മെട്രോ-കെ.എസ്.ആര്‍.ടി.സി. ഫീഡര്‍ സര്‍വീസുകള്‍ക്ക് അംഗീകാരമായില്ല

കൊച്ചി മെട്രോ സര്‍വീസ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മെട്രോയുടെ കെ.എസ്.ആര്‍.ടി.സി. ഫീഡര്‍ സര്‍വീസുകള്‍ക്കുള്ള അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല.

കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടേതടക്കം ചീഫ് ഓഫീസില്‍ നിന്ന് അംഗീകാരം ലഭിച്ചാലേ സര്‍വീസ് ആരംഭിക്കാനാകൂ. മെട്രോ ആരംഭിക്കുന്നതിന് തൊട്ടടുത്ത ദിവസം തന്നെ ഫീഡര്‍ സര്‍വീസുകളും ആരംഭിക്കുമെന്നായിരുന്നു എറണാകുളം കെ.എസ്.ആര്‍.ടി.സി. സോണല്‍ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നത്.

എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ ഒരാഴ്ചയെങ്കിലും കഴിയാതെ സര്‍വീസിനെക്കുറിച്ചുള്ള ധാരണയാവില്ലെന്ന് സോണല്‍ ഓഫീസ് അധികൃതര്‍ പറഞ്ഞു. മെട്രോയുടെ ഫീഡര്‍ സര്‍വീസുകളായി എറണാകുളം മെഡിക്കല്‍ കോളേജിലേക്കും ഇരുപതോളം സര്‍വീസുകള്‍ തുടങ്ങാനുള്ള നിര്‍ദേശമുണ്ടായിരുന്നു.

ഡി.എം.ആര്‍.സി. നിര്‍ദേശിച്ചിട്ടുള്ള റൂട്ടുകളാണ് ചീഫ് ഓഫീസിലേക്ക് പരിശോധനയ്ക്കും അംഗീകാരത്തിനുമായി അയച്ചിട്ടുള്ളത്. എന്നാല്‍, ഇവയില്‍ ചിലത് കെ.എസ്.ആര്‍.ടി.സി.ക്ക് ഒരുരീതിയിലും ലാഭമുണ്ടാക്കുന്നവയല്ലായിരുന്നു. അതിനാല്‍, അത്തരം റൂട്ടുകളില്‍ ചില ഭേദഗതികളോടെയാണ് അംഗീകാരത്തിന് അയച്ചിരിക്കുന്നത്.

സര്‍വീസ് ആരംഭിക്കാനുള്ള പുതിയ ബസുകളുടെ കാര്യത്തിലും തീരുമാനമായിട്ടില്ല. നിലവില്‍ പുതിയ ബസുകളൊന്നും എത്തിയിട്ടില്ല. പക്ഷേ, അനുമതി ലഭിച്ചാല്‍ പിറ്റേന്നു തന്നെ സര്‍വീസുകള്‍ തുടങ്ങാന്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി. ഒരുങ്ങിയിരിക്കുകയാണ്.

റൂട്ടുകള്‍ക്ക് അംഗീകാരം ലഭിച്ചാല്‍ എറണാകുളം കെ.എസ്.ആര്‍.ടി.സി.യുടെ കീഴിലുള്ള ഡിപ്പോകളില്‍ നിന്നുള്ള പഴയ ബസുകള്‍ ഉപയോഗിച്ച് സര്‍വീസ് തുടങ്ങും. പുതിയ ബസുകള്‍ക്കുള്ള ഓര്‍ഡറും അനുമതി കാത്തുകിടക്കുകയാണ്.

മെട്രോയുടെ ഭാഗമായി 101 പുതിയ സര്‍വീസുകള്‍ ആരംഭിക്കുമെന്നാണ് കെ.എസ്.ആര്‍.ടി.സി. അറിയിച്ചിരുന്നത്. പുതിയ ബസുകള്‍ എത്താതെ സര്‍വീസുകള്‍ മുഴുവന്‍ തുടങ്ങാന്‍ കഴിയില്ലെങ്കിലും ഭാഗികമായി ആരംഭിക്കുമെന്ന് സോണല്‍ ഓഫീസ് അധികൃതര്‍ പറഞ്ഞു.

Check Also

യാത്രക്കാരിയ്ക്ക് വേണ്ടി പ്രൈവറ്റ് ബസ് കാത്തുനിന്നത് 20 മിനിറ്റ്; അഭിനന്ദനപ്രവാഹം

അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!! വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് …

Leave a Reply