വർഷങ്ങൾക്കു മുൻപ് ഒരു യാത്ര വാരികയുടെ താളിൽ കണ്ടു മറഞ്ഞ സ്ഥലപേരാണ് ഏർക്കാട്. സേലത്തിന് അടുത്ത് പൂർവഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഈ സ്ഥലം പാവങ്ങളുടെ ഊട്ടി എന്ന അപരനാമത്തിൽ അറിയപ്പെടുന്നു. കോളേജിലെ പഠനസംബന്ധമായ കാര്യത്തിന് സേലത്ത് 4 ദിവസം തങ്ങിയപ്പോൾ കിട്ടിയ ബോണസ് ആരുന്നു ഈ യാത്ര.
സേലത്തുനിന്ന് സർക്കാർ വണ്ടിയിൽ ഏകദേശം ഒന്നര മണിക്കൂർ നീളുന്ന യാത്രക്കൊടുവിൽ 20 ഓളം മുടിപിൻ വളവുകൾ താണ്ടി ഏർക്കാട് എത്തിച്ചേർന്നു. വന്നപടി പോകേണ്ട സ്ഥലങ്ങളെ പറ്റി വലിയ ധാരണകൾ ഒന്നും ഇല്ലായിരുന്നു, നെറ്റിൽ നോക്കിയുമില്ല. പിന്നെ ചോദിച്ചും പറഞ്ഞുമൊക്കെ ലേഡീസ് സീറ്റ് എന്ന വ്യൂ പോയിന്റിലേക്ക് നടന്നു, ഇവിടെ കുരങ്ങിന്റെ ശല്യം അല്പം കൂടുതൽ ആയി തോന്നി, പക്ഷെ വഴിയിൽ കണ്ട കമിതാക്കളുടെ അത്രയും ഇല്ലല്ലോ എന്നോർത്തപ്പോൾ ക്രൂരമായ ഒരു ആശ്വാസം.
നടന്നായിരുന്നു ഏർക്കാഡിലൂടെയുള്ള മുഴുവൻ ചുറ്റികറങ്ങലുകളും. ശേഷം റോസ് ഗാർഡൻ ഒക്കെ വഴിക്കൽ ഉണ്ടായിരുന്നെങ്കിലും കണ്ടുമടുത്ത കാഴ്ചകൾ ആയതുകാരണം മനപൂർവം ഒഴിവാക്കി നടപ്പ് തുടർന്നു. ശേഷം ബോട്ടിങിന് പോയി. അരമണിക്കൂർ പെഡൽ ബോട്ടിൽ ഏർക്കാട് തടാകത്തിലൂടെ, പിന്നെ കാപ്പിക്കു ശേഷം അടുത്തുള്ള ഒരു അഡ്വെഞ്ചർ പാർക്കിൽ ഒക്കെ പോയി. ധൈര്യം അല്പം കൂടുതൽ ആയതുകാരണം സാഹസിക കാര്യപരുപടികളുടെ വില ഒക്കെ തപ്പി നടന്നതെയുള്ളൂ.(കൂടെ വന്നവർ ചിലതിൽ കയറി).
ഏർക്കാട് ഓറഞ്ചുകൾക്ക് പ്രശസ്തമാണ്. ഏർക്കാടിലേക്കു ബസിൽ വരുന്നവർ സ്റ്റാൻഡിൽ പോകാതെ ലേക്കിന് അടുത്ത് ഇറങ്ങാൻ ശ്രമിച്ചാൽ സമയം ലാഭിക്കാം കൂടാതെ മടക്ക യാത്ര സ്റ്റാൻഡിൽ നിന്ന് ബസ് കയറുക, അല്ലാത്ത പക്ഷം നല്ല തിരക്ക് മൂലം സീറ്റ് കിട്ടാൻ ബുദ്ധിമുട്ടിയേക്കാം. ഏർക്കാട് കാണാൻ ഇനിയും കാഴ്ചകൾ ബാക്കി വെച്ചാണ് മലയിറങ്ങിയത്. ഒറിജിനൽ ഊട്ടിയെപോലെ തന്നെ പാവങ്ങളുടെ ഊട്ടിയും മടുപ്പിക്കില്ല എന്നതാണ് സത്യം.
കടപ്പാട് – Sreehari Kollamattam.