാജാവിന്റെ ആകസ്മിക മരണത്തെ തുടർന്ന് 18 ആം വയസ്സിൽ സുന്ദരിയും ബുദ്ധിമതിയുമായ വിക്ടോറിയ ബ്രിട്ടീഷ് രാജ്ഞിയായി അവരോധിക്കപ്പെട്ടു. നീണ്ട 64 വർഷങ്ങളോളം ആ പദവിയിലിരുന്നു വിക്ടോറിയയുടെ റിക്കാർഡ് ഈ അടുത്ത് എലിസബത്ത് രാജ്ഞി മറികടക്കുകയുണ്ടായി. ഇരുപത്തിയൊന്നാം വയസ്സിൽ മാതൃസഹോദര പുത്രനും ജർമ്മൻകാരനുമായ ആൽബർട്ട് രാജകുമാരൻ വിക്ടോറിയാ രാജ്ഞിയെ കല്ല്യാണം കഴിച്ചു. 1901 ൽ അധികാരത്തിൽ വന്ന എഡ്വേർഡ് ഏഴാമൻ രാജാവ് അടക്കം ഒമ്പത് മക്കളുണ്ടായിരുന്നു വിക്ടോറിയാ – ആൽബർട്ട് ദമ്പതികൾക്ക്. ടൈഫോയിഡ് അസുഖത്തെ തുടർന്ന് 1861 ൽ ആൽബർട്ടിന്റെ അകാല ചരമം രാജ്ഞിയെ തളർത്തുകയുണ്ടായി. വിക്ടോറിയ രാജ്ഞിയുടെ കിരീടധാരണ ജൂബിലി സ്മാരകമായി പണികഴിക്കപ്പെട്ടതാണ് നമ്മുടെ ‘വിക്ടോറിയ ജൂബിലി ടൗൺ ഹാൾ’ എന്ന വി. ജെ. ടി. ഹാൾ. മുംബൈയിലെ ‘വിക്ടോറിയ ടെർമ്മിനസ്’ റെയിൽവേ സ്റ്റേഷനും വിക്ടോറിയ രാജ്ഞിയുടെ സ്മരണ നിലനിർത്തുന്ന അനേകം കെട്ടിടങ്ങളിൽ ചിലത് മാത്രമാണ്.
വിക്ടോറിയ രാജ്ഞിയും ഇന്ത്യാക്കാരനായ അബ്ദുൽ കരീമുമായുള്ള ആത്മബന്ധത്തെ പറ്റിയാണല്ലോ പറഞ്ഞു വന്നത്. തുടരാം..
ഇന്ത്യയിൽ തിരിച്ചെത്തിയ ആഗ്രാ ജയിൽ സൂപ്രണ്ട് ജോൺ ടൈലർ, രാജ്ഞിയുടെ നിർദ്ദേശമനുസരിച്ച് രണ്ട് ജോലിക്കാരെ കണ്ടെത്തി. അതിലൊന്ന് അബ്ദുൽ കരീമും മറ്റേത് മുഹമ്മദ് ബക്ഷ് എന്നൊരാളുമായിരുന്നു. ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത അബ്ദുൽ കരീമിനെ ഇംഗ്ലീഷിലെ പ്രാഥമിക മര്യാദകളും മറ്റും ധൃതിയിൽ പഠിപ്പിക്കാനാളെ ഏർപ്പാട് ചെയിതു. ഭാഷ പഠിക്കുന്നതിൽ മികവ് കാണിച്ച കരീമും ബക്ഷും ആഗ്രയിൽ നിന്ന് ബോംബെയിലെത്തുകയും അവിടെ നിന്ന് സ്റ്റീമർ കപ്പൽ വഴി 1887 ജൂണിൽ ലണ്ടനിലെത്തുകയും ചെയിതു.
1887 ജൂൺ മുതൽ 1901 ജനുവരിയിൽ രാജ്ഞിയുടെ മരണം വരെ അബ്ദുൽ കരീമും രാജ്ഞിയുമായുണ്ടായിരുന്ന ബന്ധത്തെ പറ്റി ഈ അടുത്ത കാലം വരെ ലോകത്തിന്ന് അറിവുണ്ടായിരുന്നില്ല. 2011 ൽ ഷ്രബാനി ബസു എന്ന പത്രപ്രവർത്തക തന്റെ ചരിത്ര ഗവേഷണ പത്രപ്രവർത്തനത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇവരുടെ ആത്മാർത്ഥ സ്നേഹബന്ധത്തെ അടിവരയിടുന്ന തെളിവുകൾ ശേഖരിക്കാനായത്. രാജ്ഞിയുടെ മരണ ശേഷം ഇംഗ്ലണ്ടിലും അബ്ദുൽ കരീമിന്റെ മരണ ശേഷം ആഗ്രയിലെ വീട്ടിൽ വെച്ചും തെളിവുകൾ നശിപ്പിക്കാൻ ബ്രിട്ടീഷ് അധികൃതർ ശ്രമിച്ചിരുന്നെങ്കിലും മായാത്ത ചില തെളിവുകൾ ഷ്രബാനി ബസുക്ക് വേണ്ടി കാലം മാറ്റി വെക്കുകയായിരുന്നു. തെളിവ് സമ്പാദിക്കാൻ വേണ്ടി അവർ ആഗ്രയിലും പാക്കിസ്ഥാനിലും ലണ്ടനിലുമൊക്കെ പല വട്ടം യാത്ര ചെയ്യുകയുണ്ടായി. ഇന്ത്യാ-പാക് വിഭജന ശേഷം പാക്കിസ്ഥാനിലേക്ക് കുടിയേറി പോയ അബ്ദുൽ കരീമിന്റെ പിൻതലമുറയിലെ കുടുംബക്കാരിൽ നിന്ന് രാജ്ഞിയുടെയും കരീമിന്റെയും ഡയറികൾ കണ്ടെത്താൻ സാധിച്ചത് ഇങ്ങനെയൊരു ചരിത്രം ലോകം അറിയാൻ ഇടയാക്കി.
“മറ്റേയാളേക്കാൾ പ്രായം കുറവായിരുന്നു അയാൾക്ക്. ഇരുനിറം, ഉയരവും കൂടുതലായിരുന്നു. മുഖപ്രസന്നതയുള്ള പെരുമാറ്റമായിരുന്നു അയാളുടേത്. അയാളുടെ പിതാവ് ആഗ്രയിൽ ഡോക്ടറായിരുന്നു”. ജൂൺ 23 ന്ന് രാജ്ഞി തന്റെ ഡയറിയിൽ ഇങ്ങനെ കുറിച്ചു. 1887 ജൂൺ 23 ന്നായിരുന്നു മേജർ ജനറൽ ഡെൻഹി (Denhey) യുടെ കീഴിൽ വിൻഡ്സർ കൊട്ടാരത്തിൽ അബ്ദുൽ കരീമും ബക്ഷും ജോലിയിൽ പ്രവേശിച്ചത്.
ആഗസ്റ്റ് 3 ന്ന് രാജ്ഞി ഇങ്ങനെയെഴുതി. “വളരെ ശാന്തരും നല്ല വ്യക്തിത്വത്തിനുടമയുമാണ് എന്റെ ഇന്ത്യൻ ജോലിക്കാർ. അവരോട് സാംസാരിക്കാനായി ഞാൻ ഉറുദു വാക്കുകൾ പഠിക്കാനാരംഭിച്ചു”. ആഗസ്റ്റ് 20 ന്ന് എഴുതിയ ഡയറിക്കുറിപ്പ് അബ്ദുൽ കരീം ഉണ്ടാക്കി കൊടുത്ത ഇന്ത്യൻ കറി യെ പറ്റി പുകഴ്തി എഴുതിയതാണ്. വിൻഡ്സർ കൊട്ടാരത്തിൽ ഇംഗ്ലീഷുകാരായ ജോലിക്കാർ മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. ചരിത്രത്തിലാധ്യമായാണ് ഒരു ഇന്ത്യൻ പൗരൻ ബ്രിട്ടീഷ് രാജ്ഞിയുടെ കൊട്ടാരത്തിൽ ജോലി ചെയ്യുന്നത്. വംശീയ വൈര്യം കൊടിക്കുത്തി വാഴുന്ന കാലമാണെന്നോർക്കണം. കറുത്തവരായ ഇന്ത്യൻ ജോലിക്കാരുമായി ഒത്തുപോകാൻ അവിടെയുള്ളവർക്ക് സാധിച്ചിരുന്നില്ല. അബ്ദുൽ കരീമിനോട് മറ്റുള്ളവർക്കുള്ള സമീപനം മനസ്സിലാക്കിയ രാജ്ഞി തന്റെ ഉറുദു ഭാഷ അധ്യാപകനായി അബ്ദുൽ കരീമിനെ നിയമിക്കുകയും ‘മുൻഷി’ പട്ടം ചാർത്തി നൽകി ജോലി തസ്തിക മാറ്റുകയും ചെയിതു.
നാളുകൾ കഴിയവേ അബ്ദുൽ കരീമിനോടുള്ള രാജ്ഞിയുടെ താൽപര്യം കൂടി കൂടി വരികയായിരുന്നു. അറുപത് വയസ്സിന്ന് മേലെ പ്രായമുണ്ടായിരുന്ന രാജ്ഞിക്ക് അബ്ദുൽ കരീമിനോട് ഉണ്ടായിരുന്ന ആത്മാർത്ഥ സ്നേഹ ബന്ധത്തെ ‘പ്ലാറ്റോണിക് ലവ്’ എന്നാണ് ചരിത്രകാരി വർണ്ണിക്കുന്നത്. അവർ തമ്മിൽ ഉറുദുവിൽ കത്തെഴുത്തുകൾ നടത്തിയിരുന്നു. കരീമിന്ന് ഇംഗ്ലീഷ് ഭാഷയിൽ കൂടുതൽ പ്രാവിണ്യം നൽകാനായി കൊട്ടാരത്തിൽ ഉയർന്ന ഉദ്യോഗസ്ഥന്മാരെ രാജ്ഞി നിയമിക്കുകയുണ്ടായി. ബ്രിട്ടനിലെത്തി ഒരു വർഷം കൊണ്ട് അബ്ദുൽ കരീം വളരെ ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാൻ സാധിച്ചിരുന്നുവെന്ന് രാജ്ഞി തന്റെ ഡയറിയിൽ പറയുന്നു. ഒരു വർഷത്തെ കരാറിൽ ജോലിക്കെത്തിയ രണ്ട് പേരിൽ മുഹമദ് ബക്ഷ് നെ ഇന്ത്യയിലേക്ക് മടക്കിയെങ്കിലും അബ്ദുൽ കരീമിനെ രാജ്ഞിയുടെ സെക്രട്ടറിയായി നിയമിക്കുകയുണ്ടായി. ഇടയ്ക്ക് നാല് മാസത്തെ അവധികാലം ആഘോഷിക്കാനായി രണ്ട് പ്രാവശ്യം ഇന്ത്യയിലെത്തിയ കരീമിന്റെ മുഴുവൻ കുടുംബാംഗങ്ങളെയും ലണ്ടനിൽ എത്തിക്കുകയുണ്ടായി. കൊട്ടാര സമുച്ചയത്തിൽ തന്നെ അവർക്ക് താമസിക്കാനായി രാജ്ഞി തന്റെ കൊട്ടാരം ഡോക്ടറുടെ വീട് ഒഴിയാൻ ആവശ്യപ്പെടുകയും ആ വീട് നൽകുകയുമുണ്ടായത് കൊട്ടാരം ആശ്രിതരിൽ ഞെട്ടലുണ്ടാക്കി.
അബ്ദുൽ കരീമിന്റെ ഭാര്യയും മാതാപിതാക്കളും ഭാര്യമാതാവും അടങ്ങുന്ന യാഥാസ്തിക മുസ്ലിം കുടുംബം ലണ്ടനിലെ കൊട്ടാരത്തിൽ താമസം തുടങ്ങിയത് ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വംശവെറിയന്മാർക്ക് ഉൾകൊള്ളാൻ സാധിക്കുമായിരുന്നില്ല. കൂടാതെ ചരിത്രത്തിലാധ്യമായാണ് കറുത്ത വസ്ത്രം കൊണ്ട് ശരീരം മൂടിയ സ്ത്രീകൾ കൊട്ടാരത്തിൽ വരുന്നതും രാജ്ഞിയെ സന്ദർശിക്കുന്നതും. മതചട്ടങ്ങളിലൊതുങ്ങി ജീവിക്കുന്ന അബ്ദുൽ കരീമിന്റെ കുടുംബത്തിന്ന് പൂർണ്ണ മത സ്വാതന്ത്ര്യത്തോടെ കൊട്ടാരത്തിനോട് ചേർന്ന് കഴിയാൻ രാജ്ഞി സൗകര്യമുണ്ടാക്കി കൊടുത്തു. അബ്ദുൽ കരീമിന്ന് മക്കളില്ലായിരുന്നു. അബ്ദുൽ കരീമിന്ന് മികച്ച വൈദ്യ സഹായം ഏർപ്പാടാക്കിയതിന്ന് പുറമേ ഭാര്യയെ പരിശോധിക്കാനും ചികിത്സാ സൗകര്യങ്ങൾ നൽകാനും ഒരു വനിതാ ഡോക്ടറെ തന്നെ രാജ്ഞി ഏർപ്പാട് ചെയിതിരുന്നു. പാരീസിലേക്കും ജർമ്മനിയിലേക്കും സ്പയിനിലേക്കും രാജ്ഞി ഔദ്യോഗിക ആവശ്യങ്ങൾക്ക് പോകുമ്പോൾ അബ്ദുൽ കരീമിനെയും കൂടെ കൂട്ടുകയും പതിവായിരുന്നു. രാജ്ഞിയുടെ വർഷാന്ത്യത്തിലുള്ള ഒഴിവുകാല യാത്രകളിൽ അബ്ദുൽ കരീമിനെ മാത്രമായിരുന്നു കൂടെ കൂട്ടിയിരുന്നത്. രാജ്ഞിയെ സന്ദർശിക്കാൻ വരുന്ന വിദേശങ്ങളിലെ മറ്റു രാജ്ഞിമാർക്ക് അബ്ദുൽ കരീമിന്റെ ഭാര്യയെ പരിചയപ്പെടുത്തി കൊടുക്കലും സ്ത്രീകൾ മാത്രം പങ്കെടുക്കാറുള്ള വിരുന്നുകളിൽ ഭാര്യയെ ക്ഷണിക്കലും മറ്റും പതിവായിരുന്നു.
ഇതിനിടയ്ക്ക് കരീം ഇന്ത്യ സന്ദർശിച്ചപ്പോൾ മുമ്പ് തന്റെ മേലധികാരിയായിരുന്ന പഴയ ജയിൽ സുപ്രണ്ട് ജോൺ ടൈലർ, കരീമിനെ വീട്ടിൽ ചെന്ന് സന്ദർശിക്കുകയും പ്രമോഷൻ കിട്ടാൻ വേണ്ടി രാജ്ഞിയോട് ശുപാർശ ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയിതു. ലണ്ടനിലെത്തിയ കരീം രാജ്ഞിയോട് വിവരം പറയുകയും രാജ്ഞി ടൈലറുടെ പ്രമോഷന്ന് വേണ്ടി ഇന്ത്യയിലെ വൈസ്രോയി ലാൻസ്ഡോൺ (Lord Lansdowne) പ്രഭുവിന്ന് എഴുതുകയുമുണ്ടായി. തന്റെ കാല ശേഷം അബ്ദുൽ കരീം കൊട്ടാരത്തിൽ നിന്ന് പുറത്താക്കപ്പെടുമെന്ന് രാജ്ഞിക്ക് അറിവുണ്ടായിരുന്നു. തന്റെ ജീവിത കാലത്ത് തന്നെ കരീമിന്നും കുടുംബാംഗങ്ങൾക്കും ഭാവി തലമുറയ്ക്കും ജീവിച്ച് കഴിയാനുള്ള വകയൊക്കെ രാജ്ഞി ഒരുക്കി കൊടുത്തു. കരീം ആവശ്യപ്പെടാതെ തന്നെ കരീമിന്റെ പിതാവ് വസീറുദ്ധീന്റെ പെൻഷൻ തുക പതിൻമടങ്ങ് വർദ്ധിപ്പിക്കാൻ വൈസ്രോയിക്കെഴുതി.
ആഗ്രയിൽ അബ്ദുൽ കരീം ഇഷ്ടപ്പെടുന്ന സ്ഥലത്ത് ആവശ്യത്തിലധികം ഭൂമി നൽകാനും ഒരു ‘മഹൽ’ പണി കഴിപ്പിക്കാനും വൈസ്രോയിയോട് ആവശ്യപ്പെട്ടുവെങ്കിലും ബ്രിട്ടീഷ് രാജിൽ ഒരു പദവി പോലുമില്ലാതിരുന്ന ഒരു ഇന്ത്യക്കാരന്ന് ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നതിന്ന് വൈസ്രോയി സാങ്കേതിക തടസ്സമുന്നയിച്ചു. അതിന്ന് പ്രതിവിധിയെന്നോണം ഇന്ത്യൻ എമ്പയറിലെ അതിപ്രശസ്തർക്ക് മാത്രം നൽകാറുള്ള CIE പദവി അബ്ദുൽ കരീമിന്ന് നൽകി ആദരിച്ചു. കൂടെ കോമൺവെൽത്ത് രാജ്യങ്ങളിലെ ബ്രിട്ടിഷുകാർക്ക് മാത്രം നൽകാറുള്ള നൈറ്റ് പദവിയും (CVO) അബ്ദുൽ കരീമിന്ന് നൽകപ്പെട്ടു. വെറും സാധരണക്കാരനായ ഒരാൾക്ക് രാജ്ഞിയുടെ ഏറ്റവും ചെറിയ ഒരു പദവി നൽകി ആദരിക്കുന്നതിന്ന് പോലും സ്വന്തം കൊട്ടാരത്തിൽ നിന്ന് തന്നെ എതിർപ്പുകളുണ്ടായിട്ടും രാജ്ഞി തന്റെ ഇഷ്ടദാസന്ന് പദവികളും സ്ഥാനമാനങ്ങളും സമ്പത്തും ഭൂമിയും സ്നേഹവും വാരിക്കോരി നൽകി.
രാജ്ഞിയോട് ബഹുമാനവും സ്നേഹവും കാത്ത് സൂക്ഷിക്കുന്നതിനോടൊപ്പം വളരെ വിനയാശീലനും ആരാലും ആകർഷിക്കപ്പെടുന്ന സ്വഭാവത്തിനുടയുമായിരുന്നു അബ്ദുൽ കരീം. ഒരമ്മ മകനോടെന്ന പോലെ വാത്സല്യം കാണിച്ചിരുന്ന രാജ്ഞി ഒരിക്കൽ കരീമിന്നെഴുതി. “എന്റെ ഭർത്താവ് എനിക്കൊരു ഭർത്താവ് മാത്രമായിരുന്നില്ല, എന്റെ അമ്മയും അച്ചനും സഹോദരനും മകനുമൊക്കെയായിരുന്നു അദ്ദേഹം. നീയും എനിക്ക് അത് പോലെ തന്നെ. ദൈവം എനിക്കായി മാത്രം അയച്ച് തന്നെ എന്റെ സ്നേഹദൂതൻ.”
1900 ആയപ്പോഴെക്കും പ്രായാധികം മൂലമുളള അസുഖങ്ങൾ രാജ്ഞിക്ക് പിടിപ്പെട്ടുത്തുടങ്ങി. 1901 ജനുവരി 22 ന്ന് വിൻഡ്സർ കൊട്ടാരത്തിൽ വെച്ച് ‘യൂറോപ്പിലെ മുത്തശ്ശി’ മരണത്തിന്ന് കീഴടങ്ങി. മരണം നടന്നയുടനെ അധികാരത്തിലേറിയ രാജാവും മകനുമായ എഡ്വേർഡ് ഏഴാമൻ അബ്ദുൽ കരീമിനെ കൊട്ടാരത്തിൽ നിന്ന് പിരിച്ച് വിട്ടു, ഇന്ത്യയിലേക്കയച്ചു. രാജ്ഞിയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ പോലും കരീമിന്ന് അനുവാദമില്ലായിരുന്നു. ആഗ്രയിലെത്തിയ അബ്ദുൽ കരീം ശിഷ്ട കാലം ആഗ്രയിലെ തന്റെ വീട്ടിൽ താമസിച്ചു വന്നു. 1909 ൽ തന്റെ നാൽപത്തിയാറാം വയസ്സിൽ സൂര്യനുദിക്കാത്ത, സൂര്യനസ്തമിക്കാത്ത ലോകത്തേയ്ക്ക് അബ്ദുൽ കരീമും എന്നെന്നേയ്ക്കുമായി യാത്രയായി.