കോന്നി – കരിമാൻതോട് റൂട്ടിൽ KSRTC സർവ്വീസ് മുടങ്ങുന്നു

പത്തനംതിട്ട – കോന്നി കരിമാൻതോട് റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സിയുടെ തിരുവനന്തപുരം ഫാസ്റ്റ് പാസഞ്ചർ ബസ് സ്ഥിരമായി സർവ്വീസ് മുടക്കുന്നു. രാവിലെ 5 മണിയോടെ പത്തനംതിട്ട ഡിപ്പോയിൽ നിന്ന് പുറപ്പെടുന്ന ബസ് അഞ്ചേമുക്കാലോടെ കോന്നിയിലും 7 മണിയോടെ കരിമാൻ തോട്ടിലും എത്തിച്ചേരുന്ന രീതിയിലാണ് സമയം ക്രമീകരിച്ചിരിക്കുന്നത്. എന്നാൽ ദിവസങ്ങളായി ഈ ബസ് ഈ റൂട്ടിൽ സർവ്വീസ് നടത്തിയിട്ട് . ഇത് കൂടാതെ ഗുരുവായൂർ ഫാസ്റ്റും ഇതുവഴി സർവ്വീസ് നടത്തുന്നുണ്ട്.

പുലർച്ചെ 4 മണിക്കാണ് കരിമാൻതോട്ടിൽ നിന്ന് തിരികെ പുറപ്പെടുക. ഡിപ്പോയിൽ നിന്ന് ആവശ്യത്തിനുള്ള ബസ് ഇതിനായി ക്രമീകരിക്കാത്തതും ജീവനക്കാർ അവധിയിൽ പ്രവേശിക്കുമ്പോൾ പകരം ആളെ നിയമിക്കാത്തതുമെല്ലാം സ്ഥിരമായി സർവ്വീസ് മുടങ്ങുന്നതിന് കാരണമാകുന്നു. ഇത് ഡിപ്പോയിലെ ജീവനക്കാരും സമ്മതിക്കുന്നു. ഈ റൂട്ടിൽ സർവ്വീസ് നടത്തുന്നതുവഴി നല്ലൊരു വരുമാനമായിരുന്നു കെ. എസ്. ആർ. ടി. സിക്ക് ലഭിച്ചിരുന്നത്.

കോന്നി, പയ്യനാമൺ, പത്തലുകുത്തി, അതുമ്പുംകുളം, ഞള്ളൂർ, എലിമുള്ളുംപ്ലാക്കൽ, തണ്ണിത്തോട്, തേക്കുതോട്, കരിമാൻതോട്, തുടങ്ങി നിരവധി മലയോര പ്രദേശങ്ങളിലെ ജനങ്ങളാണ് ഈ ബസിനെ ആശ്രയിച്ച് യാത്ര ചെയ്തിരുന്നത്. എന്നാൽ ബസ് സ്ഥിരമായി സർവ്വീസ് മുടക്കുന്നതോടെ ദൂരദേശങ്ങളിൽ ജോലി തേടി പോകുന്നവർപോലും ഇപ്പോൾ വലഞ്ഞഅവസ്ഥയിലാണ്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്ന സാധാരണക്കാരായ ജനങ്ങൾക്ക് ദീർഘദൂര യാത്രയ്ക്ക് ഏക ആശ്രയമായിരുന്നു ഈ സർവ്വീസ് . എന്നാൽ അധികൃതരുടെ കടുത്ത അനാസ്ഥ മൂലം മലയോര നാടിന്റെ ഏക ആശ്വാസമായിരുന്ന സർവ്വീസ് ആണ് ഇപ്പോൾ നഷ്ടമായിരിക്കുന്നത്.

കെ എസ്. ആർ. ടി. സി നഷ്ടത്തിലാണെന്ന് സർക്കാർ സഹതപിക്കുമ്പോഴാണ് അധികാരികളുടെ അശ്രദ്ധമൂലം ഇത്തരം പ്രശ്നങ്ങൾ ആരും ശ്രദ്ധിക്കാതെ പോകുന്നത്. ഈ റൂട്ടിൽ സർവ്വീസ് നടത്തുന്ന ദീർഘദൂര സർവ്വീസുകളിൽ യാത്രക്കാർക്ക് കുറവൊന്നും വന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. മുടങ്ങിയ ഈ സർവ്വീസുകൾ എത്രയും വേഗം പുനരാരംഭിക്കണമെന്നും മലയോര നാടിന്റെ യാത്രാക്ലേശം പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

വാര്‍ത്ത – കേരള കൌമുദി

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply