തൊടുപുഴയിൽ പുതിയ ഗതാഗത പരിഷ്കാരം

ഇന്നു മുതൽ തൊടുപുഴ നഗരത്തിൽ ട്രാഫിക് പരിഷ്കരണം നടപ്പാക്കാൻ തൊടുപുഴയിൽ ചേർന്ന ഗതാഗത ഉപദേശക സമിതി യോഗത്തിൽ തീരുമാനം. ഇന്നു രാവിലെ മുതൽ മൂവാറ്റുപുഴ ഭാഗത്തു നിന്നുള്ള ബസുകൾ വെങ്ങല്ലൂർ ഷാപ്പുംപടിയിൽ നിന്ന് നാലുവരി പാതയിലൂടെ മങ്ങാട്ടുകവല ബസ് സ്റ്റാന്റിലെത്തും. തുടർന്ന് മാർക്കറ്റു റോഡിലൂടെ പുളിമൂട്ടിൽ ജംഗ്ഷനിൽ എത്തി സിവിൽ സ്റ്റേഷന്റെ മുൻവശത്തു നിന്ന് ഇടത്തു തിരിഞ്ഞ് കാഞ്ഞിരമറ്റം ബൈപാസിലൂടെ മൂപ്പിൽക്കടവ് പാലം കടന്ന് കോതായിക്കുന്ന് ബൈപാസിലൂടെ മുനിസിപ്പൽ സ്റ്റാന്റിലെത്തും. വെങ്ങല്ലൂർ നാലുവരി പാത ജംഗ്ഷനിലും അൽ-അസ്ഹർ കോളജ് ജംഗ്ഷനിലും ബസ് സ്‌റ്റോപ്പുകൾ അനുവദിക്കും.

കുമാരമംഗലം ഭാഗത്തു നിന്നുള്ള ബസുകൾ തൽസ്ഥിതി തുടരാനും തീരുമാനം എടുത്തു. കൂടാതെ വൈക്കം, കൂത്താട്ടുകുളം, പാലാ, മണക്കാട് ഭാഗത്തേയ്ക്കുള്ള ബസുകൾ മങ്ങാട്ടുകല സ്റ്റാന്റിൽ നിന്നും ഓപ്പറേറ്റു ചെയ്യാൻ യോഗത്തിൽ തീരുമാനമായി. ഈ ബസുകൾ മങ്ങാട്ടുകവലയിൽ നിന്നും മാർക്കറ്റ് റോഡിലൂടെ പുളിമൂട്ടിൽ ജംഗ്ഷനിലെത്തി പോലീസ് സ്‌റ്റേഷന്റെ മുൻപിലൂടെ പഴയംപാലം കടന്ന് ഗാന്ധി സ്‌ക്വയറിലെത്തി മത്സ്യമാർക്കറ്റ് റോഡ് (വഴിത്തല ഭാസ്‌ക്കരൻ റോഡ്) വഴി കോതായിക്കുന്ന് സ്റ്റാന്റിലെത്തണം.

നിലവിൽ മത്സ്യ മാർക്കറ്റ് റോഡിന്റെ ഇരുവശങ്ങളും വഴിയോര കച്ചവടം വ്യാപകമായ സാഹചര്യത്തിൽ ഇവ ഒഴിപ്പിച്ച ശേഷം ഇതുവഴി ബസുകൾ കടത്തി വിടാനാണ് തീരുമാനം. മർച്ചന്റ് അസോസിയേഷന്റെ സഹകരണത്തോടെ കച്ചവടക്കാരെ ഒഴിപ്പിച്ച് രണ്ടു ദിവസത്തിനുള്ളിൽ വൈക്കം, കൂത്താട്ടുകുളം, പാലാ, മണക്കാട് ഭാഗത്തേയ്ക്കുള്ള ബസുകൾ ഇതു വഴി കടത്തി വിടുമെന്നും ചെയർപേഴ്‌സൺ സഫിയ ജബ്ബാർ അറിയിച്ചു. മൂവാറ്റുപുഴ ഭാഗത്തു നിന്നുള്ള സ്വകാര്യ-കെഎസ്ആർടിസി ബസുകൾ മങ്ങാട്ടുകവല മുനിസിപ്പൽ സ്റ്റാന്റിലെത്തി നഗരത്തിലൂടെ കോതായിക്കുന്ന് സ്റ്റാന്റിലെത്താനാണ് തീരുമാനം.
മൂലമറ്റം, ഈരാറ്റുപേട്ട തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ഉടുമ്പന്നൂർ റൂട്ടിൽ നിന്നും എത്തുന്ന ബസുകൾ തൽസ്ഥിതി തുടരാനും തീരുമാനമായി. കഴിഞ്ഞ വർഷം ചേർന്ന ഗതാഗത ഉപദേശക സമിതി യോഗത്തിൽ 14 ഇന കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നു. നോ പാർക്കിംഗ്, ഓട്ടോറിക്ഷ സ്റ്റാന്റ് തുടങ്ങി പകുതിയോളം കാര്യങ്ങൾ നടപ്പായിരുന്നില്ല. ഇക്കാര്യങ്ങളിൽ 25 നു ചേരുന്ന യോഗത്തിൽ തീരുമാനം എടുക്കുമെന്ന് അധികൃതർ അറിയിച്ചു.
മുൻകാല ഉപദേശക സമിതി യോഗങ്ങളിൽ ഇക്കാര്യം തീരുമാനിച്ചിരുന്നെങ്കിലും ചിലർ കോടതിയിൽ നിന്ന് സ്‌റ്റേ വാങ്ങിയിരുന്നതിനാൽ നടപ്പായിരുന്നില്ല. ഇതേ തുടർന്നാണ് ഇന്നലെ പി.ജെ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ യോഗം വിളിച്ചു ചേർത്ത് പരിഷ്‌ക്കാരങ്ങളോടെ തീരുമാനം നടപ്പാക്കാൻ മുൻകൈയെടുത്തത്.
പുതിയ തീരുമാനം നഗരത്തിൽ ഗതാഗത കുരുക്ക് വർധിക്കാനെ ഇടയാക്കുവുള്ളുവെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. പുതിയ സാഹചര്യത്തിൽ 75 ഓളം ബസുകൾ നഗരത്തിൽ അധികമായി കറങ്ങാനിടയാകുമെന്നും ഇവർ പറഞ്ഞു. എന്നാൽ ഗതാഗത പരിഷ്‌ക്കാരം ജനങ്ങൾക്ക് അസൗകര്യമാകുന്ന തരത്തിൽ നടപ്പാക്കില്ലെന്നും ഇക്കാര്യത്തിൽ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും പി.ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. അടുത്ത 25 നു ചേരുന്ന യോഗത്തിൽ മറ്റു കാര്യങ്ങളിൽ തീരുമാനം എടുക്കുമെന്നും നിലവിൽ എടുത്ത തീരുമാനത്തിൽ ആവശ്യമുണ്ടെങ്കിൽ ഭേദഗതി വരുത്തുമെന്നും എംഎൽഎ അറിയിച്ചു.

News : Kerala Kaumudi

Check Also

നൂറു വയസ്സു തികഞ്ഞ KLM – ലോകത്തിലെ ഏറ്റവും പഴക്കമേറിയ എയർലൈൻ

നെതർലാണ്ടിൻ്റെ ഫ്ലാഗ് കാരിയർ എയർലൈൻ ആണ് KLM. KLM എൻ്റെ ചരിത്രം ഇങ്ങനെ – 1919 ൽ വൈമാനികനും, സൈനികമുമായിരുന്ന …

Leave a Reply