വടക്ക് കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയ യുടെ ഭാഗവും എന്നാല്‍ സ്വയം ഭരണാവകാശവുമുള്ള ഒരു പ്രത്യേക പ്രദേശമാണ് സാന്‍സിബാര്‍. ഉംഗുജ, പെംബ എന്ന് പേരുള്ള രണ്ട് വലിയ ദ്വീപുകളും അനേകം ചെറു ദ്വീപുകളും ചേര്‍ന്നതാണ് സാന്‍സിബാര്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ടാന്‍സാനിയന്‍ കരയില്‍ നിന്ന് 30 കി. മി. മാറി കടലിലാണ് ഈ ദ്വീപുകളുടെ സ്ഥാനം. ടാന്‍സാനിയ യുടെ ഭാഗമാണെങ്കിലും ഒരു പ്രത്യേക രാജ്യം പോലെ നില കൊള്ളുന്നു.
20,000 വര്‍ഷങ്ങള്‍ക്ക് മുമ്പേ തന്നെ മനുഷ്യര്‍ ജീവിച്ച് പോന്നിരുന്ന ഏറ്റവും പഴക്കം ചെന്ന സംസ്കാരമുള്ള പ്രദേശമാണ് സാന്‍സിബാര്‍. ഒരു കാലത്ത് പ്രത്യേക ഭരണകൂടമായി നിലനിന്നിരുന്ന സാന്‍സിബാര്‍, പിന്നീട് ടാന്‍സാനിയ യുടെ ഭാഗമാവുകയായിരുന്നു എങ്കിലും സാന്‍സിബാര്‍ ഇന്നും ഒരു സ്വയം ഭരണ രാജ്യമായി അറിയപ്പെടാനാണ് അവിടത്തുകാര്‍ ആഗ്രഹിക്കുന്നത്. 2,500 ചതുരശ്ര കി. മി. മൊത്തം വിസ്തീര്‍ണ്ണമുള്ള സാന്സിബാറില് ഒന്നര ദശലക്ഷം ജനസംഖ്യയുണ്ട്.
ഉംഗുജ ദ്വീപിലെ സാന്‍സിബാര്‍ സിറ്റിയാണ് സാന്‍സിബാറിന്റെ തലസ്ഥാനം. സാന്‍സിബാര്‍ സിറ്റിയില്‍ പെടുന്ന സ്റ്റോണ്‍ സിറ്റി എന്നറിയപ്പെടുന്ന പഴയ നഗരം, യുനെസ്കോയുടെ പൈതൃക നഗര പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ട്രോപിക്കല്‍ മേഖലയില്‍ ഉള്‍പ്പെടുന്ന സാന്‍സിബാറിന്റെ വരുമാനത്തിലേറെയും ടൂറിസം, സുഗന്ധദ്രവ്യ ഉല്പന്നങ്ങളില് നിന്നാണ്. ഗ്രാമ്പു, ജാതിക്കാ, കറുവാപട്ട തുടങ്ങി നമ്മുടെ കേരളത്തില്‍ കാണപ്പെടുന്ന പല നാണ്യവിളകളും സാന്‍സിബാറിലും കൃഷി ചെയ്യപ്പെടുന്നു. ഇതൊക്കെ കൊണ്ട് തന്നെ, സുഗന്ധദ്രവ്യങ്ങളുടെ നാട് എന്നാണ് സാന്‍സിബാര്‍ അറിയപ്പെടുന്നത്.
zang-e-baar (കറുത്തവരുടെ തീരം) എന്നര്‍ത്ഥം വരുന്ന പേര്‍ഷ്യന്‍ വാക്കില്‍ നിന്നാണ് സാന്‍സിബാര്‍ (Zanzibar) എന്ന പേരുണ്ടാവുന്നത്. എട്ടാം നൂറ്റാണ്ടില്‍ അറബികളായിരുന്നു ആദ്യമായി ഈ ദ്വീപുകളില്‍ എത്തുന്നത്. പിന്നീട് പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ബ്രിട്ടീഷുകാരും സുഗന്ധദ്രവ്യങ്ങളുടെ നാട് തേടിയെത്തിയിരുന്നു. ഇന്ത്യന്‍ വംശജറും ചൈനക്കാരും ഈ ഭൂമിയില്‍ താമസിക്കാന്‍ എത്തിയിട്ടുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട കിസിംകാസി (Kizimkazi) മസ്ജിദ് ആണ് ഇന്നും നിലനില്‍ക്കുന്ന ഏറ്റവും പഴയ കെട്ടിടം. നാലോളം ഹിന്ദു ആരാധാനാലയങ്ങളും ഇവിടെയുണ്ട്.
തീരം എന്ന അറബ് വാക്കായ സ്വാഹിലി എന്ന കിഴക്കേ ആഫ്രിക്കന്‍ ഭാഷയാണ് ഇവിടത്തെയും ഔദ്യോഗിക ഭാഷ. സ്ടോണ്‍ ടൗണിലെ ചരിത്ര പ്രസിദ്ധമായ പല കെട്ടിടങ്ങളെയും ഇന്നും സംരക്ഷിച്ചു പോരുന്നത് കൗതുകമുണര്‍ത്തുന്നു. പഴയ കെട്ടിടങ്ങളിലെ കൊത്തു പണികളുള്ള വാതിലുകള്‍ അതി മനോഹരമാണ്. ആഗാ ഖാന് ഫണ്ട് എന്ന സംഘടനയുടെ കീഴിലുള്ള സെറിന ഇന്‍ എന്ന സ്ഥാപനം ഇവിടത്തെ ഏറ്റവും പുരാതനവും ചരിത്രപ്രസക്തിയുമുള്ള കെട്ടിടങ്ങളെ സംരക്ഷിച്ച് വരുന്നു. ദി ഓള്‍ഡ് എക്സ്റ്റല്കോംസ്, ചൈനീസ് ഡോക്ടേഴ്സ് റെസിഡന്‍സും ഇവയില്‍ ചിലത് മാത്രം.
പ്രകൃതി സുന്ദരമായ സാന്‍സിബാര്‍ ടൂറിസ്റ്റുകളുടെ പറുദീസ കൂടിയാണ്. ടൂറിസ്റ്റ് വ്യാപാരം കൂടാതെ സുഗന്ധദ്രവ്യകൃഷിയുമാണ് സാന്‍സിബാറിന്റെ പ്രധാന വരുമാന സ്രോതസ്സ്. ഇവിടെ മാത്രം കാണപ്പെടുന്ന പല ജന്തുജീവികളുടെയും വാസകേന്ദ്രമാണ് സാന്‍സിബാര്‍. സാന്‍സിബാര്‍ റെഡ് കോളബസ്, സാന്‍സിബാര്‍ പുള്ളിപ്പുലി, സാന്‍സിബാര്‍ സെര്വ്വ്ലിന് ജെനെറ്റ് ഒക്കെ ഇവിടെമാത്രം കാണപ്പെടുന്ന ജന്തുലോകത്തിലെ അംഗങ്ങളാണ്. ഇതെല്ലാം കൊണ്ട് തന്നെയാണ് ആഫ്രിക്കന്‍ ദേശങ്ങളില്‍ സാന്‍സിബാര്‍ മുന്നിട്ട് നില്‍ക്കുന്നതിന്റെ കാരണവും.
വിവരണം – ജുനൈസ് വയനാട്
Source – http://www.greenpageonline.com/main-article.php?%20value=142