യാത്രാവിവരണം – അനീഷ് കൃഷ്ണമംഗലം, ഫോട്ടോ കടപ്പാട് : തോമസ്, ജോസ്.
“കാട് വിളിക്കുന്നു, നമുക്ക് പോയാലോ” ചോദിച്ചത് ബിജു ആയിരുന്നു. ബിജു അങ്ങനെയാണ്. യാത്രയുടെ ഉൾവിളി ഉണ്ടായാൽ പിന്നെ പിന്നോട്ടില്ല. കേൾക്കാൻ കാത്തിരുന്ന പോലെ ആയിരുന്നു ഞങ്ങളും. എല്ലായിടത്തുമെന്നപോലെ സംഘത്തിൽ നിന്നും 15 പേർ മുന്നോട്ടുവന്നു. എല്ലാം തയ്യാറാക്കി ജൂലൈ ഏഴാം തീയതി രാവിലെ വാഹനത്തിൽ കയറാൻ തുടങ്ങുമ്പോൾ ആവേശം ഒട്ടും ചോരാത്ത ഏഴ് പേർ ബാക്കിയുണ്ടായിരുന്നു. രണ്ട് കാറുകളിലായി ഞങ്ങൾ യാത്ര തുടങ്ങുമ്പോൾ ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവത്തിന്റെ നിർവൃതിയിലേക്കാണ് അതെന്ന് ആരും ചിന്തിച്ചിരുന്നില്ല.
കാടാണ്, കാടിന്റെ മക്കളുടെ മുൻപിലേക്കാണ്. തീർച്ചയായും നയിക്കാൻ പരിചയസമ്പന്നനായ ഒരാൾ വേണം. കൊച്ചിയിൽ നിന്നൊരാൾ കാറിൽ കയറുമ്പോൾ അത് മറ്റൊരു ബന്ധത്തിന്റെ തുടക്കമാണെന്ന് ഞങ്ങൾ അറിഞ്ഞിരുന്നില്ല. “ഗിരീഷ് കുറുപ്പ് ” കേരളത്തിലെ പ്രശസ്തനായ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ. അദ്ദേഹം തന്റെ ശേഖരത്തിലെ കാടിന്റെ ചിത്രങ്ങൾ ഞങ്ങളെ കാണിച്ചപ്പോൾ ഒന്ന് തീർച്ചയാക്കി. ഈ യാത്ര വെറുതെയാവില്ല.
പുലർച്ചെ പോന്നതാണ്. വിശപ്പിന്റെ വിളി വന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. നോമ്പ് കാലം ആയതിനാൽ ഹോട്ടലുകൾ പ്രവർത്തിക്കുന്നില്ല.ഒടുവിൽ നിലമ്പൂരിൽ എത്തി പശി തീർക്കുമ്പോൾ സമയം പത്തുമണി ആയിരുന്നു. ഏകദേശം 12 മണിയോടെ തമിഴ്നാട്ടിലെ മസിനഗുഡിയിൽ എത്തി. ഞങ്ങളെ കാത്ത് അവിടെ മറ്റൊരു വന്യജീവി ഫോട്ടോഗ്രാഫർ കാത്തിരിക്കുന്നുണ്ടായിരുന്നു. മസിനഗുഡിയിലെ അബിദ്. അശനശയനങ്ങൾക്കും വനയാത്രയ്ക്കുമുള്ള ഏർപ്പാടുകൾ ചെയ്തിരിക്കുന്നത് അദ്ദേഹമാണ്. ഉച്ചയ്ക്ക് അദ്ദേഹത്തിൻറെ ഭാര്യ തയ്യാറാക്കിയ ചോറും ചപ്പാത്തിയും ചിക്കൻ കറിയും മൂക്ക് മുട്ടെ തട്ടി. യാത്രയുടെ ക്ഷീണം മൂലം എല്ലാവരും ഉച്ചമയക്കത്തിന്റെ പിടിയിലമർന്നു.
അൽപ്പസമയത്തിനുള്ളിൽ ഗിരീഷ് ചേട്ടന്റെ വിളിയെത്തി. ജീപ്പിൽ കയറുക. എല്ലാവരും ഉഷാറായി. ജീപ്പ് തയ്യാറായി നിൽക്കുന്നു. മോയാർ എന്ന സ്ഥലത്തേക്കാണ് പോകേണ്ടത്. ഞങ്ങളുടെ കാറുകൾ അബിദ് ചേട്ടന്റെ വീട്ടിൽ പാർക്ക് ചെയ്ത് എല്ലാവരും ജീപ്പിൽ കയറി. ക്യാമറ റെഡിയാക്കി കയ്യിൽ കരുതി. ഡ്രൈവർ അനീഷ് കണ്ടാൽ ഗൗരവക്കാരൻ ആണെന്ന് തോന്നുമെങ്കിലും നല്ല സൗഹൃദ മനോഭാവമുള്ള ആളായിരുന്നു.
ജീപ്പ് ഞങ്ങളെയും കൊണ്ട് ജനവാസകേന്ദ്രങ്ങൾ പിന്നിട്ട് കാട്ടിലേക്ക് കയറി. മൃഗങ്ങളെ കാണുക എന്നാൽ ആനയെ കാണുക എന്നതായിരുന്നു ഇതുവരെ മനസ്സിൽ. കിളികൾ, ഇഴജന്തുക്കൾ, മാനുകൾ, തവളകൾ എന്തിന് ഉറുമ്പുകൾ പോലും ഫോട്ടോഗ്രാഫിക്കുള്ള വിഷയമായിട്ടുണ്ടെന്ന് ഗിരീഷ് ചേട്ടന്റെ അനുഭവങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായി. യാത്രയിലുടനീളം ചെവിയോർത്ത് സൂക്ഷ്മ ദൃഷ്ടിയോടെ ഇരിക്കുന്ന ഗിരീഷ് ചേട്ടന് കാട് എത്രമാത്രം സുപരിചിതമാണ് എന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു. ഒരു കിളിയെ കണ്ടാൽ അതിന്റെ പേരും പ്രത്യേകതകളും വിശദമായി പറഞ്ഞുതരും.
എല്ലാവർക്കും തങ്ങളുടെ ക്യാമറയിൽ ആവശ്യത്തിന് വിഭവങ്ങൾ ഉണ്ടായിരുന്നു. ജീപ്പിൽ നിന്നും ക്യാമറയുടെ ക്ലിക്ക് ശബ്ദം ചെവിയിൽ നിറഞ്ഞു. വനത്തിൽ ഇത്രയധികം വ്യത്യസ്ത ഇനത്തിലുള്ള കിളികളെ കാണുന്നത് ആദ്യമായിട്ടാണ്. അവയെ കാണാനുള്ള കണ്ണ് ഉണ്ടായത് ആദ്യമായിരുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. തനിക്ക് കിട്ടിയ ഫോട്ടോ കാണിക്കുമ്പോൾ ഷിജുവിന്റെ കണ്ണുകളിൽ അപൂർവമായ ഒരു തിളക്കം ഞാൻ കണ്ടു.
ക്യാമറ ഇല്ലാത്ത ഞങ്ങൾ മൂന്നുപേർ (അനീഷ്, രാജേഷ്, ദിൽജിത്) മറ്റുള്ളവർക്കുവേണ്ടി സൂക്ഷ്മദർശിനി ആയി ചുറ്റും കണ്ണോടിച്ചു കൊണ്ടിരുന്നു. ബിജുവിന്റെ ആവേശം ജീപ്പിൽ നിന്ന് പുറത്തേക്ക് ചാടുന്നത് വരെ എത്തി. ഒടുവിൽ ഞങ്ങൾ മോയാർ ഡാം സൈറ്റിൽ എത്തുമ്പോൾ മറ്റൊരു പ്രകൃതി രമണീയമായ വിരുന്നായി ആ പ്രദേശം.
മോയാർ തടാകത്തിന് നടുവിൽ കുറച്ച് വൃക്ഷങ്ങൾ ഏകാന്തമായി നിൽക്കുന്നുണ്ട്. കുറെ സമയം അവിടെ ചിലവഴിച്ചു. മാനം ഇരുണ്ടു തുടങ്ങി. വനത്തിലെ മഴയാണ് ഇനി ഞങ്ങളെ വരവേൽക്കുന്നതെന്ന് തോന്നി. മഴ ഇരമ്പിയെത്തിയപ്പോൾ ഓടി ജീപ്പിൽ കയറി. ജീപ്പിൽ ക്യാമറ നനയാതെ ഇരിക്കുമെന്ന പ്രതീക്ഷ ഉള്ളിൽ കയറിയപ്പോൾ ഇല്ലാതായി. നാലുവശവും തുറന്ന ജീപ്പിൽ മേൽക്കൂര മാത്രമേ ഉള്ളൂ. അതാവട്ടെ നിറയെ ദ്വാരവും. എല്ലാ കാര്യങ്ങളും മുൻകൂട്ടി പ്ലാൻ ചെയ്യാറുള്ള ജോസേട്ടൻ കീശയിൽ നിന്നും പ്ലാസ്റ്റിക് കവർ എടുത്തപ്പോഴാണ് ഇത് ഞങ്ങൾക്കും പറ്റൂമായിരുന്നല്ലോ എന്ന് മറ്റുള്ളവർ ഓർത്തത്. ഒടുവിൽ വിരലുകൊണ്ട് ദ്വാരം അടച്ചുപിടിച്ച് ഞങ്ങൾ തിരികെ എത്തി.
അബിദ് ചേട്ടൻ കാത്ത് നിൽപ്പുണ്ടായിരുന്നു. ഉടനെ പുറപ്പെടണം.യാത്രയിലെ ഏറ്റവും ഉദ്വേഗജനകമായ ഭാഗം ഇനിയാണ്. ഉൾക്കാട്ടിലേക്ക് പോകണം. അന്ന് രാത്രി കാട്ടിലാണ് താമസം. രണ്ടു കുടിലുകൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ട് അവിടെ. ഇന്നലെ രാത്രി കുടിലിന് ചുറ്റും ആനയുണ്ടായിരുന്നു. ഭാഗ്യമുണ്ടെങ്കിൽ ഇന്നും വരും. ഞങ്ങൾ ഒന്നു ഞെട്ടി. ആന വരുന്നത് ഭാഗ്യമാണോ?. കാട്ടിൽ ആന വരുന്നത് ഫോട്ടോഗ്രാഫർമാരുടെ ഭാഗ്യം തന്നെയാണ് എന്നാണ് ചിരിച്ചുകൊണ്ടുള്ള ഗിരീഷ് ചേട്ടന്റെ മറുപടി. കാട്ടിൽ രാത്രി കിടക്കാൻ ടെന്റ് വേണോ കുടിലു വേണോ എന്ന ചോദ്യത്തോട് ഒറ്റ വാക്കിലായിരുന്നു മറുപടി. ടെന്റ് മതി, ഞങ്ങളെല്ലാവരും ടെന്റിലെ കിടക്കുന്നുള്ളു.
രണ്ട് ജീപ്പിലാണ് യാത്ര തുടങ്ങിയത്. മുൻപിലെ ജീപ്പിൽ അബിദ് ചേട്ടനും ഗിരീഷ് ചേട്ടനും ബിജു, ദിൽജിത്ത് എന്നിവരും പിന്നിലെ അനീഷിന്റെ ജീപ്പിൽ ഞാനും തോമസ് ചേട്ടൻ, ഷിജു,രാജേഷ് പോണാട്, ജോസ് എന്നിവരും. മസിനഗുഡി ടൗണിൽനിന്നും രാത്രിയിലേക്ക് ആവശ്യമുള്ള അത്യാവശ്യ സാധനങ്ങൾ വാങ്ങി യാത്ര തുടർന്നു. ആദ്യമൊക്കെ ടാറിട്ട റോഡ് ആയിരുന്നു. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്ക് ടാറ്റ കൊടുത്ത് ഞങ്ങൾ നീങ്ങി. പിന്നെ പ്രധാന റോഡിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് മൺറോഡിലൂടെയായി യാത്ര. കാട്ടിലേക്ക് കയറുന്ന വഴി ചെറിയൊരു ഇരുമ്പ് ഗേറ്റ് കൊണ്ട് പൂട്ടിയിട്ടിരിക്കുന്നു. അത് തുറന്നു രണ്ട് വണ്ടികളും അകത്തുകടത്തി വീണ്ടും താഴിട്ടുപൂട്ടി.
ഇനി ഉൾക്കാട്ടിലേക്ക്. ഒരു വശം മുഴുവൻ വിശാലമായ ഇഞ്ചി കൃഷിയും മറുവശത്ത് ചെറിയ വനവും. ഇൗ ഭാഗത്തെ കാടുകൾ നമ്മുടെ നാട്ടിലേതുപോലെ നിത്യ ഹരിതവനമല്ല. വേനലിൽ കരിഞ്ഞുണങ്ങി കിടക്കും. വൃക്ഷങ്ങൾ കുറവാണ്. തുറസ്സായ സ്ഥലങ്ങൾ ആണ് ഏറെയും. ഇടതൂർന്ന ചെറിയ ചെടികളും കുറവാണ്. നോക്കെത്താ ദൂരത്തോളം വിശാലമായ പുൽമേടുകളും വനവും മാത്രം.
പെട്ടെന്ന് വഴിയുടെ സ്വഭാവം മാറി. ഇത് റോഡ് തന്നെയോ എന്ന് തോന്നിപ്പോയി. ജീപ്പ് അതി ശക്തമായി ഉലയാൻ തുടങ്ങി. ഒരു കയ്യിൽ ക്യാമറ മുറുകെ പിടിച്ചും മറുകൈ കമ്പിയിൽ പിടിച്ചും വണ്ടിക്കുള്ളിൽ ഇരിക്കുവാൻ നന്നെ ബുദ്ധിമുട്ടി.ഫോർ വീൽ ഡ്രൈവ് ജീപ്പിന്റെ “ഓഫ് റോഡ് ഡ്രൈവിംഗ്” എങ്ങിനെയാണെന്ന് അന്നാണ് ബോധ്യമായത്. ഇത്രയും വലിയ കുഴികളിൽ നിന്നും വലിയ കല്ലുകളിലേക്ക് നിഷ്പ്രയാസം കയറുമ്പോൾ മറിയുന്നില്ല എന്നത് ഒരു അത്ഭുതമായിരുന്നു. ഡ്രൈവർ അനീഷ് ആകട്ടെ റോഡിൽ അധികം ശ്രദ്ധിക്കാതെ തമാശയും പറഞ്ഞിരിക്കുന്നു. ഇടയ്ക്ക് അരുവിയിൽ ഇറങ്ങിയും വിശാലമായ പുൽപ്പരപ്പ് താണ്ടിയും പിന്നെ നിബിഡ വനം, വലിയ ചെളിക്കുഴികൾ ഒക്കെയും നിഷ്പ്രയാസം തരണം ചെയ്ത് പോകുന്നുണ്ടെങ്കിലും ജീപ്പിനുള്ളിൽ തെറിച്ചു പോകാതിരിക്കാൻ ഞങ്ങൾ നന്നേ കഷ്ടപ്പെട്ടു. എന്നാൽ എല്ലാ ബുദ്ധിമുട്ടുകളെയും മായിച്ചു കളയാൻ പോകുന്നതായിരുന്നു ആ യാത്ര തന്ന അനുഭൂതി.
ഒടുവിൽ 10 കിലോമീറ്റർ ദീർഘിച്ച യാത്ര അവസാനിച്ചത് ഞങ്ങൾക്ക് താമസിക്കാനുള്ള കുടിലിന്റെ മുറ്റത്താണ്. ആദ്യം വന്ന ജീപ്പിൽ ഉണ്ടായിരുന്നവർ അവിടെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു. കുടിലുകളും ടെന്റും കണ്ടു ഞങ്ങൾ ഞെട്ടിപ്പോയി. തികച്ചും കാടിനോട് ചേർന്ന രീതിയിൽ നിർമിച്ച രണ്ട് കുടിലുകൾ. അത്യാവശ്യം സൗകര്യങ്ങളുമുണ്ട് കിടക്ക ബാത്ത്റൂം എല്ലാം. കുടിലിന്റെ തിണ്ണയിലിരുന്ന് കാട് കാണാം. പക്ഷേ ടെന്റ് അങ്ങിനെ ആയിരുന്നില്ല. വെറും നിലത്ത് ചെറിയ ഒരു സെറ്റപ്പ്. അതിനുള്ളിൽ ഈ കൊടുംകാട്ടിൽ യാതൊരു സുരക്ഷാ സംവിധാനവും ഇല്ലാതെ രാത്രി എങ്ങനെ കിടക്കും. താൻ കുടിലിലെ ഉള്ളൂ എന്ന് ഓരോരുത്തരും മനസ്സിൽ തീർച്ചപ്പെടുത്തി. പുറത്ത് പറഞ്ഞില്ല എന്നെ ഉള്ളു.
വൈകുന്നേരം ചൂടൻ കട്ടൻചായയുമായി അബിദ്ചേട്ടനും ഭാര്യയും ഞങ്ങളെ സ്വീകരിച്ചു. അവരും ഞങ്ങളോടൊപ്പം താമസിക്കുകയാണ്. കൂടെ വിശ്വസ്തരായ അനീഷും ശ്രീജിത്തും. കുടിലുകൾക്ക് ചുറ്റും കിടങ്ങുകളോ സംരക്ഷണവേലികളോ ഒന്നുമില്ല. കുറച്ചകലെ കാട്ടാന തകർത്ത നിലയിൽ വൈദ്യുത വേലിയുടെ അവശിഷ്ടങ്ങൾ കിടപ്പുണ്ട്. തൊട്ടടുത്ത ഒരു മരത്തിൽ ദ്രവിച്ച് തീർന്ന നിലയിൽ വലിയൊരു ഏറുമാടം കണ്ടു. പകുതിയിലേറെ നശിച്ച അതിന്റെ കോണിപ്പടിയിലൂടെ എങ്ങനെ കയറും എന്ന് ആലോചിച്ചു നിന്നപ്പോൾ പുതിയ കമ്പുകൾ വെട്ടി പടികൾ ആണിയടിച്ച് എല്ലാവരും മുകളിൽ കയറി. സമീപത്ത് നിൽക്കുന്ന മരത്തിലെ ഒരു പൊത്ത് ചൂണ്ടിക്കാണിച്ച് ഗിരീഷ് ചേട്ടൻ പറഞ്ഞു, “അതാണ് കോഴി വേഴാമ്പലിനെ കൂട്” . നോക്കി നിൽക്കെ രണ്ട് കോഴി വേഴാമ്പലുകൾ മുകളിലൂടെ പറന്നുപോയി.
കുടിലിലേക്ക് ആവശ്യമുള്ള വെള്ളത്തിനായി വാട്ടർ ടാങ്ക് സ്ഥാപിച്ചിരിക്കുന്നത് വലിയൊരു മരത്തിന്റെ മുകളിലാണ്. അവിടേക്ക് കയറാൻ ഒരു ഇരുമ്പ് കോവണി ഉണ്ട്. ഞങ്ങൾ കുറച്ചുപേർ ശ്രദ്ധിച്ച് അതിൻറെ മുകളിൽ കയറി. അവിടെ ഇരുന്നുള്ള കുടിലുകളുടെ കാഴ്ച മനോഹരമായിരുന്നു. ആന വന്നാൽ ഓടി വന്ന് ഇവിടെ കയറാമെന്ന് ഞാൻ മനസ്സിൽ കണക്കു കൂട്ടി. കുടിലുകളുടെ പിറകുവശത്ത് കുറെ അസ്ഥികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ടു ഞങ്ങൾ അങ്ങോട്ട് ചെന്നു. കാട്ടുപോത്തിനെ തലയോട്ടികളും എല്ലുകളും ആയിരുന്നു അത്. അന്വേഷിച്ചപ്പോൾ രണ്ട് മാസം മുൻപ് കടുവ തിന്നു തീർത്ത ഒരു കാട്ടുപോത്തിനെ അവശിഷ്ടങ്ങളാണ് എന്നറിഞ്ഞു. ഒരേസമയം അത്ഭുതവും ഭയവും മനസ്സിൽ നിറഞ്ഞു.
രാത്രിയിൽ വിറക് കൂട്ടിയിട്ട് ക്യാമ്പ് ഫയർ സംഘടിപ്പിച്ചു. കനലിൽ ചുട്ടെടുത്ത കോഴിയിറച്ചി കഴിക്കുമ്പോൾ എന്റെ മനസ്സിനെ അലട്ടിയത് മറ്റൊരു ചിന്തയായിരുന്നു. കാട്ടിൽ മൃഗങ്ങളെയും മരങ്ങളെയും കാണാൻ വന്നവർ കാട്ടിലെ വിറകുകൊണ്ടു മാംസം വേവിച്ച് ഭക്ഷിക്കുന്നതിലെ വിരോധാഭാസം. പുറമേക്ക് എത്ര കാണിച്ചാലും നമ്മുടെ പ്രകൃതി സ്നേഹം എത്ര പൊള്ളയാണെന്ന് നമ്മൾ തിരിച്ചറിയില്ല. ക്യാമ്പ് ഫയറിന് എന്താണ് കുഴപ്പം എന്ന് ചിന്തിക്കുന്നവരുണ്ടാകും. ഓരോ യാത്രാസംഘങ്ങൾക്കു വേണ്ടിയും ദിവസവും കത്തിച്ചു തീർക്കുന്ന ടൺകണക്കിന് വിറക് ശേഖരിക്കുന്നത് കാട്ടിൽ നിന്നാണ്. വനത്തിൽ വീണ് ചിതലുകൾക്കും ഉറുമ്പുകൾക്കും കൂടാതെ അനേകം സൂക്ഷ്മജീവികൾക്കും ആഹാരമായി, മണ്ണിൽ വളമായി ചേർന്ന് വീണ്ടും മരമായി പുനർജ്ജനിക്കേണ്ട ഒന്നിനെയാണ് നാം നമ്മുടെ ഒരു നേരത്തെ സുഖത്തിനായി കത്തിച്ച് കളയുന്നത്. കാട് മൃഗങ്ങൾക്ക് മാത്രമല്ല അനേകായിരം വൃക്ഷലതാദികൾക്കും മണ്ണിലെ ഞാഞ്ഞൂലുകൾക്കും വരെ സംരക്ഷണം ഒരുക്കുന്ന അക്ഷയ ശേഖരമാണ്. വൈൽഡ് ലൈഫ് ക്യാമ്പുകൾ, അക്ഷരാർത്ഥത്തിൽ കാടിന്റെ നാശത്തിനാണ് ഇപ്പോൾ കാരണമാകുന്നത്. പ്രകൃതിയെ നോവിക്കാതെ കാടുകയറുന്ന പ്രകൃതി സ്നേഹികളും ഉണ്ട്. പക്ഷേ വിരളമാണെന്ന് മാത്രം.
ചിന്തകളിൽ നിന്നും മുക്തമായി എല്ലാവരും വട്ടം കൂടിയിരുന്നു. മൃഗങ്ങളുടെ സ്വഭാവ രീതികളെക്കുറിച്ചും സുരക്ഷിതത്വത്തിനു വേണ്ട കാര്യങ്ങളെക്കുറിച്ചും ഗിരീഷേട്ടൻ വിശദമാക്കി തന്നു. രാത്രി 12 മണിയോടെ എല്ലാവരും ഉറങ്ങാൻ തയ്യാറെടുത്തു. ടെന്റിൽ കിടക്കുന്നവർ ആരൊക്കെ എന്ന ചോദ്യത്തിന് മൗനമായിരുന്നു മറുപടി. ഭയം എല്ലാവരെയും ബാധിച്ചിരുന്നു. ഒടുവിൽ ഗിരീഷേട്ടനും ഡ്രൈവർ അനീഷും മാത്രമായി. വിളക്കുകൾ കെടുത്തി എല്ലാവരും ഉറക്കത്തിൽ അമർന്നു.
എന്തോ ശബ്ദം കേട്ട് ഞെട്ടിയുണർന്ന് ചെവിയോർത്തപ്പോൾ കുടിലിന് പുറത്ത് കൂടി ആരോ നടക്കുന്നുവെന്ന് മനസ്സിലായി. ശ്വാസത്തിന്റെ ശബ്ദവും എന്തൊക്കെയോ വലിച്ചു പറിക്കുന്ന ശബ്ദവും. മനസ്സിൽ ഒരു വിറയൽ ബാധിച്ചു. നോക്കുമ്പോൾ കൂടെ ഉണ്ടായിരുന്ന രണ്ടു പേർ ജനലിൽ കൂടി പുറത്തേക്കു നോക്കി അനങ്ങാതെ നിൽക്കുന്നു. ശബ്ദമുണ്ടാക്കാതെ ഞാനും പുറത്തേക്ക് നോക്കി.തൊട്ടു മുൻപിലായി കൈനീട്ടിയാൽ തൊടാവുന്ന പോലെ കുടിലിലെ മുറ്റത്ത് ഒരു കൊമ്പൻ. വെളുത്ത കൊമ്പുകൾ ജനലഴികൾക്ക് തൊട്ടടുത്ത്. ഇരുളിൽ ചെവി വീശുന്ന ശബ്ദം മാത്രം. ഒന്നുകൂടി ശ്രദ്ധിച്ചപ്പോൾ അവൻ ഒറ്റയ്ക്കല്ല എന്നു മനസ്സിലായി. നാല് ആനകളെ വ്യക്തമായി കണ്ടു. അനങ്ങാതെ ഇരിക്കാൻ അബിദ് ചേട്ടൻ ആംഗ്യം കാണിച്ചു. അപ്പോഴാണ് ടെന്റിനുള്ളിൽ നിലത്ത് കിടക്കുന്നവരെ കുറിച്ചോർത്തത്. “ഈശ്വരാ!, ആന അങ്ങോട്ട് ചെന്നാൽ”. അവർ നല്ല ഉറക്കത്തിലാണ്. അറിഞ്ഞിട്ടില്ല. നിമിഷങ്ങൾ ഇഴഞ്ഞുനീങ്ങി. ആനകൾ പതിയെ കുടിലിന്റെ മുൻവശത്ത് എത്തിയപ്പോൾ അബിദ്ചേട്ടൻ പുല്ലിലൂടെ മുട്ടിലിഴഞ്ഞ് ടെന്റിന്റെ പുറകിലെത്തി അവരെ ഉണർത്തി, ശബ്ദമുണ്ടാക്കാതെ തിരിച്ചെത്തിയപ്പോഴാണ് ഞങ്ങൾക്ക് ശ്വാസം നേരെ വീണത്. പോകെപ്പോകെ മനസ്സിൽ നിന്നും ഭയം മാഞ്ഞു. മങ്ങിയ നിലാവെളിച്ചത്തിൽ ഞങ്ങളും നാല് ആനകളും. അവ പുല്ലു പറിച്ചു തിന്നുകയും മണ്ണുവാരി ദേഹത്തിടുകയും ചെയ്തുകൊണ്ടിരുന്നു. ഏകദേശം ഒരു മണിക്കൂർ സമയത്തെ ഒളിച്ചു കളിക്ക് ശേഷം അവ കാട്ടിലേക്ക് മറഞ്ഞു. പിന്നീട് ആ രാത്രി ആരും ഉറങ്ങിയിട്ടില്ല. പുലരുവോളം മറ്റൊരു കാനനകാലൊച്ച കേൾക്കുന്നുണ്ടോ എന്ന് കാതോർത്തു കിടന്നു.
പുലർച്ചെ കട്ടൻചായയും ആയി അബിദേട്ടൻ എല്ലാവരെയും വിളിച്ചുണർത്തി. കാട്ടിലെ പ്രഭാതം അതൊരു അവിസ്മരണീയ അനുഭവം ആയിരുന്നു. വേഴാമ്പലുകൾ മുൻപിലൂടെ പറന്നുപോകുന്നു. കിളികളുടെ വ്യത്യസ്ത രീതിയിലുള്ള രാഗാലാപനം. തലേന്നത്തെ മഴയിൽ കുതിർന്നു നിൽക്കുന്ന മുന്നിലെ മരത്തിൽ പഴങ്ങൾ തിന്നുകൊണ്ട് ഒരു മലയണ്ണാൻ. വയറു നിറഞ്ഞു വിശ്രമിക്കുന്നതു വരെ അവൻ ഞങ്ങൾക്ക് കാഴ്ചയുടെ വിരുന്നൊരുക്കി.
ഗിരീഷ് ചേട്ടൻ ശബ്ദമുണ്ടാക്കാതെ വിളിച്ചപ്പോൾ ഞങ്ങൾ അങ്ങോട്ട് ഓടി ചെന്നു. മനോഹരമായ ഒരു ദൃശ്യം….. നിരനിരയായി വരികയാണ് ഒരു സംഘം കാട്ടുപോത്തുകൾ. കുറെ നേരം ഞങ്ങളെ നോക്കി അനങ്ങാതെ നിന്നശേഷം അവർ പതിയെ കാട്ടിലേക്ക് മറഞ്ഞു. ഇരുപത് എണ്ണത്തോളം വരുന്ന ആരോഗ്യവാന്മാരായ കാട്ടുപോത്തുകൾ. കനത്ത കാലടികളോടെയുള്ള അവരുടെ പോക്ക് കാണേണ്ടത് തന്നെ ആണ്.
പ്രഭാതഭക്ഷണമായി ചൂട് ചായയും പുട്ടും കടലയും കഴിക്കുമ്പോൾ ഇതൊക്കെ തയ്യാറാക്കിയ അബിദ്ചേട്ടൻറെ ഭാര്യക്ക് മനസ്സുകൊണ്ട് നന്ദി പറഞ്ഞു. പിന്നീട് കാടിനുള്ളിലെ ഒരു ഒരു മൈതാനത്തേക്കാണ് പോയത്. ഓരോ ഇലയനക്കത്തിലും മറഞ്ഞിരിക്കുന്ന മൃഗങ്ങളെ പേരുപറഞ്ഞ് ഗിരീഷേട്ടൻ പരിചയപ്പെടുത്തുന്നുണ്ടായിരുന്നു. കരടിയുടെ കാൽപ്പാടുകളും സിംഹവാലന്റെ വിക്രിയകളും ഞങ്ങൾ കണ്ടു. മൈതാനത്ത് എത്തിയപ്പോൾ വിസ്മയിച്ചു പോയി. ഏക്കറുകളോളം വിസ്താരമുള്ള ഒരു പുൽമേട്. മരങ്ങൾ ഇല്ല എന്നുതന്നെ പറയാം. പ്രകൃതി ഒരുക്കിയ മനോഹരമായ ഇവിടം ആനകളുടെയും കാട്ടുപോത്തുകളുടെയും വിഹാരരംഗമാണ് എന്ന് ഒറ്റനോട്ടത്തിൽ മനസ്സിലായി. ദൗർഭാഗ്യവശാൽ ഞങ്ങൾക്കാർക്കും അവ ഗോചരം ആയില്ല. കുറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ നിരാശരായി തിരികെ നടന്നു.
പത്തുമണിയോടെ കാട്ടിൽ നിന്നും മടക്കയാത്ര ആരംഭിച്ചു. ടയർ മുഴുവനും മൂടുന്ന തരത്തിൽ ചെളി നിറഞ്ഞ വഴികളിലൂടെ അക്ഷരാർത്ഥത്തിൽ തോണിയാത്ര നടത്തുകയായിരുന്നു ഞങ്ങൾ. ദുർഘടങ്ങൾ തരണം ചെയ്തു തിരികെ മസിനഗുടിയിൽ എത്തി. മൊയാർ ഭാഗത്തേക്ക് മറ്റൊരു സവാരി കൂടി നടത്തി. പുള്ളിമാൻ, കേഴ, കാട്ടുപന്നി, മയിൽ, മുയൽ, കാട്ടുകോഴി മുതലായവ ഞങ്ങളുടെ വണ്ടിയുടെ മുന്നിൽ വന്നും പോയുമിരുന്നു. ഓർമ്മയിൽ സൂക്ഷിക്കാൻ ധാരാളം വനചിത്രങ്ങളുമായി അവിടെ നിന്നും ബന്ദിപ്പൂരിലേക്ക് തിരിച്ചു.
ടിക്കറ്റ് കൗണ്ടറിൽ ഞങ്ങൾക്ക് മാത്രമായി ഒരു ബസ് ബുക്ക് ചെയ്തു.മൺസൂൺ കനിഞ്ഞനുഗ്രഹിച്ച ആഗസ്റ്റ് മാസത്തിൽ ബന്ദിപ്പൂർ വനം മുഴുവൻ ഹരിതാഭയിൽ കുളിച്ചു നിന്നു. ചെറിയ ചോലകളിലും പോയ്കകളിലും നിറയെ വെള്ളം. ചെടികൾ നിറയെ പൂക്കൾ. മുന്നോട്ട് പോകവേ ഒരു കറുത്ത രൂപം വാഹനത്തിന് മുൻപിൽ വന്നു. “കരടി” ആരോ പിറുപിറുത്തു. എല്ലാവരും ക്യാമറ എടുത്തു ഓണാക്കി വന്നപ്പോഴേക്കും അവൻ രണ്ട് കാലിൽ നിവർന്ന് ചാടി കാട്ടിലേക്ക് മറഞ്ഞു. ഒരാൾക്കുപോലും ആ ദൃശ്യം പകർത്താൻ കഴിഞ്ഞില്ല. ഏതായാലും അതുകഴിഞ്ഞ് ക്യാമറ ഓഫാക്കുകയോ താഴെ വയ്ക്കുകയോ ചെയ്തിട്ടില്ല. മാനുകൾ ധാരാളമാണ് ബന്ദിപ്പൂർ വനത്തിൽ. സിംഹവാലനും കരിങ്കുരങ്ങും മലയണ്ണാനും മരത്തിൽ നിന്നും മരത്തിലേക്ക് ചാടി മറഞ്ഞു കൊണ്ടിരുന്നു.
വഴിയിൽ ആനയുണ്ട് എന്ന് എതിരെ വന്ന വാഹനത്തിന്റെ ഡ്രൈവർ മുന്നറിയിപ്പ് തന്നു. മുൻപോട്ടു പോയ ഞങ്ങൾ കണ്ടത് കൊങ്ങിണികാടിന്റെ ചെറിയ വിടവിൽ പാറപോലെ നിൽക്കുന്ന ഒരു ഗജവീരനെയാണ്. 10 മിനിറ്റോളം ഞങ്ങൾ വണ്ടി ഓഫാക്കി അനങ്ങാതെ നിന്നു. അത്രയും സമയം അവൻ ചെറുതായി ഒന്ന് ചലിക്കുക പോലുമുണ്ടായില്ല. ഒടുവിൽ തലതിരിച്ച് രൂക്ഷമായി നോക്കി.ശല്യങ്ങൾ പോകുന്നില്ല എന്ന് കണ്ടപ്പോൾ അവ പയ്യെ പുറത്തേക്ക് ഇറങ്ങി. പിന്നെയാണ് ആ ഘോഷയാത്ര ഉണ്ടായത്. ആദ്യം പുറത്തുവന്ന കൊമ്പൻ പരിസരവും ഞങ്ങളെയും സൂക്ഷ്മമായി നിരീക്ഷിച്ചശേഷം മുന്നോട്ടു നടന്നു. തൊട്ടുപിറകെ സംശയദൃഷ്ടിയുമായി ഒരു പിടിയാന. അവളുടെ കൈപിടിച്ച് ഒരു കുട്ടിക്കൊമ്പൻ. പിന്നെ ഓരോരുത്തരായി കാട്ടിൽ നിന്നും പുറത്തു വന്നു. എണ്ണാൻ പറ്റിയില്ല. പിടിയാനകളും കൊമ്പന്മാരും കുട്ടിയാനകളുമായി ഒരു സംഘം. അസുലഭമായ ആ കാഴ്ച മതിവരുവോളം കണ്ടുകൊണ്ട് ഞങ്ങൾ വണ്ടിയിൽ അനങ്ങാതിരുന്നു. ഇത്ര മനോഹരമായ ഒരു കാഴ്ച തന്നതിന് കാടിനോട് നന്ദി പറഞ്ഞ് വൈകിട്ട് ഏഴുമണിയോടെ തിരികെ യാത്ര തുടങ്ങി.
ബന്ദിപൂർ വനത്തിലെ പ്രിൻസ് എന്ന കടുവയെ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മാത്രമേ മനസ്സിലുണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത് നടത്തിയ “കബനി, ബന്ദിപ്പൂർ” യാത്രയിൽ മണിക്കൂറുകളോളം പ്രിൻസിനൊപ്പം ചിലവഴിക്കുവാൻ സാധിക്കുകയും ചെയ്തു. ഒരു മ്ലാവിനെ മുഴുവൻ കഴിച്ചിട്ട് ദഹിക്കാൻ വേണ്ടി വെള്ളത്തിൽ ഇറങ്ങി കിടക്കുകയായിരുന്നു അപ്പോളവൻ. രാത്രി നാടുകാണി ചുരമിറങ്ങുമ്പോൾ മറ്റൊരു കാട്ടാനക്കൂട്ടത്തിന്റെ മുമ്പിലും പെട്ടു. ആരെയും ശല്യപ്പെടുത്താതെ അവ റോഡ് കടന്ന് കാട്ടിലേക്ക് ഇറങ്ങിപ്പോയി.
കാട് തന്ന തിരിച്ചറിവ് ഒരു പാഠമായിരുന്നു. അതുവരെ മനസ്സിലുണ്ടായിരുന്ന കാടും കാട്ടുമൃഗങ്ങളും വന്യതയുടെയും ക്രൂരതയുടെയും രൂപങ്ങളായിരുന്നു. അങ്ങേയറ്റം ദയാലുവായ ഒരു വിഭാഗമാണ് അവയെന്ന് ഞങ്ങൾ തിരിച്ചറിയുകയായിരുന്നു. വന്യജീവികൾ ആക്രമിക്കുന്നതിന് രണ്ട് കാരണങ്ങളെ ഉള്ളൂ. വിശപ്പും ഭയവും. അല്ലാത്ത പക്ഷം അവ കാടിന്റെ ഭാഗമായി ആരോടും പകയില്ലാതെ കഴിയുന്നു. നിശബ്ദരായി അവ നമ്മോട് പറയുന്നു, “ഞങ്ങൾക്ക് ഈ കാട് മാത്രമേ ഉള്ളൂ. ഇവിടെയാണ് ഞങ്ങളുടെ സ്വർഗ്ഗം. ഇത് നശിപ്പിക്കരുത്. കാട് തെളിച്ച് നാട് ആക്കിയാൽ തിരിച്ചറിയാൻ ഞങ്ങൾക്ക് ആവില്ല. നാട്ടിലിറങ്ങിയതിന്റെ പേരിൽ ഞങ്ങളെ കൊല്ലുമ്പോൾ ഞങ്ങൾക്ക് എന്നും ഇതും കാട് തന്നെ ആയിരുന്നു. നിങ്ങൾ ഞങ്ങളെ പോറ്റേണ്ടതില്ല. ഞങ്ങൾക്ക് വേണ്ടത് ഈ പ്രകൃതിയിൽ തന്നെ ഉണ്ട്. അവ എടുത്ത് നശിപ്പിക്കാതിരുന്നാൽ മതി.”
നിശബ്ദമായി ഓരോ മൃഗങ്ങളും നമ്മോട് ഇങ്ങനെ പറയുന്നുണ്ടാവും തിരിച്ചറിയാൻ നമുക്ക് ആവില്ലെങ്കിലും……..