ഏറെ കാത്തിരിപ്പിനു ശേഷം കണ്ണൂരിനു കിട്ടിയ കെ.എസ്.ആര്.ടി.സി. സ്കാനിയ ബസ് സര്‍വീസ് നഷ്ടത്തിലാക്കാന്‍ നീക്കം. കഴിഞ്ഞമാസം 18-ന് ഉദ്ഘാടനം ചെയ്തെങ്കിലും നാളിതുവരെയായി യാത്രക്കാര്‍ക്ക് ഓണ്‍ലൈന്‍ റിസര്‍വേഷനുള്ള സൗകര്യം ഏര്‍പ്പെടുത്തിയില്ല. ഇതിനാല്‍ മറ്റ് സ്കാനിയ സര്‍വീസുകളെ അപേക്ഷിച്ച് കണ്ണൂര്‍-തിരുവനന്തപുരം സര്‍വീസ് നഷ്ടത്തിലേക്ക് നീങ്ങുകയാണ്. ദീര്‍ഘദൂര സ്വകാര്യ ബസ് സര്‍വീസുകളെ സഹായിക്കാനാണ് റിസര്‍വേഷന്‍ സൗകര്യം ഒരുക്കാത്തതെന്നാണ് ആക്ഷേപം.
റിസര്‍വേഷന്‍ സൗകര്യമില്ലാത്തതിനാല്‍ യാത്രക്കാര്‍ മറ്റ് ബസ്സുകളെ ആശ്രയിക്കുകയാണ്. ദിവസവും രാത്രി 7.15-നാണ് ബസ് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത്. അതിനുശേഷം കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്വകാര്യബസ്സും പുറപ്പെടുന്നുണ്ട്. ഇവരുടെ സമ്മര്‍ദത്തിന്റെ ഭാഗമായാണ് റിസര്‍വേഷന്‍ ഏര്‍പ്പെടുത്താത്തതെന്ന് കെ.എസ്.ആര്.ടി.സി. ജീവനക്കാര്‍ തന്നെ പറയുന്നു.
രാവിലെ ആറു മണിയോടെ തിരുവനന്തപുരത്ത് എത്തുന്ന രീതിയിലാണ് സ്കാനിയയുടെ സമയക്രമീകരണം. നഷ്ടത്തിലാണെന്ന് വരുത്തി കണ്ണൂര്‍-തിരുവനന്തപുരം സര്‍വീസിന്റെ നിലവിലെ സമയം മാറ്റാനുള്ള നീക്കവും നടക്കുന്നതായി ആക്ഷേപമുണ്ട്. സ്വകാര്യബസ്സിനേക്കാളും ടിക്കറ്റ് നിരക്ക് കുറവായിട്ടും സ്കാനിയ ബസ്സില്‍ ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ സീറ്റുകളുടെ എണ്ണത്തിന് കണക്കായി യാത്രക്കാരെ കിട്ടുന്നില്ല. 660 രൂപയാണ് തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റു നിരക്ക്.
മണിപ്പാല്‍, കൊല്ലൂര്‍, മംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്കാനിയ സര്‍വീസുമുണ്ട്. ഇവയ്ക്കെല്ലാം ഓണ്‍ലെന്‍ റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രിയിലെ സ്വകാര്യബസ് പുറപ്പെട്ടതിന് ശേഷമാണ് ഇവ കണ്ണൂരെത്തുന്നതും തിരുവനന്തപുരത്തേക്ക് പുറപ്പെടുന്നതും. കൊല്ലൂരില്‍ നിന്നുള്ളത് രാത്രി 8.45 നും മണിപ്പാലില്‍ നിന്നുള്ളത് 9.40-നും മംഗളൂരുവിലേത് 10.30-നുമാണ് കണ്ണൂരിലെത്തുക.
തിരുവനന്തപുരത്ത് നേരത്തെ എത്തുന്നത് കണ്ണൂരില്‍ നിന്നുള്ള സ്കാനിയ സര്‍വീസാണ്. എന്നാല്‍ യാത്രക്കാര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുന്നില്ല. ആത്യാധുനിക സംവിധാനങ്ങളുള്ള ബസ്സില്‍ യാത്രചെയ്യാന്‍ യാത്രക്കാര്‍ ഡിപ്പോകളില്‍ നേരത്തെ എത്തി സീറ്റുണ്ടോ എന്നന്വേഷിക്കേണ്ട സ്ഥിതിയാണ്. കോഴിക്കോട്, കുറ്റിപ്പുറം, തൃശ്ശൂര്‍, ചാലക്കുടി, എറണാകുളം, ആലപ്പുഴ, കായംകുളം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് കണ്ണൂര്‍-തിരുവനന്തപുരം സ്കാനിയ സര്‍വീസിന് സ്റ്റോപ്പുള്ളത്.
News : Mathrubhumi