“ഞാൻ നടത്തിയ വയനാടൻ യാത്രകളിൽ നിന്നും, നടത്തിയ പഠനങ്ങളിൽ നിന്നും കണ്ടും കേട്ടും അറിഞ്ഞ വയനാട്.” നേരിട്ടുള്ളൊരു യാത്രാ വിവരണമല്ലിത്, എങ്കിലും ഒരു പ്രകൃതി സ്നേഹിയും ഇതിനോട് മുഖം തിരിക്കരുത്.
ചരിത്രത്തിലേക്കൊന്നു തിരിഞ്ഞു നോക്കാം, അതെ വയനാട് നമ്മുടേതായിരുന്നില്ല. ഭാഷാ സംസ്ഥാനങ്ങളുടെ വിഭജനത്തോടുകൂടിയാണ് ഇത് കേരള സംസ്ഥാനത്തിന്റെ ഭാഗമായത് കേരളക്കരയ്ക്ക് ഒട്ടും ചേരുന്നതല്ല ഈ ഭൂവിടം ഒരു കാലത്ത് ഇത് കർണ്ണാടകത്തിന്റെ ഭാഗമായിരുന്നു. ഗംഗ രാജാക്കൻമാരുടേയും കദംബരുടേയും വിജയനഗരത്തിന്റേയും കീഴിലുണ്ടായിരുന്ന ഒരു ഭൂവിഭാഗമായിരുന്നു വയനാട്.
കാട്ടുമക്കളും കാടും മാത്രമുണ്ടായിരുന്ന കാലത്ത് ഇവിടെ ഒരു രാജവംശമുണ്ടായിരുന്നു അവർ വേടർ എന്നു പറയും. കുടിയേറ്റക്കാരും വൻകിട മുതലാളിമാരും ഇല്ലാത്ത സ്വർഗ്ഗഭൂമിയിൽ കാടിന്റെ മക്കൾ സന്തോഷത്തോടെ ജീവിച്ചു വന്നു. മൈസൂരിപ്പുറത്ത് ഒരു സ്വർഗ്ഗമുണ്ടെന്നറിഞ്ഞ് പലരും കബനി നദി കടന്ന് വയനാട്ടിലെത്തി. അങ്ങനെ സാക്ഷാൽ ഹൈദരാലിയും എത്തി വന്നവരെല്ലാം കാട്ടുമക്കളെ തുരത്തി കാട് പിടിച്ചെടുത്തു. ഇതിനിടയിൽ കാസർഗോട്ടു നിന്നും കണ്ണൂരിൽ നിന്നും അനവധിപേർ കുടിയേറി കൃഷിയാരംഭിച്ചു. ഹൈദരാലിയിൽ നിന്നും വയനാട് പിന്നീട് മകന് ലഭിച്ചു. മറ്റാരുമല്ല ടിപ്പു സുൽത്താൻ.
ഇതിനിടയിൽ ബ്രിട്ടീഷുകാരും എത്തി ടിപ്പുവുമായി പട നയിച്ചു. ഒടുവിൽ പരാജയപ്പെട്ട ടിപ്പു ഒരു കരാറിൽ ഒപ്പിട്ടു. ഉടമ്പടി പ്രകാരം മലബാർ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കണം, പക്ഷെ വയനാട് മാത്രം വിട്ടു കൊടുക്കാൻ ടിപ്പു തയ്യാറായില്ല, കാരണം അത് മലബാറിൽ ഉൾപ്പെടുന്നതല്ല അതെ വയനാട് മൈസൂരിന്റെ ഭാഗമാണ്. ടിപ്പുവിന്റെ കാലശേഷം വയനാട് അൽപ്പം മൈസൂർ രാജാവിനും മിച്ചം പഴശ്ശിരാജയ്ക്കും കിട്ടി. മൈസൂർ രാജാവിൽ നിന്നും കമ്പനിപ്പട അത് തിരിച്ചു വാങ്ങി.
പഴശ്ശിയുടെ കാലത്തിന് ശേഷം ബ്രിട്ടീഷുകാർ വയനാടിനെ കൈപ്പിടിയിലൊതുക്കി, അങ്ങനെ പലരുടെയും കൈകളിലൂടെ ആ മണ്ണ് കൈമാറിക്കൊണ്ടേയിരുന്നു. ചരിത്രം പറയാനാണെങ്കിൽ ഒരുപാടുണ്ട് ഇതൊരു ട്രൈലർ മാത്രം. ഇവരെല്ലാം ആ മണ്ണിനേൽപ്പിച്ച ആഘാതം ഒട്ടും ചെറുതല്ല. വയനാട്ടിലെ മലനിരകളിലുള്ള നിത്യഹരിത വനങ്ങൾ വെട്ടിനിരത്തി അവിടെ കാപ്പിയും തേയിലയും കൃഷി തുടങ്ങി എന്തിനേറെ പറയുന്നു ഉപജീവനാർത്ഥം കുടിയേറിയ കർഷകരും വയനാടിന്റെ വന്യ സമ്പന്നതയ്ക്കുമേൽ അവരെക്കൊണ്ടാകുന്ന തരത്തിൽ നാശം വിതച്ചു…
ആ ചരിത്രകാലം അങ്ങവസാനിച്ചു. ബ്രിട്ടീഷുകാരെല്ലാം എന്നന്നേക്കുമായ് കപ്പലുകയറി ഇന്ത്യ തന്നെ വിട്ടുപോയ്. പക്ഷെ ദുരന്തകാലം അവസാനിച്ചില്ല കേരളത്തിൽ ആദ്യം ഭരണത്തിലെത്തിയ വിപ്ലവ സംഘവും ആ പണിതുടങ്ങി. രാഷ്ട്രീയം പറയാൻ ഒട്ടും താൽപര്യമില്ല എങ്കിലും പറയുമ്പോൾ എല്ലാം പറയണമല്ലോ, വയനാട്ടിൽ ഇന്നു കാണുന്ന മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് മുഖ്യ കാരണം അന്നത്തെ മന്ത്രിസഭയാണ്. മാവൂർ ഗ്വാളിയോർ റയോൺസ് എന്ന കമ്പനിക്ക് വേണ്ടി വയനാടൻ കാടുകളിൽ നിന്ന് വൻതോതിൽ മുളങ്കാടുകൾ വെട്ടിക്കൊടുത്ത് വീണ്ടും വെട്ടിനിരത്തൽ പ്രക്രിയയ്ക്ക് വേഗം കൂട്ടി. കുറച്ചൊന്നുമല്ല, മുളം കാടുകൾ അപ്രത്യക്ഷമാകും വരെ അവർ ആ പണി തുടർന്നു.
അങ്ങനെ മുളങ്കാടുകൾ കിട്ടാതെ വന്നു എന്നിട്ടും തീർന്നോ… തരിശാക്കിയ കാട്ടിൽ അവർ തേക്കിന്റേയും യൂക്കാലിപ്റ്റസിന്റേയും മഹാഗണിയുടേയും വൻതോട്ടങ്ങൾ തന്നെയുണ്ടാക്കി.. ശുഭം …കാട് നശിക്കാൻ ഇനി വേറെന്ത് വേണം. ജനകീയ സർക്കാരും അവരെക്കൊണ്ടാകുന്നതങ്ങ് ചെയ്തു കളഞ്ഞു. അതെ ഈ തേക്കിൻകൂട്ടങ്ങളിൽ നിന്നാണ് വയനാടൻ കാടിന്റെ തകർച്ച തുടങ്ങിയത്. ഒരു തർക്കവും കൂടാതെ പറയാം ടിപ്പുവും കുടിയേറ്റക്കാരും, എന്തിന് ഇംഗ്ലീഷുകാർ പോലും ഇത്രമേൽ ആ കാടിനെ ചൂഷണം ചെയ്തില്ല എന്ന് നിസ്സംശയം പറയാം. കാടിറങ്ങുന്ന കാട്ടാനകളെ സൃഷ്ട്ടിച്ചെടുത്തതാണ് അന്നത്തെ വിപ്ലവ സംഘം.
അടച്ചങ്ങ് കുറ്റം പറഞ്ഞതല്ല, അന്നൊന്നും പശ്ചിമഘട്ടത്തിന്റെ പ്രാധാന്യം ചർച്ചയായിരുന്ന കാലമായിരുന്നില്ല, എങ്കിലും സത്യം ഇതാണ്. മഹാഗണിയിൽ നിന്നും തേക്കിൽ നിന്നും സഹ്യപുത്രൻ എന്തു ഭക്ഷിക്കണം, കഴിക്കുന്ന ഭക്ഷണത്തിന്റെ പകുതി പോലും ദഹിക്കാതെ പുറം തള്ളുന്ന ഒരു ജീവിയാണ് ആന. ഇത് ഇരുപത്തിനാല് മണിക്കൂറിൽ ഭൂരിഭാഗം സമയവും ഭക്ഷണത്തിനായ് നീക്കി വെക്കുന്നു, അവിടെയാണ് മുളങ്കാടുകളുടെ പ്രാധാന്യം അവയ്ക്ക് ഇത്രമേൽ രസിച്ച ഭോജനം വേറെയില്ല.
തോൽപ്പെട്ടിയിലും മുത്തങ്ങയിലും തിരുനെല്ലി റൂട്ടിലും കാണാം കാടിനെ കൊല്ലുന്ന ആ കൃത്രിമക്കാടുകൾ. പക്ഷെ സർക്കാർ കണക്കിൽ ആ കാണുന്നതും വനഭൂമിയാണ്, മണ്ണിലെ വെള്ളത്തെ വലിച്ചെടുത്ത് നശിപ്പിച്ച് കളയുന്നു. സമീപ പ്രദേശങ്ങളിലെ ചതുപ്പ് നിലങ്ങളെപ്പോലും വറ്റിച്ച് കളയാൻ ശക്തിയുള്ള യൂക്കാലിപ്റ്റസ് മരങ്ങൾ മണ്ണ് നശിച്ചൽ പിന്നെന്ത് കാട്. വേനലിൽ കാര്യം ഏറെ ഭയാനകമാണ് മനുഷ്യൻ മഴുവെറിഞ്ഞ് ക്ഷീണിച്ച വയനാടൻ കാടുകളിൽ യുദ്ധകാലമാണ് വേനൽ. വേറൊന്നുമല്ല ജനുവരി മുതൽ മെയ് വരെ വയനാടൻ കാടുകളിൽ വന്യ ജീവി സാന്ദ്രതയേറുന്നു. പലായനമാണ് കാരണം.
വയനാട് വന്യജീവി സങ്കേതത്തിനു ചുറ്റുമുള്ള നാഗർഹോളയിൽ നിന്നും ബന്ദിപ്പൂരിൽ നിന്നും മുതുമലയിൽ നിന്നും വന്യ മൃഗങ്ങൾ വയനാടൻ കാടുകളിലേക്ക് കുടിയേറുന്നു. ഇരുകാലി കയ്യേറ്റക്കാരെപ്പോലെ കാട് വെളുപ്പിക്കാനല്ല, ഒരിറ്റു ദാഹജലത്തിനായാണീ കുടിയേറ്റം. വേനലിൽ വന്യ ജീവികൾക്കായി കാട്ടിലെ തടാകങ്ങളിൽ ടാങ്കറിൽ വെള്ളമെത്തിക്കുന്ന ഏർപ്പാടും തുടങ്ങിയിട്ടുണ്ട് വനപാലകർ.
കാട്ടിൽ മൃഗങ്ങളുടെ ജീവിതം പല പ്രതിസന്ധികളിലൂടെയും കടന്ന് പോകുന്നു. അപ്പോൾ അവ കാടിറങ്ങുന്നു. ഇത് മനുഷ്യ വന്യ ജീവി സംഘർഷങ്ങൾക്ക് വഴിവെക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളുണ്ടാക്കുന്നു. പലർക്കും കൃഷി ചെയ്യാൻ കഴിയാതെ വരുന്നു. വല്ലതും നട്ടുനനച്ച് വിളവ് പാകമായാൽ കാട്ടാന വന്ന് വിളവെടുക്കുന്നു. ഈ പ്രക്രിയ ദിനംപ്രതി വയനാട്ടിൽ വർദ്ധിച്ചു വരുന്നു. ഇതിനെതിരെയുള്ള വയനാട്ടിലെ പുതിയ രീതി തീർത്തും പരിഹാസപരമാണ് ശല്യം വല്ലാതങ്ങ് രൂക്ഷമാകുമ്പോൾ മയക്ക് വെടിവെച്ചും കുങ്കിയാനകളെ ഉപയോഗിച്ചും ആന പിടിത്തം എന്നിട്ട് മരത്തിന്റെ കൂടുകളുണ്ടാക്കി അവയെ അതിൽ പാർപ്പിക്കുന്നു….
എന്തിനാണ് ഈ രീതി? ഒരു കൊമ്പൻ പോയാൽ വേറൊന്ന് അതിങ്ങനെ കാടിറങ്ങിക്കൊണ്ടേയിരിക്കും… കലൂർ കൊമ്പൻ ഒരു പ്രതീകമാണ് കാടും നാടും അടക്കിവാഴാനുള്ള മനുഷ്യന്റെ കന്നുകയറ്റത്തിൽ തളർന്നു പോകുന്ന ജീവജാലങ്ങളുടെ പ്രതീകം.. പുഴുവും പഴുതാരയും കുരങ്ങും മാനും മുതൽ ആനയ്ക്കും കടുവയ്ക്കും തറവാടായിരുന്ന വയനാടൻ കാട് ഇപ്പോൾ ഇങ്ങനെയൊക്കെയാണ്.. കാട് നാടിനു വഴിമാറിയപ്പോൾ ഇവരെല്ലാം ഇരുകാലികൾക്ക് ശല്യക്കാരായി മാറി. മുളങ്കാടുകളും ഫലവൃക്ഷങ്ങളും പ്ലാന്റേഷനുകൾക്ക് വഴിമാറിയപ്പോൾ അവർ ചെറുതായൊന്നു പ്രതികരിക്കുന്നതാണ്. ശല്യമുണ്ടാക്കുന്ന ഒരാനയെ പിടിച്ചാൽ പകരം മറ്റൊന്ന് കാടിറങ്ങുമെന്ന് മനസ്സിലാക്കാതെയാണ് ആന പിടിത്തം.
പുൽപ്പള്ളി, തിരുനെല്ലി എന്നിവിടങ്ങളിലാണ് കാട്ടാന ശല്യം രൂക്ഷമായുള്ളത്. ഇവിടങ്ങളിൽ കർഷകരുടെ ജീവിതം തീർത്തും ദുസ്സഹമാണ് തെങ്ങ് വരെ പിഴുതെറിയുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. കൃഷിനാശം മാത്രമല്ല മനുഷ്യ ജീവനും ഭീഷിണിയാണ്. ഭർത്താവിനെ നഷ്ട്ടപ്പെട്ട വിധവകൾ, മക്കളെ നഷ്ട്ടമായ രക്ഷിതാക്കൾ അങ്ങനെ നീളും ആ പട്ടിക. 1980 മുതൽ 2016 വരെ കാട്ടാനയുടെ ആക്രമണത്തിൽ തിരുനെല്ലി പഞ്ചായത്തിൽ മാത്രം കൊല്ലപ്പെട്ടത് 77 ജീവനുകളാണ്.
എല്ലാ നാശ നഷ്ട്ടങ്ങൾക്കും സർക്കാർ കണക്കാക്കുന്ന നഷ്ടപരിഹാരത്തുകയാണെങ്കിൽ വളരെ തുച്ഛവും. ഉണർന്ന് പ്രവർത്തിക്കേണ്ടത് സർക്കാർ തന്നെയാണ്. ഈ കാട്ടാനകളെയൊക്കെ വെടിവെച്ചു കൊല്ലാം അതാവും ഏറ്റവും നല്ലത്. പറയാൻ കാരണം വേറൊന്നുമല്ല ഈ കർഷകരെല്ലാം തന്നെ നിസ്സഹായരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ അടച്ച് കുറ്റം പറയാൻ കഴിയില്ല. കർഷകർക്ക് കുറച്ചെങ്കിലും ആശ്വാസമാകുന്നത് ഈ ഉദ്യോഗസ്ഥർ മാത്രമാണ്. സർക്കാരിന് ഒരു തരത്തിലും ഇതിനൊരു പരിഹാരം കാണാൻ ഉദ്ധേശമില്ല എന്ന് തന്നെ പറയാം.
മനുഷ്യനാണോ വന്യ ജീവികൾക്കാണോ പ്രാധാന്യം എന്ന് ചോദിച്ചാൽ മനുഷ്യനും വന്യ ജീവികൾക്കും ഈ ഭൂമുഖത്ത് തുല്യ പ്രാധാന്യമാണുള്ളത് എന്ന് മാത്രമോ എന്നേപ്പോലുള്ളവർക്ക് പറയാൻ കഴിയൂ. അല്ല അത് തന്നെയല്ലേ സത്യവും, പണ്ട് സൈലന്റ് വാലി ജല വൈദ്യുത പദ്ധതി ചർച്ചകൾ കത്തി നിൽക്കുന്ന സമയത്ത് ഉയർന്ന ഒരു ചോദ്യമുണ്ട് സിംഹവാലൻ കുരങ്ങിനാണോ അതോ മനുഷ്യനാണോ പ്രാധാന്യം …….! അന്ന് ഒറ്റ സ്വരത്തിൽ പറഞ്ഞ ഉത്തരവും മറ്റൊന്നല്ല. അതെല്ലാം മനുഷ്യ വന്യ ജീവി ബന്ധത്തിന്റെ മറ്റൊരു നേർക്കാഴ്ച്ചയായിരുന്നു. സർക്കാർ അന്ന് പദ്ധതിയുപേക്ഷിച്ച് തോറ്റ് പത്തി മടക്കി. അങ്ങനെ സിംഹവാലൻ കുരങ്ങിന്റെ സംരക്ഷണത്തിനായി അതിന് നാഷണൽ പാർക്ക് പദവിയും നൽകി.
പരിസ്ഥിതി പ്രവർത്തകരുടെ നല്ല രീതിയിലുള്ള ഇടപെടലുകളും സമരരീതിയും തന്നെയായിരുന്നു അന്ന് വിജയം കണ്ടത്. മനുഷ്യന് വന്യതയോടും വന്യ ജീവിതത്തോടുമുള്ള ചില മനോഭാവങ്ങൾക്ക് തന്നെയാണ് വയനാട്ടിൽ മാറ്റം വരേണ്ടത്. അസമിലെ കാസിരംഗ ദേശീയോദ്യാനം കഴിഞ്ഞാൽ മനുഷ്യ വന്യജീവി സംഘർഷം ഇത്രമേൽ കത്തിനിൽക്കുന്ന സ്ഥലങ്ങൾ കുറവാണെന്ന് തന്നെ പറയാം.. എന്നാൽ മാറി മാറി വരുന്ന ഒരു സർക്കാരും ഈ വിഷയത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിട്ടില്ല എന്നത് എല്ലാവർക്കുമറിയാം.
ശേഷിക്കുന്ന ഒരു തുണ്ട് വനഭൂമിയിൽ പോലും ഇനി മഴു വീഴരുത് കാട് തിരിച്ച് പിടിച്ചേ മതിയാകൂ. കാലങ്ങളായി വയനാട് പ്രകൃതിസംരക്ഷണ സമിതി മുന്നോട്ട് വെക്കുന്ന ആശയമാണ് സ്വാഭാവിക വനങ്ങളെ തിരിച്ച് കൊണ്ടുവരുക എന്നത്, ഇതിനായി തേക്കും യുക്കാലിപ്റ്റസും വെട്ടിനിരത്തുക ആ കാട്ടിൽ പരിസ്ഥിതി പ്രാധാന്യമുള്ള സ്വാഭാവിക വനങ്ങൾ വെച്ച് പിടിപ്പിക്കുക. ആശയം വളരെ നല്ലത് തന്നെ. പക്ഷെ പക്ഷെ വയനാടൻ കാടുകൾക്ക് 1973 ൽ ലഭിച്ച വൈൽഡ് ലൈഫ് സാങ്ച്ച്വറി എന്ന ഓമന പദവിയുള്ളത് കൊണ്ട് തേക്കിൻകാടുകൾ മുറിച്ചുനീക്കാൻ പറ്റില്ല അതും വനഭൂമിയാണ്.
ഒരു കാലത്ത് നട്ടുച്ചയ്ക്ക് പോലും മരം കോച്ചുന്ന തണുപ്പുണ്ടായിരുന്ന ലക്കിടിയുടെ ഇന്നത്തെ അവസ്ഥയെന്താണ്? കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച പ്രേ ദേശം കൂടിയായിരുന്നു ഇവിടം. ഇന്നവിടുത്തെ താപനിലയെത്രയാണ്? കാലാവസ്ഥയിൽ വന്ന ഈ വൻ വ്യതിയാനത്തിനു കാരണം വൻതോതിൽ സ്വാഭാവിക വനങ്ങൾ വെട്ടിനിരത്തപ്പെട്ടതു തന്നെയാണ്. പകരം നിലയുറപ്പിച്ച കൃത്രിമക്കാടുകൾ കാട്ടിലെ വരൾച്ചയും കൂട്ടുന്നു. സർക്കാർ തലത്തിൽ ചർച്ചകൾ ഉയർന്നു വന്നേ പറ്റൂ . ഈ പ്രശ്നങ്ങൾക്ക് എക്കാലത്തേക്കുമായി പരിഹാരം കണ്ടേ മതിയാകൂ.
ചിലപ്പോൾ ഇനിയൊരു ചെറിയ കാട്ടുതീ പോലും താങ്ങാനുള്ള ശേഷി ആ കാടിനില്ല. ഇതിനെല്ലാം പുറമെയാണ് പ്രകൃതിയെ നശിപ്പിച്ചുള്ള ടൂറിസം സംസ്കാരം പച്ചപ്പുള്ളിടത്തെല്ലാം കാടുകൾ വെട്ടിത്തെളിച്ച് ടൂറിസത്തിന്റെ വിത്തുകൾ പാകുന്നു. ഇതിന്റെ ഭാഗമായിത്തന്നെ വൻകിട റിസോർട്ട് മാഫിയയുടെ പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. റിസോർട്ടുകളിലെ താമസക്കാർക്ക് വേണ്ടി വേട്ടയാടലും നടക്കുന്നുണ്ട് റിസോർട്ടുകളിൽ മാനിറച്ചി വരെ സുലഭമായ ലഭിക്കുന്നുണ്ടെന്നാണ് വാർത്തകൾ. അധികൃതർ കണ്ണടക്കുന്നിടത്തോളം കാലം ഇതെല്ലാം തുടർന്നു കൊണ്ടേയിരിക്കും.
അതെ ടിപ്പുവും കുടിയേറ്റക്കാരും ബൃട്ടീഷുകാരും തുടങ്ങി വെച്ച പ്രവർത്തനങ്ങൾക്ക് ഇന്നും വയനാട്ടിൽ കുറവൊന്നുമില്ല. സ്വർഗ്ഗഭൂമി നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു .വയനാട്ടിൽ ഉറവപൊട്ടുന്ന കബനിയും വറ്റിവരണ്ടിരിക്കുകയാണ് കാട്ടിലെ അരുവികളിൽ നിന്നുമാണ് കബനിയിലേക്ക് വെള്ളം ഒഴുകിയെത്തേണ്ടത് എന്നാൽ അതും വറ്റിവരണ്ടിരിക്കുന്നു. എന്തിന് അധികം പറയുന്നു മനുഷ്യൻ കാട് കത്തിച്ച സംഭവം തന്നെയുണ്ടായില്ലെ?
തോൽപ്പെട്ടിയിൽ ഒരേ സമയം വിവിധ സ്ഥലങ്ങളിലായാണ് തീ പടർന്നത്. അന്ന് മുത്തങ്ങയിലും തോൽപ്പെട്ടിയിലുമായി 1200 ഏക്കറോളം വനമാണ് കത്തിനശിച്ചത്. അത് കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് തന്നെയാണ്, അതെ കാടുണ്ടെങ്കിലല്ലേ കസ്തൂരിരംഗൻ പോലുള്ള റിപ്പോർട്ടുകൾക്ക് പ്രസക്തിയുള്ളു. കാടില്ലാതാക്കാനുള്ള ഇത്തരം നീചപ്രവർത്തനങ്ങൾക്കും വയനാടൻ കാട് സാക്ഷ്യം വഹിച്ചു…
കഴിഞ്ഞ കാലത്തിന്റെ കഥകൾ മറക്കാം നമുക്ക്. സ്വർഗ്ഗഭൂമിയെ കാത്തു രക്ഷിച്ചേ മതിയാകൂ സർക്കാർ സംവിധാനം ഈ വിഷയത്തിൽ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ. ചർച്ചകൾ ഉയർന്നു വരണം വന്നേ മതിയാകൂ സർക്കാരും നാട്ടുകാരും പ്രകൃതി സംരക്ഷകരും എല്ലാം സഹിക്കുന്ന കർഷകരും ഒരുമിച്ചൊരു ചർച്ച എക്കാലത്തേക്കും ഒരു പരിഹാരത്തിനായി….. ‘ആന ചവിട്ടിയാൽ ചേന നന്നാവും’ എന്നൊരു ചൊല്ലുതന്നെയുണ്ട് വയനാട്ടിൽ. അന്നത്തെ കർഷകരും വന്യമൃഗങ്ങളും തമ്മിലുണ്ടായിരുന്ന ബന്ധവും അത്തരത്തിലായിരുന്നു.
ഇക്കാലമത്രയും എല്ലാം സഹിച്ച് ഒരു കൂട്ടർ ആ കാട്ടിനുള്ളിൽ പരിഭവമേതുമില്ലാതെ പുലർന്നു പോകുന്നുണ്ട്, വെട്ടിനിരത്തലിന്റെയും, കെട്ടിപ്പൊക്കലിന്റെയും സമവാക്യമല്ല കാടിന്റെ മക്കൾ നമ്മെ പഠിപ്പിക്കുന്നത് ഒതുങ്ങിക്കൊടുത്തും ഒതുക്കപ്പെട്ടും പുലർന്നു പോയവരാണവർ.. അതെ സഹകരണ മനോഭാവമില്ലാതെ ആർക്കും വയനാട്ടിൽ ഉപജീവനം സാധ്യമല്ല. നല്ല ചർച്ചകൾക്ക് ഉണ്ടാകട്ടെ… പശ്ചിമഘട്ടം കനിഞ്ഞനുഗ്രഹിച്ച സ്വർഗ്ഗഭൂമി നമുക്ക് തിരിച്ച് പിടിച്ചേ മതിയാകൂ..
കടപ്പാട് – Varun Kayaralam.