യാത്ര വിവരണം – Savin Sajeev.
എനിക്കെന്നും ഒരു ഒറ്റയാനെപ്പോലെ ജീവിക്കാനും കാണാകാഴ്ചകൾ തേടി അലയാനും ആണിഷ്ടം. തനിച്ചായിപ്പോഴപ്പോഴൊന്നും ആരും കൂട്ടായി നില്ക്കാഞ്ഞിട്ടാവും, ജീവിതത്തിലെ ഒരു വലിയ പെരുമഴക്കാലം ഒറ്റയ്ക്ക് നീന്തിക്കയറിതിനാൽ ഇപ്പോ പ്രകൃതിയും നമ്മളോട് ഇണങ്ങിത്തുടങ്ങിയിരിക്കുന്നു. ഞായറാഴ്ച മഴ തകർത്തു പെയ്യുകയാണ്. രാവിലെ എണീക്കാൻ മടി കാണിച്ച അച്ഛൻ വിളിച്ചെഴുന്നേപ്പിച്ചിട്ടു പറയുവാണ് “ഡാ ഇന്ന് ഇടുക്കിയും മൂന്നാറൊന്നും കറങ്ങാൻ പോകണ്ട, ആനച്ചാലിൽ ഉരുൾപൊട്ടിയിട്ടുണ്ട് ” .ഇതു കേട്ടതോടെ അമ്മയുടെ വകയും കിട്ടി. കറണ്ടു ഇന്നലെ രാത്രി തന്നെ പോയി, ഫോണിലെ ചാർജും കുറവാണ്. രാവിലെ കാപ്പിയും കുടിച്ച് വെറുതെ ഇരിന്നു, സമയം പോകുന്നേയില്ല. കൂട്ടുകാർ തിങ്കളാഴ്ച വാൾപ്പാറ പോകുന്നു എന്നു കേട്ടതോടെ എങ്ങടെങ്കിലും എനിക്കും പോകണം എന്നായി.
അങ്ങനെ 11.30 ഓടു കൂടി ഞാൻ വണ്ടിയെടുത്തു.എങ്ങോട്ടു പോകണം എന്നൊരു പ്ലാനും ഇല്ലായിരുന്നു.എന്തായാലും ഒരു മഴ നല്ലപോലെ ആസ്വദിക്കാം അതിനായി വൈയ്ക്കം വരെ ഒന്നു കറങ്ങാം എന്നായി തീരുമാനം,ഒറ്റയ്ക്കായതു കൊണ്ട് തീരുമാനം നമ്മുടെ അല്ലെ. വഴി ഏറക്കുറെ വിജനമായിക്കിടക്കുന്നു. ചിലയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണിട്ടുള്ളതു നാട്ടുകരിൽ ചിലർ വെട്ടിമാറ്റുന്നു.വെള്ളക്കെട്ടിനു മുകളിലൂടെ വണ്ടി ചീറി പാഞ്ഞു പൊയ്ക്കൊണ്ടേയിരുന്നു. വൈക്കം എത്തിയപ്പോഴേക്കും മഴ അതിന്റെ പാരമ്യതയിൽ എത്തിയിരുന്നു. എന്തായാലും പമ്പിൽ നിന്നും 250 യ്ക്ക് പെട്രോളും അടിച്ചു. മഴയ്ക്ക് പറ്റിയത് വെള്ളച്ചാട്ടമായതിനാൽ പിറവത്തിനടുത്തുള്ള അരീക്കൽ ഫാൾസ് കാണാൻ തീരുമാനിച്ചു.
അങ്ങനെ നനഞ്ഞ് തലയോലപ്പറമ്പും പെരുവയും കടന്ന് പിറവത്ത് വന്നപ്പോഴേക്കും മഴ മാറിയിരുന്നു. അവിടെ നിന്നും റബ്ബർത്തോട്ടങ്ങൾ പിന്നിട്ട് അരീക്കൽ എത്തിച്ചേർന്നു.റോഡിൽ നിന്നാൽ ശബ്ദം കേൾക്കാം എന്നല്ലാതെ കാണാൻ പറ്റില്ല.10 രൂപ പാസ് എടുത്ത് പടിക്കെട്ടുകൾ ഇറങ്ങി വെള്ളച്ചാട്ടത്തിന് സമീപമെത്തി.മഴയായതിനാൽ അധികം സഞ്ചാരികളൊന്നും എത്തിയിട്ടില്ല. നമ്മുടെ ചീയപ്പാറ വെള്ളച്ചാട്ടത്തിനോട് കിടപിടക്കുന്നതാണ് അരീക്കൽഫാൾസ്. തട്ടു തട്ടുകളായി മലവെള്ളം ചിന്നിച്ചിതറിച്ചു കൊണ്ട് കലിപ്പിൽ താഴേക്ക് പതിക്കുന്നു. ഫോട്ടോ എടുക്കാൻ അവിടെ നല്ലൊരു വ്യൂ പോയിന്റും ഉണ്ട്. ഒന്നു രണ്ട് ഫോട്ടോസ് ഞാനും എഴുത്തു.
ഇനി എങ്ങോട്ട് എന്ന് ചിന്തയിൽ അടുത്തു കണ്ട രണ്ട് ലോക്കൽ ടീംസിനോട് സംസാരിച്ചു, അവരും കാഴ്ച്ച കാണാൻ വന്നവരാണ്, വായിനോട്ടം അയിനാണ്. ഞാനും കുറച്ചു നേരം കാഴ്ച കാണാൻ അവരോടൊപ്പം കൂടി. അവരിൽ നിന്നാണ് പാണിയേലിപ്പോരിനെ പറ്റികേട്ടറിഞ്ഞത്, പിന്നെ പെരുമ്പാവൂരിലേക്ക് വണ്ടി വിട്ടു. പെരുമ്പാവൂരിൽ നിന്നും 20 km സഞ്ചരിച്ച് കുറുപ്പുംപടി വഴി പാണിയോലിപ്പോരിലെത്തി. മഴ അകമ്പടി സേവിച്ച് കൂടെ ഉണ്ടായിരുന്നതിനാൽ യാത്ര വളരെ സാവധാനമായിരുന്നു. ഫോറസ്റ്റ് ഓഫീസിൽ നിന്നും ടിക്കറ്റെടുത്ത് ഞാൻ നടന്നു. ഉൾകാടിന്റെ ഒരു ഫീൽ അനുഭവപ്പെട്ടു. ചിലപ്പോൾ അതാകാം വൈദ്യുത വേലികൾ കൊണ്ട് സംരക്ഷണം തീർത്തിട്ടുള്ളതെന്ന് തോന്നി.
കാട് പച്ചപ്പണിഞ്ഞ് മനോഹരമായിട്ടുണ്ട്. സഞ്ചാരികളും നന്നേ കുറവ്.കാടിന്റെ സൗന്ദര്യം ആവോളം ആസ്വദിക്കാൻ പറ്റിയ അപൂർവ്വ നിമിഷങ്ങൾ. സെൽഫികൾ ഒഴിഞ്ഞു നില്ക്കുന്ന സുന്ദര ഭൂമി. ഇവിടെ വന്നാൽ ഉറപ്പായിട്ടും ഒരു ഫോട്ടോ എടുക്കാതെ പോകില്ല. മുന്നോട്ടുള്ള നടത്തത്തിൽ വെള്ളച്ചാട്ടത്തിന്റെ ഇരമ്പം കേൾക്കാം, കാനന മധ്യത്തിലൂടെ നടന്ന് നദിക്കരയിൽ എത്തി.പെരിയാർ കലി തുള്ളി കരകവിഞ്ഞൊഴുകുകയാണ്, നടപ്പാതയിലേക്ക് വെള്ളം പതിയെ കയറി തുടങ്ങിയിരിക്കുന്നു. അടിക്കാട് വെള്ളത്തിൽ മുങ്ങിക്കൊണ്ടിരിക്കയാണ്. കാലവർഷത്തിന്റെ തുടക്കത്തിലെ പെരിയാർ രൗദ്രഭാവത്തിലാണ്. കലങ്ങിമറിഞ്ഞ് ആരേയും പേടിപ്പിക്കുന്ന രീതിയിൽ കരകവിഞ്ഞ് ഒഴുകുന്നു.
ദൂരെ വെള്ളച്ചാട്ടത്തിന്റെ ശബ്ദം കേൾക്കാമെങ്കിലും ഇപ്പോ അങ്ങോട് പോകാൻ പറ്റില്ല. ദൂരെ മലനിരകൾ കോടമഞ്ഞ്പൊതിഞ്ഞു നില്ക്കുന്നു. “ഇടുക്കിയുടെ അരിഞ്ഞാണം”എന്നറിപ്പെടുന്ന സുന്ദരിയാണ് ഇവിടെ കലിപ്പിൽ കുത്തിമറിഞ്ഞ് ഒഴുകുന്നത്. പെരിയാറിന്റെ മറുകരയിൽ കാടാണ് വന്യ ജീവികളുടെ വിഹാരകേന്ദ്രം. കുറച്ചു നേരം കൂടികാടിന്റെയും പെരിയാറിന്റേയും വന്യ സൗന്ദര്യം ആസ്വദിച്ച് ഇരുന്നു. അടുത്ത മഴയ്ക്ക് തുടക്കമായപ്പോൾ കാട്ടിലൂടെയും കാട്ടാറിന്റെ തീരത്തുകൂടയും മഴ നന്നഞ്ഞ് ഒരിക്കൽ കൂടി ഈ സ്വർഗ്ഗഭൂമി തേടി വരുന്നു എന്നുറപ്പിച്ച് പാണിയേലിപ്പോരിനോട് വിട പറഞ്ഞു. പാണിയേലി പോകാൻ പറ്റിയ സമയം ജനുവരി മുതൽ മാർച്ച് വരെയാണ് .നദിക്ക് കുറുകെ നടന്ന് വെള്ളച്ചാട്ടവും കാനനഭംഗിയും ആസ്വദിക്കാൻ പറ്റിയ സ്ഥലം.ഊഞ്ഞാലാടാനും സൊറ പറഞ്ഞ് കാടിന്റെ ഭംഗി ആസ്വദിക്കാനും പറ്റിയ സ്ഥലം