റെയില്‍വേ സ്റ്റേഷനിലെ കാന്റീനുകളെക്കുറിച്ച് പണ്ടുമുതലേ പരാതികള്‍ ധാരാളം കേട്ടിട്ടുള്ളതാണ്. എന്നാല്‍ രസകരമായ ഒരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഒരു യാത്രക്കാരന് പങ്കുവെച്ചിരിക്കുന്നത്. വിമല്‍ എം കുമാര്‍ എന്ന യാത്രക്കാരനാണ് ഇത്തരത്തില്‍ ഒരു സംഭവത്തിനു ഇരയാകേണ്ടി വന്നത്.
നന്നായി വിശന്നപ്പോള്‍ ആണ് വിമല്‍ എറണാകുളം സൌത്ത് റെയില്‍വേ സ്റ്റേഷനിലെ കാന്റീനില്‍ നിന്നും ഭക്ഷണം കഴിക്കുവാന്‍ തീരുമാനിച്ചത്. പൊറോട്ടയും വെജ് കറിയും ആണ് അദ്ദേഹം ഓര്‍ഡര്‍ ചെയ്തത്. ഭക്ഷണം നന്നായി പാക്ക് ചെയ്ത് പാര്‍സലാക്കി വാങ്ങുകയും ചെയ്തു. ബില്ലും പേ ചെയ്ത് അദ്ദേഹം കാന്റീനില്‍ നിന്നും മടങ്ങി. പിന്നീട് സ്വസ്ഥമായി ഇരുന്ന് പാര്‍സല്‍ അഴിച്ച് ഭക്ഷണം കഴിക്കുവാന്‍ തുടങ്ങിയപ്പോഴാണ് ഒരു കാര്യം വിമലിന്റെ ശ്രദ്ധയില്‍പ്പെട്ടത്. വെജിറ്റബിള്‍ കറിയോടൊപ്പം ഒരു വിസിറ്റിംഗ് കാര്‍ഡും. കാശുകൊടുത്തു വാങ്ങിയ ഭക്ഷണത്തില്‍ ഇങ്ങനെയൊരു സാധനം കണ്ട വിമല്‍ പകച്ചുപോയി. ഇനി ഇത് എങ്ങനെ കഴിക്കും? ആരോട് പരാതി പറയും?
പിന്നെ ഒന്നും ആലോചിച്ചില്ല, നേരെ ഒരു ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ഇതോടെ സംഭവം ആളുകള്‍ അറിഞ്ഞു. റെയില്‍വേയില്‍ പരാതി പറയുവാനുള്ള മാര്‍ഗ്ഗങ്ങള്‍ ആളുകള്‍ കമന്റ് ആയി പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഇത്രയുമായതോടെ റെയില്‍വേയ്ക്ക് പരാതി കൊടുക്കുവാന്‍ വിമല്‍ തീരുമാനിച്ചു. ഒപ്പം ചില സുഹൃത്തുക്കള്‍ ട്വിറ്ററില്‍ സംഭവം പോസ്റ്റ് ചെയ്യുകയും ചെയ്തു.
റെയില്‍വേ ഭക്ഷണത്തിന്റെ ശുചിത്വവും സുരക്ഷയും ഉറപ്പാക്കാന്‍ കേന്ദ്രം മികച്ച രീതിയില്‍ കാര്യങ്ങള്‍ നടപ്പാക്കി വരുമ്പോഴാണ് വീണ്ടും കല്ലുകടിയായി ഇങ്ങനെ ഒരു സംഭവം ഉയര്‍ന്നു വന്നത്. എന്തായാലും പരാതിയിന്മേല് റെയില്‍വേയുടെ മറുപടിയും നടപടിയും എന്താണെന്ന് കാത്തിരിക്കാം…