ഈ ലേഖനം എഴുതി തയ്യാറാക്കിയത് : Bucker Aboo (ചരിത്രാന്വേഷകർ).
“പി എന്‍ എസ് ഖാസി” – ഇന്ത്യന്‍ വിമാനവാഹിനിക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്തിനെ തകര്‍ക്കാന്‍ വന്ന പാക്കിസ്ഥാന് ചാവേര്‍ മുങ്ങിക്കപ്പല്‍.
യുദ്ധം ആരാണ് ശരിയെന്ന് പ്രഖ്യാപിക്കുന്ന ഒരു പ്രക്രിയയല്ല. യുദ്ധം പ്രിയപ്പെട്ടവരും അല്ലാത്തവരുമായ അനേകം ജീവനുകള്‍ നമുക്ക് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്ന് വിളിച്ചോതുന്ന ഒരു മഹാവിപത്താണ്.
യുദ്ധങ്ങളാല്‍ മനുഷ്യരാശി അവസാനിക്കുന്നതിനു മുന്‍പ് മനുഷ്യന് യുദ്ധങ്ങളെ എന്നെന്നേക്കുമായി അവസാനിപ്പിക്കുന്നതാവും ഉത്തമം. നമ്മള് കടന്നു പോവുന്ന കാലത്തിന്റെ ഓരോ പേജുകളിലും രക്തം പുരണ്ടു കിടപ്പുണ്ട്. അത് കൊണ്ട് തന്നെ ഒരു കടല്‍ യുദ്ധചരിത്രം പറയുന്നതിന് മുന്‍പ് ഈ ഒരു മുഖവുര ഇവിടെ ആവശ്യമാവുന്നു.
അതിര്‍ത്തിയിലെ യുദ്ധക്കഥകള്‍ കേട്ടറിഞ്ഞും, സിനിമയില്‍ കണ്ടും ആവേശം കൊള്ളുന്നവരാണ് നമ്മള്. ഇന്ത്യന്‍ നേവിയില്‍ നിന്ന് റിട്ടയറായി മെര്‍ച്ചന്റ് നേവിയില്‍ ജോയിന്‍ ചെയ്ത ക്യാപ്റ്റന്‍ ബിക്രം സിങ്ങും, പാകിസ്താന് നേവിയില്‍ നിന്ന് റിട്ടയറായ കമ്മാന്‍ഡര്‍ സഫര്‍ അലീഖാനുമൊത്ത് ജോലി ചെയ്യാനുള്ള ഒരവസരത്തില്‍ നിന്നാണ് പി എന്‍ എസ് ഖാസിയും കടല്യുദ്ധത്തിലെ ആവേശം കൊള്ളിക്കുന്ന ഒരു ചരിത്രവും എനിക്കറിയാന്‍ കഴിഞ്ഞത്.
പി എന്‍ എസ് ഖാസി: ഇരുപത്തെട്ട് ടോര്‍പീഡോകള്‍ ഫിറ്റ് ചെയ്തിട്ടുള്ള പാകിസ്ഥാന്റെ ആദ്യത്തെ മുങ്ങിക്കപ്പല്‍. 1965 ലും 1971ലുമുള്ള ഇന്ത്യാ-പാക് യുദ്ധമുഖത്ത് അവരുടെ ഏറ്റവും വിലയേറിയ രാജ്യാഭിമാനം. 1944ല്‍ അമേരിക്കയില്‍ ജന്മം കൊണ്ട ഇതിന്റെ യഥാര്‍ത്ഥ നാമം Diablo എന്നായിരുന്നു. അമേരിക്കന്‍ നേവിയാര്ഡില് പണിത അതിഭീകരനായ ഒരു ലോങ്ങ് റെയിഞ്ച് ട്രെന്ച് ക്ലാസ് സബ്മറയിനാണ് പി എന്‍ എസ് ഖാസി. പോര്‍മുഖങ്ങളിലെ ഒട്ടനവധി പരിശീലനങ്ങള്‍, അമേരിക്കയിലും, സൌത്ത് അമേരിക്കയിലും യുറോപ്പിലും അഭ്യസിച്ചതിനു ശേഷം 1964 ജൂണ്‍ ഒന്നിന് പാകിസ്താന് നേവിയില്‍ ഖാസിയെ കമ്മീഷന് ചെയ്തു. 1967 വരെ ഇന്ത്യയ്ക്ക് സ്വന്തമായി ഒരു മുങ്ങിക്കപ്പല്‍ ഉണ്ടായിരുന്നില്ല എന്ന് നമ്മള് ഇവിടെ ഓര്‍ക്കണം.
പാക്കിസ്ഥാന് നേവിക്ക് എന്നുമൊരു തലവേദനയായിരുന്നു ഇന്ത്യന്‍ നേവിയുടെ വിമാനവാഹിനിക്കപ്പലായ ഐ എന്‍ എസ് വിക്രാന്ത്. അതെ സമയം സൌത്ത്ഈസ്റ്റ് ഏഷ്യയില്‍ ആദ്യമായി ഓപ്പറേറ് ചെയ്യപ്പെടുന്ന ഒരു മുങ്ങിക്കപ്പലായ ഖാസിയും ഇന്ത്യന്‍ നേവിക്ക് ഒരു ഭീഷണിയായി നിലകൊണ്ടു. 1965 ലെ ഇന്ത്യാ-പാക് യുദ്ധത്തില്‍ ആകെ ഉണ്ടായിരുന്ന ഒരു സബ്മറൈന് ഖാസിയായിരുന്നു. ദ്വാരക തുറമുഖത്ത് നിന്നും പുറത്ത് വരുന്ന ഇന്ത്യന്‍ നേവിഷിപ്പുകളെ തകര്‍ക്കാനുള്ള ഒരു മിഷനായിരുന്നു ഖാസിക്ക് നല്‍കിയത്. ഇരിന്ത്യന് കപ്പലിനെയും പുറത്ത് വരാതെ നോക്കിക്കൊള്ളാനുള്ള ആ കല്‍പ്പന ഓപ്പറേറ് ചെയ്ത് വിജയിപ്പിച്ച പേരില്‍ പാകിസ്താന് നേവിയില്‍ നിന്നും പ്രസിഡണ്ട്ല് നിന്നും പത്തോളം അവാര്‍ഡുകള്‍ ഖാസിക്ക് ലഭിച്ചു. ഭാവിയില്‍ ഇന്ത്യയുടെ ഏതൊരു നേവല്‍ ആക്രമണത്തെയും എതിരിടാന്‍ സുസജ്ജമാക്കാന്‍ വേണ്ടി ഖാസി തുര്‍ക്കിയിലേക്ക് യാത്രയായി.
1965 ലെ യുദ്ധത്തില്‍ ദ്വാരക തുറമുഖത്ത് നേരിടേണ്ടിവന്ന പാകിസ്താന് പ്രതിരോധം മറികടക്കാന്‍ ബുദ്ധിമുട്ടിയ ഇന്ത്യയും ആധുനീകമായ നേവല്‍ സാങ്കേതികതയിലേക്ക് വഴിമാറി. സൌത്ത് ഏഷ്യയില്‍ ഏതൊരു രാജ്യത്തിനും ഭീഷണിയായി ഐ എന്‍ എസ് വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പല്‍ ഇന്ത്യന്‍ നേവല്‍ ഫ്ലീറ്റിന്റെ മുന്നണിപ്പടയാളിയായി.
1971 ഇന്ത്യാ-പാക് യുദ്ധം. : ഈസ്റ്റ് പാകിസ്ഥാനിന്റെ അതിര്‍ത്തിയില്‍ ഐ എന്‍ എസ് വിക്രാന്ത് ഏത് സമയവും എത്തിച്ചേരുമെന്ന പാകിസ്താന് നിഗമനത്തില്‍ വിക്രാന്തിനെ തകര്‍ക്കാന്‍ കമ്മോഡോര്‍ സഫര്‍ മുഹമ്മദ്ഖാന്റെ നേതൃത്വത്തില്‍ 92 നേവല്‍ പടയാളികളുമായി ഖാസി ഇന്ത്യയെ ലക്ഷ്യമാക്കിത്തിരിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു സ്വീകരിച്ചു ഇന്ത്യക്ക് സമര്‍പ്പിച്ച നമ്മുടെ ആദ്യത്തെ വിമാനവാഹിനിക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്തില്‍ ബ്രിട്ടീഷ് Hawker Sea Hawkfighter-ബോംബര്‍ വിമാനങ്ങളും ഫ്രഞ്ച് Alize anti-submarine എയര്ക്രാഫ്റ്റ്കളും വിന്യസിച്ചിട്ടുണ്ടായിരുന്നു. 1965ലെ യുദ്ധത്തിലേ പാക്കിസ്ഥാന് വിക്രാന്തിനെ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിക്രാന്തിനെ തകര്‍ത്തുവെന്ന ഒരു തെറ്റായ പ്രചരണം മാത്രമേ അവര്‍ക്കായുള്ളൂ.
ചിറ്റഗോങ്ങിനടുത്ത് പാകിസ്താന്റെ ഒട്ടേറെകപ്പലുകളെ മുക്കിയ വിക്രാന്തിനെ തകര്‍ത്തിട്ടെ ഇനി ഞങ്ങള്‍ പാകിസ്ഥാനിലേക്ക് മടങ്ങുകയുള്ളൂവെന്ന അന്തിമ തീരുമാനത്തില്‍ ഖാസി നാലായിരത്തി എണ്ണൂര്‍ കിലോമീറ്ററോളം അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും അരിച്ചുപെറുക്കി. നവംബര്‍ പതിനാറിന് ബോംബയില്‍ നിന്നും നാനൂറ് കിലോമീറ്റര്‍ ദൂരത്ത് ഖാസി വിക്രാന്തിനെ കാത്തിരുന്നു. വിക്രാന്തിന്റെ ചലനങ്ങള്‍ ഒന്നും രേഖപ്പെടുത്തനാവാതെ ഖാസി വിക്രാന്ത് മദ്രാസിലോ വിശാഖപട്ടണത്തോ ഉണ്ടാവാം എന്നുള്ള നിഗമനത്തില്‍ സിലോണ്‍ ലക്ഷ്യമാക്കി യാത്ര തിരിച്ചു. 23 നവംബറില്‍ ഖാസി മദ്രാസിനടുത്ത് വിക്രാന്തിനെ അന്വേഷിച്ചെത്തി. Commanding-in-Chief of the Eastern Naval Command വൈസ് അഡ്മിറല്‍ എന്‍ കൃഷ്ണന് ലഭിച്ച ഒരു വിവരത്തില്‍ സിലോണിനടുത്ത് കാണപ്പെട്ട മുങ്ങിക്കപ്പല്‍ ഐ എന്‍ എസ് വിക്രാന്തിനെ നശിപ്പിക്കാന്‍ എത്തിയ പി എന്‍ എസ് ഖാസിയെന്നതില് ഒരു സംശയവും ഉണ്ടായിരുന്നില്ല. അതിന്റെ തുടര്‍യാത്ര മദ്രാസിലോ വിശാഖപട്ടണത്തിലോ ചെന്ന് അവസാനിക്കുമെന്ന് അഡ്മിറല്‍ കണക്ക്കൂട്ടി.
ഇതേത്തുടര്‍ന്ന് വിക്രാന്തിന്റെ സംരക്ഷണചുമതലയുള്ള അഡ്മിറല്‍ വളരെ രഹസ്യമായി വിക്രാന്തിനെ എസ്കോര്‍ട്ട് കപ്പലുകളോട് കൂടി അന്തമാന്‍ ദ്വീപിലേക്ക് തിരിച്ചുവിട്ടു. പാകിസ്താന് നേവിയെയും , ഖാസിയേയും തെറ്റിദ്ധരിപ്പിക്കാനായി വിക്രാന്ത് വിശാഖപട്ടണത്ത് ഡോക് ചെയ്തുവെന്ന രീതിയില്‍ വളരെയധികം ഭക്ഷണസാധനങ്ങള്‍ വിശാഖപട്ടണത്ത് ആവശ്യമാണെന്നും വിശാഖപട്ടണം കഴിഞ്ഞാല്‍ അടുത്ത തുറമുഖമായ മദ്രാസില്‍ ഡോക് ചെയ്യുമെന്നും അറിയിക്കുന്ന വയര്‍ലസ് സന്ദേശം വിശാഖപട്ടണത്തും മദ്രാസിലും നല്കി. തുറമുഖത്ത് ജോലി’ചെയ്യുന്ന ചാരന്മാര്ക്ക് ഈ ഒരു അറിവ് ഉറപ്പുവരുത്താന്‍ ഒരു വിമാനവാഹിനിക്കപ്പലിനാവശ്യമായ ചരക്കുകള്‍ കൊണ്ട് വരുന്ന ട്രാന്സ്പോര്ട്ടുകളും ഏര്‍പ്പെടുത്തി.
ഇതേ സമയം വൈസ്അഡ്മിറല്‍ ബുദ്ധിപൂര്‍വ്വം ഐ എന്‍ എസ് രജപുത്ത് എന്ന ഇന്ത്യയുടെ മറ്റൊരു നേവിക്കപ്പലിനെ വിക്രാന്തിന്റെ ഡബിള്‍ ബോഡിയായി അവതരിപ്പിച്ച് വിക്രാന്തില്‍ നിന്ന് കൈമാറുന്നരീതിയില് ഒരു വലിയ യുദ്ധക്കപ്പലില്‍ നിന്ന് അയക്കുന്നത് പോലെ ഹെവി ട്രാഫിക് വയര്‍ലസ് സന്ദേശങ്ങള്‍ കൈമാറിക്കൊണ്ടേയിരുന്നു. (ഇന്ത്യന്‍ നേവിയുടെ യഥാര്‍ത്ഥ സന്ദേശങ്ങള്‍ ടെലഫോണ്‍ വഴിയായിരുന്നു അതെ സമയം കൈമാറിയത്).
വയര്‍ലസ് സന്ദേശങ്ങള്‍ പിടിച്ചെടുത്ത ഖാസി വിശാഖപട്ടണം തുറമുഖത്ത് വിക്രാന്തിനെ കാത്തിരുന്നു. തുറമുഖ ചാനലില്‍ വിക്രാന്തിനെയെന്നല്ല ഇതൊരു കപ്പലിനെയും ടോര്‍പ്പിടോ വെച്ച് തകര്‍ത്താല്‍ ചാനല്‍ ബ്ലോക്കാവും എന്ന് ഖാസിക്ക് ഉറപ്പുണ്ടായിരുന്നു.
ഇന്ത്യന്‍നേവിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഒരു കൂടിക്കാഴ്ചയില്‍ ഐ എന്‍ എസ് രജപുത്ന്റെ കമ്മണ്ടിംഗ് ഓഫീസര്‍ ഇന്ദര്‍സിങ്ങും Commanding-in-Chief of the Eastern Naval Command വൈസ് അഡ്മിറല്‍ എന്‍ കൃഷ്ണനും പങ്കെടുത്ത് ഐ എന്‍ എസ് വിക്രാന്തിനെ സുരക്ഷിതമാക്കാന്‍ ഒരു പദ്ധതി ആവിഷ്കരിച്ചു. ഖാസിയുടെ മുന്നില്‍ രജപുത് വിക്രാന്തായി സന്ദേശങ്ങള്‍ കൈമാറുകയും മദ്രാസിലേക്ക് പുറപ്പെടുകയും ചെയ്യുക. തുറമുഖത്ത് നിന്ന് പുറത്തു വരുന്ന രജപുത്തിനെ ഖാസി നേരിടുകയോ പിന്തുടരുകയോ ചെയ്യും.
ചിലപ്പോള്‍ നേരിട്ടുള്ള ഒരു ആക്രമണം പ്രതീക്ഷിക്കുകയുമാവാം. ഇന്ത്യയുടെ ഒരേയൊരു വിമാനവാഹിനിക്കപ്പലിനെ സംരക്ഷിക്കാന്‍ ഇതല്ലാതെ മറ്റൊരു പോംവഴിയില്ലെന്ന അഡ്മിറലിന്റെ സംസാരത്തില്‍ നിന്നും മനസ്സിലായ കമ്മണ്ടിംഗ് ഓഫീസര്‍ ഇന്ദര്‍സിങ്ങ് ആ ദൌത്യം അഭിമാനത്തോടെ ഏറ്റെടുത്തു. വിക്രാന്തിനെ ആഴക്കടലില്‍ മുക്കിയിട്ടെ പാകിസ്ഥാനില്‍ തിരിച്ചെത്തുകയുള്ളൂവെന്ന ദൌത്യവുമായി വന്ന ഖാസിയെ നേരിടാന്‍ മുന്നൂറ്റി ഇരുപത് സൈനികരുമായി അതിവേഗതയുള്ള മിസൈല്‍ നശീകരണക്കപ്പലായ രാജ്പുത് ഒരു ആത്മഹത്യാമിഷനിലെക്ക് കുതിക്കുന്നത് രാജ്യരക്ഷയുടെ സമര്‍പ്പണമായി അഭിമാനത്തോടെ സ്വീകരിച്ച കമ്മണ്ടിംഗ് ഓഫീസര്‍ ഇന്ദര്‍സിങ്ങ് പറയുന്നു – “I told Vice Admiral N Krishnan that I considered myself very lucky that he had selected me for this great cause and that I was ready to take the challenge.”
1971 ഡിസംബറിര്‍ മൂന്നിന് ഐ എന്‍ എസ് രാജപുത് പൈലറ്റുമായി ജെട്ടിയില്‍ നിന്നും കെട്ടഴിച്ച് വിശാഖപട്ടണം തുറമുഖചാനലിലേക്ക് പ്രവേശിച്ചു. സംഘര്‍ഷഭരിതമായ ഒരന്തരീക്ഷത്തിലൂടെ കടന്നു പോവുന്ന ആ സമയം ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു. ഐ എന്‍ എസ് രജപുത്തില്‍ നിന്നും പൈലറ്റ് ഇറങ്ങി കപ്പല്‍ ഔട്ടെര്‍ ചാനലിലെത്തി. രജപുത്തിന്റെ കമ്മാണ്ടിംഗ് ഓഫീസര്‍ ഇന്ദര്സിങ്ങിന്റെ മനസ്സില്‍ അപ്പോഴാണ് ഒരു സംശയമുദിച്ചത്. വിക്രാന്തിനെ തകര്‍ക്കാന്‍ വന്ന പി എന്‍ എസ് ഖാസി ഒരു പക്ഷെ ചാനലിനു പുറത്ത് എവിടെയെങ്കിലും ഉണ്ടാവാനുള്ള സാദ്ധ്യതയില്ലേ? കപ്പല്‍ അതിന്റെ ഏറ്റവും ഉയര്‍ന്ന വേഗത്തില്‍ പോവാനുള്ള ഉത്തരവ് നല്കി. രാജ്പുത്ത് അതിന്റെ മുഴുവന്‍ സ്പീഡില്‍ മുന്നോട്ട് കുതിച്ചു. രജപുത്തിന്റെ സ്റ്റാര്‍ബോര്‍ഡ് സൈഡില്‍ നിലകൊണ്ട നിരീക്ഷകന് വെള്ളത്തില്‍ അസാധാരണമായി കണ്ട ചലനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടയുടനെ മൈന്ബ്ലാസ്റ്റര് ചാര്‍ജ് ചെയ്യാന്‍ ഉത്തരവായി. ചാര്‍ജ് ചെയ്യപ്പെട്ട ഏരിയയില്‍ ഉണ്ടായ സ്ഫോടനത്തില്‍ കപ്പലിന് വല്ലാതെ കുലുക്കം അനുഭവപ്പെട്ടു . മറ്റൊരു കപ്പലിനെ ഇടിച്ചതോ, വെള്ളത്തിനടിയില്‍ എന്തെങ്കിലുമായി കൂട്ടിമുട്ടിയതോ ആയ ഒന്നും അറിവപ്പെടാത്തതിനാല് രജപുത് അതിന്റെ കോഴ്സിലേക്ക് തിരിച്ചുവന്നു യാത്ര തുടരുകയുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് ഇരു രാജ്യങ്ങള്‍ക്കും ഒരേകദേശ രൂപവും ഉണ്ടായിരുന്നില്ല.
പാകിസ്താന് നേവല്‍ കമ്മാന്ഡ്നു ഖാസിയില്‍ നിന്നും യാതൊരു റിപ്പോര്‍ട്ടും കിട്ടാതെ ദിവസങ്ങള്‍ കടന്നുപോയി. ആകാശത്തും കടലിലും യാതൊരു സപ്പോര്‍ട്ടും ഇല്ലാതെ ഇന്ത്യയുടെ കടല്‍ത്തീരങ്ങളില്‍ വിക്രാന്തിനെ അരിച്ചു പെറുക്കാനും ഇന്ത്യന്‍ നേവല്‍ബേസിന്റെ കവാടങ്ങളില്‍ പതുങ്ങിയിരിക്കാനും അതിധൈര്യം കാണിച്ച പി എന്‍ എസ് ഖാസി അമേരിക്കന്‍ സാങ്കേതിക മികവില്‍ ഏത് പടക്കപ്പലിനെയും നേരിടാനുള്ള പാകിസ്താന് ശക്തിയുടെ അതികാത്മധൈര്യമായിരുന്നു. കറാച്ചി നേവല്‍ബേസില്‍ തിരിച്ചെത്താനുള്ള എല്ലാ സന്ദേശങ്ങളും ഉത്തരം നല്കപ്പെടാതെയായപ്പോള് പാകിസ്താന് കോമ്പാറ്റണ്ട് ഹെഡ്ക്വാര്‍ട്ടറില്‍ ഉദ്വേഗനിമിഷങ്ങള്ക്ക് ചൂടുകൂടി. പി എന്‍ എസ് ഖാസിക്കും 92 നാവികര്‍ക്കും എന്ത് സംഭവിച്ചുവന്നതില് അമേരിക്കയും ഉല്ക്കന്ടാകുലരായി. ഐ എന്‍ ഈസ് വിക്രാന്തും പിന് എന്‍ എസ് ഖാസിയും എവിടെയാണെന്ന് പിടിച്ചെടുത്ത വയര്‍ലസ് സന്ദേശങ്ങളിലൂടെയോ
ചാരന്മാര് മുഖേനയോ അവര്‍ക്കൊന്നും ഒരു പിടിയും കിട്ടിയില്ല.
ഡിസംബര്‍ 9 : പി എന്‍ എസ് ഖാസിയുടെ വിധിനിര്‍ണ്ണായകമായ അന്ത്യത്തെക്കുറിച്ച് ഇന്ത്യന്‍നേവി ഒരു പ്രസ്താവന ഇറക്കി. ഡിസംബര്‍ മൂന്നാം തീയതി രാത്രിയില്‍ വിശാഖപട്ടണം തുറമുഖത്ത് ഖാസി, ഐ എന്‍ എസ് രാജപുത്തിനാല് തകര്‍ക്കപ്പെട്ടു. അതായിരുന്നു ലോകത്തിനു ഇന്ത്യ നല്കിയ സന്ദേശം. തുടക്കത്തില്‍ പാകിസ്ഥാന് അത് വിശ്വസിക്കാനാവാതെ തെളിവുകള്‍ ആവശ്യപ്പെട്ടു. മുങ്ങിക്കപ്പലില്‍ പൊട്ടിത്തെറിയില്‍ ഉണ്ടായ എണ്ണചോര്‍ച്ചയും ഉപരിതലത്തില്‍ ഉയര്‍ന്നുകണ്ട കപ്പല്‍ വസ്തുവകളും കണ്ടെത്തിയ മീന്‍പിടുത്തക്കാര്‍ ഇന്ത്യന്‍ നേവിക്ക് റിപ്പോര്‍ട്ട് ചെയ്തതിന്റെ ഫലമായി നേവി ഡൈവിംഗ് ടീം കടലിനടിത്തട്ടില് വിശദമായ തിരച്ചില്‍ നടത്തി. തകര്‍ന്ന പി എന്‍ എസ് ഖാസിയും അതിലെ മരണമടഞ്ഞ 92 നാവികരെയും അവര്‍ കണ്ടെത്തി.
മുങ്ങിക്കപ്പലില്‍ നിന്നുമെടുത്ത വിവരങ്ങള്‍ പാകിസ്ഥാന് കൈമാറിയതിന് ശേഷം അവര്‍ക്ക് അതില്‍ വിശ്വാസം വന്നു. ഐ എന്‍ എസ് രജപുത്ത് ഡെപ്ത്ചാര്ജ്ജ് ചെയ്ത സമയവും പി എന്‍ എസ് ഖാസിയിലെ ക്ലോക്ക് നിലച്ച സമയവും ഒന്നായതിനാല്‍ ഇന്ത്യന്‍നേവിയുടെ കണ്ടെത്തല്‍ പ്രകാരം രജപുത്തിനാല് ഖാസി തകര്‍ക്കപ്പെടുകയാണുണ്ടായത്. ഈ കണ്ടെത്തലിനു വിപരീതമായി പാകിസ്താന് ഈ ഒരു സംഭവത്തെ സംഗ്രഹിച്ചത് ഖാസി വിക്രാന്തിനെ തകര്‍ക്കാന്‍ മൈന്‍ നിക്ഷേപിക്കുമ്പോള്‍ അതിലിടിച്ചു സ്വയം തകരുകയായിരുന്നുവെന്നാണ്. എതായാലും 1971 ലെ യുദ്ധത്തില്‍ പാകിസ്ഥാനുണ്ടായ പരാജയം അന്വേഷിച്ച ഹമൂദൂര് റഹ്മാന് കമ്മീഷന് രാജ്യാഭിമാനമായ ഖാസിയുടെ ദുരന്തം അന്വേഷണ പരിധിയില്‍ കൊണ്ട് വന്നതേയില്ല..
അമേരിക്കയും റഷ്യയും അവരുടെ സ്വന്തം ചിലവില്‍ പി എന്‍ എസ് ഖാസിയെ വീണ്ടെടുക്കാന്‍ തയ്യാറായപ്പോള്‍ അത് എന്നെന്നേക്കുമായി വിശാഖപട്ടണത്ത് കടല്‍ത്തട്ടില്‍ മുങ്ങിക്കിടക്കട്ടെയെന്ന് ഇന്ത്യ തീരുമാനിച്ചു.
അതിന്റെ കാരണം ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു. പി എന്‍ എസ് ഖാസിയെ തകര്‍ത്ത വിവരങ്ങള്‍ അടങ്ങിയ എല്ലാ ഡോകുമെന്റ്റ്കളും ഇന്ത്യന്‍നേവി നശിപ്പിച്ചതെന്തിനാണെന്ന് നമ്മള് അറിയാത്ത മറ്റൊരു പ്രഹേളികയാണ്.
ആയുധം കൊണ്ട് മാത്രം ജയിക്കുന്നതല്ല യുദ്ധം. യുദ്ധതന്ത്ര നൈപുണ്യവും, പ്രായോഗിക കൌശലവും നടപ്പിലാക്കാന്‍ കഴിവുള്ള Eastern Naval Command വൈസ് അഡ്മിറല്‍ എന്‍ കൃഷ്ണനെപ്പോലെയുള്ളവരുടെ തലച്ചോറിലാണ് വിക്രാന്ത് സംരക്ഷിക്കപ്പെടുന്നതും ഖാസി കടലിനടിത്തട്ടിലെക്ക് മുങ്ങിപ്പോവുന്നതും.