വിവരണം – Hashim Shuhad.
“ആ ടീഷർട് ഊരി എറിയടാ….. “മോനിച്ചന്റെ ആക്രോശം. കറുത്ത,ചുവന്ന കണ്ണുകളുള്ള അസാധാരണ കുമ്പയുള്ള ഒരു മനുഷ്യൻ …ചിതറിയോടികൊണ്ടിരിക്കുന്ന നിഴലുകൾ….പലരുടെയും ഹൃദയമിടിപ്പിന്റെ പ്രകൃതി ശബ്ദം… കോടമഞ്ഞിൽ മുഖങ്ങൾ പരസ്പരം അവ്യക്തം…പലരും പല കോണുകളിൽ ഒളിച്ചിരിപ്പാണ്…കാറ്റുകുന്നിൽ കൊടുങ്കാറ്റടിക്കുന്ന പോലെ…കോടയിൽ അസുരൻ ഉയർന്നു വന്നപ്പോൾ എങ്ങും ഇരമ്പുന്ന ശബ്ദം മാത്രം…
പലരും ക്ഷീണിതരായി മാറിയിരുന്നു….അവർ അത്രമേൽ അപകടകാരികൾ ആണെന്ന് പ്രതീക്ഷിച്ചിരുന്നില്ല….
അസുരനായ് ബാണാസുര അതിന്റെ നിറം മാറിയ ദിനം..
മീൻമുട്ടി വെള്ളച്ചാട്ടത്തിനരികിലൂടെ അസുരന്റെ നെറുകെ ലക്ഷ്യമാക്കി ഞങ്ങൾ 40 പേർ… മഴയും കോടമഞ്ഞും മത്സരിച്ചപ്പോൾ അസുരൻ ദേവനായി തോന്നിയ നിമിഷം… അസുരൻ നായകനായി മാറുന്ന ബാണാസുര…
അസുരന്റെ നെറുകയെ ലക്ഷ്യമാക്കിയ ഉറുമ്പിൻ കൂട്ടം… ചോല വനങ്ങളിലൂടെ അസ്രപാദങ്ങളാൽ…..അസുരനെ കീഴടക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ 40 പേർ….അസുരൻ ഒരു മാധ്വിയുടെ രൂപത്തിൽ തിരിച്ചടിച്ചപ്പോൾ…പലർക്കും ഭയാനകമായ അനുഭവമായി ബാണാസുര… അസുരന്റെ നെറുകെ ലക്ഷ്യമാക്കിയായിരുന്നു നടത്തം…കാട്ടുപോത്തും ശക്തമായ കോടയുമായപ്പോൾ ഞങ്ങൾ തിരിച്ചിറങ്ങി…
കാട്ടുകുന്നിലേക്ക് ഞങ്ങൾ തിരിഞ്ഞു നടന്നു…ഒരു ക്രീം ബിസ്ക്കറ്റ് സങ്കല്പങ്ങൾക്കും മേൽ രുചികരമായി തോന്നിയ നിമിഷം… വെള്ള ടീഷർട് ആയിരുന്നു ഞാൻ ധരിച്ചിരുന്നത്…കാട്ടിലേക്ക് പ്രവേശിക്കുമ്പോൾ കാടിന്റെ നിറമായ് മാറണമെന്ന തിരിച്ചറിവില്ലാത്ത ഒരു യാത്രയായിരുന്നു അത്…തിരിച്ചിറങ്ങുമ്പോൾ ഞങ്ങൾ അവസാനമായിരുന്നു… ഗൈഡ് ആയി ഒരു ചേച്ചിയായിരുന്നു ഞങ്ങളെ നയിച്ചിരുന്നത്…മുൻപിൽ പലരും ചിതറിയോടുന്നതായ് കണ്ടപ്പോൾ എന്താണെന്ന് പോലുമറിയാതെ ഞങ്ങളും ഓടി…ഒരു കറുത്ത മനുഷ്യൻ എല്ലാവരോടും ഷർട്ട് ഊരാൻ പറയുന്നുണ്ട്… അസുരൻ അട്ടഹസിച്ചുകൊണ്ട് എല്ലാവരെയും പിന്തുടർന്ന നിമിഷങ്ങൾ….എല്ലാവരും ഓരോ ഭാഗങ്ങളിൽ മറഞ്ഞിരിക്കുന്നു….കാറ്റിൽ അസുരന്റെ ഇരമ്പൽ ശബ്ദം മാത്രം…..
അസ്രമേനികളാൽ പലരും ക്ഷീണിതരായി മാറിയിരുന്നു…കഥകളിലും സിനിമകളിലും നാം പലപ്പോഴും ഇത്തരം അനുഭവങ്ങൾ കണ്ടിട്ടുണ്ടെങ്കിലും…ഇതാദ്യമായിട്ടായിരുന്നു ജീവിതത്തിൽ…..അസുരൻ കാറ്റുകുന്നിനെ പോലും തലോടാൻ സമ്മതിക്കാതെ ഞങ്ങളെ വേട്ടയാടി……. ഒരു മണിക്കൂറോളം അസുരന്റെ ക്ഷമാപണത്തിനായി പുല്മേടുകളുടെ പലഭാഗങ്ങളിലായി ഞങ്ങൾ നിലയുറപ്പിച്ചു….മഴയും മഞ്ഞും ബാണാസുരയുടെ രൂപങ്ങൾ മാറ്റിക്കൊണ്ടേ ഇരുന്നു….. ദൂരെ ബാണാസുരൻ താഴ്വരകളിലൂടെയുള്ള ആനകൂട്ടത്തിന്റെ സഞ്ചാരം തികച്ചും ആദ്യാനുഭവമായിരുന്നു. മുകളിൽ നിന്നും ബാണാസുര ഡാമിന്റെ മഞ്ഞിൽ പൊതിഞ്ഞ ദൃശ്യം മനോഹരമായി കാണാമായിരുന്നു….
കാറ്റിനോട് മത്സരിച്ചായിരുന്നു ആ 40 പേരും അസുരനെ തുടക്കം മുതലേ നേരിട്ടത്…. ബാണാസുരയുടെ പാദം മുതൽ നെറുകെ വരെയുള്ള ഓരോ നിമിഷങ്ങളും അനുഭവങ്ങൾ മാത്രം… കയറുന്ന വഴികളിൽ നിറയെ ചെറിയ ചുള്ളിമരങ്ങൾ കാണാം..അശ്രദ്ധയോടെയുള്ള ആരുടെയോ കൊമ്പിലുള്ള പിടുത്തമായിരുന്നു ബാണാസുരയിൽ നടന്നത്..തേൻ നുകരുന്നവർ അസുരനോടൊപ്പം കൂട്ടുകൂടിയപ്പോൾ കോടമഞ്ഞിനാൽ അവർ ഇരമ്പൽ ശബ്ദം മാത്രമല്ലാതായി…
ആദ്യമായി ഇത്രയും ചെറിയ ഭീകര ജീവിയെ കണ്ട അമ്പരപ്പായിരുന്നു പലർക്കും. മുൻപിൽ നയിച്ചിരുന്ന ചേച്ചിക്ക് മുഖത്തേറ്റ പരിക്ക് കുറച്ചു ഗുരുതരമാണെന്നറിഞ്ഞപ്പോൾ ബാണാസുര ഒരു ഭയാനകമായ അനുഭവമായി. പരിക്കേറ്റവരുമായി ഒരു കൂട്ടം ദൂരെ താഴെ തിരിച്ചിറങ്ങുന്നത് ഞങ്ങൾ കുറച്ചുപേർ കാറ്റടിക്കുന്നിന്റെ താഴെ നിന്ന് നോക്കികൊണ്ടിരുന്നു. അസുരൻ ശാന്തനായപ്പോൾ ഞങ്ങൾ പതുക്കെ മലയിറങ്ങി. താഴ്വരകൾ മഴയുടെയും കോടയുടെയും രൂപമാറ്റങ്ങളാൽ ഇത്രയും നിറങ്ങൾ സമ്മാനിച്ച മറ്റൊരനുഭവവും ഇതു വരെ ഉണ്ടായിട്ടില്ല…..
ചെമ്പ്ര കഴിഞ്ഞാൽ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം.ചെങ്കുത്തായ മലനിരകളാണ്.മലനിരകളുടെ താഴ്വരയിൽ വ്യാപിച്ചു കിടക്കുന്ന നീല ജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്.നാലു ദിക്കിലും കോട്ടപോലെ ചക്രവാളം മുട്ടി നിൽക്കുന്ന മല നിരകൾ. മണിക്കുന്ന്, ചെബ്രാപീക്ക്, തരിയോടുമല, സുഗന്ധഗിരിമല,തെക്കു കിഴക്കായി ബ്രഹ്മഗിരി മല നിരകൾ എന്നിവ കാണാം.