മതപരമായ ആചാരനുഷ്ഠാനങ്ങൾ നടത്താൻ ജനങ്ങൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളെയാണ് ആരാധനാകേന്ദ്രങ്ങൾ എന്ന് വിളിക്കുന്നത്. മനുഷ്യസമൂഹത്തിന്റെ ഒരു പ്രധാനപങ്ക് വിവിധതരത്തിലുള്ള വിശ്വാസങ്ങളുടെ പിൻബലത്തിലാണ് ജീവിച്ചുപോരുന്നത്. ഒരു ശക്തി പ്രപഞ്ചത്തെ നയിക്കുന്നുണ്ടെന്നും ആ ശക്തിയെ ആരാധിക്കേണ്ടതു തങ്ങളുടെ നിലനിൽപ്പിന്റെ തന്നെ ആവശ്യമാണെന്നും ഇവർ കരുതിപ്പോരുന്നു. ഓരോ വിഭാഗവും വ്യത്യസ്തതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടുവരുന്ന ആ ശക്തികളെ കുടിയിരുത്തിയിരിക്കുന്ന സ്ഥലങ്ങളാണ് ആരാധനാകേന്ദ്രങ്ങൾ. അന്വേഷിച്ചുനോക്കിയാൽ കണ്ടെത്താവുന്ന നല്ലൊരു ചരിത്രപാശ്ചാത്തലമുള്ളവയാണ് ഇത്തരത്തിലുള്ള ആരാധനാ സങ്കേതങ്ങൾ. അമ്പലങ്ങൾ, കാവുകൾ, താനങ്ങൾ, ക്രിസ്ത്യന്‍ – മുസ്ലിം പള്ളികള്‍ എന്നിവയൊക്കെ ഈ ഗണത്തിൽപെടുന്നു. എല്ലാവർക്കും എത്തിച്ചേരാനുതകുന്ന വിധത്തിൽ നല്ല സഞ്ചാരസൗകര്യമുള്ള ഇടങ്ങളിലായിരിക്കും ഇത്തരം ആരാധനാലയങ്ങൾ കണ്ടുവരുന്നത്.
എന്നാല്‍ നമ്മുടെ രാജ്യത്തെ ചില ആരാധനാലയങ്ങളില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം.
1. ശബരിമല : കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പെരിയാർ കടുവ സംരക്ഷിത പ്രദേശത്തിൽ സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് ശബരിമല ശ്രീ ധർമ്മശാസ്താക്ഷേത്രം. ശബരിമലയാത്രക്കു മുൻപ്, തീർത്ഥാടകർ 41 ദിവസത്തെ വ്രതം അനുഷ്ഠിക്കുന്നു. ഇതിനു മുന്നോടിയായി അവർ തുളസിമുത്തുകൾ കൊണ്ടോ രുദ്രാക്ഷം കൊണ്ടോ ഉണ്ടാക്കിയ ഒരു മാല ധരിക്കുന്നു. ഇതിനെ തുടർന്ന് ഇവർ സ്വാമി എന്നറിയപ്പെടുന്നു. ശേഷം മത്സ്യമാംസാദികൾ, മദ്യം, ലൈംഗികജീവിതവും മറ്റ് ദുഷ്ചിന്തകളും ഒക്കെ ഉപേക്ഷിക്കുന്നു. തുടർന്ന് നാല്പത്തിയൊന്നാമത്തെ ദിവസം ഗുരുസ്വാമിയുടെ നേതൃത്വത്തിൽ കെട്ടു നിറച്ച് ശബരിമലയ്ക്ക് യാത്രയാകുന്നു. 10 വയസ്സിനും 50 വയസ്സിനും ഇടയിലുള്ള സ്ത്രീകളെ ഇവിടെ പ്രവേശിപ്പിക്കാറില്ല. ഇതിനെച്ചൊല്ലി ഇന്നും തര്‍ക്കങ്ങള്‍ നടക്കുകയാണ്.
2. ഹാജി അലി ദര്‍ഗ്ഗ : മുബൈയിൽ സ്ഥിതി ചെയ്യുന്ന ഹാജി അലി ദര്‍ഗയും സ്ത്രീകളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ വിരുദ്ധ നിലപാട് എടുത്തിരിക്കുന്ന ഒരു ആരാധനാലയമാണ്. മുസ്ലിം പണ്ഡിതന് സെയ്ദ് പിര്‍ ഹാജി അല്‍ ഷാ ബുഖാരിയുടെ ശവകുടീരം ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ദര്‍ഗ്ഗയില്‍ ഒരുപോലെ പ്രവേശനാനുമതി നല്‍കണമെന്ന് സുപ്രീംകോടതി ജസ്റ്റിസ് രേവതി മോഹിതെ- ധീരെ ഉത്തരവിട്ടിരുന്നു. ദർഗയുടെ ട്രസ്റ്റി ഹൈ കോടതിയിൽ അറിയിച്ചിരിക്കുന്നത് ഇപ്രകാരമാണ്. “ഏതെങ്കിലും ഒരു സ്ത്രീ വന്ദ്യനായ സൂഫിവര്യന്റെ ഖബറിന് സമീപം വരുന്നത് ഇസ്ലാം വിശ്വാസപ്രകാരം പാപമാണ്. മാത്രമല്ല ഭരണഘടനാ ആർട്ടിക്കിൾ 26 പ്രകാരം ഓരോ മതത്തിനും സ്വന്തം മത ബന്ധിയായ വസ്തുവകകൾ എങ്ങനെ കൈകാര്യം ചെയ്യണം എന്ന് റ്റീരുമാനിക്കാം എന്ന് വ്യവസ്ഥ ചെയ്യും പ്രകാരം ഞങ്ങൾരക്ഷാധികാരികൾക്കു എടുക്കാവുന്ന തീരുമാനം മൂന്നാമതൊരാൾ ചോദ്യം ചെയ്യാൻ പാടില്ലാത്തതും ആകുന്നു”. 2012 വരെ ഇവിടെ സ്ത്രീകൾക്ക് പ്രവേശനം ഉണ്ടായിരുന്നുവെങ്കിലും അതിനുശേഷം ഇവിടെ സ്ത്രീകൾക്ക് പ്രേവശനം അനുവദിക്കാറില്ല.
3. പത്ബസ്സി സത്ര , ആസ്സാം : ക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുക എന്ന ചിന്തയോടെ തന്നെയാണ് ഈ ക്ഷേത്രത്തിലും സ്ത്രീയെ പ്രവേശിപ്പിക്കാത്തത്. ആർത്തവം തന്നെയാണ് ഇവിടെയും വില്ലൻ. ഇടയ്ക്കു ആസ്സാം ഗവർണർ ആയിരുന്ന ജെ ബി പട്നായിക് ക്ഷേത്ര അധികൃതരെ കണ്ടു സംസാരിക്കുകയും തന്നോടോപ്പം 20 സ്ത്രീകളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കുകയുമുണ്ടായി. വളരെ കുറച്ചു കാലം ആ സ്ഥിതി നിലനിന്നു. പിന്നെ വീണ്ടും സ്ത്രീപ്രവേശം നിരോധിക്കുകയാണ് ഉണ്ടായത്.
4. കാർത്തികേയ ക്ഷത്രം , പുഷ്കർ : ബ്രഹ്മചാരിയായ കാർത്തികേയന്റെ ഈ ക്ഷേത്രം രാജസ്ഥാനിലെ പുഷ്കറിലാണ് സ്ഥിതി ചെയ്യുന്നത്. സ്ത്രീ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ അനുഗ്രഹത്തിന് പകരം ശാപം ലഭിക്കും എന്ന വിശ്വാസം നിലനിൽക്കുന്നതിനാലാണ് ഇവിടെ സ്ത്രീകളെ പ്രവേശിപ്പിക്കാത്തതിനു കാരണം. ഹരിയാനയിലെ പെഹോവയിലും ഇത്തരത്തിലൊരു ക്ഷേത്രമുണ്ട്. അവിടെയും കാർത്തികേയനെ ബ്രഹ്മചാരിയായി പ്രതിഷ്ഠിച്ചിരിക്കുന്നതിനാൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കാറില്ല.
5. ഭവാനി ദീക്ഷ മണ്ഡപം : ആന്ധ്രയിലേ വിജയവാഡയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഭവാനി ദീക്ഷ മണ്ഡപത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാറില്ല. ഇവിടത്തെ പൂജാരി മരിച്ചപ്പോള്‍ ക്ഷേത്രത്തില്‍ പൂജ ചെയ്യുവാനുള്ള അവകാശം അദ്ദേഹത്തിന്റെ സന്തതികള്‍ക്ക് ലഭിക്കുകയുണ്ടായി. എന്നാല്‍ പൂജാരിയ്ക്ക് ആണ്മക്കള് ഇല്ലാത്തതിനാല്‍ പിന്നെ അദ്ദേഹത്തിന്റെ മകളായ ജയന്തി വിമലയ്ക്ക് ആയിരുന്നു സ്ഥാനം. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലാത്തയിടം ആയതിനാല്‍ അവര്‍ക്ക് അതിനു കഴിഞ്ഞുമില്ല.
വിശ്വാസികളുടെ ഇടയില്‍ അവരുടെ വിശ്വാസങ്ങള്‍ നിലനില്ക്കട്ടെ. ഇതല്ലാതെ നമുക്ക് എന്തു പറയാനാകും?