ഒരാൾ തന്നെ അധികം, എന്നിട്ടും ഒരു തസ്തികയിൽ രണ്ടുപേർ

അടൂർ : സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ഒരേ തസ്തികയിൽ ഒന്നിലധികം ജീവനക്കാരെ നിയമിച്ച് അധിക ബാധ്യത വരുത്തിവയ്ക്കുകയാണ് കെ. എസ്. ആർ. ടി. സി . ചെലവ് നിയന്ത്രണം എന്നത് ഇൗ സ്ഥാപനത്തിന്‍റെ അജണ്ടയിൽപ്പോലും ഇല്ലെന്നതിന് ഒരു തെളിവാണ് അടൂർ ഡിപ്പോയിലെ നിയമനം .

ചെറിയ ഡിപ്പോകളിൽ ഒരു അസിസ്റ്റന്റ് ഡിപ്പോ എൻജിനീയറുടെ ആവശ്യമേ ഉള്ളൂ. വലിയ ഡിപ്പോകളിൽ ഇതിന് പുറമേ ഡിപ്പോ എൻജിനീയറുടെ തസ്തികകൂടിയുണ്ട്. ഇൗ സ്ഥാനത്ത് ഏറെ നാളായി അടൂരിൽ രണ്ട് പേരാണ് ജോലി ചെയ്യുന്നത്. ഒരാളാകട്ടെ എം. പാനലും.

യു. ഡി. എഫ് സർക്കാരിന്റെ അവസാന കാലഘട്ടത്തിൽ പി. എസ്. സി വഴി 103 എ. ഡി. ഇ മാരുടെ നിയമനം നടത്തിയിരുന്നു. അപ്പോഴും എം. പാനലായി ജോലി നോക്കുന്ന ആറ് പേരെ പിരിച്ചുവിട്ടില്ല. ഭരണമുന്നണിയിലെ ചില ഉന്നതൻമാരുടെ ഇടപെടൽ കാരണമാണ് അന്ന് എം. പാനലുകാരെ പിരിച്ചുവിടാഞ്ഞത്.

ഡിപ്പോയിലെ മെക്കാനിക്കൽ വിഭാഗത്തിന്‍റെ പ്രവർത്തനം വിലയിരുത്തുകയും സ്പെയർപാട്സ് ഉൾപ്പെടെയുള്ളവയുടെ കണക്ക് സൂക്ഷിക്കുകയും ചെയ്യുന്ന ജോലിയാണ് പ്രധാനമായും ഇവർക്കുള്ളത്. ബസുകൾ ഡിപ്പോയിൽ തിരികെ എത്തിക്കുമ്പോൾ എന്തെങ്കിലും കേടുപാടുകളോ, അപകടംവഴി തകരാറുകൾ ഉണ്ടോ എന്ന് പരിശോധിക്കേണ്ടതും ഇവരുടെ ജോലിയാണ്. അറുപതിൽ താഴെ ഷെഡ്യൂളാണ് അടൂർ ഡിപ്പോയിലുള്ളത്. ഇതിന്‍റെ നിയന്ത്രണത്തിന് ഒരാളുടെ ആവശ്യമേയുള്ളൂ. യാഥാർത്ഥ്യം ഇതായിരിക്കേയാണ് ഒരേ തസ്തികയിൽ രണ്ടുപേർ ജോലി ചെയ്യുന്നത്.

വാര്‍ത്ത  :  കേരളകൌമുദി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply