പത്തു വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിയില്‍ നട്ടം തിരിയുന്ന കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ പുതിയ സര്‍ക്കാര്‍ മനസുവയ്ക്കണം. ഇതു സംബന്ധിച്ച് സര്‍ക്കാര്‍ വ്യക്തമായ നയം രൂപീകരിച്ചില്ലെങ്കില്‍ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് കേരളത്തിലെ പൊതുഗതാഗത സംവിധാനം താറുമാറാക്കുമെന്നാണ് ആശങ്ക.
ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് വന്ന് ഇത്ര ദിവസം കഴിഞ്ഞെങ്കിലും പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കാത്തതുകാരണം കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് ഈ വിഷയത്തില്‍ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ ഉത്തരവ് മറികടക്കുകയെന്നതാണ് പുതിയ ഗതാഗത മന്ത്രിക്കും സര്‍ക്കാരിനുമുള്ള വെല്ലുവിളി.
ഇടക്കാല ഉത്തരവ് പ്രാബല്യത്തിലാകുന്ന പക്ഷം നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആര്‍ടിസി കൂടുതല്‍ ദുരതത്തിലാക്കുമെന്നാണു കണക്കുകൂട്ടല്‍. ഇപ്പോള്‍ 6241 ബസുകളും പ്രതിദിനം 6389 ഷെഡ്യൂളുകളുമാണ് കെഎസ്ആര്‍ടിസിക്കുള്ളത്. കെഎസ്ആര്‍ടിസിയുടെ 3791 ഓര്‍ഡിനറി ബസുകളില്‍ ഏകദേശം 2700 എണ്ണം പത്തു വര്‍ഷം പിന്നിട്ടവയാണ്. പുതിയ ബസുകള്‍ ആദ്യ അഞ്ച് വര്‍ഷം ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റായി സര്‍വീസ് നടത്തും. തുടര്‍ന്ന് അവ ഓര്‍ഡിനറി സര്‍വീസിനായി മാറ്റുകയാണു പതിവ്.
പുതിയ ബസുകളുടെ എണ്ണം കുറയുന്നതിനാല്‍ അഞ്ചു വര്‍ഷം പിന്നിട്ട ബസുകളും ഫാസ്റ്റും സൂപ്പര്‍ ഫാസ്റ്റായും ഓടുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഉത്തരവ് നടപ്പായാല്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ നഗരങ്ങളിലെ ഓര്‍ഡിനറി സര്‍വീസുകള്‍ പൂര്‍ണമായും നിര്‍ത്തേണ്ടിവരും.
മാത്രമല്ല 2700 വാഹനങ്ങള്‍ നിരത്തില്‍ നിന്നു മാറുമ്പോള്‍ കുറഞ്ഞത് 50,000 പേരുടെ തൊഴിലിനെയെങ്കിലും നേരിട്ട് ബാധിക്കുമെന്നാണ് തൊഴിലാളി യൂണിയനുകള്‍ ചൂണ്ടിക്കാട്ടുന്നത്.
News : Metro Vartha