അപ്രതീക്ഷിതമായ ഒരു ട്രിപ്പ് ആയിരുന്നു.. 27/07/2017 ഞാനും എന്റെ ചങ്കും ( Neeraj Km ) ഒരു പണിയുമില്ലാതെ തല ചൊറിഞ്ഞിരിക്കുംമ്പോൾ അവന് ഒരു കാര്യം ഓർമ്മ വന്നത് ആവണങ്ങാട്ട് ചാത്തന്റെ അമ്പലത്തിൽ ഒരു വഴിപാട് പെൻഡിങ് ഉണ്ട്.. അതു അങ്ങോട്ട് ചെയ്തേക്കാം… ഭക്തിയുള്ള ടീം ആണ്… ഒട്ടും താമസിക്കാതെ അവിടെ എത്തി വഴിപാടും കഴിഞ്ഞു. അടുത്തത് എന്ത് എന്ന് ആലോചിച്ചപ്പോൾ ചങ്ക് തന്നെ പറഞ്ഞു മരോട്ടിച്ചാൽ വിട്ടാലോ എന്ന്.. എന്നാൽ വിടല്ലേ എന്നു ഞാനും..
സത്യത്തിൽ മരോട്ടിച്ചാലിനെ കുറിച്ചു വല്ല്യ ധാരണകളൊന്നും ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല… കാടിനുള്ളിൽ വെള്ളച്ചാട്ടം ഉണ്ടെന്ന് അറിയാം… പക്ഷെ കൃത്യമായ വഴി അറിയാത്തവർക്ക് google navigator തന്നെ ശരണം.. വച്ചു വിട്ടു.. ഇടക്ക് 200 rs പെട്രോളും അടിച്ചു .. ഒരു കടയിൽ നിന്നും ബ്രഡും , പഴവും , വെള്ളവും വാങ്ങി… വിശപ്പിന്റെ അസുഖം ഉള്ളതോണ്ട് റിസ്ക് എടുക്കാൻ പറ്റില്ലല്ലോ…
തൃശ്ശൂർ റൗണ്ടിൽ നിന്നും സെന്റ് തോമസ് കോളേജ് റോഡ് വഴി .. 21 km കാണും…
അതിരപ്പിള്ളിയിൽ നിരവധി തവണ പോയിട്ടുണ്ട് അവിടത്തെ പത്തിലൊന്ന് ആളില്ല ഇവിടെ… കുറച്ചു 2 വീലേഴ്സ് മാത്രം ഉണ്ടവിടെ… ഞങ്ങളും വണ്ടി അവിടെ വച്ചു.. റോഡിൽ നിന്നും ചെറിയ പടികൾ വഴി കയറി നടന്നു… ചെറിയൊരു കനാലുണ്ട് അതിന്റെ തിണ്ടിലൂടെ വേണം പിന്നീടുള്ള നടപ്പ്.. അര കിലോമീറ്റർ എത്തുമ്പോഴേക്കും ഒരു ബണ്ട് ഉണ്ട്… അവിടെ കുറച്ചു പേർ കുളിക്കുന്നു…
ഇനിയെങ്ങോട്ട് എന്നു ഒരു നിശ്ചയവുമില്ലാതെ ഞങ്ങൾ നിൽക്കുമ്പോൾ ഒരു ഫ്രീക്കൻ കാടിനുള്ളിലേക്ക് കയറുന്നു… കഷ്ടിച്ചു ഒന്നര അടി വീതിയുള്ള കാട്ടുപാത… ഒന്നും നോക്കിയില്ല ലവന്റെ പുറകെ വച്ചു വിട്ടു… ഇടക്ക് എപ്പോഴോ ഞങ്ങളുടെ കണ്ണിൽ നിന്നും ലവൻ മിസ്സായി… അപ്പോൾ ഞങ്ങൾ വിശാലമായ ഒരു പാറയിൽ എത്തിയിരുന്നു… ആ വിളി വന്നു വിശപ്പിന്റെ വിളി… സമയം കൃത്യം 1.05pm ..
അവിടെ ഇരുന്നു ബ്രഡും പഴവും പെടച്ചു… അപ്പോൾ വലിയൊരു കൂട്ടമായി ചുള്ളന്മാരും ചുള്ളത്തികളും കാട് കേറി വരുന്നു… ചോദിച്ചപ്പോൾ തൃശ്ശൂർ മെഡിക്കൽ കോളേജിലെ സ്റ്റുഡന്റ്സ് ആണെന്ന് അറിഞ്ഞു .. അവർ അവരുടെ വഴി പോയി… ഞങ്ങൾ താഴെ ഒഴുകുന്ന അരുവിയും നോക്കി ഒരു മരത്തണലിൽ ഇരിപ്പായി.. വീണ്ടും എക്സിക്യൂട്ടീവ് ഡ്രെസ്സ് ഒക്കെ ചെയ്ത കുറച്ചു ടീമും കയറി വരുന്നു… എന്നിട്ടൊരു ചോദ്യം അകത്തേക്ക് അധികം പോകണോ എന്നു.. അതും ആദ്യമായി വന്ന ഞങ്ങളോട്.. ഞാൻ പറഞ്ഞു നേരെ വിട്ടോ ചേട്ടാ.. അവിടെ പൊളി ആണെന്ന്…. അവർ അതും കേട്ടു നേരെ വിട്ടു… ഞങ്ങളും അൽപ നേരത്തിനു ശേഷം യാത്ര തുടർന്നു…
ചുറ്റും കാട്…. വലത് ഭാഗത്ത് കുത്തിയൊഴുകുന്ന അരുവി.. മഴക്കാലം ആയതോണ്ട് ആയിരിക്കും ഇത്ര വെളളം.. പ്രകൃതി ഭംഗി ആസ്വദിച്ചു നടക്കുമ്പോൾ വഴിയിൽ ആനപ്പിണ്ടവും ആന ചവിട്ടി മെതിച്ച പുല്ലും മണ്ണും കണ്ടതോട് കൂടി ഒരു ഒരു വേണേൽ ഭയമെന്നൊക്കെ പറയാവുന്ന ഒരു സംഭവം മനസ്സിൽ കയറി വന്നു… പിന്നീടുള്ള ഓരോ അടിയും പ്രകൃതി ഭംഗി ആസ്വദിക്കുന്നതിനൊപ്പം , ആന നിൽപ്പുണ്ടോ വരണുണ്ടോ എന്നു നോക്കി ആയിരുന്നു.. അതിനിടക്ക് കാടിനുള്ളിൽ കാണുന്ന ഉരുളൻ പാറകൾ കണ്ട് ഇടക്കിടക്ക് ഞെട്ടിയിരുന്നു…ആന പേടി മാത്രമല്ല ഞങ്ങൾക്ക് മുൻപ് പോയ ആരെയും കാണാനുമില്ല… അവിടെ നിന്നും ആരും തിരിച്ചു വരുന്നുമില്ല..
അപ്പോഴേക്കും ഞങ്ങൾ ഏകദേശം 2 കിലോമീറ്റർ നടന്നു കാണും…എന്റെ കയ്യിൽ ശേഷിക്കുന്ന ബ്രെഡ് ഒരു കവറിലും , ചങ്കിന്റേൽ വെള്ളവും.. വെള്ളം കുപ്പിയുടെ പിടിക്കുന്ന പ്ലാസ്റ്റിക് വള്ളി പൊട്ടി കുപ്പി വീണു… അതെടുക്കാൻ ചെന്നപ്പോൾ അതിന്റെ അടുത്ത് പാറയിലൊരു പാമ്പ്.. മലമ്പാമ്പിന്റെ കുഞ്ഞാണോ , അണലി വർഗ്ഗത്തിൽ പെട്ടതാണോ എന്ന് അറിയില്ല. എന്തായാലും പാമ്പ് ആണ്.. അതോടു കൂടി നടക്കുന്ന വഴിയിൽ ഒരോ അടിയും സൂക്ഷിച്ചു വയ്ക്കേണ്ട ഗതിയായി..അതിനിടയിൽ വഴി ചെന്നു അവസാനിച്ചപോലെ തോന്നി…
അവിടെ കുറച്ചു പിള്ളേർ വെള്ളത്തിൽ കിടന്നു ആർമാദിക്കുന്നുണ്ടായിരുന്നു…
ആഹ് അത് കണ്ടപ്പോൾ ഒരു സമാധാനം ആയി.. അവിടെ ഒരു പാറയുടെ മുകളിൽ കയറിയപ്പോൾ മുന്നോട്ടുള്ള വഴി കണ്ടു…. അത് വഴി നടന്നു… പലയിടത്തും മരങ്ങൾ വീണ് വഴി തടസ്സപ്പെട്ടിരുന്നു.. മരത്തിനു മുകളിലൂടെ ചാടിയും , താഴത്തുകൂടെ ഇഴഞ്ഞും യാത്ര തുടർന്നു.. ഇടക്ക് ഒരു അരുവി ഉണ്ട്.. നല്ല ഒഴുക്കും… വീതി കുറവാണ്… മനസ്സിൽ കെ കെ ജോസെഫേട്ടനെ ധ്യാനിച്ചു ഞാൻ അതങ്ങു ചാടി കടന്നു… ചങ്കിന് ഉള്ളിൽ പേടി ആയിരുന്നെങ്കിലും ചെരിപ്പിന് ഗ്രിപ്പ് ഇല്ലെന്ന് പറഞ്ഞു കുറച്ചു വളഞ്ഞ വഴി നടന്നു പാറകല്ലുകളിൽ ചവിട്ടി ഇപ്പുറം എത്തി… യാത്ര തുടർന്നു..
മഴക്കാർ ഉണ്ട്.. പെയ്താൽ പെട്ടത് തന്നെ.. യാതൊരുവിധ മുന്കരുതലും ഇല്ലാതെ ആണ് ഞങ്ങളുടെ യാത്ര…മഴ ചാറുന്നുണ്ട്…ഇടക്ക് ചില കയറ്റങ്ങളും ഇറക്കങ്ങളും ഉണ്ട് വഴിയിൽ… ഓരോ കയറ്റം കയറുമ്പോഴും ഞങ്ങൾ ഏതെങ്കിലും പാറയിൽ വിശ്രമിച്ചു ക്ഷീണം മാറ്റും.. യാത്ര തുടർന്നു… 3.5km കഴിഞ്ഞു കാണും.. വെള്ളത്തിന്റെ ശബ്ദം കേട്ടു തുടങ്ങി ഒപ്പം പിള്ളേരുടെ ഓരിയിടലും കൂക്കുവിളിയും… ആഹ് ലക്ഷ്യത്തിൽ എത്താറായി എന്ന് ബോധ്യമായി.. നടത്തത്തിന്റെ വേഗത കൂടി… താഴേക്കു കുത്തനെയുള്ള ഇറക്കം കൂടി കഴിഞ്ഞപ്പോൾ ലക്ഷ്യത്തിൽ ഞങ്ങൾ എത്തി ചേർന്നു..
പ്രകൃതി ഒരുക്കിയ സുന്ദരമായൊരു കാഴ്ച ഒറ്റ നോട്ടത്തിൽ തന്നെ മനസ്സ് നിറച്ചു…. മുകളിൽ നിന്നും പരന്നൊഴുകി താഴെ പാറകെട്ടിലേക്ക് പതിച്ചു ചിന്നി ചിതറുന്ന വെള്ളച്ചാട്ടം.. മരോട്ടിച്ചാൽ വെള്ളച്ചാട്ടം… ഞങ്ങൾക്ക് മുൻപ് പോയ എല്ലാവരും അവിടെ ഉണ്ട്… കുളിയും കളിയുമൊക്കെയായി അവർ ആഘോഷിക്കുകയാണ്… കുറേ നേരം ഞങ്ങൾ അവിടെ ചിലവഴിച്ചു… വെള്ളച്ചാട്ടത്തിനു മുൻപിൽ ഒരു വലിയ പാറ ഉണ്ട്… പലരും അതിനു മുകളിലും കയറുന്നുണ്ട്.
വെള്ളച്ചാട്ടത്തിനു മുകളിൽ കയറാനും പ്രകൃതി വഴിയൊരുക്കിയിട്ടുണ്ട്.. അതെന്റെ കണ്ണിൽ പെട്ടു… ചങ്കിനെയും വലിച്ചു ഞാൻ നടന്നു.. കുത്തനെയുള്ള കയറ്റം കയറണം മുകളിൽ എത്താൻ.. പക്ഷെ 2 വഴി കാണുന്നുണ്ട്… ഞാൻ കഷ്ടപ്പെട്ട് പാറകളിലും പുല്ലുകളിലും പിടിച്ചു മുകളിലേക്ക് വലിഞ്ഞു കയറി.. ചങ്കിനെ വിളിച്ചപ്പോൾ സ്ഥിരം ക്ളീഷേ ഡയലോഗ് ചെരിപ്പിന് ഗ്രിപ്പ് ഇല്ലത്രേ… ഞാൻ മുകളിൽ എത്തി… പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു അനുഭൂതി… ഏറ്റവും മുകളിൽ ഞാൻ, ദൂരെ കണ്ണെത്താ ദൂരത്തോളം കാടും മലകളും… എന്റെ അടുത്തായി വെള്ളച്ചാട്ടം താഴേക്ക് ഒഴുകുന്നു… മുകളിൽ കൊടും കാട്…. അവിടെ മനുഷ്യരായി വേറെ ആരേയും കാണുന്നില്ല…
ഞാൻ വീണ്ടും താഴേക്ക് വലിഞ്ഞു ഇറങ്ങി…
ചങ്കിനോട് പറഞ്ഞുകൊണ്ടിരുന്നു… അതിന്റെ മുകളിൽ കയറിയില്ലെങ്കിൽ തീരാ നഷ്ടം ആയിരിക്കും… ഇത്തവണ ഞാൻ രണ്ടാമത്തെ വഴി കയറി ഒപ്പം മനസ്സില്ലാ മനസ്സോടെ ചങ്കും… ഉള്ളത് പറയാലോ ഈ വഴി കൂളായി കയറിയെത്താം… ഞാൻ നേരത്തെ വെറുതെ വലിഞ്ഞു കേറിയതാണ്…ഞങ്ങൾ ഏറ്റവും മുകളിൽ എത്തി..
ഞങ്ങളുടെ യാത്രയിൽ ഏറ്റവും സുന്ദരമായ നിമിഷങ്ങൾ ആസ്വദിച്ചു അവിടെ ഇരുന്നു… മഴക്കാർ ഇരുണ്ട് കൂടി… താഴെ ഉണ്ടായിരുന്ന എല്ലാവരും തിരിച്ചു പോയി.. മഴ പെയ്താൽ മടക്കയാത്ര ബുദ്ദിമുട്ടാവുമെന്നു ഉറപ്പുള്ളത് കൊണ്ട് ഞങ്ങളും മടങ്ങാൻ തീരുമാനിച്ചു.. അവിടെ നിന്നും കുപ്പിയിൽ വെള്ളം നിറച്ചു… പതിയെ തിരിച്ചു നടന്നു.. സമയം 4pm ആയിട്ടുള്ളൂ… വൈകിയാൽ ഇരുട്ടു വീണാലും യാത്ര മുടങ്ങും…
മടക്ക യാത്രയിൽ ഇറക്കങ്ങളും , കയറ്റങ്ങളും , ഞങ്ങൾ അറിഞ്ഞില്ല… മനസ്സ് അപ്പോഴും വെള്ളച്ചാട്ടത്തിനു മുകളിൽ ആയിരുന്നു… അതേ തൃശ്ശൂരിലെ സ്വർഗ്ഗം അതാണ്… യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ലാതെ പ്രകൃതിയെ അടുത്തറിയാൻ ആസ്വദിക്കാൻ ഇതിലും നല്ല സ്ഥലം ഉണ്ടാവില്ല.. ഇനിയും തിരിച്ചു വരുമെന്ന് മനസ്സിൽ ഉറപ്പിച്ചു ഞങ്ങൾ യാത്ര തുടർന്നു വീട്ടിലേക്കു..
(ഫോണിൽ navigator use ചെയ്തത് കൊണ്ട് ചാർജ്ജ് വേഗം ഇറങ്ങി, കുറച്ചു ചിത്രങ്ങളെ എടുക്കാൻ കഴിഞൊള്ളൂ…
വിജനമായ സ്ഥലം ആണ്, ഫോണിന് റയിഞ്ചും ഇല്ല , പലവിധം ആളുകൾ വന്നു പോകുന്നുണ്ടാകും ഫോറെസ്റ്റ് ഗാർഡും , പോലീസുമില്ല.. അതുകൊണ്ട് സുരക്ഷിതത്വം സ്വന്തം ഉത്തരവാദിത്യം ആയിരിക്കും..വഴിയിൽ ഒരുപാട് പ്ളാസ്റ്റിക് മാലിന്യങ്ങൾ കണ്ടു… അത് വൃത്തിയാക്കാൻ ഉള്ള മനസ്സ് കാണിച്ചില്ലേലും നമ്മൾ ഓരോരുത്തരും മാലിന്യങ്ങൾ നിക്ഷേപിക്കാതെ ഇരിക്കുക…പ്രകൃതി നാളത്തെ തലമുറക്ക് കൂടി അവകാശപ്പെട്ടതാണ്…
വരികളും ചിത്രങ്ങളും: Vipin Raj VR (Sanchari)