വിവരണം – Lal Krishnan K.
2013 ൽ അവിചാരിതമായി കിട്ടിയ ഒരു സഞ്ചാര അനുഭവം. അന്ന് എഴുതി വയ്ക്കാൻ വിട്ടുപോയി. അതുകൊണ്ട് ചില പേരുകളും മറ്റും വിട്ടുപോയിട്ടുണ്ട് എന്നാലും മുഴുവനായി ഉൾകൊള്ളിക്കാൻ ശ്രമക്കുന്നു. നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് ഓഡിറ്റിംഗിന് പോയതായിരുന്നു. ഒരു ചൊവാഴ്ച പറയുകയാണ് നാളെ ഹർത്താൽ ആണെന്ന്. ഒരു ഹർത്താൽ കൊണ്ട് ഗുണം ഉണ്ടാകുന്നത് ഇത് ആദ്യമായി ആണ്.
നെടുങ്കയം മാഞ്ചീരി ഫോറസ്റ്റ് ഓഫീസിലെ ഓഫീസർ സുരേഷ് സാർ ചോദിച്ചു നാളെ നിങ്ങൾ ഇവിടെ നിന്നാൽ ഭക്ഷണം പോലും ലഭിക്കില്ല ഞങ്ങളുടെ കൂടെ വരുന്നോ.. കാട്ടിലൂടെ കറങ്ങാം .. ഞങ്ങൾ ആദിവാസികൾക്ക് റേഷൻ വിതരണം ചെയ്യാൻ പോകുന്നുണ്ട്.. എന്തായാലും ഓർക്കാപുറത്ത് വീണു കിട്ടിയ ചാൻസ് മുതലാക്കാൻ
ഞങ്ങൾ തീരുമാനിച്ചു. രാവിലെ 9 മണിക്ക് നെടുങ്കയം ഫോറസ്റ്റ് ഓഫീസിൽ നിന്നും അവർ പുറപ്പെടും എന്നും പറഞ്ഞതനുസരിച്ച് ഞങ്ങൾ രാവിലെ 6 മണിക്ക് ഞങ്ങൾ റെഡി ആയി നിലമ്പൂർ ഗവണ്മെന്റ് ഗസ്റ്റ്ഹൌസിൽ നിന്നും ഏകദേശം 14 km അകലെ ഉള്ള നെടുങ്കയം ഫോറസ്റ്റ് ഓഫീസ് ലക്ഷ്യമാക്കി നടന്നു. യാത്രാമധ്യേ വരുന്ന വാഹനങ്ങൾക്കെല്ലാം കൈകാണിച്ചു അവസാനം ഒരു ഒമിനിവാൻ കിട്ടി അതിൽ ഒരു 8-10 കിലോമീറ്റർ പോയി. എന്തായാലും 9 മണിക്ക് മുൻപേ അവിടെ എത്തി. പോകുന്ന വഴിക്ക് ഉണ്ടായിരുന്ന ഒരു ഉൾനാടൻ കടയിൽ നിന്ന് ചായയും ബന്നും കഴിച്ച് 1 കിലോ പഴം വാങ്ങി ബാഗിൽ വച്ചു.
അവിടെ ഞങ്ങൾക്ക് പോകാനായി മഹേന്ദ്ര ബൊലേറോ ഗുഡ്സ് ടൈപ്പ് വണ്ടിയാണ് ഉണ്ടായിരുന്നത് ചെറിയ മഴയും
ഉണ്ടായിരുന്നു. പുറകിൽ കയറാം എന്നു പറഞ്ഞ ഞങ്ങളെ മഴ ഉള്ളത് കൊണ്ടും ഞങ്ങളുടെ സുരക്ഷ അവരുടെ ഉത്തരവാദിത്വം ആയത് കൊണ്ടും അതിന് അവർ സമ്മതിച്ചില്ല. നെടുങ്കയം ടൂറിസ്റ്റ്ഏരിയയിൽ നിന്ന് വലതുവശത്തേക്ക് ഉള്ള ഒരു കാനനപാതയിലൂടെ ആയിരുന്നു ഞങ്ങളുടെ യാത്ര. ഞങ്ങളുടെ ഡ്രൈവർ ചോലനായ്ക്കർ വിഭാത്തിൽപെട്ട ഒരു ആദിവാസി ആണെന്നും, അദ്ദേഹത്തിന്റെ അച്ഛൻ ഫോറസ്റ്റ് വാച്ചർ ആണെന്നും അവർ ഇപ്പോൾ കാടിനുപുറത്താണ് താമസമെന്നും പരിചയപ്പെടുത്തി. പേരുപറഞ്ഞിരുന്നതാണ് മറന്നുപോയി. അദ്ദേഹം തന്നെയാണ് പറഞ്ഞത് നമ്മുടെ കൂടെ അവിടത്തെ മൂപ്പൻെ്റ മകനും ഉണ്ടെന്ന്. അദ്ദേഹം ഫോറസ്റ്റ് ഗാർഡ് ആണെന്ന്.
അങ്ങനെ ഞങ്ങൾ ചെറിയ മഴയിൽ യാത്ര തുടരുമ്പോഴാണ് സിനിമകളിൽ കണ്ടിട്ടുള്ളത് പോലെ വഴിക്കുകുറുകെ മരം വീണുകിടക്കുന്നു. ഞങ്ങൾ ഒന്ന് ഞെട്ടി, അവർ പക്ഷേ അതിനെല്ലാം റെഡിആയിട്ടായിരുന്നു വന്നിരുന്നത്. ഈർച്ചവാളും മഴുവും എല്ലാം ആയി ഇറങ്ങി, ഞങ്ങളും കൂടെ ഇറങ്ങി. അപ്പോൾ അവർ ഞങ്ങളോട് പറഞ്ഞു ഈ കാട്ടിൽ പേടിക്കേണ്ട ഒരു ജീവി ആനയാണ്. കുറച്ചുനാളായി ഒരു ഒറ്റയാന പുറംകാടുകളിലൂടെ അലയുന്നുണ്ട്. അതുകൊണ്ട് ആനവരുകയാണെങ്കിൽ ഫോട്ടോ ഒന്നും എടുക്കാൻ ശ്രമിക്കരുത് താഴോട്ട് ഇറങുന്നതാണ് നല്ലത് എന്ന്(റോഡ് ചെറുതായി ഹെയർപിൻ മോഡൽ ആണ് ഒരുവശം കുണ്ടും ഒരുവശം കുന്നും). മരം മുറിച്ചുമാറ്റി കുറച്ചു ദൂരം യാത്രചെയ്ത് വണ്ടി ഒന്ന് നിർത്തി. മൊബൈൽ റേഞ്ച് കിട്ടുന്ന ഒരു സ്ഥലം ആണ് ഉള്ളിലേക്ക് ചെന്നാൽ റേഞ്ച് കിട്ടില്ല ആർക്കെങ്കിലും ഫോൺ വിളിക്കാൻ ഉണ്ടെങ്കിൽ ഇവിടന്ന് വിളിക്കണം എന്നും പറഞ്ഞു.
അങ്ങനെ 25 കിലോമീറ്ററോളം യാത്ര ചെയ്ത് പാണപ്പുഴ തീരത്ത് ഗവണ്മെന്റ് നിർമ്മിച്ചുനൽകിയ ആദിവാസി കോളനിയിൽ എത്തി. ഇവിടെ ആണ് മൂപ്പൻ താമസിച്ചിരുന്നത് ഇവിടെ ഒരു റേഷൻ കടയുണ്ട്. അതിന്റെ ഡോർ മുഴുവൻ മുള്ളുകൾ ഉള്ളത് ആയിരുന്നു. ആന ഇടിച്ച് പൊളിക്കാതിരിക്കാനാണ് മുള്ളുകൾ വച്ചിരുന്നത്. റേഷൻ വാങ്ങിക്കാൻ ആദിവാസികൾ വരാൻ സമയമെടുക്കും എന്ന് പറഞ്ഞപ്പോൾ ഞങ്ങൾ തൊട്ടടുത്ത് കാഹളത്തോടെ ഒഴുകുന്ന പാണപുഴയിലേക്ക് ഇറങ്ങി.
പാണപ്പുഴ വളരെയേറെ പാറകൾ നിറഞ്ഞതാണ്. അതുകൊണ്ടുതന്നെ ഒഴുകുന്ന ശബ്ദം കേൾക്കാൻ വളരെ രസകരമാണ്. കാടിന്റെ നിശബ്ദതയിൽ പുഴയുടെ സംഗീതം ആസ്വദിച്ച് ഞങ്ങൾ പുഴയിലേക്ക് ഇറങ്ങി. വളരെയധികം തണുത്ത ശുദ്ധമായ ജലം, ഇത്രനേരത്തെ ക്ഷീണം ഞങ്ങൾ ആ വെള്ളം കുടിച്ച് അകറ്റി. കുറച്ചു നേരംകൂടി അവിടെ ചിലവഴിച്ച് ഞങ്ങൾ തിരികെ റേഷൻ കടയിലേക്ക് വന്നു. അവിടെ കുന്ദിരിക്കം തേൻ എന്നിങ്ങനെ ഉള്ള വന വിഭവങ്ങളുമായി ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു. അവരുടെ ഭാഷ വെത്യസ്തമായിരുന്നു. എങ്കിലും മലയാളമറിയുന്ന കുറച്ചുപേരൊക്കെ അവരിൽ ഉണ്ട് . SSLC ക്ക് A+ നേടിയിട്ടുള്ള കുട്ടിയുണ്ട് അതിൽ എന്നു കേട്ടപ്പോൾ ഞങ്ങൾക്ക് ശരിക്കും അത്ഭുതമായി. ഫോറസ്റ്റുകാർ നിർബന്ധിച്ച് ട്രൈബൽ ഹോസ്റ്റലിൽ നിറുത്തി പടിപ്പിച്ചതാണത്രെ. 10 കഴിഞ്ഞു പിന്നെയും
നിർബന്ധിച്ചെങ്കിലും കാടിൻെ്റ വിളി എന്നുപറഞ്ഞ് ഹോസ്റ്റലിൽ നിന്നും ചാടി പോന്നു എന്നാണു പറഞ്ഞത്. എന്തായാലും ഇപ്പോൾ ആൾ ഫോറസ്റ്റ് ഇൻഫോർമർ ആണ് . ഫോറസ്റ്റ് ഓഫീസർമാർ മൊബൈൽ വാങ്ങി നൽകിയിടുണ്ട്. പെൻസിൽ ബാറ്ററി ഉപയോഗിച്ച് ചാർജ് ചെയ്യാവുന്ന സംവിധാനവും.
അവിടെ കുറച്ചുസമയം ചിലവഴിച്ചതിനുശേഷം ഞങ്ങൾ കുറച്ചു പേർ കാട്ടിലൂടെ നടന്നു . എത്ര കിലോമീറ്റർ നടന്നു
എന്നൊന്നുമറിയില്ല എന്തായാലും വളരെ രസകരമായിരുന്നു നടത്തം. നടക്കുന്നവഴിയിൽ ചോലനായ്ക്കരുടെ ഫസ്റ്റ് നൈറ്റ് ഗുഹ താണിച്ചുതന്നു. ചോലനായ്ക്കർ വിഭാഗത്തിലെ ആരുടെ കല്ല്യാണം കഴിഞ്ഞാലും ഫസ്റ്റ് നൈറ്റ് അവിടെ ആയിരിക്കുമത്രെ. ഒരാൾ എത്ര കല്യാണം കഴിക്കും എന്നൊന്നുമില്ല. എത്രപേരെ നോക്കാൻ കഴിയും അത്രയും കല്യാണം കഴിക്കാം. നടക്കുന്ന വഴിയിൽ മൂപ്പന്റെ മകൻ അവർ കുരുങ്ങനെ പിടിക്കുന്ന ട്രിക്ക് പറഞ്ഞു തന്നു. ആകൃതിയിലുള്ള ഒരു മരക്കൊമ്പു വളച്ചു വെച്ച് അതിന് ഒരു വശത്ത് നെറ്റ് കെട്ടിയാണ് കുരങ്ങിനെ പിടിച്ചിരുന്നത്. കുരങ്ങന്മാർക്ക് ഒരു പ്രത്യേക സ്വഭാവമുണ്ടെന്ന് പറഞ്ഞു. ഏതൊരു വസ്തു പ്രത്യേകമായി വളഞ്ഞിരിക്കുന്നത് കണ്ടാലും അതിനുള്ളിലൂടെ ചാടിക്കടക്കാൻ ശ്രമിക്കും.
അപ്പോൾ ആണ് വഴിയിൽ ശരിക്കും അത്ഭുതം തോനിയ ഒരുകാഴ്ച്ച കണ്ടത്. ഒരു ജീപ്പിനു പോകാൻ വീതിയുള്ള വഴിയിൽ വരിവരിയായി ഒരാൾക്ക് പിന്നിൽ മറ്റൊരാളായി ആദിവാസികൾ വരുന്നു. ഫോട്ടോ എടുക്കരുതെന്ന കൂടെ ഉള്ളവർ പറഞ്ഞു. സ്ത്രീകൾ ഒക്കെ ഉള്ളതുകൊണ്ട് ചിലപ്പോൾ അവർക്ക് ഇഷ്ടപ്പെടില്ല. നമ്മുടെ നാട്ടിലെ പോലെ വാണിങ്ങ് ഒന്നും തരില്ലെന്നും. വെട്ടും എന്ന് പറയുന്നതിനെ്റ കൂടെ വെട്ടുന്ന സ്വഭാവകാരാണ് അവരെന്നു പറഞ്ഞു. ആവഴി ഞങ്ങൾ നേരെ ആദിവാസികൾ വെറും 7 ദിവസംകൊണ്ട് നിർമ്മിച്ച തൂക്കുപാലത്തിന് സമീപത്തെത്തി.
ശരിക്കും അത്ഭുതം തന്നെ. നമ്മുടെ നാട്ടിൽ ഇത്രയും ടെക്നോളജിയും മാൻപവറും ഉപയോഗിച്ച് ഓരോന്ന് നിർമ്മിക്കാൻ എത്രത്തോളം സമയമെടുക്കുന്നുണ്ടെന്ന് നമ്മൾ കാണുന്നതാണല്ലോ. ഇവർ വെറും 7 ദിവസംകൊണ്ട് മുളയും ഓടയും ഉപയോഗിച്ച് എത്ര സുന്ദരമായി നിർമ്മിച്ചിരിക്കുന്നു. അവിടെ കുറച്ചു സമയം ചിലവഴിച്ച് പാലത്തിനുമുകളിലൂടെ പുഴയുടെ മറുകര ചെന്നു . അപ്പോൾ റേഷൻ വാങ്ങി ആദിവാസികൾ തിരികെ
വരുന്നതുകണ്ടു. ബാക്കി ഉള്ളവർ ഞങ്ങളെ കാത്തുനിൽകുന്നുണ്ടാകും എന്നതുകൊണ്ട് ഞങ്ങൾ അവിടെ നിന്നും തിരിച്ചു . റേഷൻ കടയുടെ അടുത്ത് നിർത്തിയിരുന്ന വണ്ടിയിൽ തിരികെ നെടുങ്കയം എത്തിയപ്പോഴേക്കും 6 മണി ആയി. ഒരേ ഒരു സങ്കടം മാത്രം മാനിനേയും മീനിനെയും ഒഴികെ മൃഗങ്ങളെ ഒന്നും കാണാൻ കഴിഞ്ഞില്ല. 2013 ലെ യാത്രയാണ് കുറേ കാര്യങ്ങൾ വിട്ടുപോയിട്ടുണ്ട്.