കൈക്കരുത്തിന്റെ ബലത്തില്‍ അനേകായിരങ്ങളെ വിസ്മയിപ്പിച്ച യുവാവ് അധികൃതരുടെ അവഗണനയില്‍ മനംനൊന്ത് താല്കാലിക ജോലി ഉപേക്ഷിച്ചു.
കെ.എസ്.ആര്.ടി.സി. ഡിപ്പോയിലെ എംപാനല്‍ മെക്കാനിക്കായ അബീഷ് പി. ഡൊമിനിക്കാണ് അധികൃതരുടെ കടുത്ത അവഗണനയില്‍ മനംനൊന്ത് ജോലി ഉപേക്ഷിച്ചത്.
11 വര്‍ഷമായി ജോലി ചെയ്യുന്ന തന്നെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് അബീഷ് മുട്ടാത്ത വാതിലുകളില്ല. വകുപ്പുമന്ത്രിക്ക് നേരിട്ട് പരാതി നല്‍കിയിട്ടും പരിഗണിച്ചില്ല.
ജോലി ചെയ്താല്‍ ലഭിക്കുന്ന 430 രൂപാകൊണ്ട് വൃദ്ധരായ മാതാപിതാക്കളെയും ഭാര്യയെയും മക്കളെയും പോറ്റാന്‍ തനിക്കാവില്ലെന്ന തിരിച്ചറിവിനൊടുവിലാണ് ഇന്നലെ ജോലി ഉപേക്ഷിച്ചിറങ്ങിയത്.
മൂന്ന് വേള്‍ഡ് റെക്കോഡുകളും ഗിന്നസ് റെക്കോഡുകളും ഉള്‍പ്പെടെ പതിനഞ്ചോളം റെക്കോഡുകള്‍ക്കുടമയാണ് അബീഷ്. ചാനലുകള്‍ മുഴുവന്‍ അബീഷിന്റെ സാഹസിക പ്രോഗ്രാമുകള്‍ സംപ്രേഷണംചെയ്ത് ആഘോഷിച്ചപ്പോഴും കെ.എസ്.ആര്.ടി.സി. അവഗണന മാത്രമാണ് നല്‍കിയത്.
ക്രിക്കറ്റിനും മറ്റു കായികയിനങ്ങള്ക്കുമായി കോടികള്‍ ചെലവഴിക്കുമ്പോള്‍ അപൂര്‍വ സിദ്ധികളുള്ള അബീഷിനെപ്പോലുള്ളവര് അവഗണിക്കപ്പെടുന്നു. മെക്കാനിക്കായി ജോലി ചെയ്തിരുന്ന അബീഷിന് ഡ്യൂട്ടിസമയം മാറ്റുന്നതും ദുരിതമായി. പ്രാക്ടീസിനും മറ്റാവശ്യങ്ങള്‍ക്കും സമയം ലഭിക്കാതായി.
കെ.എസ്.ആര്.ടി.സി. ബസ് കടിച്ചുവലിച്ച് റെക്കോഡിട്ട അബീഷ് ഒരു മിനിട്ടിനുള്ളില്‍ 146 തേങ്ങകള്‍ കൈകൊണ്ട് ഉടച്ചാണ് താരമായത്. ജപ്പാന് ടി.വി.യിലുള്‍പ്പെടെ വിദേശ ചാനലുകള്‍ വന്‍ പ്രാധാന്യത്തോടെയാണ് അബീഷിന്റെ മിന്നുന്ന പ്രകടനം വാര്‍ത്തയാക്കിയത്.
ഇന്ത്യയിലെ ഉരുക്കുമനുഷ്യന് എന്നുവരെ വിദേശ ചാനലുകള്‍ അബീഷിനെ വിശേഷിപ്പിച്ചു. രണ്ടായിരം ആര്.പി.എമ്മില്‍ കറങ്ങുന്ന ഫാന്‍ നാവുകൊണ്ട് നിര്‍ത്തുക, കരിക്ക് ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉടയ്ക്കുക തുടങ്ങി നിരവധിയായ കഴിവുകള്‍ പ്രകടിപ്പിക്കുന്ന അബീഷിന് കെ.എസ്.ആര്.ടി.സി.യില്നിന്ന് ലഭിക്കുന്ന തുച്ഛമായ വരുമാനം ഭക്ഷണത്തിനുപോലും തികയുന്നില്ല.
തനിക്ക് ജീവിക്കാനാവശ്യമായ ശമ്പളം ലഭിക്കുന്ന ജോലി തേടി അബീഷ് കെ.എസ്.ആര്.ടി.സി.യുടെ പടിയിറങ്ങി. ത്രസിപ്പിക്കുന്ന പ്രകടനങ്ങള്‍ കണ്ടുള്ള കൈയടികളും ആരവങ്ങളുമൊന്നും അബീഷിന്റെ പൊള്ളുന്ന ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരമാവില്ലല്ലോ.
© മംഗളം