സംസ്ഥാനത്തു പത്തു വർഷത്തിലേറെ പഴക്കമുള്ള 1102 കെഎസ്ആർടിസി ബസുകൾ മാറ്റി പകരം ബസ് ഇറക്കാൻ 275 കോടി വേണ്ടിവരുന്നതു കനത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുമെന്നു കോർപറേഷൻ ഹൈക്കോടതിയിൽ അറിയിച്ചു.
പ്രധാന നഗരങ്ങളിൽ പത്തു വർഷത്തിലേറെ പഴക്കമുള്ള ബസുകൾക്കു വിലക്കു വന്നാൽ പൊതുജനങ്ങളെ കാര്യമായി ബാധിക്കുമെന്നും അറിയിച്ചു. ദേശസാൽകൃത റൂട്ടുകളിൽ ഉൾപ്പെടെ 6300 സർവീസുകൾ കെഎസ്ആർടിസിക്ക് ഉണ്ട്. ദേശസാൽകൃത റൂട്ടുകളിൽ സ്വകാര്യ ഓപ്പറേറ്റർമാർക്കു പെർമിറ്റ് നൽകാനാവില്ല.
പ്രധാന നഗരങ്ങളെ സമീപ ഗ്രാമങ്ങളുമായി ബന്ധപ്പെടുത്തി ഓർഡിനറി സർവീസുമുണ്ട്. ഒട്ടേറെ ജനങ്ങൾ നിത്യേന ജോലിക്കും മറ്റും പോകാൻ കെഎസ്ആർടിസി ബസുകളെ ആശ്രയിക്കുന്നുണ്ടെന്നും വിശദീകരിച്ചു. ഡീസൽ വാഹനങ്ങൾക്കു ഹരിത ട്രൈബ്യൂണൽ ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണം ഹൈക്കോടതി സിംഗിൾ ജഡ്ജി സ്റ്റേ ചെയ്തതിനെതിരെ ലോയേഴ്സ് എൻവയോൺമെന്റൽ ഫോറം (ലീഫ്) നൽകിയ അപ്പീലിലാണു അഡ്വ.പി.സി. ചാക്കോ മുഖേന കെഎസ്ആർടിസിയുടെ വിശദീകരണം.
മോട്ടോർ വാഹന നിയമം ഹരിത ട്രൈബ്യൂണലിന്റെ പരിഗണനാ പരിധിയിൽ വരില്ലെന്നു കെഎസ്ആർടിസി വാദിച്ചു. വാഹനങ്ങളുടെ കാലപരിധി, പെർമിറ്റ് എന്നിവയൊക്കെ മോട്ടോർ വാഹന നിയമത്തിന്റെ പരിധിയിലാണ്. വനം, പരിസ്ഥിതി, ജലം, ജൈവവൈവിധ്യം തുടങ്ങിയ വിഷയങ്ങളാണു ട്രൈബ്യൂണലിന്റെ പരിധിയിൽ വരുന്നത്.
മോട്ടോർവാഹന നിയമത്തിൽ കാലാനുസൃത ഭേദഗതി വരുത്താനായി പ്രവർത്തനസമിതി നൽകിയ ശുപാർശയിൽ വാണിജ്യ–സ്വകാര്യ വാഹനങ്ങളുടെ വർധന, മലിനീകരണം, റോഡ് സുരക്ഷ, ഉന്നത സാങ്കേതിക വിദ്യയുടെ ആവശ്യകത തുടങ്ങി വിഷയങ്ങളൊക്കെ പരിഗണിച്ചിട്ടുണ്ട്. കെഎസ്ആർടിസി ബസുകൾ ഓടുന്നതു ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുത്തിട്ടാണ്. കേന്ദ്ര, സംസ്ഥാന മോട്ടോർവാഹന നിയമവ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാണു സർട്ടിഫിക്കറ്റ് നൽകുന്നത്.
നിയമാനുസൃത നടപടികളിലൂടെയല്ലാതെ പെർമിറ്റ് റദ്ദാക്കാനാവില്ല. ഹരിത ട്രൈബ്യൂണലിലെ ഹർജിയിൽ കെഎസ്ആർടിസി കക്ഷിയായിരുന്നില്ല. ലീഫിന്റെ ഹർജിയിൽ ഉന്നയിക്കാത്ത ആവശ്യമാണു ട്രൈബ്യൂണൽ അനുവദിച്ചതെന്നും കെഎസ്ആർടിസി ആരോപിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കൊല്ലം, കണ്ണൂർ നഗരങ്ങളിൽ ജൂൺ 23 മുതൽ 10 വർഷത്തിനു മേൽ പഴക്കമുള്ള ഡീസൽ വാഹനങ്ങൾക്കു വിലക്കും പിഴയും ഏർപ്പെടുത്തിയ ട്രൈബ്യൂണൽ ഉത്തരവു ഹൈക്കോടതി സിംഗിൾ ജഡ്ജി സ്റ്റേ ചെയ്തിരുന്നു. സംസ്ഥാനത്ത് 2000 സിസിക്കു മേലുള്ള പുതിയ ഡീസൽ വാഹനങ്ങൾ റജിസ്റ്റർ ചെയ്യരുതെന്ന ട്രൈബ്യൂണൽ നിർദേശവും തടഞ്ഞിരുന്നു. ഇതിനെതിരെ ലീഫ് നൽകിയ അപ്പീലിലാണു വിശദീകരണം.
കടപ്പാട് : മലയാള മനോരമ