കാലവര്‍ഷം തുടങ്ങിയതോടെ കുട്ടനാട്ടുകാരുടെ ആശങ്കകളും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ കുറെ ആഴ്ചകളായി ഇടവിട്ടു പെയ്യുന്ന മഴയ്ക്കു പുറമെ ഇന്നലെ കാലവര്‍ഷം ശക്തമായെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടില്ല. വരുംദിവസങ്ങളില്‍ മഴ കൂടുതല്‍ ശക്തി പ്രാപിച്ചാല്‍ ജലനിരപ്പുയരും.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുട്ടനാട്ടിലെ പ്രധാന പാതയായ എസി റോഡിനെയാണ് വെള്ളപ്പൊക്കം ആദ്യം ബാധിക്കുക. റോഡില്‍ പലയിടങ്ങളിലും ഇപ്പോള്‍ തന്നെ കുഴികള്‍ രൂപപ്പെട്ടു തുടങ്ങി. ടാറിങ് പാളികളായി അടര്‍ന്നു പോകുകയാണ്.ആലപ്പുഴ-ചങ്ങനാശേരി റോഡിലെ മങ്കൊമ്പ് ബ്ലോക്ക് ജംഗ്ഷനിലാണു വെള്ളപ്പൊക്കത്തിന്റെ തീവ്രത ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നത്.
വെള്ളപ്പൊക്കക്കാലത്ത് മൂന്നടി ഉയരത്തില്‍ റോഡില്‍ വെള്ളം കയറുമായിരുന്നു. കുട്ടനാട്ടിലെ കരഭൂമികളുടെ ശരാശരി ഉയരത്തെക്കാള് താഴ്ന്ന നിരപ്പിലാണ് എസി റോഡിന്റെ ഈ പ്രദേശം. സമീപത്തെ മൂലം-പൊങ്ങമ്പ്ര പാടത്ത് വെള്ളം കയറ്റിയാല്‍ മഴക്കാലത്തിന്റെ മുഴുവന്‍ സമയവും എസി റോഡ് ജലനിരപ്പിനു താഴെയാകും സ്ഥിതിചെയ്യുക. വര്‍ഷങ്ങളായി റോഡിന്റെ അവസ്ഥ ഇങ്ങനെയാണങ്കിലും ബന്ധപ്പെട്ട അധികാരികള്‍ ഇതു കണ്ടില്ലെന്ന് നടിക്കുകയായിരുന്നു പതിവ്.
മൂലം-പൊങ്ങമ്പ്ര പാടത്തെ വെള്ളം വറ്റിച്ച് വെള്ളപ്പൊക്കം ഇല്ലാതാക്കാനായിരുന്നു നാളിതുവരെയുള്ള ശ്രമം. കിലോമീറ്ററിനു ഒന്നേകാല്‍ കോടി വീതം ചെലവഴിച്ച് രാജ്യാന്തര നിലവാരത്തില്‍ നിര്‍മിച്ച റോഡിലാണ് വെള്ളക്കെട്ടിനെത്തുടര്‍ന്നു ഗതാഗതം തടസപ്പെടുന്നത്. പിന്നീട് കോടികള്‍ മുടക്കി ഉപരിതലം മിനുക്കിയപ്പോഴും റോഡിലെ വെള്ളക്കെട്ടിനു പരിഹാരം കാണാനായില്ല.
കടപ്പാട് : ജന്മഭൂമി