യാത്രാവിവരണം – ശുഭ ചെറിയത്ത്.
തലേന്നു രാത്രി നിർത്താതെ പെയ്ത മഴയുടെ മുഴുവൻ തണുപ്പും ഏറ്റെടുത്ത രണ്ടാം ശനിയാഴ്ചയിലെ കുളിരാർന്ന പ്രഭാതത്തിൽ ,കമ്പളി പുതപ്പിന്റെ ചൂടിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു ഞാൻ . ” പുറത്തു നല്ല മഴ … നമുക്കൊരു മഴ യാത്ര പോയാലോ ” സ്വപ്നത്തിലെ അശരീരിയെന്ന പോലെ …. ആ വാക്കുകൾ . “സ്വപ്നങ്ങളിൽ പല തവണ പാസ്പോർട്ടും വിസയുമില്ലാതെ ലോക രാജ്യങ്ങൾ കറങ്ങിയിട്ടുള്ള എന്നോടാണോ ബാലാ”…. മഴ യാത്രയെങ്കിൽ മഴ യാത്ര … സ്വപ്നത്തിലെ മഴയാത്രയ്ക്കുള്ള ഒരുക്കം തുടങ്ങുമ്പോഴാണ് ശക്തിയായി ആരോ കുലുക്കി വിളിക്കുന്നത് .. “നിന്നോടാ പറഞ്ഞേ…!! നമുക്കൊരു മഴ യാത്ര പോയാലോ ? ഇരിപ്പുവിലേക്ക് ” അവധി ദിനങ്ങളിൽ മൂടി പുറച്ചുറങ്ങുന്ന എന്നെ ഉണർത്താനുള്ള അദ്ദേഹത്തിന്റെ തന്ത്രമായേ എനിക്കാദ്യം തോന്നിയുള്ളൂ ….. ഉണർന്ന് ക്ലോക്ക് നോക്കിയപ്പോൾ സമയം 8.15 .അപ്പോഴും പുറത്ത് മഴ തിമർത്തു പെയ്തു കൊണ്ടേയിരുന്നു .
പിന്നെ ഫ്രഷ് ആയി ഭക്ഷണമൊരുക്കി കുഞ്ഞുങ്ങളെ വിളിച്ചുണർത്തി പുറപ്പെടാൻ ഒരുങ്ങുമ്പോൾ പുറത്ത് മഴയും നമുക്കൊപ്പം വരാൻ കാത്തിരിപ്പുണ്ടായിരുന്നു . സമയം 9.45 … മഴ നനഞ്ഞലിഞ്ഞ വീഥികളിലൂടെ കല്പറ്റയും പിന്നിട്ടു ചുവന്നുതുടുത്തു നിറഞ്ഞൊഴുക്കുന്ന പനമരം,മാനന്തവാടി പുഴകളെ സാക്ഷിയാക്കി കാട്ടിക്കുളത്തെത്തി .. മഴക്കാലം തുടങ്ങിയതിന്റെ ആനന്ദ തിമിർപ്പിലായിരുന്നു കാളിന്ദി പുഴയും . അങ്ങനെ തെറ്റ് റോഡിലെത്തി പലരും പലവുരി എഴുതിയും പറഞ്ഞും പ്രശസ്തമായ കുട്ടേട്ടന്റെ നെയ്യപ്പ കടയിൽ കയറി ചൂടു നെയ്യപ്പവും വാങ്ങി … ഇനിയങ്ങേട്ട് തൊല്പെട്ടി വന്യ ജീവി സങ്കേതത്തിലൂടെയാണ് യാത്ര..
മഴ ചുംബിച്ചുണർത്തിയ കാടുകൾ പച്ച പുതഞ്ഞു കിടക്കുന്നു .ഇടയിൽ മാൻ കൂട്ടങ്ങൾ കണ്ണിനു വിരുന്നേകി .വിടാതെ പിറകെ കൂടിയ മഴയെ നോക്കി കൊഞ്ഞനം കുത്തി ചൂടു ഉണ്ണിയപ്പം കഴിച്ചു തുടർന്ന യാത്ര കുടകിലെ കാപ്പിത്തോട്ടങ്ങൾ ക്കിടയിലൂടെയുള്ള വിജനമായ വീഥിയിലൂടെ ഇരിപ്പു ലക്ഷ്യമാക്കി നീങ്ങി.ദൂരെ കാണുന്ന മലനിരകളിൽ നിന്നും തെന്നി നീങ്ങുന്ന കോടമഞ്ഞ് യാത്രയിൽ ഹരം പകർന്നു . പാടികളിൽ പലതും അടഞ്ഞു കിടക്കുന്നു.റോഡിൽ നിറയെ പഴുത്ത നാട്ടു മാങ്ങകൾ വീണു നടക്കുന്നു . പക്ഷെ നിപാ വൈറസിനെ ഓർത്തപ്പോൾ മാങ്ങയോടുള്ള ആഗ്രഹം അവിടെ ഉപേക്ഷിച്ചു..
അങ്ങനെ സമയം11.45 ഓടെ ഇരിപ്പുവിലെത്തി രാമേശ്വര ക്ഷേത്രത്തിനു മുന്നിലെ പാർക്കിങ്ങ് ഗ്രൗണ്ടിൽ കാർ പാർക്കു ചെയ്ത് പുറത്തിറങ്ങുമ്പോൾ വിടാതെ പിറകെ കൂടിയ മഴ പൊടുന്നനെ ഒരു കുസൃതിക്കാരിയായി മാറി. കാറ്റിനൊപ്പം ചേർന്ന് ചാഞ്ഞും ചരിഞ്ഞും പെയ്ത് ദേഹമാസകലം നനുത്ത മഴത്തുള്ളികൾ തെറിപ്പിച്ചവൾ പൊട്ടിച്ചിരിച്ചു ദൂരേക്ക് മറയുന്നു . കൗണ്ടറിൽ നിന്നു ടിക്കറ്റെടുത്ത് ക്ഷേത്രത്തിനു സമീപത്ത് കൂടിയുള്ള വഴിയിലൂടെ നടന്നു .. പലരും മഴ മാറാൻ കാത്തു നില്ക്കുന്നുണ്ടായിരുന്നു. ആരോ ചട്ടം കെട്ടിയപ്പോലെ കാറ്റ് ഇടയ്ക്കിടെ കുട തട്ടിയെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ ,മഴ ചാഞ്ഞു പെയ്ത് നനച്ചു കൊണ്ടേയിരുന്നു , കൂടാതെ അസഹ്യമായ തണുപ്പും.ദൂരേയുള്ള മലമുകളിലെ പാറക്കൂട്ടങ്ങളിൽ നിന്നും താഴേക്ക് പതിക്കുന്ന നേർത്ത ജലധാര നയന മനോഹരമായിരുന്നു .
മഞ്ഞ നിറത്തിലുള്ള കുഞ്ഞു പൂക്കൾ വിരിഞ്ഞു നിൽക്കുന്ന പാതയിലൂടെ ഇനിയങ്ങോട്ടുള്ള യാത്ര കാടിന്റെ സംഗീതം അറിഞ്ഞു കൊണ്ടായിരുന്നു. ഒരു വശത്ത്പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി ഹർഷാരവത്തോടെ കുത്തിയൊലിച്ചൊഴുകുന്ന പുണ്യനദിയായ ലക്ഷ്മൺ തീർഥ. വലിയ മരങ്ങളും കുറ്റിച്ചെടികളും മുളങ്കാടുകളും മഴക്കാലത്തിന്റെ മാസ്മരിക ഭാവ പകർച്ച ഏറ്റുവാങ്ങി നിൽക്കുന്നു . കടന്നു പോകുന്ന വഴികളിലെല്ലാം , കാടിന്റെ സംഗീതത്തിനായി കാതോർത്ത് പരമാവധി ശബ്ദം കുറച്ച് യാത്ര ചെയ്യാൻ ഓർമ്മിപ്പിക്കുന്ന ബോർഡുകൾ കാണാം ..കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള ധാരാളം യാത്രികർ മഴയിൽ നനഞ്ഞു കുതിർന്ന് നടന്നു പോകുന്നു ..
തൂക്കുപാലത്തിലൂടെ നടക്കുമ്പോൾ താഴെ ഉരുളൻ പറക്കൂട്ടങ്ങളെ തട്ടി തെളിഞ്ഞൊഴുകുന്ന നദിയുടെ ദൃശ്യം .
ഇരുകരകളിലും പന്തലിച്ചു നിൽക്കുന്ന കുറ്റികാടുകൾ ,ഓരത്തേക്ക് ചാഞ്ഞ് നിൽക്കുന്ന വലിയ വൃക്ഷങ്ങൾ .പിന്നെയും പടവുകൾ കയറി മുകളിലെത്തുമ്പോൾ കാഴ്ചയുടെ നവ്യാനുഭവം പകന്നുതന്ന് ഇരുപ്പു വെള്ളച്ചാട്ടം അഥവാ ലക്ഷ്മൺ തീർഥ ,വരണ്ട വേനലിനെ അതിജീവിച്ച് മഴക്കാലത്തിന്റെ സൗന്ദര്യം മുഴുവനുമാവാഹിച്ച് ആർത്തനാദം മുഴക്കി പാറക്കൂട്ടങ്ങൾക്കിടയിലൂടെ പളുങ്കു ചിതറിയപ്പോലെ താഴേക്ക് പതിക്കുന്നു .
ആ ആട്ടഹാസത്തിന്റെ ധ്വനി അവിടെമാകെ മാറ്റൊലി കൊണ്ടു .സമീപത്തുള്ള വലിയ വൃക്ഷങ്ങൾ ഇലയനക്കം പോലുമില്ലാതെ സംഹാര ദുർഗ്ഗയെ പോലുള്ള ഒഴുക്കുകണ്ട് ഭയന്നു നിൽക്കുകയാണോ എന്ന് തോന്നി . ഗ്രഹിണി പിടിച്ച കുട്ടികൾ ഭക്ഷണം കാണുന്ന അവസ്ഥയാണ് പലർക്കും .വെള്ളത്തിലേക്ക് ഇറങ്ങാൻ ആരെയും അനുവദിക്കുന്നില്ലെങ്കിലും പലരും സ്വന്തം മുഖത്തിന്റെ ബേക്ക് ഗ്രൗണ്ടിൽ ആ ദൃശ്യം ക്യാമറയിൽ ഒപ്പിയെടുക്കുന്ന തിരക്കിൽ ആയിരുന്നു… കാൽ വഴുതി വെള്ളക്കെട്ടിലേക്ക് വീണ് ഇവിടത്തെ മുൻ സുരക്ഷാ ജീവനക്കാരൻ മരണപ്പെട്ട വാർത്ത പത്രത്തിൽ വായിച്ചത് ഓർമയിൽ തെളിഞ്ഞു .
കേരളത്തിലും കർണാടകയിലുമായി നീണ്ടു കിടക്കുന്ന ബ്രഹ്മഗിരി മലനിരകളിൽ നിന്നും ഉത്ഭവിക്കുന്നതാണ് ഇരുപ്പു വെള്ളച്ചാട്ടം. ജൈവവൈവിധ്യത്തിന്റെ അമൂല്യ കലവറയാണ് ഈ മലനിരകൾ. കുടക് ജില്ലയിലെ , ഈ വെള്ളച്ചാട്ടത്തിന് പിന്നിലെ കഥ ഇതിഹാസമായ രാമായണവുമായി ഇഴചേർന്നു കിടക്കുന്നു. സീതാന്വേഷണത്തിനിടെ രാമലക്ഷ്മണന്മാർ ഇവിടെയെത്തിയെന്നും ദാഹ പരവശനായ ശ്രീ രാമസ്വാമി ലക്ഷ്മണനോട് ദാഹജലം ആവശ്യപ്പെട്ടുവെന്നും , എവിടെ തിരഞ്ഞും വെള്ളം കിട്ടാതായ ലക്ഷ്മണ സ്വാമിതന്റെ ആവനാഴിയിൽ നിന്ന് മലമുകളിലേക്ക് അമ്പെയ്ക്കുകയും തുടർന്ന് അവിടെനിന്നും ജലധാര താഴേക്കു പതിച്ചു എന്നും പറയുന്നു . അതുകൊണ്ട് ഇതിനെ ലക്ഷ്മൺ തീർഥ എന്നും അപരനാമമുണ്ട്.
ഇരിപ്പുവിലെത്തുന്ന സഞ്ചാരികളുടെ ദൃഷ്ടി ആദ്യം പതിയുന്നതും കേരളീയ വാസ്തുവിദ്യയിൽ നിർമിച്ച ശ്രീരാമ പ്രതിഷ്ഠയുള്ള രാമേശ്വരം ക്ഷേത്രത്തിലാണ് . മഹാശിവരാത്രി ദിനം ഇരിപ്പുവിൽ സ്നാനം ചെയ്താൽ പാപങ്ങൾ അകലുമെന്നാണ് വിശ്വാസം…വ്യൂ പോയിൻറിലെ ഇരുമ്പു കസേരയിൽ ഇരുന്ന് മഴ നനഞ്ഞ് , ഓർമത്താളുകൾ ഓരോന്നായ് മറിക്കവേ പടവുകൾ കയറി കൂടെയുള്ളവർ വെള്ളച്ചാട്ടത്തിന് സമീപത്ത് എത്തിയത് കണ്ടു .. പൊടുന്നനെ ശരവേഗത്തിൽ ഞാനുമവിടെ എത്തി . മഴ അപ്പോഴും നിർത്താതെ പെയ്തു കൊണ്ടിരിന്നു .മഴത്തുള്ളികളും പാറക്കൂട്ടങ്ങളിൽ തട്ടി ചിതറി തെറിക്കുന്ന ജലകണങ്ങളും പരസ്പരം ആലിംഗന ബന്ധരാകുന്നു .ഏതൊരു സഞ്ചാരിയുടെയും മനം കുളിർപ്പിക്കുന്ന ദൃശ്യം.എത്ര സമയം അവിടെ ചെലവഴിച്ചു എന്നു ചോദിച്ചാൽ ചെലവഴിച്ച ഓരോ നിമിഷവും സുന്ദരമായിരുന്നു എന്നേ പറയാൻ കഴിയൂ. .പലവട്ടം ഇവിടെ വന്നിട്ടുള്ള എനിക്ക് ഈ മഴയാത്ര നൽകിയ അനുഭവം അത്രമേൽ ഹൃദ്യമായിരുന്നു …..
എത്ര കണ്ടാലും മതിവരാത്ത കാഴ്ചകൾ കണ്ടുമടങ്ങുമ്പോൾ മഴ തെല്ലു മാറി നിന്നു .. അതോ .. നമുക്കൊപ്പം വരാൻ മടിച്ച് വെള്ളച്ചാട്ടത്തിന്റെ മോഹവലയത്തിൽപ്പെട്ടു കാണുമോ … ? എങ്കിലും മരച്ചില്ലകളിൽ നിന്നും ഇറ്റു വീഴുന്ന ജലകണങ്ങൾ മറ്റൊരു മഴയെ ഓർമപ്പെടുത്തി …. വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം പിന്നെയും കാതുകളെ തേടിയെത്തി . ഉയർന്നു നിൽക്കുന്ന കുഞ്ഞു പാറക്കൂട്ടങ്ങൾക്കിടയിലൂടെ തെളിനീരുമായി ഒഴുകുന്ന ലക്ഷ്മൺ തീർത്ഥയുടെ തീരത്തിറക്കി കുഞ്ഞുങ്ങൾ സല്ലപിച്ചു . മഴ നനഞ്ഞ വഴികളിലൂടെ തിരികെ മടങ്ങുമ്പോൾ ഈ മഴയാത്ര ഒരു മഴക്കാലത്തിന്റെ മുഴുവൻ മാധുര്യവും എനിക്കു പകർന്നു തന്നിരുന്നു .
NB :നാളെയുടെ നീക്കിയിരിപ്പുകളായ ഇത്തരം സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ പ്രകൃതിയെ മലിനപ്പെടുത്താതെ യാത്ര ചെയ്യാൻ ശ്രമിക്കുക .. റൂട്ട് .. വയനാട് വഴി പോകുന്നവർ മാനന്തവാടി – കുട്ട – ഇരിപ്പു, കണ്ണൂർ വഴിയാണേൽ ഇരിട്ടി -കൂട്ടുപുഴ – വീരാജ് പേട്ട – ഗോണി കുപ്പ -ഇരിപ്പു.