കെഎസ്ആർടിസിയിലെ ചില ജീവനക്കാരുടെ അനാസ്ഥകളുടെ ഒരുദാഹരണം നമുക്ക് മനസ്സിലാക്കി തരികയും ഒപ്പംതന്നെ തിരുവനന്തപുരത്തെ ഡബിൾ ഡക്കർ ആനവണ്ടിയിലെ യാത്രയുടെ വിശേഷങ്ങൾ അടങ്ങിയതുമായ ഈ യാത്രാവിവരണം എഴുതിത്തയ്യാറാക്കിയത് കോഴിക്കോട് സ്വദേശിയായ ഷിജു കെ. ലാൽ ആണ്.
കഴിഞ്ഞ ശനിയാഴ്ച എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക് KSRTC യുടെ ഡീലക്സ് ബസ്സിന് ബുക് ചെയ്തു. മഴ പെയ്തു വെള്ളത്തിനടിയിൽ ആയ ബസ്റ്റാന്റിൽ ഞാനും ഭാര്യയും 4 വയസ്സുള്ള മകനും ബസ്സ് സമയം ആയ 9 30.pm നു മുന്നേ എത്തി. കിട്ടിയ മെസ്സേജിലെ നമ്പർ നോക്കി ബസ്സിലെ ക്രൂവിനെ വിളിച്ചപ്പോൾ ഫോണ് എടുത്തില്ല. കുറെ നേരം വിളിച്ചപ്പോൾ കോൾ എടുക്കുകയും ബസ്സ് തൃശൂർ എത്തിയിട്ടെ ഉള്ളൂ എന്നൊരു മറുപടിയും. എപ്പോൾ എത്തും എന്നു ചോദിച്ചപ്പോൾ 11.30 ആവും എന്ന മറുപടി കൂടെ. ഒപ്പം ഞങ്ങൾ സ്ഥിരം ആ സമയത്തൊക്കെയേ എത്തൂ എന്നും മറുപടി കിട്ടി.. സന്തോഷം. കൊച്ചിനെയും കൊണ്ടു ആ മഴയത്തു അടുത്തുള്ള തട്ടുകടയിലും നിർത്തിയിട്ടു പോയ ഓട്ടോറിക്ഷയിലും കയറി ഇരുന്നു മഴയിൽ നിന്നും രക്ഷപ്പെട്ടു.

11 30 യോടെ വീണ്ടും കണ്ടക്ടറെ വിളിച്ചെങ്കിലും ഫോണ് എടുത്തില്ല. എങ്കിലും എന്തോ ഒരു സംശയം തോന്നി ഞങ്ങൾ ബസ് വന്നോ എന്ന് നോക്കാൻ വീണ്ടും സ്റ്റാൻഡിനുള്ളിലേക്ക് കയറി. ആ മഴയത്തു സ്റ്റാൻഡിൽ ഓടി നടന്നു നോക്കിയത് കൊണ്ട് മാത്രം ബസ്സ് വന്നത് കണ്ടു. കേറി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾക്കും സീറ്റിനു മുകളിൽകൂടെ മഴ വെള്ളം തലയിൽ വീണു തുടങ്ങി. ഇതൊക്കെ ചോദിച്ചപ്പോൾ കണ കുണാ ഭാഷയിൽ (കേൾക്കുന്ന ആൾക്ക് ഒന്നും മനസ്സിലാവാത്ത ഭാഷ) ഒരു മറുപടിയും പറഞ്ഞു അങ്ങേരു (കണ്ടക്ടർ) പോയി.. എല്ലാം നമ്മൾ അനുഭവിക്കണം അത്ര തന്നെ. ഇനി രാത്രിയാത്രകൾ പ്രൈവറ്റ് ബസ്സിന് ബുക്കു ചെയ്ത് പോകാൻ അന്നത്തോടെ തീരുമാനം എടുത്തു. കേരളത്തിൽ ഇത്രയും വൃത്തി കേട്ട ഒരു സ്റ്റാൻഡ് (എറണാകുളം) ഉണ്ടോ എന്നൊരു സംശയം കൂടെ ഉണ്ടായി ട്ടാ.. കൊതുകിന്റെ ആക്രമണം പറയാതെ വയ്യ.. പൈസ കൊടുത്തു കടിക്കുന്ന പട്ടിയെ വാങ്ങിച്ച അവസ്ഥ ഇല്ലേ.. അതായിരുന്നു ആ രാത്രി.

അങ്ങനെ ഞങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചേർന്നു. ഫാമിലിയായി ക്ഷേത്ര ദർശനം, പിന്നെ കറക്കം… ഇതായിരുന്നു പ്ലാൻ. ഇതിനെല്ലാമിടയിൽ ഒരു KSRTC ഒരു ഡബിൾ ഡക്കർ മഴ യാത്രയും. കുട്ടികാലത്തു മനസ്സിൽ കേറിയ ഒരു ആഗ്രഹം ആയിരുന്നു ഡബിൾ ഡക്കർ യാത്ര. അന്നൊന്നും അതു നടക്കാതെ പോയി..! ഇപ്പോൾ ഒരു കുട്ടി ആയപ്പോൾ ആണ് അതിനുള്ള യോഗം വന്നത്…പഴവങ്ങാടി ഗണപതിയെ കണ്ടു ഇറങ്ങിയപ്പോൾ ദാ മുന്നിലൂടെ പായുന്നു ആ സ്വപ്ന വാഹനം.. ഭാര്യക്കും മറ്റുള്ളവർക്കും അതിൽ കേറാൻ എന്നെക്കാൾ കൂടുതൽ ആഗ്രഹം ഉണ്ടായിരുന്നു എന്ന് നേരത്തെ അറിയുന്നതിനാൽ മറ്റൊന്നും ചിന്തിക്കാതെ ആ യാത്ര ഫിക്സ് ചെയ്തു.. നേരെ ശംഖുമുഖം..!!!
ഡബിൾ ഡക്കർ യാത്ര ആസ്വദിക്കാൻ ഏറ്റവും നല്ല സീറ്റ് മുകളിൽ തന്നെ. നമ്മളെക്കാൾ കൗതുകം കൂടുതൽ ഉള്ള മറ്റു യാത്രികർ ഉള്ളതിനാൽ മുന്നിലെ സീറ്റുകൾ കിട്ടിയില്ല, പക്ഷെ തൊട്ടു പിന്നിൽ സീറ്റ് വെച്ചു ഞങ്ങൾ അതു അഡ്ജസ്റ് ചെയ്തു. കാറും ബസ്സും ബൈക്കും ഒക്കെ നമ്മളുടെ ചുവട്ടിലൂടെ പോകുന്ന കാഴ്ച്ച മകനെ പോലെ എനിക്കും വ്യത്യസ്തമായി തോന്നി. അവന്റെ കുഞ്ഞു മനസ്സില്ല ബല്യ സംശയങ്ങൾക്ക് ഉത്തരം പറഞ്ഞു ഞാൻ ഒരു വഴിക്കും സഹയാത്രികർ ഉൾപ്പെടെ ഉള്ളവർക്കു എന്റർടൈന്മെന്റും ആയി എന്നത് സത്യം. സ്ഥിരം റോഡിലെ കാഴ്ച്ചകൾ വ്യത്യസ്തമായ ഒരു ആംഗിളിൽ കാണുന്നത് ഒരു രസം തന്നെ, കൂടെ കൂട്ടിന് നല്ല ഉഷാർ മഴയും കൂടെ വന്നപ്പോൾ യാത്ര പൊളിച്ചു..!!! യാത്ര ആസ്വദിക്കാൻ നമ്മൾ കുട്ടികളെ പോലെ ആവുക എന്നത് പോലെ കൂടെ കുട്ടികൾ ഉണ്ടാകുന്നതും രസകരം.
ആനവണ്ടി ട്രാവൽ ബ്ലോഗ് മലയാളം Aanavandi Travel Blog Malayalam Aanavandi Travel Blog